Loading ...

Home parenting

ജാതിയും ജാതിവാലും ജാതിസംസ്കാരവും - ശങ്കരനാരായണന്‍, മലപ്പുറം

ഒരു കുട്ടിയുടെ പേര്‌ എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത്‌ ആ കുട്ടിയുടെ രക്ഷിതാക്കളാണ്‌. അതിനുള്ള പൂര്‍ണ്ണാവകാശം അവര്‍ക്കുണ്ട്‌. കുട്ടി വലുതായി ബുദ്ധിവെച്ചാല്‍ രക്ഷിതാക്കള്‍ തനിക്കിട്ട പേര്‌ യോജ്യമല്ലെന്ന് തോന്നിയാല്‍ അത്‌ മാറ്റാനും ആ വ്യക്തിക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. ഇഷ്ടമുള്ള ഏതു പേരുമിടാം. അതിന്‌ നല്ല അര്‍ത്ഥം വേണമെന്നുമില്ല. മോശമായ അര്‍ത്ഥമുള്ള പേരിടാനും സ്വാതന്ത്ര്യമുണ്ട്‌. 8.1.2015ലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതിയുടെ അനുജത്തിയുടെ പേര്‌ ക്രിജിലി എന്നായിരുന്നു. 'തീരെ കേള്‍ക്കാത്ത പേരാണല്ലോ" എന്ന് അവതാരകന്‍ സുരേഷ്‌ ഗോപി പറഞ്ഞു. ആരുമിടാത്ത പേരിടണമെന്ന് പറഞ്ഞ്‌ അച്ഛന്‍ ഇങ്ങനെ പേരിട്ടു എന്നാണ്‌ അതിനു കിട്ടിയ മറുപടി. തീര്‍ച്ചയായും ആ അച്ഛന്‌ അതിന്‌ അവകാശമുണ്ട്‌. വെളുത്തകുട്ടിക്കു പോലും പണ്ട്‌ കറുപ്പന്‍ എന്ന് പേരിടുമായിരുന്നു. പിന്നീട്‌ 'കറുപ്പന്‍" ഒഴിവാക്കി 'കൃഷ്ണന്‍" എന്നാക്കി. കൃഷ്ണന്‍ എന്നു പറഞ്ഞാല്‍ കറുപ്പന്‍ തന്നെ. സുര ( വേദകാലഘട്ടത്തിലെ മദ്യം) യുടെ ഈശനാണ്‌ സുരേശ്‌. ഈ അര്‍ത്ഥം ഉദ്ദേശ്യമാക്കിയല്ലല്ലോ ഈ പേരിടുന്നത്‌. രതി എന്നും മദനമോഹിനി എന്നുമൊക്കെ പേരുണ്ട്‌. ഇതും വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കി ഇടുന്നതല്ല. ചിലപ്പോള്‍ മനസ്സിലാക്കിയുമായിരിക്കും. മൈഥുനം നടത്തുന്ന രാജ്‌ എന്ന അര്‍ത്ഥത്തിലല്ലല്ലോ മിഥുന്‍രാജ്‌ എന്ന് പേരിടുന്നത്‌.