Loading ...

Home celebrity

നക്ഷത്രലോകത്തെ രാജകുമാരന്‍

പ്രദീപ്ചന്ദ്രന്‍

ശശികപൂര്‍
1938-2017

സിനിമ എന്ന മായിക പ്രപഞ്ചത്തില്‍ ശശികപൂറിനെ വേറിട്ടുനിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ ജെനിഫറുമായുള്ള പ്രണയവും വിവാഹവും ദാമ്പത്യവുമാണ് ശശികപൂറിനെ വ്യത്യസ്തനാക്കുന്നത്. കൊല്‍ക്കത്തയിലെ നാടകവേദിയില്‍ വച്ചാണ് ശശിയും ജനിഫറും കണ്ടുമുട്ടുന്നത്. പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതികള്‍ ബോളിവുഡിലും വേറിട്ടുനിന്നു. കാല്‍നൂറ്റാണ്ടുകാലത്തെ ദാമ്പത്യജീവിതത്തില്‍ ഒരുഅപസ്വരം പോലും ഉയര്‍ന്നില്ല. ഗോസിപ്പ് കോളങ്ങള്‍ക്ക് ശശികപൂര്‍ എന്നും അന്യനായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ജെനിഫര്‍ മരിക്കുന്നത് 1984ലാണ്. ഭാര്യയുടെ വിയോഗത്തില്‍ നിന്ന് ശശി ഒരിക്കലും വിമുക്തനായില്ല. വിഷാദരോഗത്തിന് അദ്ദേഹം അടിമപ്പെട്ടു. സുന്ദരമായ ആ രൂപം തടിച്ചുവികൃതമായി. ജനിഫര്‍ ഇല്ലാതായതോടെ ജീവിതത്തില്‍ സന്തോഷത്തിന് സ്ഥാനമില്ലാതായെന്ന് ശശി വിലപിക്കുമായിരുന്നു. ജെനിഫറായിരുന്നു ശശിയുടെ ലോകം – ജീവിതവും ജെനിഫറിനെ ചുറ്റിപറ്റിയായിരുന്നു. ഭാര്യമാരെ ദിവസവും വച്ചുമാറുകയും ഭാര്യ ഉള്ളപ്പോള്‍ തന്നെ കാമുകിമാരോടൊത്ത് ഡേറ്റിംഗ് നടത്തുകയും ചെയ്യുന്നത് പതിവാക്കിയ താരലോകത്ത് വേറിട്ട ദാമ്പത്യമായിരുന്നു ഇരുവരുടേയും. പൃഥിതീയേറ്റര്‍ പുനരുജ്ജീവിപ്പിച്ചതിന് പിന്നിലും ഭാര്യയോടുള്ള അഗാധ സ്‌നേഹം തന്നെയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജെനിഫറുമായുള്ള പ്രണയമാരംഭിക്കുന്നത് നാടകവേദിയില്‍ വച്ചായിരുന്നു എന്നതാണ് ഇതിന് പ്രേരകമായത്. കടുത്ത പുകവലിയായിരുന്നു ബ്രിട്ടീഷുകാരിയായ ജെനിഫറിന്റെ മരണകാരണം.1984ല്‍ ഭാര്യയുടെ മരണശേഷം ശശിയും പുകവലിച്ചിട്ടില്ല. ഷാജഹാന്‍-മുംതാസ് പ്രണയത്തിന് തുല്യമായിരുന്നു ഇവരുടെ ജീവിതം.
രാജേഷ് ഖന്നയും അമിതാഭ്ബച്ചനും വിനോദ് ഖന്നയും തിരശ്ശീലയില്‍ മിന്നിത്തിളങ്ങുമ്പോള്‍ തന്നെ തന്റേതായ ശൈലിയിലൂടെ വ്യത്യസ്തത പുലര്‍ത്തിയ ശശി ഹോളിവുഡിനും പ്രിയങ്കരനായി. ബ്രിട്ടീഷ് ആക്‌സന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ശശികപൂര്‍ ഇംഗ്ലീഷ് ചിത്രങ്ങളില്‍ ഇംഗ്ലീഷുകാരനായി തന്നെ വേഷമിട്ട് കയ്യടി നേടി. മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയിംസ് ഐവറി സംവിധാനം ചെയ്ത ‘ദി ഹൗസ്‌ഹോള്‍ഡറും’ ‘ഹീറ്റ് ആന്റ് ഡസ്റ്റും’ ഹോളിവുഡിലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളായി എന്നും ഓര്‍മ്മിക്കപ്പെടും. ഏറ്റവും കൂടുതല്‍ വിദേശ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ച ഇന്ത്യന്‍ നടനും ശശിയാണ്.
പിതാവിന്റെ നാടക കമ്പനിയിലൂടെ നാലാംവയസിലാണ് ശശികപൂര്‍ അഭിനയലോകത്തേക്കെത്തുന്നത്. ‘ആഗി’ലും ‘ആവാര’യിലും രാജ്കപൂറിന്റെ ബാല്യം അവതരിപ്പിച്ചത് ശശിയായിരുന്നു. യാഷ്‌ചോപ്രയുടെ ‘ധര്‍മ്മപുത്ര’യിലൂടെ 1961ല്‍ അരങ്ങേറ്റം കുറിച്ചു. പ്രണയാതുരങ്ങളായ സെല്ലുലോയിഡ് ഗീതങ്ങളായിരുന്നു ശശിയുടെ ചിത്രങ്ങളെല്ലാം. ‘കന്യാദാന്‍’, ‘ജബ് ജബ് ഫൂല്‍ കിലേ’, ‘പ്രേം കഹാനി’, ‘ത്രിശൂല്‍’, ‘ഫാന്‍സി’, ‘കഭീ കഭീ’, ‘ന്യൂഡല്‍ഹി ടൈംസ്’, ‘ഫക്കീറ’, ‘സില്‍ സില’, ‘ഘര്‍ ഏക് മന്ദിര്‍’ എന്നിവയെല്ലാം അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായിരുന്നു. പ്രണയവും സ്‌നേഹവും വേദനയുമെല്ലാം അസാമാന്യചാതുരിയോടെ ശശി രംഗത്തവതരിപ്പിച്ചു.

