Loading ...

Home celebrity

ഭ്രമണപഥത്തില്‍ പൊലിഞ്ഞ നക്ഷത്രം

ഇന്ത്യയുടെ പരമോന്നത പദവി അലങ്കരിച്ച എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശിഷ്യതുല്യനും ടി.എന്‍. ശേഷന്റെ ആത്മ മിത്രവുമായിരുന്ന നമ്ബി നാരായണന്‍ കെട്ടിച്ചമച്ച ചാരക്കേസ്സില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനായി മാറേണ്ടിയിരുന്നതാണ്. ബഹിരാകാശ നേട്ടങ്ങളില്‍ അമേരിക്കയുടെ തലയ്ക്ക് മുകളില്‍ നാം എത്തിച്ചേരുമെന്ന ആശങ്കയില്‍ അവരെഴുതിയ തിരക്കഥയില്‍ IB യും കേരള പോലീസിലെ ഉന്നതരും വേഷമിടുകയായിരുന്നുവെന്ന് നമ്ബി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥമെന്ന പുസ്തകത്തില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

"ഞങ്ങള്‍ പറയുന്നത് കളളക്കഥയാണ്. താന്‍ ചാരനല്ലെങ്കില്‍ കേസ്സില്‍ നിന്നും സ്വയം മോചിതനായി വരു. വന്ന് ആ ചെരിപ്പൂരി ഞങ്ങളുടെ കവിളുകളില്‍ അടിക്കൂ. അതു കൊളളാന്‍ ഞങ്ങള്‍ റെഡിയായിരിക്കും" ക്രൂരമായ പീഡനങ്ങള്‍ക്കും, മര്‍ദ്ദനങ്ങള്‍ക്കുമിടയില്‍ IB ഉദ്യോഗസ്ഥന്‍ നമ്ബി നാരായണനോട് പറഞ്ഞ വാക്കുകളായായിരുന്നു ഇത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി അദ്ദേഹം ആ ചെരുപ്പുകള്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ആ ക്രൂരനായ ഉദ്യോഗസ്ഥനെ തല്ലാനല്ല തന്റെ ഹൃദയത്തിലേറ്റ മുറിവ് മറക്കാതിരിക്കുവാന്‍, തന്റെ പ്രതിക്ഷേധത്തിന്റെ അഗ്നി അണയുവാതിരിക്കുവാന്‍.

രാജ്യത്തെ പരമോന്നത നീതി പീഠം വിധി പ്രസ്താവിച്ചു. നമ്ബി നാരായണന്‍ നിരപരാധി ആയിരുന്നുവെന്ന് കെട്ടിച്ചമച്ച കേസിനുമേല്‍ നടത്തിയ അനാവശ്യ അറസ്റ്റും പീഡനങ്ങള്‍ക്കും അമ്ബത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും ഈ തുക സര്‍ക്കാര്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കിയെടുക്കുവാനുമാണ് ഉത്തരവ്.

ഭാരതമെന്ന ജനാധിപത്യ രാജ്യത്തെ ലോകോത്തര പദവിയിലേക്കുയര്‍ത്തിയ ശാസ്ത്ര ലോകത്തെ ആചാര്യ ശ്രേഷ്ഠനായ നമ്ബി നാരായണന്‍ എന്ന ശാസ്ത്ര പ്രതിഭയെ പട്ടിയെപ്പോലെ തല്ലിച്ചതച്ച കേരള പോലീസിലെയും, ഇന്റലിജന്റ്‌സ് ബ്യൂറോയിലെയും അധമന്‍മാരും നരഭോജികളുമായ ആ ഉദ്യോഗസ്ഥന്‍മാര്‍ പലരും ഇന്നും ജീവിച്ചിരിക്കുന്നുണ്ടാവും. മൃഗീയമായ ക്രൂരതയ്ക്കിടയില്‍ നിങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുവാന്‍ ഇന്ന് അവസരമുണ്ട്. നമ്ബി നാരായണന്‍ ഒരു സ്വാത്ഥികനായതിനാല്‍ നിങ്ങളെ തല്ലുകയില്ലായിരിക്കും. പക്ഷെ ആ ചെരുപ്പ് നിങ്ങള്‍ക്കായ് ഇന്നും കാത്തിരിക്കുകയാണ്. നിങ്ങളുടെ കവിളുകളില്‍ പതിക്കുവാന്‍ വേണ്ടി മാത്രം. ഇന്ത്യയുടെ പരമോന്നത പദവി അലങ്കരിച്ച എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശിഷ്യതുല്യനും ടി.എന്‍. ശേഷന്റെ ആത്മ മിത്രവുമായിരുന്ന നമ്ബി നാരായണന്‍ കെട്ടിച്ചമച്ച ചാരക്കേസ്സില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനായി മാറേണ്ടിയിരുന്നതാണ്. ബഹിരാകാശ നേട്ടങ്ങളില്‍ അമേരിക്കയുടെ തലയ്ക്ക് മുകളില്‍ നാം എത്തിച്ചേരുമെന്ന ആശങ്കയില്‍ അവരെഴുതിയ തിരക്കഥയില്‍ IB യും കേരള പോലീസിലെ ഉന്നതരും വേഷമിടുകയായിരുന്നുവെന്ന് നമ്ബി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥമെന്ന പുസ്തകത്തില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

