Loading ...

Home parenting

നമുക്ക് പുല്‍ത്തൊട്ടികളില്‍ പിറക്കാം by ഡി ബാബുപോള്‍

നാം കുരിശില്‍ കയറാതെ കുരിശ് നമുക്ക് അര്‍ഥം പകരുന്നില്ല. നാം പുല്‍ത്തൊട്ടിയില്‍ പിറക്കാതെ പുല്‍ത്തൊട്ടിയില്‍ പിറന്നവനെക്കൊണ്ട് നമുക്ക് ഒരു നന്മയും വരാനില്ല.വഴിയമ്പലത്തില്‍ സ്ഥലംകിട്ടാതെ പശുത്തൊട്ടിയില്‍ കിടന്നവന്റെ ചിത്രം ചിരപരിചിതമാണ്. ആ ചിത്രത്തില്‍ ഒരു കാളയെയും ഒരു കഴുതയെയും പ്രതിഷ്ഠിച്ചത് ലൂക്കോസോ മത്തായിയോ - അവരാണല്ലോ ജനനപുരാണം രേഖപ്പെടുത്തിയ സുവിശേഷകര്‍ - അല്ല; അപ്പൊക്രീഫായില്‍പ്പെട്ട ജനനസുവിശേഷം (ഗോസ്പല്‍ ഓഫ് ദി നേറ്റിവിറ്റി) ആണ്. പഴയ നിയമത്തില്‍ യെശയ്യാ പ്രവചനത്തിലെ ഒരു വാക്യമാകണം അതിന്റെ പ്രചോദനം. 'കാള അതിന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയെയും അറിയുന്നു. ഇസ്രായേലോ അറിയുന്നില്ല' എന്നതാണ് ആ വാക്യം.പുല്‍ത്തൊട്ടിയിലേക്ക് മടങ്ങാം. വഴിയമ്പലത്തില്‍ സ്ഥലം ഉണ്ടായിരുന്നില്ല എന്നത് സത്യമാകാം. അത് വഴിയമ്പലക്കാരന്‍ ഇടം നിഷേധിച്ചതിനാലാണ് എന്ന് ചിന്തിക്കാന്‍ കാരണമില്ല. സാര്‍ഥവാഹകസംഘങ്ങള്‍ക്ക് വിശ്രമിക്കാനുള്ള താവളങ്ങളായിരുന്നു ഇവയൊക്കെ. ഒരു തുറസ്സായ സ്ഥലം. മനുഷ്യനും മൃഗങ്ങളും ഒത്തുചേര്‍ന്ന് ഉപയോഗിക്കുന്ന ഒരു സൌകര്യം. ഫെസിലിറ്റി എന്ന് സായിപ്പ്. ഒന്നാം നിലയില്‍ ഒന്നോ രണ്ടോ മുറികള്‍ ഉണ്ടാകാം. അത് അതിസമ്പന്നന്മാര്‍ക്കും ഒഴിവുള്ളപ്പോള്‍ എത്തുന്നവര്‍ക്കും ഉപയോഗിക്കാനുള്ളതാണ്. സാധാരണക്കാരുടെ താവളം താഴെയാണ്.നഗരത്തിനുചുറ്റും ആടുകളെ മേച്ചിരുന്നവര്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ ആശ്രയിച്ചിരുന്ന ഇത്തരം സ്ഥലങ്ങള്‍ കാനേഷുമാരിക്കാലത്തെ ആള്‍ത്തിരക്കുകൂടെ ആയപ്പോള്‍ 'ആകെ ഒരു ചന്ത' ആയിത്തീര്‍ന്നതില്‍ അത്ഭുതംവേണ്ട. സന്തുച്ചി എന്ന ഇറ്റാലിയന്‍ കവി, വഴിയമ്പലത്തില്‍ തങ്ങിയ സാധാരണക്കാര്‍ അല്‍പ്പം ഒതുങ്ങിക്കൊടുത്തിരുന്നെങ്കില്‍ മറിയത്തിനും ജോസഫിനും അവിടെത്തന്നെ ഇടംകിട്ടുമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. സന്തുച്ചിയുടെ വാക്കുകള്‍: 'അവര്‍ ഇത്തിരിവട്ടം ഇടമേ തേടിയുള്ളൂ. സുഗന്ധം പുകച്ച് ധനികര്‍ അന്തിയുറങ്ങിയ മാളികമുറികളായിരുന്നില്ല അവര്‍ അന്വേഷിച്ചത്. താഴെ നടുമുറ്റത്തെ തിരക്കിലാണ് അവര്‍ തിരക്കിയത്. ഒരു കഴുതയെ അല്‍പ്പമൊന്ന് ഒതുക്കിക്കെട്ടിയിരുന്നെങ്കില്‍, ഒത്തുകൂടി പകിടകളിച്ചിരുന്ന കൂട്ടുകാരൊന്ന് ഒതുങ്ങിക്കൊടുത്തിരുന്നെങ്കില്‍... എല്ലാവരും അവരവരുടെ കാര്യംമാത്രം കരുതി. എല്ലാവരുടെയും ദൈവം അവര്‍ക്കിടയില്‍ ഇടംതേടിയത് അവരാരും അറിഞ്ഞില്ല... മറിയ നെടുവീര്‍പ്പിട്ടുകൊണ്ട് പുറത്തിറങ്ങി. അതില്‍ ആശ്വാസവും ഉണ്ടായിരുന്നു. നേരത്തെ എത്തി ഇടംപിടിച്ചുവെന്ന അഹങ്കാരത്തിനും അപരനെ കരുതാത്ത ആള്‍ക്കൂട്ടത്തിനും ഇടയിലല്ലല്ലോ അവന്‍ വരാന്‍ പോകുന്നത്'.ദാരിദ്യ്രം അതില്‍ത്തന്നെ കാമ്യമല്ല. വരിക്കപ്പെടുന്ന ദാരിദ്യ്രത്തിനാണ് വരിഷ്ഠത. ധനം അതില്‍ത്തന്നെ ത്യാജ്യവുമല്ല. ധനമൊരു കെണിയാകാമെന്നതാണ് ധനികന്റെ കഷ്ടത. ദരിദ്രനും ധനികനും ഒരുപോലെയാണ് യേശുവിനും ഈശ്വരനും. ദരിദ്രരായി കണക്കിടപ്പെടേണ്ടവരായിരുന്നു വഴിയമ്പലത്തില്‍ തിരക്കുണ്ടാക്കിയത്. അവിടെ ഉണ്ടായിരുന്ന ധനികര്‍ സ്വന്തംമുറികളിലായിരുന്നു. അവര്‍ വിവരമറിഞ്ഞില്ല. അവര്‍ക്ക് അവരുടെ ലോകം. പെരുന്തച്ചനെങ്കിലും (ടെക്ടോണ്‍) തച്ചന്‍തന്നെ ആയിരുന്ന ജോസഫിന് മോഹിക്കാവുന്നതായിരുന്നില്ല ആ മുറികള്‍. സാധാരണക്കാര്‍ക്കിടയിലാണ് ജോസഫിന് ഇടം നിഷേധിക്കപ്പെട്ടത്. നിഷേധിച്ചത് ആ സാധാരണക്കാരാണ്. നമ്മെപ്പോലെയുള്ളവര്‍. വഴിയമ്പലക്കാരന്‍ എന്തിന് നിഷേധിക്കണം? പ്രൈവറ്റ് ബസിലെ കണ്ടക്ടര്‍ യാത്രക്കാരെ നിരസിക്കാറുണ്ടോ! 1000 രൂപയുടെ കടം ഇളവ് കിട്ടിയവന്‍ തനിക്ക് 100 രൂപ കടപ്പെട്ടവനെതിരെ ബലം പ്രയോഗിക്കുന്നത് അക്ഷന്തവ്യമെങ്കിലും അസാധാരണമല്ലെന്ന് പില്‍ക്കാലത്ത് കഥ പറഞ്ഞവനാണ് യേശു. ദരിദ്രരുമായി പക്ഷംചേരുക എന്ന് വിമോചന ദൈവശാസ്ത്രശൈലിയില്‍ പറയാറുണ്ട്. പ്രിഫറന്‍ഷ്യല്‍ ഓപ്ഷന്‍ ഫോര്‍ ദ പുവര്‍. അത് ദൈവത്തിന്റെ പക്ഷഭേദമല്ല. ധനികനായ മനുഷ്യന്റെ ചുമതലയാണ് അവിടെ സൂചിപ്പിക്കപ്പെടുന്നത്.സ്വാര്‍ഥതയാണ് ഇല്ലാതാകേണ്ടത്. അതിനുള്ള പടിയാണ് ഉപഭോഗതൃഷ്ണകളുടെ നിയന്ത്രണം. ആര്‍ത്തിയാണ് നമുക്കൊക്കെ. കിട്ടിയതൊന്നും പോരാ. അവനീശത വേണം ആഢ്യന് എന്നു തുടങ്ങുന്ന വരികള്‍ ഓര്‍മയില്ലേ? ശിവനേ മര്‍ത്യന് തൃഷ്ണ തീരലുണ്ടോ എന്നാണ് അവിടെ കാണുന്ന നിരാശപൂണ്ട അവസാന ചോദ്യം. തൃഷ്ണ തീരണം. അതാണ് യഥാര്‍ഥ ക്രിസ്മസ് അനുഭവം.