Loading ...

Home Europe

ഹാരി രാജകുമാരനും ഭാര്യയും രാജകീയ പദവികളില്‍ നിന്ന്​ പടിയിറങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സക്​സസ്​ പ്രഭു ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിലും രാജകീയ അധികാരവും പദവിയും ഉപേക്ഷിക്കുന്നു. വടക്കന്‍ അമേരിക്കയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ്​  ദമ്പതികളുടെ തീരുമാനം. ബുധനാഴ്​ചയാണ്​ ബ്രിട്ടനെ ഞെട്ടിച്ച പ്രഖ്യാപനം പുറത്തു വന്നത്​. രാജകീയ ജീവിതത്തിന്റെയും  കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മര്‍ദ്ദത്തിലാണ്​ ഹാരി രാജകുമാരനെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂര്‍ണ പിന്തുണ തുടര്‍ന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ 'മുതിര്‍ന്ന' അംഗങ്ങളെന്ന നിലയില്‍ നിന്ന്​ തങ്ങള്‍ പടിയിറങ്ങാന്‍ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയില്‍ ഹാരി രാജകു​മാരന്‍ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രമാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നല്‍കുന്ന വിശദീകരണം​. യു.കെയിലും നോര്‍ത്ത്​ അമേരിക്കയിലുമായി സമയം ചെലവഴിക്കാനാണ്​ അ​ദ്ദേഹം ഉദ്ദേശിക്കുന്നത്​. ഹാരി രാജകുമാരനും സഹോദരന്‍ പ്രിന്‍സ്​ വില്ല്യമും വ്യത്യസത വഴികളിലാണെന്നും അവര്‍ തമ്മിലുള്ള ബന്ധത്തില്‍ à´šà´¿à´² അസ്വാരസ്യങ്ങളുണ്ടെന്നും അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. പാപ്പരാസികള്‍ നിരന്തരം പിന്തുടരുന്നതും മാധ്യമ ശ്രദ്ധയില്‍ ജീവിതം മന്നോട്ടു കൊണ്ടുപോകു​ന്നതിലും മേഗന്‍ മാര്‍ക്കിള്‍ സമ്മര്‍ദ്ദം അനുഭവിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.



Related News