Loading ...

Home parenting

റാഗിങ്ങിന്റെ സാമൂഹിക മനഃശാസ്ത്രം by ഡോ. ആര്‍ ജയപ്രകാശ്

റാഗിങ് പീഡനമാണ്, മനുഷ്യവിരുദ്ധപ്രക്രിയയാണ്, മനുഷ്യാവകാശ ലംഘനമാണ്; സര്‍വോപരി ഹീനമായ സാമൂഹികപ്രശ്നമാണ്. എന്നിട്ടും ആധുനിക പരിഷ്കൃതസമൂഹത്തില്‍ റാഗിങ് എന്തുകൊണ്ട് തുടരുന്നു? കലാലയങ്ങളില്‍ റാഗിങ്വിരുദ്ധ കേന്ദ്രങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണോ? ഇതിനകം നിരവധി വിദ്യാര്‍ഥികള്‍ റാഗിങ്ങില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ക്യാമ്പസുകളില്‍ റാഗിങ് ശക്തമായി നിലനില്‍ക്കുന്നു? കര്‍ണാടകയിലെ കലബുര്‍ഗി സ്വാശ്രയ നേഴ്സിങ് കോളേജിലെ സംഭവം റാഗിങ്ങിനെക്കുറിച്ചുള്ള മാധ്യമചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി. അവിടുത്തെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി അശ്വതി ക്രൂരമായ റാഗിങ്ങിന് വിധേയയായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നു. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനികള്‍ ബലമായി ഫീനോള്‍ ലായനി കുടിപ്പിച്ചുവെന്നാണ് ആരോപണം. ദളിത് വിദ്യാര്‍ഥിനിയായ അശ്വതിയെ റാഗ് ചെയ്തത് മലയാളി വിദ്യാര്‍ഥിനികളാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മൂന്ന് പേരില്‍ രണ്ട് വിദ്യാര്‍ഥിനികളെ അറസ്റ്റ് ചെയ്തു. ഒരാള്‍ കുടുംബത്തോടോപ്പം ഒളിവിലാണ്. അന്വേഷണം à´ˆ രീതിയില്‍ പുരോഗമിക്കവെ, കുടുംബപ്രശ്നം കാരണം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന റിപ്പോര്‍ട്ടുമായി സര്‍വകലാശാലയും രംഗത്തുവന്നു. യഥാര്‍ഥ്യം അറിയാന്‍ ഇനിയും കാത്തിരിക്കണം. 

ഒരുദശകം മുമ്പ് കേരളത്തെ ഞെട്ടിച്ച എസ്എംഇ റാഗിങ് കേസ് ഇപ്പോഴും നമ്മുടെ പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ ദുഃസ്വപ്നമായി അവശേഷിക്കുന്നു. റാഗിങ് സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന ധാരണ തെറ്റാണ്. എല്ലാ പ്രൊഫഷണല്‍ കോളേജുകളിലും റാഗിങ് ഏറ്റക്കുറച്ചിലുകളോടെ  നിലനില്‍ക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ കലബുര്‍ഗിയില്‍ നടന്നതിലും ക്രൂരമായ റാഗിങ് നടക്കുന്നുണ്ട്. നിരവധി യുജി, പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി തിരികെവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമല്ല, ആര്‍ട്സ് കോളേജുകളിലും റാഗിങ് നടക്കുന്നു. പ്രത്യേകിച്ച് ഹോസ്റ്റലുകളില്‍.

ഇപ്പോള്‍ റാഗിങ് സമാന സംഭവങ്ങള്‍ സ്കൂളുകളിലും നടക്കുന്നുവെന്നതാണ് സത്യം. മുതിര്‍ന്ന ക്ളാസിലെ കുട്ടികള്‍ റാഗ് ചെയ്ത് കൂട്ടമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ ഈ ലേഖകന്റെ അടുത്ത് കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 30ന് പ്ളസ്വണ്‍ ക്ളാസ് തുടങ്ങിയ ദിവസം ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സീനിയേഴ്സ് റാഗ് ചെയ്ത് മര്‍ദിച്ചവശനാക്കി. റാഗിങ്ങിനെ തുടര്‍ന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സീനിയേഴ്സിനെ തിരിച്ചടിച്ച സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇതിനുമപ്പുറം സമാന പരാതിയുമായി ചെറിയ ക്ളാസിലെ കുട്ടികളെയും മാതാപിതാക്കള്‍ കൊണ്ടുവരാറുണ്ട്.റാഗിങ്ങിനെ കേവലം നിയമപ്രശ്നമായിമാത്രം കാണുന്നത് അത് മൂടിവയ്ക്കുന്നതിന് ക്യാമ്പസ് അധികാരികളെ പ്രേരിപ്പിക്കുന്നു. ഇര പിന്നീട് പീഡകനായി മാറുന്ന അസാധാരണ പ്രക്രിയയാണ് റാഗിങ്. കൂടുതല്‍ റാഗ് ചെയ്യപ്പെട്ടയാള്‍ പിന്നീട് റാഗിങ് വീരനായി മാറുന്നു.

