Loading ...

Home parenting

ഇന്ത്യയിലെ ട്യൂഷൻ ബിസ്സിനസ്സ്‌

ഇന്ത്യയിൽ പ്രൈവറ്റ്‌ ട്യൂഷൻ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. ട്യൂഷനുവേണ്ടി ഇന്ത്യയിലെ കുട്ടികൾ ചെലവഴിക്കുന്നത്‌ ഭീമമായ തുകയാണ്‌.ഏകദേശം ഒരു ബില്യൻ ഡോളറാണ്‌ ഒരു പ്രമുഖ കോച്ചിംഗ്‌ സെന്ററിന്റെ ഒരു വർഷത്തെ വരുമാനം. ട്യൂഷൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്സിനസ്സാണ്‌. പ്രശസ്തമായ പല കോച്ചിംഗ്‌ സെന്ററുകളും ലേണിംഗ്‌ ആപ്പുകളും നേടിയെടുക്കുന്ന വാർഷിക വരുമാനം അത്രയധികമാണ്‌.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്കൂളുകൾക്ക്‌ നികത്താനാകാത്തതും എന്നാൽ കുട്ടികൾക്ക്‌ പഠനത്തിന്‌ ഒരു കൈത്താങ്ങ്‌ എന്ന നിലയിലും ഉണ്ടായിരുന്ന ട്യൂഷൻ ഇന്ന് മാതാപിതാക്കളുടെ സ്റ്റാറ്റസ്സിന്റെ ഭാഗമാണെന്നു പറയാം.'വിദ്യാഭ്യാസത്തിന്റെ നിഴൽ' എന്നാണ്‌ ട്യൂഷനെ ബ്രേ(1999) വിശേഷിപ്പിക്കുന്നത്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ വിദ്യാലയത്തിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം കൊണ്ട്‌ ഫലപ്രാപ്തിയില്ലതെ വരുമ്പോഴാണ്‌ പണ്ട്‌ പലരും ട്യൂഷനെ ആശ്രയിച്ചിരുന്നത്‌.

പല പ്രമുഖ കമ്പനികളും ഇന്ത്യയിലെ കോച്ചിംഗ്‌ സെന്ററുകളിൽ നിക്ഷേപിക്കുന്നത്‌ മനുഷ്യസ്നേഹം കൊണ്ടല്ല, കോടികളുടെ ലാഭത്തിനു വേണ്ടിയാണ്‌.മാതാപിതാക്കളുടെ സമ്പത്തുമുഴുവൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞ്‌ ഊറ്റിയെടുക്കുകയാണ്‌ ഇവർ ചെയ്യുന്നത്‌. ഒരു കുട്ടിയുടെ ശരാശരി വാർഷിക വിദ്യാഭ്യാസച്ചെലവ്‌ 65000 രൂപ മുതൽ ഒന്നര ലക്ഷം വരെയാണ്‌.പട്ടണത്തിലെ പ്രമുഖ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ കണക്കു പരിശോധിച്ചാൽ പത്തിൽ ഒൻപത്‌ മാതാപിതാക്കളും കുട്ടികളുടെ പഠനച്ചെലവിനായുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. വീടും സ്ഥലവും ബാങ്കിനു പണയപ്പെടുത്തി കുട്ടികളെ എൻട്രൻസ്‌ കോച്ചിംഗിനും തുടർ വിദ്യാഭ്യാസത്തിനും അയക്കുന്ന മാതാപിതാക്കളുടെ കഥകൾ നമുക്ക്‌ സുപരിചിതമാണ്‌.
പ്രൈവറ്റ്‌ ട്യൂഷൻ ഇന്ന് നേഴ്സറി ക്ലാസ്സുമുതൽ ആരംഭിക്കുന്നു.ഇത്‌ ബിസ്സിനസ്സ്‌ ആക്കി മാറ്റിയ പല കോച്ചിംഗ്‌ സെന്ററുകളും ലേണിംഗ്‌ ആപ്പ്‌ കമ്പനികളും മാതാപിതാക്കളുടെ അക്കൗണ്ട്‌ ശൂന്യമാക്കുന്നു.ഉദാഹരണത്തിന്‌ നേഴ്സറി ക്ലാസ്സുകൾക്ക്‌ ട്യൂഷൻ നൽകുന്ന ഒരു കമ്പനിയുടെ പരസ്യം തന്നെ ഇങ്ങനെയാണ്‌; " അടിസ്ഥാന തത്വങ്ങൾ കളികളിലൂടെയും പരസ്പര ഇടപെടലുകളിലൂടെയും(fun& interactive method) കുട്ടികളിലേയ്ക്ക്‌ എത്തിച്ച്‌ ഉറപ്പുള്ള ഒരു അടിത്തറ നിങ്ങളുടെ കുട്ടിക്ക്‌ ലഭിക്കുന്നു". നമ്മുടെ നേഴ്സറിക്ലാസ്സുകളിലും കുട്ടികൾ ഇങ്ങനെ തന്നെയല്ലേ പഠിക്കുന്നത്‌! പിന്നെന്തിനാണ്‌ ട്യൂഷൻ?
പ്രൈമറിക്ളാസ്സുകളിലേയ്ക്ക്‌ കയറുമ്പോൾത്തന്നെ കണക്കിനു ട്യൂഷൻ. മിഡിൽ സ്കൂളിൽ ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ട്യൂഷൻ. കുട്ടികളുടെ എല്ലാ സാമൂഹിക പരിപാടികളും ട്യൂഷന്റെ പേരിൽ മാറ്റിവെയ്ക്കപ്പെടുന്നു. കല്യാണങ്ങൾക്കും ജന്മദിനാഘോഷങ്ങൾക്കും പങ്കെടുക്കാൻ പറ്റില്ല, കാരണങ്ങൾ മിക്കപ്പോഴും ട്യൂഷൻ തന്നെയാണ്‌. ഹൈസ്കൂളിലും ഹയർസെക്കണ്ടറിയിലും ഫിസിക്സ്‌, കെമിസ്ട്രി, കണക്ക്‌, ബയോളജി, ഇംഗ്ലീഷ്‌ ഇവയ്ക്കെല്ലാം ട്യൂഷൻ കാണും. ഏതു വിഷയമെടുത്താലും നിങ്ങളുടെ അടുത്ത്‌ ഒരു ട്യൂഷൻ ടീച്ചർ ഉണ്ടായിരിക്കും.

ഇന്ത്യൻ ഹ്യൂമൻ ഡെവലപ്‌മന്റ്‌ സർവേ പ്രകാരം ഏകദേശം 71 ദശലക്ഷം കുട്ടികൾക്ക്‌ ട്യൂഷനുണ്ട്‌. ഒരു കുട്ടി ശരാശരി ഒൻപതു മണിക്കൂർ ട്യൂഷനുവേണ്ടി ചെലവഴിക്കുന്നു, അതായത്‌ ഒന്നര സ്കൂൾ ദിനം.
നമ്മുടെ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പ്രൈവറ്റ്‌ ട്യൂഷൻ കൂടുതലായിക്കാണുന്നത്‌ കേരളത്തിലാണ്‌.2006ൽ നടത്തിയ ഒരു പഠനത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 71%കുട്ടികൾക്കും ട്യൂഷനുണ്ട്‌. പശ്ചിമ ബംഗാളിൽ 69%, ഒഡീഷയിൽ 63.4%,ബീഹാറിൽ 67.2%, മണിപ്പൂരിൽ 62.7%വുമാണ്‌ ട്യൂഷനു പോകുന്നവർ.

ഇന്ത്യയിലെ മാതാപിതാക്കൾ അവരുടെ വാർഷികച്ചെലവിന്റെ 12%വും പ്രൈവറ്റ്‌ ട്യൂഷനുവേണ്ടി ചെലവഴിക്കുന്നു. വലിയ പട്ടണങ്ങളിൽ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനു തന്നെ ഒരു മാസം 3000 രൂപയോളം ചെലവഴിക്കുമ്പോൾ മിഡിൽ സ്കൂളിൽ മാസം 5000 രൂപയെങ്കിലും വേണ്ടി വരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യൻ കുടുംബങ്ങൾ 25,000 കോടി രൂപ വരെ ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്‌. എൻട്രൻസ്‌ കോച്ചിംഗിനു മുടക്കുന്നതു കൂടാതെയാണിത്‌.
IIT ,JEE കോച്ചിംഗ്‌ ഫീസുകളുടെ കാര്യമെടുത്താൽ ഒരു വർഷം1.3 ലക്ഷം രൂപ മുതൽ 2.33 ലക്ഷം രൂപ വരെയാണ്‌. സ്ക്കൂൾ ഫീസ്‌ കൂടാതെയാണിത്‌.