നിഷാദ്‌ എന്ന പേര്‌ മുസ്ലീം കുട്ടികള്‍ക്കുപോലുമുണ്ട്‌. നിഷാദന്‌ പല അര്‍ത്ഥങ്ങളുമുണ്ട്‌. കാട്ടാളന്‍, മുക്കുവന്‍ എന്നും മറ്റും. നിഷാദന്‍ വാസ്തവത്തില്‍ ഒരു പേരല്ല. ഒരു ജാതിയാണ്‌. ബ്രാഹ്മണന്‌ ശൂദ്രസ്ത്രീയില്‍ പിറന്നകുട്ടിയുടെ ജാതി. പണ്ടത്തെ കാര്യംവെച്ചു പറയുകയാണെങ്കില്‍ നമ്പൂതിരിക്ക്‌ നായര്‍സ്ത്രീയിലുണ്ടാകുന്ന കുട്ടിയുടെ ജാതി. എന്റെ സുഹൃത്തും ഹോമിയോപ്പതി ചികിത്സകനുമായ ബാപ്പുക്ക (തോരപ്പ മുഹമ്മദ്‌) പേരുകളിലെ തമാശകളെക്കുറിച്ച്‌ പലപ്പോഴും പറയാറുണ്ട്‌. ക്ലിനിക്കില്‍ തന്റെ ഉമ്മയോടൊപ്പം മരുന്നിന് വരാറുള്ള ഒരു കുട്ടിയുടെ പേര്‌ നിഫാസ്‌ എന്നായിരുന്നു. അതിന്റെ അര്‍ത്ഥം അറിയുമോ എന്ന് എന്നോടൊരിക്കല്‍ ചോദിച്ചു. അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. പ്രസവരക്തം എന്നാണത്രെ ആ വാക്കിന്റെ അര്‍ത്ഥം! എന്നിരുന്നാലും ആ പേര്‌ കൊണ്ടുനടക്കാന്‍ ആ കുട്ടിക്ക്‌ അവകാശമുണ്ട്‌.ഇതുപോലത്തെ‍ പേരിന്റെ കൂടെ ജാതിപ്പേര്‌ അഥവാ ജാതിവാല്‍ ചേര്‍ക്കുന്നതിലും തെറ്റില്ല. അത്‌ അവരവരുടെ ഇഷ്ടം. ആലപ്പുഴജില്ലക്കാരനായ ഒരാളുടെ പേര്‌ തുടങ്ങുന്നത്‌ ജാതിപ്പേരിലാ ണ്‌. ''നായര്‍.... നാ ഥന്‍"എന്ന്. ഇതും തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. ജാതിപ്പേര്‌ ചേര്‍ക്കുന്നത്‌ മഹത്വമാണ് എന്ന് കരുതിയാണല്ലോ അങ്ങനെ ചെയ്യുന്നത്‌. അങ്ങനെയാകുമ്പോള്‍ അത്‌ ചേര്‍ക്കേണ്ടവിധത്തില്‍ ചേര്‍ക്കുന്നതല്ലേ ഉചിതം. രമേശ്‌ നായര്‍ എന്ന പ്രയോഗത്തില്‍ തെറ്റില്ല. പക്ഷേ, രമ്യനായര്‍ എന്ന് പ്രയോഗിക്കുന്നത്‌ തെറ്റാണ്‌. സന്ദീപ്‌ വാര്യര്‍ ശരിയാകുമ്പോള്‍ സിന്ധുവാര്യര്‍ തെറ്റാണ്‌. ഗോപു നമ്പൂതിരി ശരിയാകുമ്പോള്‍ ഗോപികനമ്പൂതിരി തെറ്റാണ്‌. ഇതു തെറ്റാണെന്ന് പറയാന്‍ കാരണം, രമ്യയും സിന്ധുവും ഗോപികയും യഥാക്രമം നായര്‍, വാര്യര്‍, നമ്പൂതിരി സ്ത്രീകളായതുകൊണ്ടാണ്‌. ആയതിനാല്‍ അവര്‍ക്ക്‌ ജാതിനിയമപ്രകാരം രമ്യാ അമ്മ, സിന്ധു വാരസ്യാര്‍, ഗോപികാഅന്തര്‍ജ്ജനം എന്നിങ്ങനെ വേണം പേരിടാന്‍. ചില നായര്‍ കവയിത്രികളുടെ പേരിനോടൊപ്പം 'അമ്മ" ചേര്‍ത്തില്ലെന്ന് പറഞ്ഞ്‌ ഒരു നൂറ്റാണ്ടിനുമുമ്പ്‌ ഈഴവകവിയായ മൂലൂര്‍ എസ്‌. പ ത്മനാഭപ്പണിക്കരും സവര്‍ണ്ണസാഹിത്യപ്പടയും തമ്മില്‍ ഒരു ജാതിയുദ്ധം നന്നിട്ടുണ്ടിവിടെ. ഒരു പിള്ളയാണ്‌ ഈ 'അമ്മസ്ഥാന" ത്തിനുവേണ്ടി രംഗത്തുവന്നത്‌. ഈഴവനായ കവിയെ ഈ പിള്ള ജാതി പറഞ്ഞ്‌ ഏറെ ആക്ഷേപിച്ചു. 