അമിതാഭിനൊപ്പമുള്ള ‘ദീവാറി’ലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ശശിയെ തേടിയെത്തി. 1979ല്‍ ‘ജുനൂണി’ലൂടെ മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. ‘ഫിലിംവാല’ എന്ന പ്രൊഡക്ഷന്‍ ഹൗസ് ശശികപൂര്‍ ആരംഭിച്ചതുതന്നെ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകനിലേക്ക് എത്തിക്കാനായിരുന്നു. തന്റെ സമ്പാദ്യമെല്ലാം അതിനായി മുടക്കാന്‍ അദ്ദേഹം തയ്യാറായി. ശ്യാം ബെനഗളിനെയും അപര്‍ണസെന്നിനെയും ശശി ഒപ്പം കൂട്ടിയത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച ചില ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്നത്. ’36 ചൗരംഗീ ലെയിനില്‍’ അധ്യാപികയായി വേഷമിട്ട ജെനിഫര്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘ജുനൂണ്‍’, ‘വിജേത’, ‘ഉത്സവ്’, ‘കലിയുഗ്’ എന്നിവയെല്ലാം ശശിയുടെ പ്രൊഡക്ഷന്‍ ഹൗസിലൂടെ പുറത്തുവന്ന ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെയും മികച്ച ഏടുകളായിരുന്നു ഇവയെല്ലാം. രാജ്കപൂര്‍ നിര്‍മ്മിച്ച ‘സത്യം ശിവം സുന്ദരം’ ഹിന്ദി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ഹിന്ദിയില്‍ ആക്ഷന്‍ ചിത്രങ്ങളാണ് തരംഗങ്ങളുണ്ടാക്കുന്നതെങ്കില്‍ സത്യം ശിവത്തിലൂടെ ഈ കീഴ്‌വഴക്കം മാറ്റിമറിക്കാന്‍ ശശികപൂറിനായി. ഹേമമാലിനിയെയും ജയഭാദുരിയെയും പിന്‍തള്ളി സീനത്ത് അമന്‍ സൂപ്പര്‍നായികാ പദവിയിലെത്തുന്നതിനും ചിത്രം സാക്ഷ്യം വഹിച്ചു.
പൃഥിരാജ് കപൂറിന്റെ നാടകട്രൂപ്പ് പുനരുജ്ജീവിപ്പിക്കാനും ഇതിനിടയില്‍ സമയം കണ്ടെത്തി. മകള്‍ സഞ്ജനയെ അതിന്റെ ചുമതലയേല്‍പിക്കുകയും ചെയ്തു. പൃഥി തീയേറ്ററില്‍ നാടകം കാണണമെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കണമെന്നതാണ് സ്ഥിതി. 2015ലെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ശശികപൂറിനായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ പോയി അവാര്‍ഡ് സ്വീകരിക്കാന്‍ ആരോഗ്യസ്ഥിതി അനുവദിച്ചില്ല. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുംബൈയിലെ വസതിയിലെത്തി പുരസ്‌കാരം കൈമാറുകയായിരുന്നു. പത്മഭൂഷണും ശശിയെ തേടിയെത്തി.
രാജ്കപൂറും ഷമ്മിയും ബോളിവുഡിലെ ഷോമാന്‍മാരായി തകര്‍ത്താടുമ്പോഴും ‘പ്രിന്‍സ് ചാമിംഗ്’ എന്ന പദവി പൃഥിരാജ് കപൂറിന്റെ ഇളയമകനായ ശശിക്കായിരുന്നു. പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങള്‍ വിടര്‍ത്തി യുവതിയുവാക്കളുടെ ഹരമായി മാറിയ ശശി പക്ഷേ കുലീനമായ പെരുമാറ്റം കൊണ്ടാണ് ആരാധകഹൃദയങ്ങളെ കീഴടക്കിയത്. നീണ്ട നാലുപതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ റൊമാന്റിക് ഹീറോ പദം അലങ്കരിച്ച ശശികപൂര്‍ വിടവാങ്ങുമ്പോള്‍ ഇതിഹാസതുല്യമായ വംശവൃക്ഷത്തിന്റെ ഒരു അധ്യായം കൂടി കൊഴിയുകയാണ്.

Related News