മാതാപിതാക്കൾ എന്തുകൊണ്ടാണ്‌ സ്കൂൾ ഫീസും ട്യൂഷൻ ഫീസും കൂടി മുടക്കേണ്ടി വരുന്നത്‌?
ചുരുക്കത്തിൽ വിദ്യാഭ്യാസം നേടണമെങ്കിൽ, ഒരു രക്ഷകർത്താവ്‌ കുട്ടിയെ സ്കൂളിൽ വിടണം കൂടാതെ, പ്രൈവറ്റ്‌ ട്യൂഷനും തുക മുടക്കണം.പ്രൈവറ്റ്‌ ട്യൂഷൻ കൂടുതൽ പഠനവിധേയമാക്കണ്ട വിഷയമാണ്‌. എന്തുകൊണ്ടാണ്‌ പ്രൈവറ്റ്‌ ട്യൂഷൻ ഇത്രയും വളർന്നത്‌? ഉയർന്ന ഫീസ്‌ കൊടുത്ത്‌ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ വീണ്ടും ട്യൂഷനു പോകേണ്ടി വരുന്നത്‌ എന്തുകൊണ്ടാണ്‌?അധ്യാപന നിലവാരം കുറയുമ്പോഴാണ്‌ പ്രധാനമായും ട്യൂഷനെ ആശ്രയിക്കുന്നത്‌.ഇന്ന് അതീവ ആഗ്രഹത്തോടെ അധ്യാപനവൃത്തി തെരഞ്ഞെടുക്കുന്നവർ കുറവാണ്‌.മറ്റ്‌ പ്രൊഫഷണൽ കോഴ്സുകൾക്ക്‌ പ്രവേശനം ലഭിക്കാതെ വരുമ്പോഴാണ്‌ പലരും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും തുടർന്ന് ബി എഡ്‌ ഉം എടുക്കുന്നത്‌. അതുകൊണ്ടു തന്നെ പല പ്രൈവറ്റ്‌ സ്കൂളുകളിലേയും അദ്ധ്യാപകർ വേണ്ടത്ര പ്രാവീണ്യം നേടിയവരായിരിക്കില്ല. ഇന്നും അൺ എയിഡഡ്‌ മേഖലയിൽ 3000 രൂപയ്ക്കുപോലും ജോലി ചെയ്യുന്ന അദ്ധ്യാപകർ ഉണ്ട്‌. നല്ല അദ്ധ്യാപകർക്ക്‌ നല്ല വേതനവും കൊടുക്കേണ്ടിവരും.

താരതമേന്യ വിദ്യാഭ്യാസ നിലവാരം ഉയർന്ന കേരളത്തിൽ വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരം മൂലം ഹയർസെക്കണ്ടറി തലത്തിൽ കൂടുതൽ കുട്ടികൾ പ്രൈവറ്റ്‌ ട്യൂഷനായി പോകുന്നു. വിദ്യാലയങ്ങളിൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാതെ വരുന്നതുകൊണ്ടാണ്‌ കുട്ടികൾ കോച്ചിംഗ്‌ സെന്ററുകളെ ആശ്രയിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു. ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ കുട്ടികളും നഗരത്തിൽ നിന്നാണ്‌. കൂടുതലും പ്രൈവറ്റ്‌ അൺ എയിഡഡ്‌ സ്കൂളുകളിലെ കുട്ടികളാണ്‌  ട്യൂഷനെ ആശ്രയിക്കുന്നത്‌. പേരുകേട്ട പല സ്കൂളുകളും ട്യൂഷനു വേണ്ട സൗകര്യം കാമ്പസ്സിൽത്തന്നെ ഒരുക്കിക്കൊടുക്കുന്നത്‌ മറ്റ്‌ സ്കൂളുകളോട്‌ മത്‌സരിക്കുന്നതിനും യശസ്സുയർത്തിക്കാണിക്കുന്നതിനുമാണ്‌.പൊതു പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനുവേണ്ടിയൂമാകാം.എന്നാൽ ഗവ്ൺമന്റ്‌ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ട്യൂഷനെ ആശ്രയിക്കുന്നത്‌ വാർഷിക പരീക്ഷയിൽ വിജയിക്കുന്നതിനു മാത്രമാണ്‌. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവും ഒരു കാരണമാണ്‌. 