വികാസ്, പി.എല്‍.സി.വി റോക്കറ്റ്, ക്രയോജനിക് ടെക്‌നോളജി തുടങ്ങി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അധിപനായിരുന്ന നമ്ബി നാരായണന്‍ എന്ന അമൂല്യ പ്രതിഭ രാജ്യത്തിന് നല്‍കിയ സംഭാവനകളെപ്പോലും പരിഗണിക്കാതെ കാട്ടുനീതിക്ക് മുമ്ബില്‍ ചവുട്ടി മെതിക്കപ്പെടുമ്ബോള്‍ ഭാരതത്തിന് നഷ്ടമായത് ലോകരാജ്യങ്ങള്‍ക്കൊപ്പമുളള പ്രഥമ സ്ഥാനമായിരുന്നുവെന്ന് അന്നത്തെ കാപാലികരായ ആ ഉദ്യോഗസ്ഥര്‍ ഇന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? നമ്ബി നാരായണന്‍ എന്ന മഹാ പ്രതിഭയ്‌ക്കൊപ്പം ഭ്രമണപഥത്തില്‍ തകര്‍ന്നു വീണത് ഡി. ശശികുമാരന്‍, കെ. ചന്ദ്രശേഖരന്‍, എസ്. കെ. ശര്‍മ്മ, രമണ്‍ ശ്രീവാസ്തവ തുടങ്ങിയ അപൂര്‍വ്വ നക്ഷത്രങ്ങളായിരുന്നു. ഇവരൊക്കെ രാജ്യം തങ്ങള്‍ക്ക് നല്‍കിയ അഭിമാന ക്ഷതങ്ങളുമായി ഇന്നും നെടുവീര്‍പ്പിട്ട് കഴിയുമ്ബോള്‍ അങ്ങനെ പിന്‍മാറാന്‍ നമ്ബി നാരായണനെന്ന മഹത് വ്യക്തിക്ക് കഴിഞ്ഞില്ല. ഒരു നിയമ യുദ്ധം തന്നെ നടത്തി തന്റെ നിരപരാധിത്വം തെളിയിക്കുകയും, കോടതി വിധിയിലൂടെ നഷ്ടപരിഹാരത്തിന് അര്‍ഹത നേടുകയും ചെയ്യുമ്ബോഴും അനുഭവിച്ച വേദനകള്‍ക്കും അപമാനത്തിനും, തകര്‍ന്നുപോയ സ്വപ്നങ്ങള്‍ക്കും പകരം നല്‍കാന്‍ ആര്‍ക്ക് കഴിയും.

കേരള പോലീസ് ചാര്‍ജ്ജ് ചെയ്ത FIRകളോ, IB ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണങ്ങളോ, നിരത്തിയ വ്യാജ തെളിവുകളോ, കുറ്റവാളികളായി ആരോപിക്കപ്പെട്ട ആരെയും ഒരു മണിക്കൂര്‍പോലും ശിക്ഷിക്കാനുതകുന്ന യാതൊരു കുറ്റങ്ങളും ഉളളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസും, IB യും ചാരകേസ് കെട്ടിചമച്ചതായിരുന്നുവെങ്കില്‍ അധികാര ദുര്‍വിനിയോഗത്തിനും രാജ്യദ്രോഹത്തിനും ഈ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ. രാജ്യത്തിനായ് ജീവിതം സമര്‍പ്പിച്ച നമ്ബി നാരായണന്‍ എന്ന അതുല്യ പ്രതിഭയുടെ പ്രതികരണങ്ങള്‍ മാഹാത്മ്യം മാസിക നേരിട്ടറിയുകയാണ്.

