Loading ...

Home Europe

പൗരത്വ നിയമ ഭേദഗതി;യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്ന് ചര്‍ച്ച ചെയ്യും, നാളെ വോട്ടെടുപ്പ്‌

ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്നുംനാളെയുമായി സംയുക്ത പ്രമേയ ചര്‍ച്ചക്ക് തയ്യാറെടുക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലെ 751 എംപിമാരില്‍ 560 പേരാണ് ചര്‍ച്ച മുന്നോട്ട് വെച്ചത്. പൗരത്വ നിയമ ഭേദഗതി അപകടകരവും വിവേചനവുമാണെന്ന് പറയുന്ന പ്രമേയം നാളെ ഉച്ചയോടെ വോട്ടിനിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റിലെ യൂറോപ്യന്‍ യുണൈറ്റഡ് ലെഫ്റ്റ്/നോര്‍ഡിക് ഗ്രീന്‍ ലെഫ്റ്റ് തുടങ്ങി അഞ്ച് വിഭാഗങ്ങളിലെ അംഗങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പ്രമേയം കൊണ്ടുവന്നത്‌. അന്താരാഷ്ട്ര ഉടമ്ബടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് പിന്തിരിയണമെന്നും പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്നും മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനും മുസ്ലിങ്ങള്‍ക്കെതിരെ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ദേശീയ പൗരത്വ പട്ടികയെ കുറിച്ചുള്ള ആശങ്കയും പ്രമേയം പങ്കു വെയ്ക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എന്‍.ആര്‍.സി ലക്ഷക്കണക്കിനാളുകളുടെ പൗരത്വം നഷ്ടപ്പെടുത്താനിടയാക്കുമെന്ന് പ്രമേയം പറയുന്നു. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് ഇന്ത്യയിലൊട്ടാകെ പ്രത്യേകിച്ച്‌ ക്യാംപസുകള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രതിഷേധ സമരങ്ങള്‍ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതെന്നും പ്രമേയത്തിലുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസുകളടക്കം നിര്‍ത്തി വെച്ചത് ജനങ്ങളുടെ മൗലികാവകാശത്തിന് മേലെയുള്ള കടന്നുകയറ്റമാണെന്നും പ്രമേയം വിമര്‍ശിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയങ്ങള്‍ യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവയുടെ തീരുമാനങ്ങളെ ബാധിക്കില്ലെങ്കിലും ഇന്തോ-യൂറോപ്യന്‍ ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ചില്‍ ബ്രസല്‍സ് സന്ദര്‍ശിക്കാനിരിക്കെ ഇത്തരത്തിലൊരു പ്രമേയം പ്രതികൂലമായേക്കാമെന്ന് സൂചനയുണ്ട്.

Related News