സ്കൂളിന്റെ നിലവാരത്തേക്കാളുപരി കുട്ടികളേയും മാതാപിതാക്കളേയും ട്യൂഷനു പ്രേരിപ്പിക്കുന്ന ഘടകം വ്യക്തിപരമായ ശ്രദ്ധയാണ്‌. പല ഇന്ത്യൻ ക്ലാസ്സ്‌ മുറികളിലും കുട്ടികളെ കുത്തിനിറച്ചിരുത്തിയാണ്‌ പഠിപ്പിക്കുന്നത്‌.30 കുട്ടികളെ ഇരുത്തേണ്ട ക്ലാസ്സ്‌ മുറികളിൽ 60 കുട്ടികളെ വരെ ഇരുത്തുന്ന സ്കൂളുകളുണ്ട്‌.ഇങ്ങനെയുള്ള ക്ലാസ്സ്‌ മുറികളിൽ കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കുന്നതിനോ അവരെ മനസ്സിലാക്കുന്നതിനോ സാധിക്കാതെ വരുന്നു. ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം കുറച്ച്‌ ഒരുടീച്ചറിന്‌ 30 കുട്ടികൾ എന്ന അനുപാതത്തിലാണെങ്കിൽ ഓരോ കുട്ടിയേയും ശ്രദ്ധിക്കാൻ കഴിയും, അവരുടെ പഠന നിലവാരവും ഉയരും.

തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറികളും,വേണ്ടത്ര നിലവാരം ഇല്ലാത്ത അദ്ധ്യാപകരും, പ്രാഗൽഭ്യം നേടിയ വിഷയം മാത്രമല്ലാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടിവരുന്നതും,അധ്യയനദിനങ്ങൾ പല കാരണങ്ങളാൽ നഷ്ടപ്പെടുന്നതുകൊണ്ട്‌ സിലബസ്‌ തീർക്കാൻ സാധിക്കാതെ വരുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ മോണിട്ടറിംഗിന്റെ കുറവുമെല്ലാം കൂടുതൽ കുട്ടികൾ പ്രൈവറ്റ്‌ ട്യൂഷനേയും കോച്ചിംഗ്‌ സെന്ററുകളേയും ആശ്രയിക്കുന്നതിന്‌ കാരണമായിത്തീരുന്നു.
 à´ˆ ഒരു അവസ്ഥയെ നമുക്ക്‌ എങ്ങനെ മറികടക്കാം?മാതാപിതാക്കളും കുട്ടികളും à´šà´¿à´² കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ മതി
• കുട്ടികളെ ട്യൂഷന്‌ അയയ്ക്കുന്നത്‌ സ്റ്റാറ്റസ്സിന്റെ ഭാഗമായി കാണരുത്‌.കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത കൂടി നോക്കിവേണം സ്കൂളുകൾ തെരഞ്ഞെടുക്കുവാൻ.
• അച്‌ഛനോ അമ്മയോ ആരെങ്കിലും അവരുടെ ടൈംടേബിൾ ഒന്നു ക്രമീകരിച്ച്‌ കുട്ടികളുടെ പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നതിനും അവരുടെ കൂടെയിരിക്കുന്നതിനും സമയം കണ്ടെത്തണം. ഒരിക്കലും ഭയപ്പെടുത്തിയുള്ള പഠനം നല്ലതല്ല. ആരുടെകൂടെയാണോ കുട്ടി ഇരിക്കാൻ ഇഷ്ടപ്പെടുന്നത്‌, അവർ ശ്രദ്ധിക്കുന്നതാവും നല്ലത്‌.
• വീട്ടിലെ ശല്യം ഒഴിവാക്കുന്നതിനു വേണ്ടി ഒരിക്കലും കുട്ടിയെ ട്യൂഷനു വിടരുത്‌. തന്റെ മാതാപിതാക്കൾക്ക്‌ തന്നെ ശ്രദ്ധിക്കാൻ സമയമില്ല എന്ന തോന്നൽ അവർക്കുണ്ടാകും.ഇത്‌ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കാം.
• സ്കൂളിൽ ഉയർന്ന ഫീസ്‌ നൽകി പഠിപ്പിക്കുമ്പോൾ അധ്യാപകരുടെ നിലവാരം കൂടി അറിയാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ട്‌. വിദേശ രാജ്യങ്ങളിൽ വർഷത്തിൽ ഒരു ദിവസം 'open house’ ഉണ്ട്‌. അന്ന് മാതാപിതാക്കൾക്ക്‌ സ്കൂളിലെ എല്ലാ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കാം. അധ്യാപകരുടെ ക്ലാസ്സുകൾ നിരീക്ഷിച്ച്‌ വിലയിരുത്താം.
• കുട്ടികൾ എഴുതിയെടുക്കുന്ന ഉത്തരങ്ങളിലെ പിശകുകൾ അദ്ധ്യാപകർ തിരുത്തിക്കൊടുക്കുന്നുവെന്ന് ഉറപ്പു വരുത്തണം.ക്ലാസ്സ്‌ ടെസ്റ്റുകൾ നടത്തുന്നതും ശ്രദ്ധിക്കണം.
• ഏതെങ്കിലും വിഷയത്തിന്‌ കുട്ടി പിന്നോട്ടു പോകുന്നു എന്നുണ്ടെങ്കിൽ ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറെകണ്ട്‌ ഒന്നു ശ്രദ്ധിക്കാൻ പറയുക.
• കുട്ടിക്ക്‌ വീട്ടിൽ നിശ്ചിതമായ ഒരു ടൈംടേബിൾ വേണം, അത്‌ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
• കുട്ടികളുടെ പഠനസമയത്ത്‌ വീട്ടിലുള്ള മറ്റംഗങ്ങളും അവർക്ക്‌ ശല്യമാകുന്ന തരത്തിലുള്ള സംസാരങ്ങൾ, ടി വി, ഫോൺ സംഭാഷണങ്ങൾ ഇവ ഒഴിവാക്കണം.
• പഠനം രസകരമാക്കി മാറ്റണം. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വളരെ ലളിതമായി പരീക്ഷണങ്ങളിലൂടെയും മറ്റും അവതരിപ്പിക്കുന്ന വിഡിയോകൾ യൂട്യൂബിൽ കാണിച്ചുകൊടുക്കാം.