റാഗിങ്ങിന്റെ പിന്നില്‍ അടങ്ങിയ (സാമൂഹിക) മനഃശാസ്ത്രം വിശകലനം ചെയ്തുമാത്രമേ ഇതിന്റെ കാരണം മനസ്സിലാക്കാനും അതിനനുസൃതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും കഴിയുകയുള്ളൂ.റാഗിങ്ങിന്റെ സാമൂഹിക മനഃശാസ്ത്രത്തിന് പ്രതികാരത്തിന്റെയും മേധാവിത്വമനോഭാവത്തിന്റെയും അസഹിഷ്ണുതയുടെയും സര്‍വോപരി ആചാരത്തിന്റെയും വിഭിന്നങ്ങളായ തലങ്ങളുണ്ട്. ഇത് ഓരോ റാഗിങ് സംഭവങ്ങളില്‍നിന്നും വായിച്ചെടുക്കാം. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിങ്ങില്‍ ഏറ്റവും വീര്യത്തോടെ പങ്കെടുക്കുന്നതെന്ന് കാണാം. അവര്‍ക്ക് റാഗിങ് പ്രതികാരമാണ്; കിട്ടിയത് തിരിച്ചുകൊടുക്കലാണ്്.

ഏറ്റവും വലിയ റാഗിങ്ങിന് വിധേയനായവനാണ് അടുത്തവര്‍ഷത്തെ റാഗിങ് വീരന്‍. കൂടുതല്‍ അടി കിട്ടുന്നവന്‍ പിന്നീട് അടിക്കാരനാകും. ഇതാണ് പീഡകമനഃശാസ്ത്രം.റാഗിങ് യഥാര്‍ഥത്തില്‍ ക്യാമ്പസിലേക്ക് പുതുതായി വരുന്ന കുട്ടികളുടെമേല്‍ ബലപ്രയോഗത്തിലൂടെ മേല്‍ക്കോയ്മ സ്ഥാപിക്കലാണ്. അതായത,് തിണ്ണമിടുക്ക് കാട്ടിയുള്ള ബഹുമാനം പിടിച്ചെടുക്കല്‍ പ്രക്രിയ. ഞങ്ങളാണ് ഇവിടുത്തെ രാജാക്കന്മാര്‍. അത് അംഗീകരിച്ച് ക്യാമ്പസില്‍ കഴിയുക. ഇപ്പോഴേ ഇവിടെ തിളങ്ങേണ്ട. ഷര്‍ട്ട് ഉള്ളിലാക്കുന്നതിനോ (ഇന്‍സെര്‍ട്ട് ചെയ്യുക) ബട്ടണ്‍സ് തുറന്നിടുന്നതിനോ അനുവാദമില്ല. ആദ്യദിവസം ടീഷര്‍ട്ട് ധരിച്ച് എത്തിയതാണ് ഇപ്പോള്‍ നടന്ന പ്ളസ്വണ്‍ റാഗിങ്ങിന്റെ കാരണം. പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും ഷമ്മീസ് ധരിച്ചിരിക്കണം. ഇങ്ങനെ പോകുന്നു സീനിയേഴ്സിന്റെ അലിഖിത നിയമങ്ങള്‍.

