Loading ...

Home Europe

ആഞ്ജല റെയ്നര്‍ വഴി മാറി, കോര്‍ബിന്റെ പിന്‍ഗാമിയാകാന്‍ റബേക്ക ലോങ് ബെയ്‌ലി മത്സര രംഗത്ത്

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്ബോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. അതിനിടെ, നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ ആഞ്ജല റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. പകരം ഡെപ്യൂട്ടി ലീഡറാകാനുള്ള ശ്രമത്തിലാണ് അവര്‍. സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു റെയ്‌നര്‍. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് മാപ്പു പറഞ്ഞുകൊണ്ട് കോര്‍ബിന്‍ പ്രമുഖ പത്രങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും.- എന്നാണ് കോര്‍ബിന്‍ എഴുതിയത്. ലേബര്‍ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങുയെങ്കിലും മാര്‍ച്ച്‌ മാസംവരെ കോര്‍ബിന്‍ തന്നെ തല്‍സ്ഥാനത്ത് തുടരും. നിലവിലെ ഷാഡോ ബിസിനസ് സെക്രട്ടറിയായ ലോംഗ്-ബെയ്‌ലി പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്ന് നേരത്തെതന്നെ കരുതപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് മേധാവി കാരി മര്‍ഫി ഉള്‍പ്പെടെയുള്ള കോര്‍ബിന്‍റെ ഏറ്റവുംവലിയ അടുപ്പക്കാര്‍വരെ അവരെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സൂചന. സാല്‍ഫോര്‍ഡിന്റെ എംപിയായ ലോംഗ് ബെയ്‌ലിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍തന്നെ പ്രധാന കര്‍ത്തവ്യം നല്‍കിയിരുന്നു. ടിവി സംവാദങ്ങളില്‍ ലേബറിന്റെ വക്താവായി പ്രത്യക്ഷപ്പെട്ടിരുന്നത് അവരാണ്. എന്നാല്‍ വലിയ ജനപിന്തുണയുള്ള ആളാണ്‌ റെയ്‌നര്‍. ഇരുവരും പരസ്പരം 'സഹോദരി'മാരായാണ് കരുതുന്നത്. ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയര്‍ സ്റ്റാര്‍മര്‍, വിഗന്‍ എംപി ലിസ നാന്‍ഡി, ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോണ്‍ബെറി, ഉന്നതതല ബാക്ക്ബെഞ്ചര്‍ ജെസ് ഫിലിപ്സ് എന്നിവരാണ് നേതൃത്വത്തിലേക്ക് മത്സരിക്കുന്ന മറ്റു പ്രമുഖര്‍. ഇന്ത്യന്‍ വംശജയയാണ് ലിസ നാന്‍ഡി. കൊല്‍ക്കത്തയിലാണ് ജനനം. മാര്‍ക്സിസ്റ്റ് ചിന്തകന്‍ ദീപക് നാന്‍ഡിയുടെ മകളാണ്. ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്ബന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Related News