• കുട്ടിയുടെ കൂടെയിരിക്കുന്ന സമയത്ത്‌ മാതാപിതാക്കളും ഫോൺ മാറ്റിവെയ്ക്കണം. വാട്സാപ്പ്‌ സന്ദേശങ്ങളയയ്‌ക്കാനും അവ നോക്കാനും ശ്രമിക്കരുത്‌. 'പഠിക്കുന്ന സമയം പഠനം മാത്രം' എന്ന ഒരു നല്ല സന്ദേശവും ഇതിലൂടെ കുട്ടിക്ക്‌ നൽകാം.
• അന്നന്നു പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കുട്ടി പഠിച്ചുവെന്ന് ഉറപ്പുവരുത്തണം.ഹോം വർക്ക്‌ ചെയ്യുന്നത്‌ ശരിയാണെന്ന് പരിശോധിക്കുകയും വേണം. പഠിച്ചു കഴിഞ്ഞ്‌ ചോദ്യങ്ങൾ ചോദിക്കാം, ചെറിയ പരീക്ഷകൾ നടത്താം.
• ട്യൂഷനുപോകുന്ന കുട്ടിക്ക്‌ അടുക്കും ചിട്ടയോടും കൂടി ദിവസേനയുള്ള പാഠങ്ങൾ പഠിച്ചു തീർക്കാൻ സമയം കിട്ടാറില്ല.സ്കൂളിൽ പഠിപ്പിക്കുന്ന അതേ പാഠങ്ങൾ ആയിരിക്കില്ല ട്യൂഷൻ ക്ലാസ്സിൽ പഠിപ്പിക്കുന്നത്‌.ഇത്‌ കുട്ടിയുടെ പഠനഭാരം വർദ്ധിപ്പിക്കുകയും ക്ഷീണിതനാക്കുകയും ചെയ്യും.
• നേഴ്സറി മുതൽ ക്ലാസ്സ്‌ 6 വരെ ഒരു ചിട്ടയായ പഠന രീതി ഉണ്ടാക്കിയെടുത്താൽ പിന്നീട്‌ കുട്ടികൾ സ്വയം പഠിച്ചു കൊള്ളും. മാതാപിതാക്കളുടെ ഒരു ശ്രദ്ധ ഉണ്ടായിരുന്നാൽ മാത്രം മതി.
• കുട്ടികൾ പഠനത്തിനുവേണ്ടി ഇന്റർനെറ്റും യൂ ട്യൂബും ഉപയോഗിക്കുമ്പോൾ കൂടെയുണ്ടായിരിക്കുക. സ്വയം പഠിക്കാനുള്ള ആഗ്രഹം കുട്ടിയിൽ ചെറുപ്പം മുതലേ ഉണ്ടാക്കിയെടുക്കണം.
• അദ്ധ്യാപകരുടെ ഭാഗത്തു നിന്നും തെറ്റുകൾ ഉണ്ടാകുന്നുവെങ്കിൽ മേലധികാരിയെ വിവരം ധരിപ്പിക്കുക. കുട്ടിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്തവിധത്തിൽ ശാന്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. കുട്ടികളുടെ മുന്നിൽ വെച്ച്‌ അദ്ധ്യാപകരെ ഒരിക്കലും കുറ്റപ്പെടുത്തുകയോ വിലകുറച്ചു സംസാരിക്കുകയോ ചെയ്യരുത്‌.
• ട്യൂഷനുവേണ്ടി പണം ചെലവഴിക്കാതെ കുട്ടിക്ക്‌ റഫറൻസ്‌ ഗ്രന്ഥങ്ങളും കഥകളും കവിതകളുമൊക്കെയുള്ള നല്ല ഒരു ലൈബ്രറി വീട്ടിൽ ഉണ്ടാക്കിക്കൊടുക്കുക. ഒഴിവു സമയങ്ങളിൽ ടി വി കണ്ടിരിക്കാതെ വായിക്കാനും സ്വയം എഴുതാനുമൊക്കെ പ്രോത്സാഹിപ്പിക്കുക.
• മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്ന കുട്ടികൾ അന്നന്ന് സ്കൂളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ തന്നെ കുറച്ചുകൂടി ഗഹനമായി മനസ്സിലാക്കി, നോട്ടുകുറിച്ച്‌ പഠിക്കുക. കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കുക. ഒരു കോച്ചിംഗിനും പോകാതെ തന്നെ ഉയർന്നറാങ്ക്‌ വാങ്ങിയവരും ഉണ്ടെന്നോർക്കണം.
ചിട്ടയായ പഠനം ചെറുപ്പത്തിലേ ശീലിക്കണം. അഭിരുചികളും കഴിവുകളും മനസ്സിലാക്കി തുടർപഠനത്തിനുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കണം. പഠനം എപ്പോഴും ആസ്വാദ്യകരമാക്കണം.കുട്ടികൾ ലക്ഷ്യത്തിലെത്തുന്നതു വരെ മാതാപിതാക്കളും അധ്യാപകരും താങ്ങായി കൂടെയുണ്ടാവണം. പുതിയ വിദ്യാഭ്യാസനയം (NEP2020) മാറ്റങ്ങളോടെ നടപ്പിലാക്കുമ്പോൾ കുറ്റമറ്റരീതിയിൽ കുട്ടികൾക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കാൻ അധികാരികളുടേയും ശ്രദ്ധയുണ്ടാകണം.

ഡോ. ലിസി സണ്ണിസ്റ്റീഫൻ
സ്റ്റുഡന്റ്‌ മെന്റൽ ഹെൽത്ത്‌ എക്സ്പെർട്ട്‌ ,
പ്രിൻസിപ്പൽ, സെന്റ് à´¸àµ†à´¬à´¾à´¸àµà´±àµà´±àµà´¯àµ»à´¸àµâ€Œ പബ്ലിക്‌ സ്കൂൾ, പേരൂർ 

Related News