Loading ...

Home Europe

തുര്‍ക്കിയില്‍ നിന്നും യൂറോപ്പിലേക്ക് അഭയാര്‍ത്ഥി പ്രവാഹം, ഗ്രീസ് സ്മോക്ക് ഗ്രനേഡ് പ്രയോഗിച്ചു, അതിര്‍ത്തിയിലേക്ക് 1000 സൈനികരെ അയച്ച്‌ ബള്‍ഗേറിയ

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയതോടെ നൂറുകണക്കിന് അഭയാര്‍ഥികള്‍ ഗ്രീസിന്‍റെയും ബള്‍ഗേറിയയുടേയും അതിര്‍ത്തിയില്‍ എത്തിത്തുടങ്ങി. ആരെയും രാജ്യത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇരു സര്‍ക്കാരുകളും വ്യക്തമാക്കിയതിന് തൊട്ടുപിറകെയാണ് തുര്‍ക്കിയുടെ അപ്രതീക്ഷിത നീക്കം. അതോടെ അതിര്‍ത്തിയില്‍ ഗ്രീക്ക് ഭരണകൂടം സ്മോക്ക് ഗ്രനേഡുകള്‍ ഉപയോഗിച്ചു, ബള്‍ഗേറിയ 1,000 സൈനികരെ അതിര്‍ത്തി പ്രദേശത്തേക്ക് അയക്കുകയും ചെയ്തു.

അതേസമയം, അംഗരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി അങ്കാറ യൂണിയനുമായി ഉണ്ടാക്കിയ 6 ബില്യണ്‍ ഡോളര്‍ കരാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിപ് എര്‍ദോഗാന് മുന്നറിയിപ്പ് നല്‍കി. 2016-ലെ കരാര്‍ പ്രകാരം യൂണിയന്‍ നല്‍കുന്ന ഫണ്ടുകള്‍ക്ക് പകരമായി യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയുമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു. സിറിയയില്‍ നിന്നുള്ള 3.6 ദശലക്ഷം അഭയാര്‍ഥികളാണ് നിലവില്‍ തുര്‍ക്കിയിലുള്ളത്. ഗ്രീസിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ദൃശ്യങ്ങള്‍ തുര്‍ക്കി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സികള്‍തന്നെയാണ് സംപ്രേഷണം ചെയ്തത്.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കുടിയേറ്റ പാത വീണ്ടും തുറക്കുമെന്ന് തുര്‍ക്കി പലപ്പോഴും ഭീഷണിപ്പെടുത്തുന്നു.

എന്നാല്‍ നിലവിലെ നീക്കം തുര്‍ക്കി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2015-ല്‍ സമാനമായി അതിര്‍ത്തി തുറന്നപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം ശക്തമാവുകയും ആയിരക്കണക്കിന് ആളുകള്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് മുങ്ങിമരിക്കുകയും ചെയ്തിരുന്നു.

Related News