Loading ...

Home Europe

ബ്രിട്ടണില്‍ നിലവില്‍ ഉള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി കഴിയും വരെ ഉപയോഗിക്കാം; മാര്‍ച്ച്‌ മുതല്‍ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഡാര്‍ക്ക് ബ്ലൂ പാസ്പോര്‍ട്ട്

ബ്രെക്സിറ്റിന് ശേഷം ഏവരും ആവേശത്തോടെ കാത്തിരുന്ന ബ്രിട്ടന്റെ പരമ്പരാഗത ഡാര്‍ക്ക് ബ്ലൂ പാസ്പോര്‍ട്ട് പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി.അടുത്ത മാസം മുതലായിരിക്കും ഇവ വിതരണം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഉള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി കഴിയും വരെ ഉപയോഗിക്കാം. മാര്‍ച്ച്‌ മുതല്‍ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഡാര്‍ക്ക് ബ്ലൂ പാസ്പോര്‍ട്ടായിരിക്കും ലഭിക്കുന്നത്. ബ്രെക്സിറ്റ് ആഘോഷമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാസ്പോര്‍ട്ട് ബോറിസ് തിരക്കിട്ട് പുറത്തിറക്കിയിരിക്കുന്നത്. 1920 മുതല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് പരമ്പരാഗതമായി ഡാര്‍ക്ക് ബ്ലൂ ആയിരുന്നു.തുടര്‍ന്ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിന് ശേഷം 1988ല്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് പോലെ ഇത് ബര്‍ഗുണ്ടി നിറത്തിലുള്ളതായി മാറുകയായിരുന്നു. അതായത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടപറയുന്ന ഈ വേളയില്‍ പാസ്പോര്‍ട്ടിന്റെ നിറം പരമ്ബരാഗത ഡാര്‍ക്ക് ബ്ലൂവിലേക്ക് തന്നെ തിരിച്ച്‌ പോവുകയാണ്. ഇത്തരത്തില്‍ പാസ്പോര്‍ട്ട് പഴയ നിറത്തിലേക്ക് പോകുന്നുവെന്ന് ആദ്യമായി പ്രഖ്യാപിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻമ്പ് അന്നത്തെ ഇമിഗ്രേഷന്‍ മിനിസ്റ്ററായിരുന്ന ബ്രാന്‍ഡന്‍ ലെവിസായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് അനുകൂലമായി വോട്ട് ചെയ്തതിരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജനം ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ പാസ്പോര്‍ട്ടിന്റെ നിറം മാറ്റുമെന്നുമായിരുന്നു ലെവിസ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്.ഇത്തരത്തിലുള്ള ബ്ലൂ പാസ്പോര്‍ട്ട് ലീവ് ക്യാമ്ബയിന്റെ പ്രതീകവുമായിത്തീര്‍ന്നിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന വേളയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പാര്‍ട്ടിക്കിടയില്‍ ഡൗണിങ് സ്ട്രീറ്റില്‍ വച്ച്‌ ബോറിസ് ഈ പാസ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയിരുന്നു. മുന്‍ ലേബര്‍ എംപിയും വോട്ട് ലീവ് ക്യാമ്ബയിനറുമായ ഗിസെല സ്റ്റുവര്‍ട്ടിന് ഈ പാസ്പോര്‍ട്ട് കാണിച്ച്‌ കൊടുക്കുന്ന ചിത്രം ബിസിനസ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്സം ട്വീറ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ യുകെയ്ക്ക് അതിന്റെ ദേശീയ ഐഡന്റിറ്റി തിരിച്ച്‌ കൊണ്ടു വരുന്നതിനുള്ള അതുല്യ അവസരം ലഭിച്ചുവെന്നും അതിലൂടെ ലോകത്തില്‍ രാജ്യത്തിന് പുതിയൊരു പാത ലഭിച്ചുവെന്നുമാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വിവരിക്കുന്നത്. ബ്രിട്ടന്‍ പഴയ പാസ്പോര്‍ട്ട് ഡിസൈനിലേക്ക് തിരിച്ച്‌ പോകുന്നതും അതിന്റെ ഭാഗമാണെന്നും പ്രീതി പറയുന്നു. സമ്മറിന് മുൻമ്പ് തങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കുന്ന ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കര്‍മാര്‍ക്ക് ഡാര്‍ക്ക് ബ്ലൂ പാസ്പോര്‍ട്ട് ലഭിച്ചേക്കില്ല. അതായത് ഡാര്‍ക്ക് ബ്ലൂ പാസ്പോര്‍ട്ട് പ്രിന്റ് ചെയ്യാന്‍ സമയം വേണ്ടതിനാലും പ്രിന്റ് ചെയ്ത് വച്ചിരിക്കുന്ന പഴയ യൂറോപ്യന്‍ യൂണിയന്‍ സ്‌റ്റൈലിലുള്ള ബര്‍ഗുണ്ടി കളറിലുള്ള പാസ്പോര്‍ട്ട് ശേഷിക്കുന്നതിനാലുമാണിത്. പുതിയ പാസ്പോര്‍ട്ട് പ്രിന്റ്ചെയ്യുന്നതിന് അനുയോജ്യമായ രീതിയില്‍ പ്രിന്റിങ് മെഷീനുകള്‍ ക്രമീകരിച്ച്‌ വരുന്ന പ്രക്രിയ പുരോഗമിച്ച്‌ വരുന്നേയുള്ളുവെന്നാണ് ഒഫീഷ്യലുകള്‍ പറയുന്നത്.2020 മധ്യത്തോടെ വിതരണം ചെയ്യുന്ന എല്ലാ പാസ്പോര്‍ട്ടുകളും ഡാര്‍ക്ക് ബ്ലൂ ആക്കാനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.




Related News