സാഹോദര്യസ്പര്‍ധ (സിബിലിങ് റൈവല്‍റി)യുടെ മനഃശാസ്ത്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.റാഗിങ് വീരന്മാര്‍ ഒരു പടികൂടി കടന്ന് പുതുതായി വരുന്ന കുട്ടികളുടെ കുറവുകള്‍, പോരായ്മകള്‍, വ്യത്യസ്തതകള്‍ എന്നിവയെ മുതലെടുക്കുന്നു. ക്യാമ്പസുകളില്‍ കടുത്ത റാഗിങ് വീരന്മാരുണ്ട്. അവര്‍ പുതുതായി വരുന്ന കുട്ടികളുടെ പേടിസ്വപ്നമാണ്. റാഗിങ്ങിനെ എതിര്‍ത്താല്‍ ആക്രമണം തുടങ്ങിയ മറ്റിതര പീഡനങ്ങളിലേക്ക് പോകും. എന്തിനാണ് അവന്‍/അവള്‍ എതിര്‍ത്തത്? അതല്ലേ പ്രശ്നമായത്? പീഡിപ്പിച്ച് രസിക്കുന്ന പീഡകമനഃശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് കുറ്റവാസനയാണ്. ഇപ്പോള്‍ നടന്ന സംഭവത്തെ ഈ കൂട്ടത്തില്‍പ്പെടുത്താം. കുറ്റവാസനയുള്ള ഇത്തരം കുട്ടികള്‍ ഒരുതരം ലഹരിപോലെ റാഗിങ്ങില്‍ ഏര്‍പ്പെടുന്നത് ക്യാമ്പസുകളില്‍ കാണാം. ഇവര്‍ ഒരു ഗ്യാങ്ങായിട്ടാകും ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം മദ്യം, മറ്റ് ലഹരിമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവരുമാകും. വലിയ സീനിയേഴ്സായാലും ഓരോവര്‍ഷവും ക്യാമ്പസില്‍ റാഗിങ് തുടങ്ങിയ പ്രശ്നങ്ങളില്‍ ഇക്കൂട്ടര്‍ ഏര്‍പ്പെടുന്നതായി കാണാം. ഇത്തരക്കാരെ തീര്‍ച്ചയായും മനഃശാസ്ത്ര ഇടപെടലിനൊപ്പം നിയമപ്രക്രിയക്ക് മുന്നില്‍ക്കൂടി കൊണ്ടുവരേണ്ടതാണ്.ഇതരവിഭാഗങ്ങളോടുള്ള അസഹിഷ്ണുത റാഗിങ്ങില്‍ ദര്‍ശിക്കാം. ജാതി, മതം, വര്‍ണം, വര്‍ഗം, വംശീയത, സംസ്കാരം, പ്രാദേശികത, രാഷ്ട്രീയം എന്നിവയിന്മേലുള്ള വ്യത്യസ്തത ചിലര്‍ക്ക് സഹിക്കില്ല. ഇത്തരം ആന്തരികമായ (വേഷപ്രച്ഛന്നമായ) അസഹിഷ്ണുത റാഗിങ്ങില്‍ ചിലര്‍ പ്രകടിപ്പിക്കും.

കലബുര്‍ഗിയില്‍ നടന്ന സംഭവത്തില്‍ ഇത്തരമൊരു തലം ഉണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. '90കളിലെ  പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ പര്‍ദ ഇട്ട് വരാത്ത മുസ്ളിം പെണ്‍കുട്ടികളെ അത് ധരിപ്പിക്കല്‍ ഒരു റാഗിങ് പ്രവര്‍ത്തനമായിരുന്നു. പള്ളിയില്‍ പോകാത്തവരെ പള്ളിയില്‍ കൊണ്ടുപോകലും നടന്നിരുന്നു. റാഗിങ്ങില്‍നിന്ന് ഒഴിവാകുന്നതിന് ഇത് പുതിയ കുട്ടികള്‍ക്ക് ഒരു ഉപാധിയായിരുന്നു.ഏറ്റവും പ്രധാനമായി സീനിയേഴ്സ്, ടീച്ചേഴ്സ്, പ്രൊഫഷണല്‍ സമൂഹം എന്നിങ്ങനെ ക്യാമ്പസുമായി ബന്ധപ്പെട്ടവര്‍ക്ക് റാഗിങ് കുറച്ചൊക്കെ ആകാമെന്ന മനോഭാവമാണുള്ളത്. എന്തുകൊണ്ട് അവര്‍ അങ്ങനെ ചിന്തിക്കുന്നു? 'റാഗിങ് നല്ലതാണ്. അത് വ്യക്തിത്വവികാസ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.. (?) നാണം മാറ്റിയെടുക്കുന്നു(?)'. "നല്ല റാഗിങ് കിട്ടാഞ്ഞതുകൊണ്ടാണിങ്ങനെ..'' എന്നിങ്ങനെയാണ് റാഗിങ്ങിന്റെ 'നല്ലവശങ്ങള്‍' നിരത്തുന്നത്.  മാത്രമല്ല റാഗിങ്, സീനിയര്‍– ജൂനിയര്‍ ബന്ധത്തിലെ  ഐസ് ഉരുക്കല്‍ പ്രക്രിയ ആണത്രെ! സ്വാഭാവികമായും റാഗിങ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും മതിയായ രീതിയില്‍ ശിക്ഷിക്കപ്പെടാതെയും പോകുന്നതിന് à´ˆ ആചാരമനോഭാവവും  കാരണമാകുന്നുണ്ട്.

