Loading ...

Home Australia/NZ

ശക്തമായ കാറ്റില്‍ ബൗണ്‍സി കാസില്‍ പറന്നു പൊങ്ങി,​ ആസ്ട്രേലിയയില്‍ 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സിഡ്നി: ആസ്ട്രേലിയയില്‍ കാറ്റില്‍ പറന്നുയര്‍ന്ന വായു നിറച്ച ബൗണ്‍സി കാസിലില്‍ നിന്ന് താഴേക്ക് വീണ് 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം. ടെവോന്‍പോര്‍ട്ടിലെ ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 10,11 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. നിലവില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 5 കുട്ടികളില്‍ നാല് പേരുടെയും നില അതീവ ഗുരുതരമാണ്.

സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. ശക്തമായ കാറ്റില്‍ ബൗണ്‍സി കാസില്‍ 10 മീറ്ററോളം മുകളിലേക്ക് പറന്നുയര്‍ന്നുവെന്നാണ് വിവരം. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അനുശോചനം രേഖപ്പെടുത്തി.


Related News