കേന്ദ്രഗവണ്‍മെന്റ് അധികാരത്തിലുളള ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ISRO) യിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലിരിക്കെയാണ് അദ്ദേഹം സ്വയം വിരമിച്ചത്. രാജിയും ചാരക്കേസും ഇടകലര്‍ത്തി ഒട്ടേറെ ആക്ഷേപങ്ങളുണ്ടായതായും അദ്ദേഹത്തിന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം പരാമര്‍ശിക്കുന്നു. "നമ്ബി എഫക്‌ട് ദി റിയല്‍ സയന്റിസ്റ്റ്" എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഡോക്‌മെന്ററിയായി ജനങ്ങളിലെത്തുകയാണ്. ബോളിവുഡ് സിനിമാതാരം മാധവന്‍ നമ്ബി നാരായണന്റെ വേഷമിടുന്ന റോക്കട്രി' എന്ന സിനിമയുടെ തിരക്കുകളിലായിരുന്ന അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുവാന്‍ കുറച്ച്‌ ദിവസം കാത്തിരിക്കേണ്ടി വന്നു.

മാഹാത്മ്യം അസ്സോസിയേറ്റ് എഡിറ്റര്‍ അനുഭദ്രന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നമ്ബി നാരായണനുമായി അടുത്ത ബന്ധമുളള കുളനട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. രഘുനാഥിനെ പരിചയപ്പെടുത്തിയത് മുന്‍ മന്ത്രി പന്തളം സുധാകരനാണ്. നവംബര്‍ ഒന്നിന് പുലര്‍ച്ചെയോടെ കേരളത്തിലെത്തിയ അദ്ദേഹത്തെ രാവിലെ തന്നെ കാണുവാനും സംസാരിക്കുവാനും അവസരമൊരുക്കിയത് രഘുനാഥാണ്. 9 മണിക്ക് കൂടിക്കാഴ്ച അനുവദിച്ചെങ്കിലും 8 മണിക്ക് തിരുവനന്തപുരത്തെത്തിയ ഞങ്ങള്‍ക്ക് യാതൊരു പരിഭവവും കാട്ടാതെ അദ്ദേഹം സ്വാഗതമോതി. ആകാശത്തിലെ വെളുത്ത മേഘവര്‍ണ്ണങ്ങള്‍പോലെ നീട്ടിവളര്‍ത്തിയ താടിയും, പാറിപ്പറക്കുന്ന തലമുടിയും, നിഷ്‌കളങ്കമായ ചിരിയുമായി അദ്ദേഹം ഞങ്ങള്‍ക്ക് മുമ്ബില്‍ പൂമുഖവാതില്‍ തുറന്നു. യാത്രയുടേയും ഉറക്കത്തിന്റേയും ക്ഷീണം പുഞ്ചിരിയാല്‍ മറച്ച്‌ ഞങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി അദ്ദേഹം പങ്കാളിയായി.

ഒരു വലിയ മനുഷ്യന്‍, വാനോളം യശ്ശസ്സുയര്‍ന്ന, ലോകരാജ്യങ്ങള്‍പോലും ആദരവോടുകാണുന്ന നമ്ബിനാരായണന്‍ എന്ന ആ വ്യക്തിക്കൊപ്പം ഇരിക്കാന്‍ ഈശ്വരന്‍ നല്‍കിയ അവസരത്തെ മനസ്സില്‍ സ്മരിച്ച്‌ അല്പം ബഹുമാനത്തോടെ അദ്ദേഹത്തിനൊപ്പം ഇരുന്നു. ഞങ്ങള്‍ ഞങ്ങളെ പരിചയപ്പെടുത്തി, ആഗമനഉദ്ദേശവും ബോധ്യമാക്കി. മാഹാത്മ്യത്തിനായ് ഞങ്ങള്‍ തയ്യാറാക്കിയ ആമുഖം അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. ചെറുപുഞ്ചിരിയോടെ അദ്ദേഹം അതിന് പ്രതികരിച്ചു നന്നായിരിക്കുന്നു. "എന്റെ ശരിയായ അവസ്ഥ തന്നെയാണ് ആമുഖം". ആ വാക്കുകള്‍ ഒരു പക്ഷെ രാഷ്ട്രപതിയില്‍നിന്നും ലഭിക്കുന്ന അവാര്‍ഡിന് തുല്യമായാണ് ഞങ്ങള്‍ക്ക് തോന്നിയത്.

ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു "നിങ്ങള്‍ റെക്കോഡ് ചെയ്യുകയല്ലേ?"
"അതേ സര്‍"
"ശരി അപ്പോള്‍ തുടങ്ങാം"
ചോ: സര്‍, ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ അധികമൊന്നും ഇല്ലാത്തത് അങ്ങയുടെ ബാല്യകാലത്തെ കുറിച്ചായിരുന്നു അതറിയുവാന്‍ ആഗ്രഹമുണ്ട്.
ഉ: ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. 5 മക്കള്‍, എനിക്കൊപ്പമുളള നാലുപേരും സഹോദരിമാരാണ്. അച്ഛന്‍ ചെറിയ ബിസിനസ്സ് നടത്തിയിരുന്നു. ഞാന്‍ എഞ്ചിനിയറിംഗ് പഠനം തുടങ്ങിയപ്പോഴായിരുന്നു അച്ഛന്റെ മരണം. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായ സാഹചര്യം പഠനം തുടരണോ, അതോ അച്ഛന്റെ ബിസിനസ്സ് ഏറ്റെടുക്കണമോ? ഒടുവില്‍ ഉറച്ച തീരുമാനത്തില്‍ ഞാന്‍ പഠനം തുടര്‍ന്നു. പിന്‍ബലം അമ്മയായിരുന്നു."
ചോ: സര്‍ നീതിക്കായ് കാത്തിരുന്ന 24 വര്‍ഷം എന്താണ് അങ്ങക്ക് പറയാനുളളത്?
ഉ: "കാത്തിരുന്നതില്‍ ഫലം കണ്ടു. സത്യം പുറത്ത് വന്നു. വളരെ സന്തോഷം തോന്നി.
നീതിന്യായവ്യവസ്ഥയില്‍ ഒരു പൗരനെന്ന നിലയില്‍ അഭിമാനം തോന്നി. ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുവാന്‍ എനിക്ക് കഴിഞ്ഞു. എനിക്കൊപ്പം കുറ്റമാരോപിക്കപ്പെട്ടവര്‍ നീതിക്കായ് പൊരുതാന്‍ കഴിയാതെ പോയ അവര്‍ക്ക് കൂടി വേണ്ടിയായിരുന്നു എന്റെ പോരാട്ടം"

ചോ: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെക്കുറിച്ച്‌ അങ്ങയുടെ അഭിപ്രായം?
ഉ: ഏറ്റവും മികച്ച നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യയുടേത്. നീതിപീഠങ്ങള്‍ നീതി വ്യവസ്ഥ കാക്കുന്നുവെന്നതാണ് എന്റെ വിഷയത്തില്‍ സംഭവിച്ചത്. എന്നാല്‍ കാലതാമസം അതൊരു പ്രധാന വിഷയമാണ്. അതിന് ആവശ്യമായ സംവിധാനങ്ങളും മാറ്റങ്ങളും വരേണ്ടതുണ്ട്. നീതി ലഭിച്ചാലും കാലതാമസത്താല്‍ പലര്‍ക്കും അത് അനുഭവിക്കുവാന്‍ കഴിയാതെ പോകുന്നു. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അത് അനീതിയാണ്. നിരപരാധിയായ ഞാന്‍, കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ കഴിയേണ്ടി വന്നത് ഓര്‍ക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ നീതി നിഷേധം ചിലരുടെ സ്വാര്‍ത്ഥത, കോടതികളെ തെറ്റിദ്ധരിപ്പിക്കല്‍, വ്യാജതെളിവുകള്‍, കള്ളസാക്ഷികള്‍ ഈ വഴിയിലൊക്കെ എത്രയോ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടാവാം. എനിക്കൊപ്പം കുറ്റാരോപിതരായവര്‍, അവര്‍ക്ക് നിയമയുദ്ധം ചെയ്യാന്‍ കഴിയാതെപോയി, എനിക്ക് ലഭിച്ച നീതിക്ക് അവരും അര്‍ഹരായിരുന്നില്ലേ. പ്രധാനികളായ രണ്ട് പേര്‍ കഴിഞ്ഞ സമയത്ത് മരണപ്പെട്ടു. ജീവിതം തന്നെ മാതൃരാജ്യത്തിനായ് സമര്‍പ്പിച്ച ഞങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍. അപ്പോള്‍ സാധാരണക്കാരന് കിട്ടാവുന്ന പരിഗണന തികച്ചും വേദനാജനകമായിരിക്കും.