'പണിക്കര്‍" എന്നതിനു പകരം 'പണിക്കന്‍" എന്ന് വിളിച്ചു. (സവര്‍ണ്ണരുടെ ജാതിപ്പേരുകള്‍ പൊതുവെ 'ര്‍" ലും അവര്‍ണരുടേത്‌ പൊതുവെ 'ന്‍" ലുമാണല്ലോ അവസാനിക്കുക. പുലയന്‍, ചെറുമന്‍, പറയന്‍, ഈഴവന്‍, തിയ്യന്‍, മണ്ണാന്‍, നായര്‍, നമ്പ്യാര്‍, വാര്യര്‍, അയ്യര്‍, പട്ടര്‍ എന്നിങ്ങനെ ഉദാഹരണം). കള്ളുചെത്തിനെ പരാമര്‍ശിച്ച്‌ മൂലൂരിനെ 'മരംകേറി" എന്നും 'മരംചാടി" എന്നും വിളിച്ചു ഈ പിള്ള. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയ്ക്കു പകരം അമ്മായി എന്നു ചേര്‍ത്തോ മറ്റെന്തെങ്കിലും ചേര്‍ത്തോ പേരിടുന്നതില്‍ തെറ്റില്ല; അതു കുറ്റകരവുമല്ല. ഇതു കൊണ്ടുതന്നെ ലതികാ നായര്‍ എന്നോ പാര്‍വ്വതിക്കുട്ടി അമ്മായി എന്നോ ആരെങ്കിലും പേരിട്ടാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല . ഇന്ന് പേരിടുന്ന കാര്യത്തില്‍ ആരുടെയും അനുമതി ആവശ്യമില്ല. എന്നാല്‍ പണ്ടത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല.ദേശത്തെ തമ്പ്രാനായിരുന്നു കുട്ടിയുടെ പേരെന്തായിരിക്കണമെന്ന് നിശ്ചയിച്ചിരുന്നത്‌. തമ്പ്രാന്റെ തിരുവായില്‍ നിന്ന് വീഴുന്നതൊക്കെ കുട്ടിക്ക്‌ പേര്‌! അങ്ങനെയാണ്‌ അവര്‍ണര്‍ക്ക്‌ ചക്കി, കൊറ്റി, കാരി, മുണ്ടി, ഇട്ട്യേക്കി, പൊക്കന്‍, കോരു, ചെളി, നായാടി, ചൂലന്‍, കോരന്‍ തുടങ്ങിയ പേരുകള്‍ വീണത്‌. 'നിങ്ങളൊക്ക ഇങ്ങനത്തെ പേരിട്ടാല്‍ ഞങ്ങളെന്തു പേരിടും" എന്ന് ഒരു സ്കൂള്‍ഹെഡ് മാസ്റ്റര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ചെന്ന ഒരു അദ്ധ്യാപകനോട്‌ ചോദിച്ചു. ആ അദ്ധ്യാപകന്റെ പേര്‌ ശൂലപാണി എന്നായിരുന്നു. ഇതു സവര്‍ണനായ ഹെഡിനു പിടിച്ചില്ല. അയാളുടെ കണക്കില്‍ ശൂലപാണി എന്നതിനു പകരം ചൂലന്‍ എന്നായിരുന്നു വേണ്ടിയിരുന്നത്‌! കാരണം, ആ അദ്ധ്യാപകന്‍ പട്ടികജാതിക്കാരനായിരുന്നു. ഓരോ ജാതിക്കാരനും ഏതു തരത്തിലുള്ള പേരിടണമെന്ന നിയമമുണ്ടായിരുന്നു ഇവിടെ. ഇതാണ്‌ നമ്മുടെ സാംസ്കാരികപൈതൃകം!