Loading ...

Home parenting

അക്കങ്ങള്‍ തമ്മിലുള്ള വ്യത്യാസം

എം ആര്‍ സി നായര്‍‘ഇഷ്ടമുള്ള ഒരു രണ്ടക്ക സംഖ്യ എഴുതുക.’ പാര്‍വതി കൂട്ടുകാരോട് പറഞ്ഞു.
‘നിബന്ധനകള്‍ വല്ലതും?’ ചക്കര ചോദിച്ചു.
‘ഒന്നുമില്ല. 49, 17, 82, 95 ഇങ്ങനെ ഏത് സംഖ്യയുമെഴുതാം.’ പാര്‍വതി പറഞ്ഞു.
‘എഴുതിക്കഴിഞ്ഞു.’ ചക്കര
ഇനി ആ സംഖ്യയും അതിലെ അക്കങ്ങള്‍ തിരിച്ചുകിട്ടുന്ന സംഖ്യയും തമ്മില്‍ കുറയ്ക്കുക.’ പാര്‍വതി നിര്‍ദേശിച്ചു.
‘കുറച്ചു. എനിക്ക് 27 കിട്ടി.’ ചക്കര പറഞ്ഞു.
‘എങ്കില്‍ ആദ്യം എഴുതിയ രണ്ടക്ക സംഖ്യയിലെ അക്കങ്ങള്‍ തമ്മിലുള്ള വ്യത്യാസം 3.’
‘തിരിച്ചെഴുതി കുറച്ചപ്പോള്‍ എനിക്ക് 54 കിട്ടി.’ കാര്‍ത്തിക പറഞ്ഞു.
‘അക്കങ്ങള്‍ തമ്മിലുള്ള വ്യത്യാസം 6’ പാര്‍വതി നിമിഷം കൊണ്ടുത്തരം പറഞ്ഞു.
കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ പാര്‍വതി മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്തി.
‘ചക്കര 27 എന്നാണ് ഉത്തരം പറഞ്ഞത്. ഞാന്‍ അതിനെ 9 കൊണ്ട് ഹരിച്ചു. 3 കിട്ടി. ഈ 3 ആണ് ആദ്യമെഴുതിയ സംഖ്യയിലെ അക്കങ്ങള്‍ തമ്മിലുള്ള വ്യത്യാസം’
ചക്കര ആദ്യമെഴുതിയ സംഖ്യ 74 ആയിരുന്നു. അക്കങ്ങളുടെ വ്യത്യാസം 3.
പാര്‍വതി തുടര്‍ന്നു. ‘കാര്‍ത്തിക പറഞ്ഞ സംഖ്യ 54. അതിനെ 9 കൊണ്ട് ഹരിച്ചപ്പോള്‍ 6 കിട്ടി. ഈ 6 ആണ് രണ്ടക്ക സംഖ്യയിലെ അക്കങ്ങള്‍ തമ്മിലുള്ള വ്യത്യാസം.’
കാര്‍ത്തിക എഴുതിയ സംഖ്യ 71 ആയിരുന്നു. 7 – 1 = 6
കൂട്ടുകാര്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതി മാജിക് ശരിയാകുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കി.
അക്കങ്ങളുടെ തുക കുറയ്ക്കുക
‘എല്ലാവരും ഒരു രണ്ടക്ക സംഖ്യ എഴുതുക.’ പാര്‍വതി പറഞ്ഞു.
‘പൂജ്യം വരാമോ?’ ആന്‍സി ഒരു സംശയം ചോദിച്ചു.
‘ഏതു സംഖ്യയുമെഴുതാം ഒറ്റയുടെ സ്ഥാനത്തെ അക്കം പത്താം സ്ഥാനത്തേക്കാള്‍ മൂന്ന് കുറവായിരിക്കണം എന്ന ഒരു നിബന്ധന മാത്രം.’ പാര്‍വതി പറഞ്ഞു.
‘ശരി, എഴുതി.’ ആന്‍സി.
‘ഇനി സംഖ്യയില്‍ നിന്നും അതിലെ അക്കങ്ങളുടെ തുക കുറയ്ക്കുക.’ പാര്‍വതി അടുത്ത നിര്‍ദേശം നല്‍കി. ’74 ആണ് എടുത്തതെങ്കില്‍ 7 + 4 = 11 കുറയ്ക്കണം.’
‘കുറച്ചു’ ആന്‍സി
‘എത്ര കിട്ടി?’ പാര്‍വതി.
‘നാല്‍പത്തി അഞ്ച്’ ആന്‍സി.
‘എങ്കില്‍ ആദ്യമെഴുതിയ സംഖ്യ 52’ പാര്‍വതി നിമിഷംകൊണ്ട് ഉത്തരം പറഞ്ഞു.
‘എനിക്ക് അക്കങ്ങളുടെ തുക കുറച്ചപ്പോള്‍ 63 കിട്ടി.’ മൊട്ട എന്ന് ഇരട്ടപ്പേരുള്ള അബു വിളിച്ചു പറഞ്ഞു.
‘എങ്കില്‍ ആദ്യ സംഖ്യ 74’ പാര്‍വതിക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല ഉത്തരം പറയാന്‍.
പാര്‍വതി കൂട്ടുകാരെ മാജിക്കിന്റെ രഹസ്യം പഠിപ്പിച്ചു.
‘ആന്‍സി പറഞ്ഞ സംഖ്യ 45. ഞാന്‍ അതിനെ 9 കൊണ്ടു ഹരിച്ചു. 5 കിട്ടി. ഈ 5 ആണ് പത്താം സ്ഥാനത്തെ അക്കം. ഒറ്റയുടെ സ്ഥാനം 3 കുറവുള്ളതുകൊണ്ട് സംഖ്യ 52.’
കൂട്ടുകാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ കൈയടിച്ചു.
പാര്‍വതി തുടര്‍ന്നു. ‘മൊട്ടയ്ക്ക് കിട്ടിയത് 63. അതിനെ 9 കൊണ്ട് ഹരിച്ചപ്പോള്‍ 7 കിട്ടി. പത്താം സ്ഥാനത്തെ അക്കം 7. ഒറ്റയുടെ സ്ഥാനം ഇതില്‍ 3 കുറവാണ്. അങ്ങനെയാണ് സംഖ്യ 74 എന്ന് ഞാനുത്തരം പറഞ്ഞത്.
കൂട്ടുകാര്‍ പരിശീലനം തുടര്‍ന്നു.

Related News