ചോ: ചാരക്കേസ്സില്‍ നമ്ബി നാരായണന്‍ കുടുങ്ങണമെന്ന് ചിലര്‍ ഉറപ്പിച്ചിരുന്നു. താങ്കളോട് ഇത്രയധികം ശത്രുതയുണ്ടാകാന്‍ എന്തായിരുന്നു കാരണം?
ഉ : ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. സ്ഥായിയായ, അല്ലെങ്കില്‍ കടുത്ത ശത്രുത ഉള്ളവര്‍ ആരെങ്കിലും ഉണ്ടായിരുന്നതായി എനിക്കറിയില്ല. അന്ന് ഞാന്‍ ത്രയോജനിക് പ്രോജക്‌ട് ഡയറക്ടര്‍ ആയതിനാല്‍ കുറ്റാരോപിതനായി. നമ്ബി നാരായണന് പകരം ആ സ്ഥാനം വഹിച്ചിരുന്നത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ ആകുമായിരുന്നു ആ നിരപരാധികള്‍. പ്രൊഫഷനില്‍ കുറെയൊക്കെ മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. അവിടെ പ്രക്ഷമാകുന്നവര്‍ മുമ്ബിലെത്തും. അതൊന്നും വ്യക്തിഗതയ്ക്ക് കാരണമായി മാറാറില്ല. ഇന്ത്യ ക്രയോജനിക്ക് വിദ്യയെ ഉപയുക്തമാക്കുന്നതില്‍ ആര്‍ക്കായിരുന്നോ ഭയമുണ്ടായിരുന്നത് അവരുടെ കളികള്‍ക്ക് പണം വാങ്ങി ചിലര്‍ കൂട്ടുനിന്നതുകൊണ്ടാണ് ഇത്തരമൊരു കേസ്സുണ്ടായത്. മികച്ച ശാസ്ത്രജ്ഞന്മാരുടെ ആത്മധൈര്യവും, പരിശ്രമവും ഇല്ലാതാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അതായിരുന്നു അവരുടെ ലക്ഷ്യം. അതിന് കൂട്ടുനിന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.

ചോ: അങ്ങയുടെ ആത്മകഥയില്‍ ഐ.എസ്.ആര്‍.ഒ യിലെ പുഴുക്കുത്തുകള്‍ എന്നൊരു പ്രയോഗം ഉണ്ട് ആരെയായിരുന്നു അങ്ങ് ഉദ്ദേശിച്ചത്?
ഉ:'ഞാന്‍ പറഞ്ഞിരുന്നല്ലോ കഴിവുള്ളവരോട് കഴിവ് കുറഞ്ഞവര്‍ക്കുള്ള ഒരു മത്സരം അത്തരം മത്സരങ്ങളെയാണ് ഞാന്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതിനെ ആ തരത്തില്‍ കണ്ടാല്‍ മതി. അതിലും താഴേക്കിറങ്ങുവാന്‍ എന്റെ മര്യാദകള്‍ അനുവദിക്കില്ല.
ചോ: ഏറെ വിവാദമായത് ചാരക്കേസ്സ് ആരോപണം ഉന്നയിക്കപ്പെടുന്ന വേളയില്‍ അങ്ങ് രാജി സമര്‍പ്പിച്ചതാണ്. സത്യാവസ്ഥ ഒന്നു വിശദമാക്കാമോ?
ഉ: ശരിയാണ്, അന്ന് ഏറെ വിവാദമായത് എന്റെ രാജിയും മകന്റെ ഫോണ്‍ വിളിയുമാണ്. ആദ്യം മകന്റെ ഫോണ്‍ വിളിയെക്കുറിച്ച്‌ പറയാം. ശങ്കര്‍ കുമാര്‍ 22000 രൂപയുടെ ഫോണ്‍വിളിനടത്തിയതാണ് ചാരക്കേസ്സിലെ ഒരു തെളിവായി നിരത്തിയത്. മകന്‍ ജോലി സംബന്ധമായി വിളിച്ചകോളുകളാണിത്. ഇതിന് ചാരബന്ധം ആരോപിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കപ്പെട്ട ആളുകളെക്കുറിച്ച്‌ അന്വേഷണം നടത്തിയിരിക്കുമല്ലേ. പക്ഷേ അന്വേഷണത്തില്‍ ചാരബന്ധം തെളിയിക്കാനാവാതെ സത്യം പുറത്തുപറയാതെ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ 22000 രൂപയുടെ ബില്ല്മാത്രം ഉയര്‍ത്തിക്കാട്ടി ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നെ എന്റെ രാജിയുടെ കാര്യം. ഞാന്‍ മുമ്ബ് രണ്ട് തവണ രാജി കൊടുത്ത ആളാണ്. അന്നിരുന്ന ചെയര്‍മാന്‍മാരായിരുന്ന സതീഷ് ധവാന്‍, യു.ആര്‍. റാവു എന്നിവര്‍ എന്റെ രാജി അവഗണിച്ച്‌ പുതിയ പുതിയ ദൗത്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

