Loading ...

Home Europe

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍ യൂറോപ്പ്

കൊവിഡിന്റെ തീവ്രത കുറഞ്ഞതോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുകയാണ്. വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു. മിക്ക രാജ്യങ്ങളിലും സ്കൂളുകള്‍ വീണ്ടും തുറന്നു. റെസ്റ്റോറന്റ്, ബാര്‍, ഹെയര്‍ സലൂണ്‍ തുടങ്ങിയവയും വീണ്ടും സജീവമായി. എന്നാല്‍ ഇവിടെയെല്ലാം കര്‍ശന നിയന്ത്രണങ്ങളും സാമൂഹ്യ അകലവും നിര്‍ബന്ധമാണ്. അതുപോലെ തന്നെ എല്ലായിടത്തും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണവും പകുതി മാത്രമാണ്. ലോക്ക്ഡൗണില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പറ്റി. ( കൊവിഡ് കണക്കുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ളത്)

 ജര്‍മനി

ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുകള്‍ നല്‍കി വരികയാണ്. നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ജര്‍മനിയിലെ അതത് ഫെഡറല്‍ സ്റ്റേറ്റുകള്‍ക്ക് തീരുമാനിക്കാം. അതേ സമയം, ഏതെങ്കിലും പ്രദേശത്ത് രോഗവ്യാപനം ഗുരുതരമായാല്‍ അവിടെ എപ്പോള്‍ വേണമെങ്കിലും അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്. മേയ് 16 മുതല്‍ ജര്‍മനിയില്‍ ബുണ്ടസ്‌ലിഗ ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മത്സരം പുനരാരംഭിക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഏറ്റവും വലിയ ലീഗാണ് ബുണ്ടസ്‌ലിഗ. എല്ലാ തരത്തിലെയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സാമൂഹ്യ അകലവും സുരക്ഷാ മാര്‍ഗങ്ങളും കര്‍ശനം. കൊച്ചു കുട്ടികളുടെ ക്ലാസുകളും പരീക്ഷകളും ആരംഭിച്ചിട്ടുണ്ട്. സ്കൂളുകള്‍ ഭാഗികമായി തുറന്നു. ഓസ്ട്രിയ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മേയ് 15ന് ഇളവുകള്‍ നല്‍കിയിരുന്നു. ജൂണ്‍ 15ന് ഇത് പൂര്‍ണമായി നീക്കും. ഫെസ്റ്റിവല്‍ അടക്കമുള്ള പരിപാടികള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ നിരോധനം. സാമൂഹ്യ അകലം പാലിക്കുന്നത് സംബന്ധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ജൂണ്‍ 29 വരെ തുടരും.

രോഗികള്‍ - 184,091

മരണം - 8,674

 ഇറ്റലി

മാര്‍ച്ച്‌ 7 മുതലാണ് ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. ആദ്യം വടക്കന്‍ മേഖലകളിലും പിന്നെ രാജ്യവ്യാപകമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വീടിന് 200 മീറ്റര്‍ ചുറ്റളവിനപ്പുറം നടക്കാനും വ്യായാമം ചെയ്യാനും അനുവാദമില്ലായിരുന്നു. മേയ് മാസത്തില്‍ ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി. ആളുകള്‍ക്ക് ഇപ്പോള്‍ ബന്ധു വീടുകള്‍ സന്ദര്‍ശിക്കാം. രണ്ട് പ്രവിശ്യകള്‍ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് വിലക്കില്ല. ബാറുകളും റെസ്റ്റോറന്റുകളും ഉള്‍ക്കൊള്ളാവുന്ന കസ്റ്റമേഴ്സിന്റെ ശേഷി കുറച്ച്‌ പ്രവര്‍ത്തിക്കുന്നു. ഹെയര്‍ സലൂണ്‍, വ്യാപാര സ്ഥാപനങ്ങള്‍, മ്യൂസിയം, ലൈബ്രറി എന്നിവിടങ്ങള്‍ നിബന്ധനകളോടെ പ്രവര്‍ത്തിക്കുന്നു. സ്പോര്‍ട്സ് സംഘങ്ങള്‍ക്ക് പരിശീലനം പുനരാരംഭിക്കാം. കാത്തലിക് ചര്‍ച്ചുകളില്‍ കുര്‍ബാനകള്‍ പുനരാരംഭിച്ചു. ഫേസ് മാസ്കും, സാമൂഹ്യ അകലവും നിര്‍ബന്ധം. ശവസംസ്കാര ചടങ്ങുകള്‍ക്ക് 15 പേര്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും. കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ലൊംബാര്‍ഡി ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളിലൊഴികെ ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവ തുറന്നു. പിസയിലെ ചരിഞ്ഞ ഗോപുരം ഉള്‍പ്പെടെയുള്ള ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. സീരീസ് എ ഫുട്ബോള്‍ ജൂണ്‍ 20 മുതല്‍ തുടങ്ങും.

