Loading ...

Home Europe

കാനഡയില്‍ ചെറു വിമാനം തകര്‍ന്ന് ഏഴു പേര്‍ മരിച്ചു

ടൊറന്റോ (കാനഡ): ഒന്റാറിയോ തടാകത്തിന്റെ വടക്കന്‍ തീരത്ത് വനപ്രദേശത്ത് ചെറു വിമാനം തകര്‍ന്ന് അഞ്ച് അമേരിക്കക്കാരും രണ്ട് കനേഡിയന്‍ പൗരന്മാരും മരിച്ചുവെന്ന് കാനഡയിലെ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പി‌എ -32 ടൊറന്റോയിലെ ബട്ടണ്‍വില്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ക്യൂബെക്ക് സിറ്റിയിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് അപകടം നടന്നതെന്ന് ഗതാഗത സുരക്ഷാ ബോര്‍ഡ് (ടി‌എസ്‌ബി) അന്വേഷകന്‍ കെന്‍ വെബ്‌സ്റ്റര്‍ ഒരു പത്രസമ്മേളനത്തില്‍ അറിയിച്ചു. തകര്‍ന്ന വിമാനം കണ്ടെത്തുന്നതിനായി പ്രദേശത്ത് പോലീസും സൈനികരും തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ അയച്ചിട്ടുണ്ട്. 'അഞ്ച് അമേരിക്കക്കാരും രണ്ട് കനേഡിയന്‍ പൗരന്മാരും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു" ടി‌എസ്‌ബി വക്താവ് നോറ വാലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് അമേരിക്കയിലെ ടെക്സസില്‍ നിന്നുള്ളയാളാണെന്നും, വിമാനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന്, പതിനൊന്ന്, പതിനഞ്ച് വയസ് പ്രായമുള്ള മൂന്ന് കുട്ടികളും ഉണ്ടായിരുന്നതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഉസ്ബെക്കിസ്ഥാന്‍ പൗരന്മാരായ ഉട്ടാബെക് ഒബ്ലോകുലോവ്, ബോബോമുരോഡ് നബീവ് എന്നിവരായിരുന്നുവെന്ന് ഉസ്ബെക്കിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒബ്ലോകുലോവ് ആയിരുന്നു പൈലറ്റ്. കനേഡിയന്‍ അന്വേഷകര്‍ ദിവസം മുഴുവന്‍ തിരച്ചിലിലായിരുന്നു, വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രമെടുക്കുകയും എഞ്ചിനുകളുടെ അവസ്ഥയും വിമാനത്തിന്റെ പൊതുവായ അവസ്ഥയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്..." ടി‌എസ്‌ബി വക്താവ് പറഞ്ഞു. വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ വീണ്ടെടുക്കാനും കണ്‍ട്രോള്‍ ടവറുകളുമായുള്ള റേഡിയോ ആശയവിനിമയങ്ങള്‍ അവലോകനം ചെയ്യാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News