പക്ഷെ അവസാനമായി ഞാന്‍ രാജി നല്കുവാന്‍ വ്യക്തമായ കാരണം എന്റെ കരിയര്‍ തന്നെ ആയിരുന്നു. ഐ.എസ്.ആര്‍.ഒ യിലെ ഏറ്റവും ഉയര്‍ന്ന പദവികളാണ് ചെയര്‍മാന്‍, ഡയറക്ടര്‍ എന്നീ തസ്ഥികകള്‍. ഇവരിലാരെങ്കിലും, രാജിവയ്ക്കുകയോ, അല്ലായെങ്കില്‍ മരണപ്പെടുകയോ ചെയ്യുമ്ബോഴാണ് ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ അവരോധിക്കപ്പെടുന്നത്. ഐ.എസ്.ആര്‍.ഒ യുടെ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് ഒരുസെര്‍ച്ച്‌ കമ്മറ്റിയാണ്. അംഗീകാരം നല്കുന്നത് പ്രധാനമന്ത്രിയും. പലപ്പോഴും സ്ഥാനം ഒഴിഞ്ഞു പോകുന്ന ചെയര്‍മാന്റെ വാക്കുകളാണ് കമ്മറ്റി മുഖവിലക്കെടുക്കുന്നത്. അങ്ങനെ സംഭവിക്കാത്തത് സതീഷ് ധവാന്റെ കാര്യത്തില്‍ മാത്രമാണ്. വിക്രം സാരാഭായിയുടെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് ധവാന്‍ ചെയര്‍മാനായി നിയമിക്കപ്പെടുകയായിരുന്നു. അടുത്ത ചെയര്‍മാനായി സ്ഥാനക്കയറ്റം കിട്ടേണ്ടിയിരുന്ന വൈ.ജെ. റാവു ആരോപണങ്ങളാല്‍ ക്രൂശിക്കപ്പെടുകയും ട്രാന്‍സ്ഫറിനെ നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം ജോലി രാജിവച്ച്‌ യു.എസ്.ലേക്ക് കുടിയേറുകയും ചെയ്തു.

അങ്ങനെ യു.ആര്‍.റാവു ധവാനില്‍ നിന്നും ആ സ്ഥാനമേറ്റെടുത്തു. യു.ആര്‍.റാവു ചെയര്‍മാനായിരിക്കുമ്ബോള്‍ ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ മുത്തുനായകം ആയിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് മുത്തുനായകം പറഞ്ഞിരുന്നു. ജൂലൈയില്‍ റാവുവിനെ കണ്ടപ്പോള്‍ ഞാന്‍ ഈ വിവരം അവതരിപ്പിച്ചിരുന്നു. മുത്തുനായകം ജോലി വിട്ടാല്‍ ഡയറക്ടറുടെ എന്‍.പി.എസ്സി സ്ഥാനം ഞാന്‍ ഏറ്റെടുക്കേണ്ട സാഹചര്യം ആണെന്ന് അങ്ങയുടെ എക്‌സ്റ്റെന്‍ഷന്‍ പ്ലാന്‍ എന്താണെന്നും അന്വേഷിച്ചിരുന്നു. എന്നാല്‍ റാവു റിട്ടയര്‍ ചെയ്തപ്പോള്‍ തത്സ്ഥാനത്തേക്ക് മുത്തുനായകത്തിന് പകരം റെക്കമെന്റ് ചെയ്തത് കസ്തൂരി രംഗനെയാണ്. അതോടെ മുത്തുനായകം ഡയറക്ടര്‍ സ്ഥാനത്ത് തുടരുകയും എന്റെ കരിയര്‍ വ്യക്തയില്ലാതാവുകയുമായിരുന്നു. സെന്‍ട്രല്‍ ഡയറക്ടര്‍ ആയാല്‍ മാത്രമേ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എനിക്ക് എത്തുവാന്‍ കഴിയൂ. എന്നാല്‍ മേല്‍നടപടികള്‍ എന്നെ അനശ്ചിതത്വത്തിലാക്കിയതിനാല്‍ ഞാന്‍ 1994 നവംബര്‍ ഒന്നിനാണ് രാജി കൊടുത്തത്.