രോഗികള്‍ - 233,515

മരണം - 33,530

 ഫ്രാന്‍സ്

മാര്‍ച്ച്‌ 17നാണ് ഫ്രാന്‍സില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. അവശ്യ യാത്ര ചെയ്യണമെങ്കില്‍ അധികൃതരില്‍ നിന്നും അനുവാദം വാങ്ങണമായിരുന്നു. മേയ് 11ന് ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകളും ജൂണ്‍ 2ന് രണ്ടാം ഘട്ട ഇളവുകളും പ്രഖ്യാപിച്ചു. രാജ്യത്തെ മിക്ക പ്രദേശങ്ങളും ഗ്രീന്‍ സോണിലേക്ക് മാറി. പാരീസ് നഗരം റെഡില്‍ നിന്നും ഓറഞ്ച് സോണിലേക്ക് മാറിയിട്ടുണ്ട്. ഗ്രീന്‍ സോണില്‍ ബാര്‍, റെസ്റ്റോറന്റ് എന്നിവയ്ക്ക് തുറക്കാം. ഓറഞ്ച് സോണില്‍ ഔട്ട്ഡോര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാം. പാരീസിലെ പാര്‍ക്കുകളും ഗാര്‍ഡനുകളും തുറന്നു. പ്രൈമറി സ്കൂളുകള്‍, നഴ്സറികള്‍ എന്നിവ മേയ് 11 ന്ശേഷം തുറന്നിരുന്നു. 11 മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ സ്കൂളുകള്‍ ഗ്രീന്‍സോണില്‍ മേയ് 18 മുതല്‍ തുറന്നു. ക്ലാസ് മുറിയില്‍ 15 കുട്ടികള്‍ മാത്രം. മാസ്ക് നിര്‍ബന്ധം. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ക്ലാസുകള്‍ കഴിഞ്ഞ ദിവസം ഗ്രീന്‍ സോണുകളില്‍ ആരംഭിച്ചു. 10 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ല. വൃദ്ധര്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍ സ്വയം സുരക്ഷ ഉറപ്പാക്കണം. നിയന്ത്രണങ്ങളോടെ ബീച്ചുകള്‍ തുറന്നു. ജൂണ്‍ 22ന് സിനിമാ തിയേറ്ററുകള്‍ തുറക്കും.

രോഗികള്‍ - 151,325

മരണം - 28,940

 ബാള്‍ട്ടിക് രാജ്യങ്ങള്‍

യൂറോപ്പില്‍ ആദ്യമായി സ്വതന്ത്ര സഞ്ചാരത്തിന് അനുമതി നല്‍കിയ ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നിവയാണ്. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളിലേക്കും മാത്രം പരസ്പരം സഞ്ചാരമാണ് അനുവദനീയം. മേയ് 15 മുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ മേയ് 15ന് മുമ്ബുള്ള രണ്ട് ആഴ്ചകള്‍ക്ക് മുമ്ബ് രാജ്യത്തിന് പുറത്തുപോയവരോ കൊവിഡ് ബാധിതരായി സമ്ബര്‍ക്കം പുലര്‍ത്താത്തവരോ ആകരുത്. ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിന്നും അതത് രാജ്യത്ത് തിരികെയെത്തുന്ന പൗരന്‍മാര്‍ 14 ദിവസം സ്വയം ക്വാറന്റൈനില്‍ കഴിയണം. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ 1 മുതല്‍ ഇളവുകള്‍ നല്‍കുമെന്ന് എസ്റ്റോണിയ അറിയിച്ചു.

