Loading ...

Home Europe

തണുത്ത് മരവിച്ച്‌ യൂറോപ്പ്; ഇസ്താംബുള്‍ വിമാനത്താവളം അടച്ചുപൂട്ടി

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇസ്താംബുള്‍ വിമാനത്താവളം അടച്ചുപൂട്ടി.
മഞ്ഞുവീഴ്ചയില്‍ കാര്‍ഗോ ടെര്‍മിനലുകളിലൊന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.''പ്രതികൂല സാഹചര്യങ്ങള്‍ കാരണം, എയര്‍ സുരക്ഷയ്ക്കായി എല്ലാ ഫ്ലൈറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി'' വിമാനത്താവളം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ഒപ്പം മഞ്ഞും മൂടിയ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ ഹബ്ബുകളിലൊന്നാണ് ഇസ്താംബുള്‍ എയര്‍പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 37 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കിയിരുന്നു.

ഇസ്താംബുളിലെ പുരാതന മോസ്കുകളുടെ മുറ്റങ്ങളിലും മഞ്ഞു നിറഞ്ഞിരിക്കുകയാണ്. ഇവിടെ കുട്ടികള്‍ കളിക്കുകയും ആളുകള്‍ സെല്‍ഫി എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച നഗരവാസികള്‍ക്ക് തലവേദനയായിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍ നേരത്തെ അടച്ചിരുന്നു.വിതരണക്കാര്‍ക്ക് മഞ്ഞുവീഴ്ചയിലൂടെ കടന്നുപോകാന്‍ കഴിയാത്തതിനാല്‍ ഫുഡ് ഡെലിവറി സേവനങ്ങളും നിര്‍ത്തിവച്ചു. റോഡുകള്‍ മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. അതേസമയം കിഴക്കന്‍ മെഡിറ്ററേനിയനില്‍ അപൂര്‍വമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏഥന്‍സില്‍ സ്കൂളുകളും വാക്സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു.


Related News