Loading ...

Home Europe

കുറ്റവാളികളെ കൈമാറല്‍;ഹോങ്കോങ്ങുമായുള്ള ഉടമ്പടി ബ്രിട്ടന്‍ മരവിപ്പിച്ചു

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിന് ഹോങ്കോങ്ങുമായുള്ള ഉടമ്ബടി ബ്രിട്ടന്‍ മരവിപ്പിച്ചു. ചൈന അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ പേരില്‍ അമേരിക്കയും ഓസ്ട്രേലിയയും ക്യാനഡയും കുറ്റവാളികളെ കൈമാറാന്‍ ഹോങ്കോങ്ങുമായുള്ള കരാര്‍ മരവിപ്പിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ബ്രിട്ടന്റെ നീക്കം. ഹോങ്കോങ്ങിന് മറ്റ് എന്ത് വാഗ്ദാനം നല്‍കാനാകുമെന്നറിയാന്‍ സഖ്യ രാഷ്ട്രങ്ങളുമായി ആലോചിക്കുകയാണെന്നും ഇപ്പോഴുള്ള മുഴുവന്‍ പരിഗണനകളും പുനഃപരിശോധിക്കുമെന്നും ബ്രിട്ടീഷ് വിദേശമന്ത്രി ഡൊമിനിക് റാബ് സ്കൈ ന്യൂസ് ചാനലിനോട് പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ബ്രിട്ടന്‍ അടുത്തിടെ ചൈനീസ് കമ്ബനിയായ വാവേയെ അവിടത്തെ 5ജി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. 30 ലക്ഷം ഹോങ്കോങ്ങുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുമെന്നും പറഞ്ഞിരുന്നു. ബ്രിട്ടന്റെ നടപടികള്‍ ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടലാണെന്ന് ചൈനീസ് സ്ഥാനപതി ലിയു ഷ്യോമിങ് പറഞ്ഞു. ബ്രിട്ടന്‍ അമേരിക്കയുടെ താളത്തിന് തുള്ളുകയാണെന്നും പാശ്ചാത്യരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ പുതിയ ശീതയുദ്ധത്തിന് ശ്രമിക്കുകയാണെന്നും ലിയു ബിബിസിയോട് പറഞ്ഞു.

ഹോങ്കോങ് പ്രശ്നം
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനയ്ക്ക് തിരിച്ചുനല്‍കിയത്. ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിന് 20 രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റക്കരാര്‍ ഉണ്ടെങ്കിലും ചൈനയുമായി ഇല്ല. ഗര്‍ഭിണിയായ കാമുകിയെ തയ്വാനില്‍വച്ച്‌ കൊന്ന ഹോങ്കോങ്ങുകാരന്‍ നാട്ടിലേക്ക് രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഇതില്‍ മാറ്റംവരുത്താന്‍ ചൈന ശ്രമിച്ചതോടെയാണ് കഴിഞ്ഞവര്‍ഷം ഹോങ്കോങ്ങില്‍ ഒരുവിഭാഗം കലാപം ആരംഭിച്ചത്. ഹോങ്കോങ്ങില്‍ ഒളിക്കുന്ന കുറ്റവാളികളെ കൈമാറാന്‍ എല്ലാ രാജ്യങ്ങളുടെയും അപേക്ഷ പരിഗണിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണത്തിനാണ് ചൈന ശ്രമിച്ചത്.
ഇതിനെതിരെ ബ്രിട്ടന്റെ പിന്തുണയോടെ ആരംഭിച്ച സമരത്തെതുടര്‍ന്ന് ചൈന നീക്കം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, അമേരിക്കയില്‍ കോവിഡ് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ട്രംപ് സര്‍ക്കാരും ചൈനയ്ക്കെതിരെ ഹോങ്കോങ് വിഷയമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് വിഘടനവാദം തടയാന്‍ ചൈന കഴിഞ്ഞമാസം ദേശീയ സുരക്ഷാ നിയമം പാസാക്കിയത്.

Related News