മംഗ ല്യം ബ്രാഹ്മണസ്യ സ്യാത്‌ ക്ഷത്രിയസ്യ ബലാന്വിതം
വൈശ്യസ്യ ധനസംയുക്തം ശൂദ്രസ്യ തു ജുഗുപ്സിതം
ബ്രാഹ്മണന്‌ മംഗളത്തെയും ക്ഷത്രിയന്‌ ബലത്തെയും വൈശ്യന് ധനത്തെയും ശൂദ്രന്‌ നിന്ദയെയും സൂചിപ്പിക്കുന്ന പേരിടണമെന്നാണ്‌ മനുസ്മൃതി യില്‍ (2:31) പറയുന്നത്‌. നായന്മാരെയാണ്‌ ശൂദ്രന്മാരായി കണക്കാക്കിയിരുന്നത്‌. ഈ പറയുന്ന നാലു വര്‍ണ്ണത്തിനും പുറത്തുള്ളവരാണ്‌ ഈഴവ/തിയ്യര്‍ തുടങ്ങിയ പിന്നാക്കക്കാരും പട്ടികജാതി/വര്‍ഗ്ഗക്കാരും. ഇവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. അവര്‍ക്കു പിന്നെ കൊറ്റിയും കാരിയും മുണ്ടിയും ചെളിയും ചൂലനുമൊക്കെയല്ലാതെ മറ്റെന്ത് പേരിടും? മോശമെന്ന് കരുതി വേറെ പേരിട്ടാല്‍പ്പോലും ജാതിത്തിമിരം ബാധിച്ചവര്‍ അതിനെ അംഗീകരിക്കില്ല. മുണ്ടന്‍ എന്നുള്ളത്‌ മുകുന്ദന്‍ എന്നാക്കിയാല്‍, 'മ്മളെ മുണ്ടന്‍ മുകുന്ദനേയ്‌" എന്നുപറഞ്ഞ് ആക്ഷേപിക്കും.അടുത്ത കാലത്ത്‌, പേരിന്റെകൂടെ ജാതിപ്പേരുള്ളവരെ ഫോസ് ബുക്കില്‍ ഫ്രണ്ടാക്കില്ല എന്ന് ഞങ്ങള്‍ ചിലര്‍ തീരുമാനിച്ചിരുന്നു. എങ്കിലും ജാതിപ്പേരുള്ളതുകൊണ്ടുമാത്രം ഒരാള്‍ ജാതിവാദിയാകണമില്ല. ജാതിപ്പേര്‌ ഒഴിവാക്കിയതുകൊണ്ട്‌ ജാതിവാദിയല്ലെന്നും ആകണമെന്നില്ല. പണ്ടത്തെ കാര്യമാണ്‌ പറയുന്നത്‌. ഈഴവര്‍ പന്നി പെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്‌. അവര്‍ക്ക്‌ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും കൊടുത്തത്‌ പുന:പരിശോധിക്കണമെന്ന് പറഞ്ഞത്‌ (ഡോ. എം. എസ്‌. ജയപ്രകാശ്‌ എഴുതിയ ലേഖനത്തിലുള്ളത്‌, കേരളശബ്ദം, 9.1.2005) പേരില്‍നിന്ന് പിള്ള എന്ന ജാതിപ്പേര്‌ ഒഴിവാക്കിയ മന്നത്ത്‌ പത്മനാഭനാണ്‌. പേരിന്റെകൂടെ പിള്ളയുള്ള ഒരാള്‍ മുക്കുവസമുദായക്കാരനായ പണ്ഡിറ്റ്‌ കെ. പി. കറുപ്പന്റെ 'ബാലാകലേശം" എന്ന കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നുവെന്നും പുലയര്‍ക്ക്‌ സ്കൂള്‍പ്രവേശനം കൊടുത്തത്‌ സാമൂഹിക മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്ന് പറഞ്ഞു. മൂലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍ക്കെതിരെ തിരിഞ്ഞ ഒരു പിള്ളയുടെ കാര്യം നേരത്തെ പരാമര്‍ശിച്ചിരുന്നുവല്ലോ. ആ പിള്ള തന്നെ ഈ പിള്ള! സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള!! എന്നാല്‍ പുലയര്‍ക്ക്‌ സ്കൂള്‍പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്‌ പേരിന്റെ കൂടെ ജാതിപ്പേരുള്ള മനുഷ്യസ്നേഹിയായ ദിവാന്‍ രാജഗോപാലാചാരിയായിരുന്നു. പണ്ഡിറ്റ്‌ കെ. പി. കറുപ്പന്റെ കൃതിയില്‍ രാമകൃഷ്ണപ്പിള്ളയ്ക്ക്‌ മീന്‍മണം അനുഭവപ്പെട്ടുവെങ്കിലും പേരിന്റെ കൂടെ ജാതിപ്പേരുള്ള കൊച്ചിയിലെ ടി. കെ. കൃഷ്ണമേനോന്റെ മൂക്കിലേക്ക്‌ ഈ മണം കേറിയില്ല! മാത്രമല്ല പണ്ഡിറ്റ്‌ കെ. പി. ക റുപ്പന്റെ പക്ഷം ചേര്‍ന്ന് രാമകൃഷ്ണപിള്ളയ്ക്കെതിരെ രംഗത്തുവരികയും ചെയ്തു. ഇതു വലിയൊരു സാഹിത്യസംവാദമായി മാറി. ഇത്‌ 'ബാലാകലേശവിവാദം"എന്ന പേരില്‍ കേരള സാഹിത്യചരിത്രത്തില്‍ എഴുതപ്പെട്ടു. സര്‍ക്കാരുദ്യോഗങ്ങളില്‍ പ്രാതിനിധ്യം കിട്ടാന്‍വേണ്ടി ഈഴവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സി. കേശവന്റെ നേതൃത്വത്തില്‍ 1933ല്‍ നടത്തിയ നിവര്‍ത്തനപ്രക്ഷോഭം നായന്മാരെ ഏറെ ചൊടിപ്പിക്കുകയുണ്ടായി. സമൂഹത്തില്‍ അവര്‍ണ്ണ- സവര്‍ണ്ണവിഭജനംപോലും ഉണ്ടായി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനും നായന്മാരെ നശിപ്പിക്കാനും പള്ളി സ്ഥാപിക്കാനും വേണ്ടിയാണ്‌ ഈ പ്രക്ഷോഭമെന്ന് പറഞ്ഞ്‌ നായന്മാരില്‍നിന്ന് ഇങ്ങനെയൊരു 'നിവര്‍ത്തനഗീ ത"പോലും ഇറങ്ങി.
