Loading ...

Home Europe

ഹോങ്കോംഗിലെ പൗരന്മാര്‍ക്ക് വിസ നല്‍കി ബ്രിട്ടണ്‍

ലണ്ടന്‍: ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ മൂലം ഹോങ്കോംഗ് വിടാന്‍ ഉദ്ദേശിക്കുന്ന പൗരന്മാര്‍ക്കുള്ള വിസ ബ്രിട്ടന്‍ നല്‍കി തുടങ്ങി. മൂന്നു ലക്ഷം പേര്‍ക്കാണ് ആദ്യ ഘട്ടകത്തില്‍ വിസ നല്‍കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. മുപ്പതു ലക്ഷത്തോളം ഹോങ്കോംഗ് നിവാസികള്‍ വിസയ്ക്കായി വിവിധ സമയങ്ങളില്‍ അപേക്ഷിച്ച വിവരം കഴിഞ്ഞ മാസം ബ്രിട്ടന്‍ പുറത്തുവിട്ടിരുന്നു. ചൈനയുടെ നിയമങ്ങള്‍ ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നേ തന്നെ രംഗത്തെത്തിയിരുന്നു. ഹോങ്കോംഗ് ഇന്നത്തെ നിലയിലെത്താന്‍ കാരണം സ്വതന്ത്ര അന്താരാഷ്ട്ര സമൂഹമായി ജീവിച്ചതിനാലാണെന്ന് ജോണ്‍സന്‍ പറഞ്ഞു. ചൈനയുടെ നീക്കം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതും അന്താരാഷ്ട്ര സമൂഹങ്ങളെ അപമാനിക്കുന്നതുമാണ്. ഹോങ്കോംഗ് നിവാസികള്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നല്‍കുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നുള്ള ഉഭയകക്ഷി തീരുമാനവും ബീജിംഗ് അട്ടിമറിച്ചെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ചൈനയുടെ പ്രാകൃതമായ ഡ്രാഗണ്‍ ഭരണത്തില്‍ ഹോങ്കോംഗ് പൊറുതിമുട്ടുകയാണ്. ഒരു വര്‍ഷം മുമ്ബ് വരെ ലോകത്തെ ഏറ്റവും സമ്ബന്നവും തിരക്കേറിയതുമായ ആഗോള വാണിജ്യ കേന്ദ്രം പ്രേത നഗരമാകുന്ന അവസ്ഥയാണ്. പ്രമുഖ അന്താരാഷ്ട്ര കമ്ബനികളെല്ലാം കൊറോണ മൂലവും ചൈനയുടെ കടുത്ത നിയമങ്ങളില്‍ അസ്വസ്ഥരായും പ്രവര്‍ത്തനം നിര്‍ത്തി. നഗരവാസികളില്‍ പലരും കുടുംബസഹിതമാണ് ഹോംങ്കോംഗ് വിടാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനിടെ ചൈനയുടെ ഹോങ്കോംഗിലെ നടപടികള്‍ കടുക്കുകയാണ്. ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഭരണകൂടത്തിനെ ഏല്‍പ്പിക്കാത്തതിന്റെ പേരില്‍ മുന്‍ മന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ വ്യക്തിയെ ചൈന അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികളെ സഹായിക്കുകയും ചൈനക്കെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു എന്നുമാണ് ആരോപിച്ചിരിക്കുന്ന കുറ്റം.

Related News