Loading ...

Home Australia/NZ

പെരുമഴയില്‍ നനഞ്ഞ് സിഡ്‌നി; ഇന്നലെ ഒരുദിവസം പെയ്തത് രണ്ടുമാസം പെയ്തിറങ്ങേണ്ട മഴ

കഴിഞ്ഞദിവസം വരെ ഓസ്‌ട്രേലിയയില്‍നിന്നുവന്നിരുന്നത് കാട്ടുതീയില്‍ നീറുന്ന ഒരു നാടിന്റെ വാര്‍ത്തകളായിരുന്നു. കാട്ടുതീയുടെ ദുരന്തബാധിതരെ സഹായിക്കുന്നതിന് സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയന്‍ ലാറയുമടക്കമുള്ള മുന്‍കാല ക്രിക്കറ്റ് താരങ്ങള്‍ പ്രദര്‍ശന മത്സരത്തിനിറങ്ങിയതും ഇന്നലെയാണ്. എന്നാല്‍, തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയില്‍നിന്നെത്തിയത് പെരുമഴയുടെ വാര്‍ത്തകള്‍. 400 മില്ലീമീറ്റര്‍ മഴയാണ് രണ്ടുദിവസംകൊണ്ട് സിഡ്‌നിയില്‍ പെയ്തത്. രണ്ടുമാസംകൊണ്ട് പെയ്യേണ്ട മഴയാണിത്. 22 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴ. കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായതോടെ മിക്കയിടങ്ങളില്‍നിന്നും ജനങ്ങളെ കൂട്ടത്തോടെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. ഒന്നരലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. ഗതാഗതസ്തംഭവനവും റോഡുകളില്‍ വെള്ളക്കെട്ടുമുണ്ടാകുമെന്നതിനാല്‍, വാഹനമോടിക്കുന്നത് കഴിവതും ഉപേക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. മിക്കവാറും ഫെറികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതത്തെയും മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. നദികളും തുരുത്തുകളും കരകവിയാന്‍ സാധ്യതയുള്ളതിനാല്‍, റോഡിലേക്കിറങ്ങരുതെന്ന് സിഡ്‌നിയുടെ നോര്‍ത്തേണ്ട ബീച്ചിലുള്ളവരോടും ന്യൂ സൗത്ത് വെയ്ല്‍സ് സെന്‍ട്രല്‍ കോസ്റ്റിലുള്ളവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഒട്ടേറെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും റോഡുയാത്ര ഉപേക്ഷിക്കണമെന്നും ന്യൂസൗത്ത് വെയ്ല്‍സിലെ അടിയന്തര വകുപ്പ് മന്ത്രി ഡേവിഡ് എലിയട്ട് നിര്‍ദേശിച്ചു. സിഡ്‌നിയിലെ മിക്കവാറും തെരുവുകളെല്ലാം പുഴപോലെ നിറഞ്ഞുകിടക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സിലെ സ്‌കൂളുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. കനത്തമഴയും വെള്ളപ്പൊക്കവും ശക്തിയേറിയ കാറ്റും ഗതാഗതം നിശ്ചലമാക്കിയതോടെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സിഡ്‌നി തീരത്ത് മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. ഇതോടെ മരങ്ങള്‍ കടപുഴകുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. ഒന്നരലക്ഷത്തോളം വീടുകളിലാണ് ഇതോടെ വൈദ്യുതി നിലച്ചത്. 1998-നുശേഷമുള്ള ഏറ്റവും വലിയ മഴയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ പെയ്തത്. സിഡ്‌നിയിലെ എല്ലാ ഫെറികളിലൂടെയുമുള്ള ഗതാഗതം ഇന്ന് നിരോധിച്ചിട്ടുണ്ട്. ഇന്നലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട 156 പേരെ രക്ഷപ്പെടുത്തിയതായി അടിയന്തര സേവനവിഭാഗം അറിയിച്ചു. നെപ്പീന്‍ നദിയിലും മീനംഗിളിലും കാംഡെയിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നില്ല. തീവണ്ടി സര്‍വീസ് മുടങ്ങിയിട്ടില്ലെങ്കിലും മിക്കവാറും എല്ലാ ലൈനുകളിലും വണ്ടികള്‍ വൈകുന്നുണ്ട്.

Related News