രോഗികള്‍ - 1,684 ( ലിത്വാനിയ ), 1,079 ( ലാത്വിയ ), 1,880 ( എസ്റ്റോണിയ )

മരണം - 71 ( ലിത്വാനിയ ), 24 ( ലാത്വിയ ), 69 ( എസ്റ്റോണിയ )

 അയര്‍ലന്‍ഡ്

യു.കെയെക്കാള്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് അയര്‍ലന്‍ഡ്. വീടിന് 2 കിലോമീറ്റര്‍ ചുറ്റളവിനപ്പുറം വ്യായാമത്തിനും നടക്കാനുമൊക്കെ അനുവാദം നല്‍കിയിരുന്നില്ല. മേയ് 18 ന് രാജ്യത്ത് ഒരു ഫൈവ് സ്റ്റേജ് റോഡ്മാപ്പ് പുറത്തുവിട്ടു. ഇതനുസരിച്ച്‌ ഓരോ മൂന്ന് ആഴ്ച കൂടുമ്ബോഴും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. സ്കൂളുകള്‍ സെപ്റ്റംബര്‍ വരെ അടഞ്ഞ് കിടക്കും. കണ്‍സ്ട്രക്ഷന്‍, തോട്ടം മേഖല തുടങ്ങിയവയിലെ തൊഴിലാളികള്‍ക്ക് ജോലിയ്ക്ക് പോകാം. വീടിന് 5 കിലോമീറ്റര്‍ പരിധിയില്‍ പരമാവധി 4 പേര്‍ അടങ്ങുന്ന സംഘമായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ പോകാം. രാജ്യത്തിന് പുറത്ത് നിന്നും എത്തുന്നവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം. ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ നോക്കുന്നതിനുള്ള ഒരു വിഭാഗം നഴ്സറികള്‍ ജൂണ്‍ 29 മുതല്‍ തുറക്കും. ജൂലായ് 20 മുതല്‍ ഇവ പൂര്‍ണമായും തുറക്കും. ജൂണ്‍ 29 മുതല്‍ വീടിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ യാത്ര ചെയ്യാം. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ കൊണ്ട് കല്യാണം, മാമോദിസ തുടങ്ങിയ ചടങ്ങുകള്‍ ജൂലായ് 20 മുതല്‍ നടത്താം. അവശ്യവസ്തുക്കളല്ലാത്തവ വില്ക്കുന്ന കടകള്‍ ജൂണ്‍ 8 മുതല്‍ തുറക്കാം. ജൂണ്‍ 8 മുതല്‍ അയലര്‍ലന്‍ഡില്‍ നിന്നും യു.കെയിലെത്തുന്നവര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ബാധകമല്ല.

രോഗികള്‍ - 25,066

മരണം - 1,658

 ബെല്‍ജിയം

ബെല്‍ജിയത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കെയര്‍ഹോമുകളിലാണ്. 12 വയസിന് മേല്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങുമ്ബോള്‍ കര്‍ശനമായി മാസ്ക് ധരിക്കണം. തുണിക്കടകള്‍ മേയ് 4നും മറ്റുള്ളവ മേയ് 11നും തുറന്നു. നിബന്ധനകള്‍ ബാധകം. ഒരു ക്ലാസ് മുറിയില്‍ 10 കുട്ടികളെന്ന നിരക്കില്‍ മേയ് 18 മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ക്കറ്റ്, മൃഗശാല, മ്യൂസിയം, ഹെയ‌ര്‍ സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവ മേയ് 18 മുതല്‍ തുറന്നു. കഫേകളും റെസ്റ്റോറന്റുകളും ജൂണ്‍ 8ന് തുറക്കും. കായിക മത്സരങ്ങള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയക്ക് ജൂണ്‍ 30 വരെ നിരോധനം.