റാഗിങ്ങിന് ആധാരമായ കാരണങ്ങള്‍ക്ക് ബഹുമുഖമായ തലങ്ങളുണ്ട്. അതില്‍ ഏര്‍പ്പെടുന്നവരുടെ മനഃശാസ്ത്രവും വ്യത്യസ്തമാണെന്നര്‍ഥം.റാഗിങ്ങിനെതിരെ വളരെ ശക്തമായ നിയമമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സുപ്രീംകോടതി പ്രത്യേകം താല്‍പ്പര്യമെടുത്താണ് നിലവിലെ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നടപടികള്‍ പ്രശംസാര്‍ഹമാണ്. എന്നാല്‍, റാഗിങ്ങിനെ നിയമപരമായിമാത്രം തടയാന്‍ കഴിയില്ലെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. നിയമനടപടികള്‍ക്കൊപ്പം വ്യാപകമായ മനഃശാസ്ത്ര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിലും സമൂഹത്തിലും ഒരുപോലെ നടത്തേണ്ടതുണ്ട്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ നല്ല രീതിയില്‍ റാഗിങ് നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.റാഗിങ് ഫലപ്രദമായി തടയുന്നതിന് മനഃശാസ്ത്ര സമീപനം ഏറ്റവും അനിവാര്യമായ ഒന്നാണ്. റാഗിങ്ങില്‍നിന്ന് എങ്ങനെ സീനിയേഴ്സിനെ പിന്തിരിപ്പിക്കാം എന്നതാകണം ലക്ഷ്യം. ഓരോ ക്യാമ്പസിലും പുതിയ കുട്ടികള്‍ വരുന്നതിനുമുമ്പായി മാനസികാരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ച് റാഗിങ്വിരുദ്ധ സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കണം. അതില്‍ രണ്ടാംവര്‍ഷക്കാരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണം. എങ്ങനെ റാഗിങ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാകാതിരിക്കാമെന്ന് ചര്‍ച്ച ചെയ്യുക.

സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ സീനിയേഴ്സിനെ പ്രാപ്തരാക്കുക– 'നിങ്ങള്‍ അന്ന് റാഗിങ്ങിന് വിധേയമാകുന്നത് ഇഷ്ടപ്പെട്ടിരുന്നോ? അന്ന് തന്റെ മാനസികാവസ്ഥ എന്തായിരുന്നു? എന്നിട്ടും എന്തുകൊണ്ട് ഇപ്പോള്‍?' എന്നിങ്ങനെ അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക. അങ്ങനെ ഒടുവില്‍, 'താന്‍ റാഗ് ചെയ്യേണ്ടതുണ്ടോ? താന്‍ എന്തുകൊണ്ട് റാഗിങ്ങില്‍നിന്ന് പിന്മാറണം? താന്‍ എങ്ങനെ അതില്‍ (മോബ്് ബിഹേവിയര്‍) പങ്കാളിയാകാതെയിരിക്കും? എങ്ങനെ മറ്റുള്ളവരെ അതില്‍നിന്ന് പിന്തിരിപ്പിക്കും?'– എന്നിങ്ങനെ അവര്‍ സ്വയംചോദിച്ച് ഉത്തരം കണ്ടെത്തട്ടെ. അതിന് അവരെ പ്രേരിപ്പിക്കുക. 'താന്‍ പിന്മാറുക, താന്‍ പങ്കാളിയാകില്ല, താന്‍ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കും'– അങ്ങനെ അവര്‍ ശില്‍പ്പശാലയില്‍വച്ച് സ്വയം മാറട്ടെ.

 à´‡à´¤àµà´¤à´°à´®àµŠà´°àµ മനഃശാസ്ത്ര സമീപനത്തിനാകണം ക്യാമ്പസുകളില്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. തീര്‍ച്ചയായും അത് ഫലം കാണും.റാഗിങ്ങിനെതിരെ കൂട്ടായ പ്രതിരോധം വളര്‍ത്തിയെടുക്കുകയും വേണം. റാഗിങ്ങിനെ സംബന്ധിച്ച ദ്വിമുഖസമീപനം (റാഗിങിന്റെ 'നല്ലവശം') ക്യാമ്പസ് കൂട്ടായി ഉപേക്ഷിക്കുക. കുറ്റക്കാരെ സഹായിക്കുന്നതിന് പകരം കുറ്റംതടയുക. ഇതിന് ക്യാമ്പസിലെ വിദ്യാര്‍ഥിസംഘടനകളെ ഫലപ്രദമായി ഉപയോഗിക്കുക. ഒപ്പം റാഗിങ്ങിനെതിരെ വ്യാപകമായ നിയമബോധവല്‍ക്കരണവും നടത്തണം

(തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ബിഹേവിയറര്‍ പീഡിയാട്രിക്സ് യൂണിറ്റില്‍ അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍)

Related News