Loading ...

Home Europe

യൂറോപ്യന്‍ രാജ്യങ്ങളിൽ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

പാരിസ്: രോഗ വ്യാപനം രൂക്ഷമായതിനുപിന്നാലെ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ച്‌ യൂറോപ്യന്‍ യൂണിയന്‍(ഇയു). യൂണിയന് കീഴിലെ 27 രാജ്യങ്ങളിലെ 45 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള പദ്ധതിക്ക് ഞായറാഴ്ച തുടക്കമായി. ക്രിസ്മസിന് മുമ്ബ് ബെല്‍ജിയത്തിലെ ഒരു നിര്‍മാണ കേന്ദ്രത്തില്‍നിന്ന് അയച്ച ഫൈസര്‍–- ബയോടെക് വാക്സിന്‍ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി രാജ്യങ്ങളില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ വാക്സിന്‍ ചെറിയ വാനുകളില്‍ നേഴ്സിങ് ഹോമുകളടക്കമുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചു.

3,50,000 പേരുടെ ജീവനാണ് യൂറോപ്പില്‍ ഇതുവരെ കോവിഡ് കവര്‍ന്നത്. പല രാജ്യങ്ങളിലും രോഗം ഏറ്റവും തീവ്രമായത് സമീപ ആഴ്ചകളിലുമാണ്. പോളണ്ടില്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ മരണം ഡിസംബറിലായിരുന്നു. ഇറ്റലി, സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണ്. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് യൂറോപ്പില്‍ പടരുന്നതിനിടെ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചത് യൂറോപ്പില്‍ വലിയ ആശ്വാസം നല്‍കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇന്ന്, തങ്ങള്‍ ഒരു പ്രയാസകരമായ വര്‍ഷത്തിന്റെ പേജ് മറക്കാന്‍ തുടങ്ങുകയാണെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വാക്സിന്‍ നല്‍കുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയില്‍ വാക്സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി മെക്സിക്കോ മാറി. വാക്സിന്‍ നല്‍കുമെന്ന പരസ്യം നല്‍കിയ ആശുപത്രിക്കെതിരെ തായ്വാന്‍ നടപടി സ്വീകരിച്ചു. തായ്വാന്‍ ഇതുവരെ വാക്സിന് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നീക്കം. പരസ്യം നല്‍കിയതിലൂടെ ആശുപത്രികളുടെ പ്രവര്‍ത്തന നിയമാവലി ലംഘിക്കപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കാത്തുനില്‍ക്കാതെ ജര്‍മനി
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ വാക്സിന്‍ നല്‍കുന്നത് ഞായറാഴ്ചയാണ് തീരുമാനിച്ചതെങ്കിലും ജര്‍മനിയടക്കം ചിലയിടങ്ങളില്‍ ശനിയാഴ്ചയെ തുടക്കമിട്ടു. ആദ്യ ഘട്ട വാക്സിന്‍ ലഭിച്ചതിന് പിന്നാലെ ജര്‍മനി, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ ശനിയാഴ്ച തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കി.

വടക്കുകിഴക്കന്‍ ജര്‍മന്‍ പ്രദേശമായ സാക്സോണി-അന്‍ഹാള്‍ട്ടിലെ ഹാല്‍ബര്‍സ്റ്റാഡിലെ നേഴ്സിങ് ഹോമില്‍ കഴിയുന്ന 101-കാരിയായ എഡിത്ത് ക്വൊയ്സല്ലയ്ക്കാണ് ആദ്യ വാക്സിന്‍ നല്‍കിയത്. രാജ്യങ്ങള്‍ തയ്യാറാക്കിയ മുന്‍ഗണനാ ക്രമം അനുസരിച്ചാണ് വാക്സിന്‍ നല്‍കുന്നത്.


Related News