പരിത്രാണായ നസ്രാണ്യ
വിനാശായ ച നായര്‍ണാം
പള്ളി സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ
തന്റെ പേരില്‍നിന്ന് പിള്ള ഒഴിവാക്കിയ മന്നത്തു പത്മനാഭനടക്കമുള്ള നായന്മാരുടെ ഈ നിലപാടിനു നേര്‍വിപരീത നിലപാടുകാരനായിരുന്നു പേരിന്റെ കൂടെ പിള്ള നിലനിര്‍ത്തിയ മറ്റൊരു വ്യ ക്തി. ഇദ്ദേഹം സി. കേശവന്റെ നിലപാടുകള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്കി. സാമൂഹികനീതി അംഗീകരിച്ചുകൊടുക്കുവാന്‍ അദ്ദേഹം നായന്മാരെ തന്റെ പ്രസിദ്ധീകരണത്തിലൂടെ ആഹ്വാനം ചെയ്യുകയുംചെയ്തു. കേസരിവാരിക നടത്തിയിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയായിരുന്നു ഈ മഹാത്മാവ്‌. പേരില്‍നിന്ന് നമ്പ്യാര്‍ ഒഴിവാക്കിയ സഖാവാണ്‌ എ. കെ. ജി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എ. കെ. ഗോപാലന്‍. പേരില്‍നിന്നല്ല മനസ്സില്‍നിന്നും ഇദ്ദേഹം ജാതി ഒഴിവാക്കിയിരുന്നു. കേരളം വളരെ അപൂര്‍വ്വ മായികണ്ട പ്രായോഗികകമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു എ. കെ. ജി.
ഇങ്ങനെ നോക്കുമ്പോള്‍, വാലുണ്ടായതുകൊണ്ടോ വാല്‌ മുറിച്ചതുകൊണ്ടോ ജാതിചിന്ത ഉണ്ടാകണമെന്നോ ഇല്ലാതാകണമെന്നോ ഉറപ്പിക്കാന്‍ പറ്റില്ല. പേരില്‍നിന്നല്ല മനസ്സില്‍നിന്നാണ്‌ ജാതി കളയേണ്ടത്‌. എങ്കിലും ഇക്കാലത്ത്‌ പേരിനോടൊപ്പം ജാതിവാല്‍ വെക്കുന്നത്‌ മാന്യതയ്ക്കു ചേര്‍ന്നതല്ല എാ‍ണ്‌ എന്റെ അഭിപ്രായം. പേരിന്റെ കൂടെ ജാതിപ്പേരില്ലാത്തവര്‍പോലും അവരുടെ പേരിന്റെ കൂടെ ജാതിപ്പേര്‌ ഉപയോഗിക്കുന്ന കാഴ്ചയാണ്‌ കണ്ടുവരുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ ഇത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. സ്വന്തം പേരിന്റെ കൂടെ ജാതിപ്പേരില്ലാത്ത ചിലര്‍ തന്റെ ജാതി തെളിയിക്കാന്‍ ജാതിപ്പേരുള്ള അച്ഛന്റെ പേരുകൂടി ചേര്‍ത്താണ്‌ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്‌. ചിലരുടെ പേരെന്താണെന്നുപോലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ. കെ. നമ്പൂ തിരി എന്നാല്‍ ഇംഗ്ലീഷിലെ രണ്ടക്ഷരവും ഒരു ജാതിയുടെ പേരുമാണ്‌. പേര്‌ ഒരക്ഷരത്തില്‍ ചുരുക്കി ജാതി നാലക്ഷരത്തില്‍ വലുതാക്കിയിരിക്കുന്നു!