രോഗികള്‍ - 58,685

മരണം - 9,522

 നെതര്‍ലന്‍ഡ്സ്

ബെല്‍ജിയത്തെ അപേക്ഷിച്ച്‌ താരതമ്യേന നിയന്ത്രണങ്ങള്‍ കുറഞ്ഞ ലോക്ക്ഡൗണായിരുന്നു നെതര്‍ലന്‍ഡ്സിന്റേത്. മേയ് 11 മുതല്‍ രാജ്യത്ത് അഞ്ച് ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് തീരുമാനിച്ചിരിക്കുന്നത്. ലൈബ്രറി, ഹെയര്‍ സലൂണ്‍ തുടങ്ങിയവ തുറന്നു. ബാര്‍, റെസ്റ്റോറന്റ്, സിനിമാ തിയേറ്ററുകള്‍, കണ്‍സേര്‍ട്ട് ഹാള്‍ തുടങ്ങിയവയ്ക്ക് പരമാവധി 100 പേരെ മാത്രം പ്രവേശിപ്പിച്ച്‌ കൊണ്ട് പ്രവര്‍ത്തിക്കാം. 13 വയസിന് മകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം. സെക്കന്ററി സ്കൂള്‍ കുട്ടികള്‍ക്ക് ക്ലാസ് കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങി. സ്പോര്‍ട്സ്, ഫെസ്റ്റിവലുകള്‍ തുടങ്ങിയവ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും.

രോഗികള്‍ - 46,647

മരണം - 5,967

 ഓസ്ട്രിയ

യൂറോപ്പില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന ആദ്യ രാജ്യം. ഏപ്രില്‍ പകുതിയോടെ തന്നെ ചെറിയ കടകളും മറ്റും തുറന്നെങ്കിലും രോഗവ്യാപന തോത് ഉയര്‍ന്നില്ല. ഷോപ്പിംഗ് സെന്റര്‍, ഹെയര്‍ സലൂണ്‍ എന്നിവ മേയ് മുതലും പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ എന്നിവ ഏപ്രില്‍ 14 മുതലും പ്രവര്‍ത്തനം ആരംഭിച്ചു. ടെന്നീസ്, ഗോള്‍ഫ്, അത്‌ലറ്റിക്സ് എന്നിവ അനുവദിക്കും. 10 പേര്‍ക്ക് ഒത്തുകൂടാം. കല്യാണ ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങി. റെസ്റ്റോറന്റ്, കഫേ, ജിം, ഹോട്ടല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.

രോഗികള്‍ - 16,759

മരണം - 669

 ഡെന്‍മാര്‍ക്ക്

യൂറോപ്പില്‍ ആദ്യം തന്നെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ ഒന്ന്. ഏപ്രില്‍ പകുതി മുതല്‍ ഇളവുകള്‍ നല്‍കി. ഡേ കെയറുകള്‍, പ്രൈമറി സ്കൂളുകള്‍ എന്നിവ ഏപ്രില്‍ 14ന് തുറന്നു. 12 മുതല്‍ 16 വയസു വരെയുള്ള കുട്ടികളുടെ ക്ലാസുകളും പരീക്ഷകളും മേയ് 18ന് തുടങ്ങി. അടച്ചിട്ട സ്റ്റേഡിയത്തില്‍ കായിക മത്സരങ്ങള്‍ക്ക് അനുമതി. മേയ് 28 മുതല്‍ സൂപ്പര്‍ ലിഗ ഫുട്ബോള്‍ ആരംഭിച്ചു. ഷോപ്പിംഗ് മാളുകള്‍, കഫേ, റെസ്റ്റോറന്റുകള്‍, ഹെയര്‍ സലൂണ്‍, തിയേറ്ററുകള്‍, മ്യൂസിയം, ആര്‍ട്ട് ഗാലറി എന്നിവ തുറന്നു. അതിര്‍ത്തികള്‍ അടഞ്ഞു തന്നെ. ജൂണ്‍ 15 മുതല്‍ നോര്‍വെ, ഐസ്‌ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ അനുവദിക്കും. ജിം, സ്വിമ്മിംഗ് പൂള്‍, നൈറ്റ് ക്ലബ് തുടങ്ങിയവ ഓഗസ്റ്റ് മുതല്‍ തുറക്കും.

