Loading ...

Home Europe

യുകെയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 51 ആയതോടെ ഇനിവരുന്ന മൂന്നുമാസം സ്വയം തടവുകാരായി ജീവിക്കേണ്ട അവസ്ഥ

ലണ്ടന്‍: ലോകത്തിന്റെ മുന്നോട്ടുള്ള പോക്കിനുപോലും ഭീഷണിയായി കൊറോണ വൈറസ് ഓരോ ദിനം ചെല്ലുംതോറും പുതിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 51 ആയതോടെ, രോഗപ്രതിരോധത്തിന് കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുകയാണ്. ശ്രദ്ധാപൂര്‍വം മുന്നേറിയില്ലെങ്കില്‍ ലക്ഷക്കണക്കിനുപേരെ രോഗം ബാധിച്ചേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയതും ഈ പശ്ചാത്തലത്തിലാണ്. ഇനിയുള്ള മൂന്നുമാസം സാധാരണ ജീവിതം ഉപേക്ഷിച്ച്‌, കരുതലോടെ മുന്നോട്ടുപോകാനാണ് ജനങ്ങളോട് സര്‍ക്കാരും എന്‍എച്ച്‌എസും നിർദ്ദേശിക്കുന്നത്. മൂന്നുമാസത്തേക്ക് ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധി നേരിടുന്നതിന യുദ്ധകാലത്തെന്ന പോലെയുള്ള ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീടിനുപുറത്തുള്ള ജീവിതത്തില്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സ്‌കൂളിലും ജോലി സ്ഥലത്തും പോകുന്നതൊഴികെ മറ്റുള്ളവരുമായുള്ള ഇടപഴകല്‍ പരമാവധി കുറയ്ക്കണം. പുറത്തുപോയി ഭക്ഷണം കഴിക്കുക, പബ്ബുകളില്‍ പോവുക, ഷോപ്പിങ്ങിനും വലിയ മേളകള്‍ക്കും പോകാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍കരുതലായി നല്‍കിയിട്ടുണ്ട്.അടിയന്തര സേവന വിഭാഗങ്ങളായ എന്‍എച്ച്‌എസിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനത്തിലും ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. സാധാരണ കേസുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മാത്രമേ പൊലീസ് ഇക്കാലയളവില്‍ അന്വേഷിക്കൂ. സൈന്യത്തെയും സജ്ജമാക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി വിദേശത്തുനിന്ന് എത്തുന്നവരെ നിര്‍ബന്ധമായും പരിശോധനകള്‍ നടത്തിയശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കാവൂ എന്ന് ഹോം ഓഫീസ് അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ മേഖലകളില്ലാത്ത വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് സിക്ക് ലീവ് നല്‍കാനും ആലോചനയുണ്ട്. കൂടുതല്‍ പേര്‍ പൊതുരംഗത്ത് ഇടപഴകുന്നത് തടയാനാണ് ഇത്. അറുപതുലക്ഷത്തോളം ജീവനക്കാരാണ് ബ്രിട്ടനിലാകെയുള്ളത്. രോഗബാധ കണക്കിലെടുത്ത് എന്‍എച്ച്‌എസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലെവല്‍ ഫോര്‍ വിഭാഗത്തിലുള്ള സജ്ജീകരണങ്ങളാണ് എന്‍എച്ച്‌എസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗബാധ പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ആശുപത്രികളായതിനാല്‍, കടുത്ത ജാഗ്രതാ നിര്‍ദ്ദേശം എന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്.

Related News