ചാരക്കേസ്സുമായി ബന്ധപ്പെട്ട് എനിക്കെതിരെ ആരോപണം ഉയര്‍ന്നതും അറസ്റ്റ് ചെയ്തതും നവംബര്‍ 30 ന്. ചാരക്കേസ്സ് തുടങ്ങിയത് ഒക്‌ടോബര്‍ 20 ന്. ഈ സാഹചര്യത്തിലാണ് ഞാന്‍ നാട് വിടാനാണ് രാജിവെച്ചതെന്ന ആരോപണം ഉയര്‍ന്നത്. സത്യത്തില്‍ അതിനും അഞ്ച് മാസം മുമ്ബ് റാവുമായി ഈ വിഷയം ഞാന്‍ സംസാരിച്ചതും ഈ നിലയിലാണ് എന്റെ കരിയറെങ്കില്‍ ഞാന്‍ രാജിയാകുമെന്ന് പറഞ്ഞിരുന്നതുമാണ്. ഈ വിവരം എന്റെ രാജിയില്‍ വ്യക്തമാക്കിയിരുന്നതുമാണ്. എന്നാല്‍ പോലീസ് ഈ ഭാഗം മറച്ചുവച്ചാണ് എന്റെ രാജി വിവരം പ്രസിദ്ധപ്പെടുത്തിയതും കരുവാക്കിയതും. എല്ലാ ക്വാളിഫിക്കേഷനും ഉണ്ടായിട്ടും സര്‍വ്വീസും സാഹചര്യങ്ങളും ഉണ്ടായിട്ടും അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാലാണ് ഞാന്‍ പിന്‍മാറിയത്. പിന്നീടുള്ള പല വേദികളിലും എനിക്ക് ഈ സാഹചര്യങ്ങള്‍ വ്യക്തമാക്കി എന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിക്കാതെ പോയതിനാലാണ് എന്റെ രാജി വിവാദമായതും ഞാന്‍ ക്രൂശിക്കപ്പെട്ടതും. നീതി പീഠങ്ങള്‍ക്കു മുമ്ബില്‍ എന്റെ നിരപരാധിത്വം തെളിഞ്ഞു. എന്റെ നഷ്ടമായ ആത്മവിശ്വാസം തിരികെ ലഭിച്ചു. ചാരന്റെ മക്കള്‍ എന്ന ആക്ഷേപം എന്റെ മക്കളില്‍ നിന്നും നീങ്ങി. പക്ഷെ എനിക്ക് തിരികെ കിട്ടാത്തത് ചിലതുണ്ട്. എന്റെ ഭാര്യയുടെ മാനസികാരോഗ്യം. എന്റെ കരിയര്‍. ഞാന്‍ വിരിയിക്കുവാനാഗ്രഹിച്ച അഗ്നിച്ചിറകുകള്‍, എന്റെ സ്വപ്നങ്ങളിലെ ചരിത്രനേട്ടങ്ങള്‍, എങ്കിലും ചിലതില്‍ ഞാനാശ്വസിക്കുന്നു. പി.എസ്.എല്‍.വി പ്രോഗ്രാം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. നമുക്കുവേണ്ടി ഇന്ന് നാം തന്നെ ക്രയോജനിക് എഞ്ചിനുകള്‍ ഉണ്ടാക്കുന്നു. ഇനി ഭയമില്ലാതെ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിരിയുമ്ബോള്‍ ആ കണ്ണുകളില്‍ തെളിഞ്ഞത് ക്രൂശിതനായവന്റെ നിസ്സഹായവസ്ഥയായിരുന്നു.

രാജേഷ് തിരുവല്ല 
8606207770

Related News