ഇസ്ളാമിലെ സകാതും യഹൂദരുടെയും ക്രൈസ്തവരുടെയും ദശാംശവും വെറുതെ ഒരു കടമതീര്‍ക്കാനുള്ള പരിപാടിയല്ല. നീ എത്ര ദാനംചെയ്യണം എന്നത് നിന്റെ കീശയെ ആശ്രയിച്ചല്ല ആവശ്യക്കാരന്റെ ദാരിദ്യ്രത്തെ ആശ്രയിച്ചാകണം നിശ്ചയിക്കേണ്ടത് എന്ന് മാര്‍പാപ്പയായിരുന്ന ജോണ്‍ തതകകക പറഞ്ഞു. അത് എളുപ്പമല്ല. അതുകൊണ്ടാണ് 'ഗിവ്, ഗിവ്, ഗിവ് അണ്ടില്‍ ഇറ്റ് ഹര്‍ട്സ്' എന്ന് മദര്‍ തെരേസ കൂട്ടിച്ചേര്‍ത്തത്.അതിനൊക്കെയുള്ള ആദ്യപടിയാണ് തൃഷ്ണകളുടെ നിയന്ത്രണം.'ലോഭഃ പ്രതിഷ്ഠാ പാപസ്യ
പ്രസൂതിര്‍ ലോഭ ഏവ ച
ദ്വേഷക്രോധാദിജനകോ ലോഭഃ
പാപസ്യകാരണം'
(അത്യാഗ്രഹം പാപത്തിന്നടിസ്ഥാനം. പാപത്തിന്റെ ഉല്‍പ്പത്തിയും അത്യാഗ്രഹത്തില്‍നിന്നുതന്നെ. ദ്വേഷം, ക്രോധം ഇവയ്ക്ക് കാരണമായ അത്യാഗ്രഹം പാപത്തിനു കാരണമാകുന്നു എന്നര്‍ഥം.) എന്നാണ് ഭാരതീയ വിവേകം പറഞ്ഞുതരുന്നത്.ക്രിസ്മസിന്റെ അനുഭവം സ്വാംശീകരിക്കാനും മറ്റൊരുവഴി ഇല്ല. അത്യാഗ്രഹം ഉപേക്ഷിക്കുക. അപ്പോള്‍ സ്വാര്‍ഥത മറയും. സ്വാര്‍ഥത മറയുമ്പോള്‍ ദൈവം തെളിയും. അതാണ് ക്രിസ്മസ്. വേണ്ടെന്നു വയ്ക്കാനുള്ള കരുത്താണ് ഈശ്വരവിശ്വാസികള്‍ ആര്‍ജിക്കേണ്ടത്. തൃഷ്ണകളെ നിയന്ത്രിക്കുന്നവനാണ് സ്രഷ്ടാവായ സര്‍വശക്തന്റെ വഴിയില്‍ സഞ്ചരിക്കുന്നവന്‍. അവന്‍ ആ ആട്ടിടയന്മാരെപ്പോലെ 'കേട്ടതും കണ്ടതും ആയ എല്ലാറ്റിനെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ട്' ആ പേര്‍ഷ്യന്‍ പണ്ഡിതരെപ്പോലെ ഹേരോദിന്റെ കൊട്ടാരത്തിനു മുന്നിലൂടെയുള്ള രാജപാത ഉപേക്ഷിച്ച് സര്‍വശക്തന്‍ കാട്ടിക്കൊടുത്ത 'വേറെ വഴി' സ്വീകരിക്കാന്‍ പ്രാപ്തനാകും. പഴയ വഴിയുടെ മരണമാണ് പുതിയ വഴിയുടെ ജനനത്തിന് വേണ്ട ആദ്യപടി. സ്വാര്‍ഥതയുടെയും ചൂഷണത്തിന്റെയും മരണം വഴിയൊരുക്കുന്നില്ലെങ്കില്‍, ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ലെങ്കില്‍ അതിന് ഫലം പുറപ്പെടുവിക്കാന്‍ കഴിയുകയില്ലെന്നു പറഞ്ഞവന്റെ ജനനം ആഘോഷിക്കുന്നതില്‍ അര്‍ഥമില്ല. മതം ഏതായാലും മനുഷ്യന്‍ നന്നാവാനുള്ള ഒറ്റമൂലിയും മറ്റൊന്നല്ല.

Related News