Loading ...

Home Australia/NZ

കൊറോണ വൈറസ്: ചൈനയിൽ കുടുങ്ങിക്കിടന്ന ഓസ്‌ട്രേലിയക്കാരെ രക്ഷപ്പെടുത്തി

കൊറോണവൈറസ് ബാധിച്ച ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടന്ന ഓസ്‌ട്രേലിയക്കാരെ രക്ഷപ്പെടുത്തി. ഇവരെ തിങ്കളാഴ്ച ക്രിസ്ത്മസ് ഐലന്റിൽ എത്തിക്കും. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിൽ 600 ഓസ്‌ട്രേലിയൻ പൗരന്മാരാണ് കുടുങ്ങിക്കിടന്നത്. ഇവരെ അവിടെ നിന്നും രക്ഷപ്പെടുത്തി രണ്ടാഴ്ച ക്രിസ്ത്മസ് ഐലന്റിൽ മാറ്റിപ്പാർപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഇതിനായി 14 ജീവനക്കാരും നാല് പൈലറ്റുമാരും ആരോഗ്യ വിദഗ്ധരും അടങ്ങിയ ബോയിംഗ് 737 ക്വന്റസ് വിമാനമാണ് ഞായറാഴ്ച ചൈനയിലേക്ക് പുറപ്പെട്ടത്. കുടുങ്ങിക്കിടന്ന 243 പേരുമായി ക്വന്റസ് വിമാനം വുഹാനിൽ നിന്ന് യാത്ര തിരിച്ചു. 16 വയസ്സിൽ താഴെയുള്ള 89 പേരും രണ്ട് വയസ്സുള്ള അഞ്ച് പേരും ഇതിൽ ഉൾപ്പെടുന്നു. 14 മണിക്കൂർ താമസിച്ചാണ് വിമാനം ഇവിടെ നിന്നും പുറപ്പെട്ടത്. വടക്കൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എക്സ്മൗത്തിൽ എത്തിക്കുന്ന ഇവരെ ഇവിടെ നിന്ന് ലിയർമന്തിലുള്ള RAAF ബേസിലേക്ക് കൊണ്ടുപോകുകയും ചെറിയ ചാർട്ടർ വിമാനങ്ങളിൽ ക്രിസ്ത്മസ് ഐലന്റിൽ എത്തിക്കാനുമാണ് പദ്ധതി. ഇവിടെ നിന്നും ക്രിസ്ത്മസ് ഐലന്റിൽ എത്താനുള്ള യാത്രാദൈർഘ്യം നാല് മണിക്കൂറാണ്. ദൗത്യത്തിനായി സ്വമേധയാ മുൻപോട്ടു വന്ന എയർലൈൻ ജീവനക്കാരെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചൈനയിലേക്ക് അയച്ചതെന്ന് ക്വന്റസ് സി ഇ ഒ അലൻ ജോയ്‌സ് പറഞ്ഞു. വിമാനം തിങ്കളാഴ്ച വെളുപ്പിനെ ഒരു മണിയോടെ വുഹാനിൽ എത്തിയിരുന്നുവെന്ന് അലൻ ജോയ്‌സ് അറിയിച്ചു. മാസ്‌ക്കുകളും, കയ്യുറകളും രോഗം പടരാതിരിക്കാനുള്ള മറ്റ് സംവിധാനങ്ങളോടും കൂടി വിമാനത്തിന്റെ മുകളിലത്തെ നിലയിലാണ് ജീവനക്കാർ. യാത്രക്കാരും വിമാന ജീവനക്കാരുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി പരിമിതമായ അളവിൽ മാത്രമായിരിക്കും യാത്രക്കാർക്ക് ഭക്ഷണം നൽകുക. ചൈനയിൽ നിന്ന് ആളുകളെ മാറ്റുന്നതിനായി ഇവരിൽ നിന്നും 1000 ഡോളർ ഈടാക്കുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറി. പകർച്ചവ്യാധിയായ കൊറോണവൈറസ് കൂടുതൽ ആളുകളിലേക്ക് പടർന്നതോടെ ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വിമാനത്താവളങ്ങളെല്ലാം അടച്ചിരിക്കുകയാണ്. ഇതേതുടർന്ന് ഓസ്ട്രലിയക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി വിവിധ രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും വുഹാനിലുള്ള ഓസ്ട്രലിയക്കാരെ ഒഴിപ്പിക്കുന്നത്. ചൈനയിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്ക് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിലുള്ളവർ ചൈനയിലേക്ക് യാത്രചെയ്യരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണവൈറസ് പടർന്ന് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 14,000 പേർക്ക് രോഗം പടർന്നതായാണ് റിപ്പോർട്ടുകൾ. വൈറസ് ബാധയെത്തുടർന്ന് ഫിലിപ്പീന്സിൽ ഒരാൾ ഞാറാഴ്ച മരണമടഞ്ഞു. ഓസ്‌ട്രേലിയയിലും 12 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടർന്നതോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

Related News