അല്ലെങ്കിലും എന്തിന്റെ പേരിലാണ്‌ ജാതിപ്പേരില്‍ സവര്‍ണ്ണര്‍ ആനന്ദം കൊള്ളുന്നത്‌? കേരളത്തിന്റെ പൂര്‍വ്വസാംസ്കാരികചരിത്രം പഠിച്ചാല്‍ അഭിമാനിക്കേണ്ടതായി ഒന്നുമില്ലല്ലോ ഇക്കൂട്ടര്‍ക്ക്‌. ഇക്കാര്യത്തില്‍ ആനന്ദംകൊള്ളേണ്ടതും അഭിമാനിക്കേണ്ടതും ഇപ്പോള്‍ ജാതിവാല്‍ അലങ്കാരമായി കൊണ്ടുനടക്കാത്തവരല്ലേ? ഇക്കാര്യത്തില്‍, ഇടതുസഹയാത്രികനും പ്രശസ്തഎഴുത്തുകാരനുമായ അശോകന്‍ ചരുവിലിന്റെ അഭിപ്രായം തന്നെ ശരി. അശോകന്‍ ചരുവില്‍ ഇങ്ങനെ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2012 സെപ്തംബര് 16) പറഞ്ഞു:
"ഇന്നത്തെ കാലത്ത്‌ ജയേഷ്‌ നമ്പൂ തിരി എന്നൊക്കെ പേരിടുന്നത്‌ അങ്ങേയറ്റം അശ്ലീലമാണ്‌. പൌരസമൂഹത്തില്‍ ഒരാള്‍ തോക്കും പിടിച്ച്‌ നടക്കുന്നതുപോലെ അധാര്‍മ്മികമാണത്‌. അവര്‍ പരമ്പരയായി ലഭിച്ച തങ്ങളുടെ സംസ്കാരത്തെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടണം. വിളപ്പില്‍ശാലയിലോ ലാലൂരിലോ ഒന്നും കൊണ്ടുചെല്ലരുതെന്ന് മാത്രം.... സവര്‍ണന്റെ ജാതി അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ആയുധബലത്തിന്റെയും പ്രതീകമാണ്‌. അതുകൊണ്ടുതന്നെ‍ അങ്ങേയറ്റം സാംസ്കാരികവിരുദ്ധമാണത്‌. പക്ഷേ, അവര്‍ണന്റെ ജാതി എന്നത്‌ മനുഷ്യരാശിയെ നിലനിര്‍ത്തിപ്പോരുന്നതിനാവശ്യമായ ഉന്നതമായ തൊഴില്‍സംസ്കാരത്തിന്റെ സര്‍ഗാത്മകരൂപമാണ്‌. സത്യവും ധര്‍മ്മവും നീതിയും മൂല്യങ്ങളും നാം അവിടെയാണ്‌ തിരയേണ്ടത്‌... ആധുനികതയ്ക്ക്‌ മുന്നോടിയായി അവതരിപ്പിച്ച ഗൃഹാതുരത ചുറ്റിത്തിരിയുന്നത്‌ പഴയ ജന്മിഗൃഹങ്ങളുടെ അകായിയിലും തൊടിയിലുമാണ്‌. 'ഹാ പോയിമറഞ്ഞു ആ നല്ല കാലം!" എന്നാണല്ലോ. പാട്ടക്കുടിയാന്മാര്‍ മുറ്റത്തു കൊണ്ടു ചൊരിയുന്ന നെല്ലും കാഴ്ചക്കുലകളും. അവര്‍ക്ക്‌ ഓണപ്പുടവ കൊടുക്കു സ്നേഹസമ്പനായ വല്ല്യമ്മാവന്‍. അടിയാന്മാര്‍ക്ക്‌ കഞ്ഞിവിളമ്പുന്ന അന്നപൂര്‍ണേശ്വരിയായ അമ്മ. അടിമ ഉടമബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ പരമാവധി ഉദ്ഘോഷിക്കുന്നുണ്ട്‌. പക്ഷെ, കലാത്മകമായി ആവിഷ്കരിക്കപ്പെടുന്ന ഈ ഗൃഹാതുരതയില്‍ വിവരിക്കുന്ന ആ കാലം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അത്ര നല്ല കാലമായി തോന്നാനിടയില്ല. പുറം ചുട്ടു‍പൊള്ളി ചേറു കുടിച്ച്‌ മാടുകളെപ്പോലെ ജീവിച്ച മുതുമുത്തച്ഛന്മാരെയാണ്‌ അവര്‍ക്ക്‌ ഓര്‍മ്മ വരിക. ജന്മിഗൃഹത്തിന്റെ വടക്കേ മുറ്റത്ത്‌ കുത്തിയ കുഴിയില്‍ വെച്ച വാഴയിലയില്‍നിന്ന് ‍ കഞ്ഞികുടിക്കുന്ന ജീവിതം അവര്‍ക്ക്‌ ഓര്‍മ്മ വരും""

Related News