രോഗികള്‍ -11,734

മരണം -580

 സ്പെയിന്‍

മേയ് 4 മുതല്‍ നാല് ഘട്ടമായി ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ജൂണ്‍ 1 മുതല്‍ 70 ശതമാനം സ്പാനിഷ് മേഖലകളും രണ്ടാം ഘട്ട ഇളവുകള്‍ക്ക് അര്‍ഹരായെങ്കിലും മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ മേഖലകള്‍ കുടുത്ത നിയന്ത്രണത്തില്‍ തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ജൂണ്‍ 21ന് പിന്‍വലിക്കും. ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവും. ബില്‍ബാവോസ് ഗുഗെന്‍ഹെയ്ം ഉള്‍പ്പെടെയുള്ള ചില മ്യൂസിയങ്ങള്‍ തുറന്നു. ആറ് വയസിന് മുകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം. എക്സാമുകള്‍ക്കും മറ്റുമായി സ്കൂളുകള്‍ ഭാഗികമായി തുറന്നു. സെപ്റ്റംബറോടെ പൂര്‍ണമായി തുറക്കാനാണ് തീരുമാനം. 50 ശതമാനം കസ്റ്റമേഴ്സിനെ അനുവദിച്ച്‌ കൊണ്ട് ഔട്ട്ഡോര്‍ ബാര്‍, റെസ്റ്റോറന്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. തിയേറ്ററുകള്‍ തുറന്നു. 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. ജൂണ്‍ 11 മുതല്‍ ലാലിഗ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് ആരംഭിക്കും.

രോഗികള്‍ - 287,012

മരണം - 27,127

 സ്വിറ്റ്സര്‍ലന്‍ഡ്

എട്ട് ആഴ്ച നീണ്ടു നിന്ന ലോക്ക്ഡൗണില്‍ ഏപ്രില്‍ 27 മുതല്‍ ഇളവുകള്‍ നല്‍കാന്‍ തുടങ്ങി. ഗാര്‍ഡന്‍ സെന്റര്‍, ഹെയര്‍ സലൂണ്‍, ബ്യൂട്ടി സലൂണ്‍, എന്നിവ ഏപ്രില്‍ 27ന് തുറന്നു. സ്കൂള്‍, ലൈബ്രറികള്‍, മ്യൂസിയം, റെസ്റ്റോറന്റ്, ബാര്‍ തുടങ്ങിയവ മേയ് 11ന് തുറന്നു. 30 പേര്‍ക്ക് ഒത്തുകൂടാം. സമ്മര്‍ ക്യാമ്ബുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ ജൂണ്‍ 6 മുതല്‍ തുടങ്ങും. 300 പേരെ പങ്കെടുപ്പിച്ച്‌ കൊണ്ടുള്ള പൊതു പരിപാടികളും നിയന്ത്രണങ്ങളോടെ അനുവദിക്കും.

രോഗികള്‍ - 30,893

മരണം - 1,920

 പോര്‍ച്ചുഗല്‍

തെക്കന്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞ രാജ്യം. 15 ദിവസം കൂടുമ്ബോള്‍ ഇളവുകള്‍ നടപ്പാക്കുന്നു. ഹെയര്‍ സലൂണ്‍, റെസ്റ്റോറന്റ്, മ്യൂസിയം, കഫേ, ഒരു വിഭാഗം സെക്കന്ററി സ്കൂള്‍ ക്ലാസുകള്‍ എന്നിവ മേയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോപ്പിംഗ് മാളുകള്‍, തിയേറ്ററുകള്‍ എന്നിവ ഈ മാസം തന്നെ തുറക്കും.

രോഗികള്‍ - 32,895

മരണം - 1,436

 ഗ്രീസ്

ഫെബ്രുവരി 26ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ഗ്രീസില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 28 മുതല്‍ ഇളവുകള്‍. പള്ളികള്‍ തുറന്നു. മേയ് 11 മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ 1 മുതല്‍ പ്രൈമറി - കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളും ആരംഭിച്ചു. എല്ലാ കടകളും തുറക്കാം. ബീച്ചുകള്‍ മേയ് 4ന് തുറന്നു. ജൂണ്‍ 15 മുതല്‍ ടൂറിസം സീസണ്‍ ആരംഭിക്കും. ജൂലായ് 1 മുതല്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ക്കുള്ള രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ അസാധുവാക്കും. ചരിത്ര സമാരകങ്ങളും മറ്റും തുറന്നു.

രോഗികള്‍ - 2,937

മരണം -179

Related News