Loading ...

Home Europe

ഫേസ്ബുക്ക് വിവര ചോര്‍ച്ച സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം, പുറത്തുവരാന്‍ പോകുന്നത് കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച 68 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം രേഖകള്‍

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിട്ട് വിവാദത്തിലായ ഡാറ്റാ മൈനിങ് കമ്ബനി കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നും സ്ഫോടനാത്മകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് റിപ്പോര്‍ട്ട്. 68 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം രേഖകള്‍ ഉപയോഗിച്ച്‌ 'വ്യാവസായികാടിസ്ഥാനത്തില്‍' വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ രേഖകളാണ് വരും മാസങ്ങളില്‍ പുറത്തുവരാന്‍ പോകുന്നത്. അനുമതിയില്ലാതെ ഫേസ്ബുക്കില്‍ നിന്നും ശേഖരിച്ച 87 ദശലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിച്ചുവെന്നുമുള്ള ആരോപണത്തോടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടേണ്ടി വന്നത്. പുതുവത്സര ദിനത്തില്‍ അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടായ ഹിന്‍ഡ്സൈറ്റ്ഫയല്‍സില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. മലേഷ്യ, കെനിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രേഖകളായിരുന്നു അത്. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ ഒരു മുന്‍ ഉദ്യോഗസ്ഥയും പിന്നീട് വിസില്‍ബ്ലോവര്‍ ആയി മാറുകയും ചെയ്ത ബ്രിട്ടാനി കൈസറില്‍ നിന്നാണ് രേഖകള്‍ ലഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍. 'ഈ വര്‍ഷാവസാനം നടക്കാന്‍ പോകുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയത്തോടെയാണ് നോക്കിക്കാണുന്നത്. അതിനാല്‍ സ്വയം പരിരക്ഷിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കഴിയുന്നത്ര വിവരങ്ങള്‍ അവിടെ നിന്ന് നേടുക എന്നതാണ്' എന്ന് കൈസര്‍ പറഞ്ഞു. 2016ലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തില്‍ റോബര്‍ട്ട് മുള്ളര്‍ നടത്തിയ അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ട വ്യക്തിയാണ് കൈസര്‍. ഓസ്കാറില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 'ദി ഗ്രേറ്റ് ഹാക്കി'ലെ പ്രധാന താരമാണ് കൈസര്‍. കൈസറിന്‍റെ ഇമെയില്‍ അക്കൗണ്ടുകളില്‍ നിന്നും ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്നും കുറേയധികം രേഖകള്‍ വീണ്ടെടുത്തിരുന്നു. കൂടാതെ 2018 ഏപ്രിലില്‍ അവര്‍ ചില വിവരങ്ങള്‍ യു കെ പാര്‍ലമെന്റിന് കൈമാറുകയും ചെയ്തിരുന്നു. 'കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി' നിങ്ങള്‍ കരുതുന്നതിലും അപ്പുറമാണെന്ന് അവര്‍ പറയുന്നു. ഇനിയും ആയിരക്കണക്കിന് പേജ് രേഖകള്‍ പുറത്തു വരാനുണ്ടെന്നും അതിലെ വിവരങ്ങളുടെ ആഴവും പരപ്പും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അധികമാണെന്നും അവര്‍ പറഞ്ഞു. നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് എന്നു വ്യക്തമായിരിക്കുകയാണ് എന്നും കൈസര്‍ പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക എക്സിക്യൂട്ടീവിന്റെ വാക്കുകള്‍ പ്രകാരം 2018 ഓടെ നൈജീരിയ, കെനിയ, ചെക്ക് റിപ്പബ്ളിക്, ഇന്ത്യ, അര്‍ജന്റീന തുടങ്ങി നിരവധി രാജ്യങ്ങളിലായി 200 ലേറെ തെരഞ്ഞെടുപ്പുകളില്‍ കമ്ബനി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രംപിനുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമ്ബനി നടത്തിയ ഇടപെടലുകളാണ് ഏറെ വിവാദമായത്. കമ്ബനി അടച്ചുപൂട്ടിയിട്ടും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷയൊന്നും ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം നടക്കാന്‍ പോകുന്ന യുഎസ് തിരഞ്ഞെടുപ്പിലും കൃത്രിമം കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധ നിരീക്ഷണം.

Related News