Loading ...

Home Europe

ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥ നേരിടുന്നു , പ്രഖ്യാപനവുമായി യൂറോപ്യന്‍ യൂണിയന്‍

ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് രംഗത്ത്. 2050 ആകുമ്ബോഴേക്കും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന് ഇ.യു അംഗരാജ്യങ്ങളോട് നിര്‍ദേശിക്കുന്നു. പാര്‍ലമെന്റില്‍ നടന്ന പ്രത്യേക വോട്ടെടുപ്പിലൂടെയാണ് പുതിയ നയം ഇ.യു പാസാക്കിയത്. നേരത്തേ, ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണമെന്നും 153 രാജ്യങ്ങളില്‍ നിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മതിയായ നടപടികളൊന്നും പ്രഖ്യാപിക്കാതെയുള്ള വെറും പ്രഖ്യാപനം മാത്രമാണ് അതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളും 2015-ലെ പാരീസ് കാലാവസ്ഥാ കരാറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് പാരീസ് ഉടമ്ബടിയുടെ പ്രധാന സവിശേഷത. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്ബോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വര്‍ധനവ്‌ ക്രമേണ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ പരിമിതപ്പെടുത്തുക എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്. ഈ ഉടമ്ബടി അതേപോലെ പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നത്. 2030 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 55 ശതമാനം കുറയ്ക്കുകയെന്ന കടുത്ത ലക്ഷ്യത്തെയാണ് എം‌ഇ‌പിമാര്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അത് 40 ശതമാനം ആയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതും അപര്യാപ്തമാണെന്നാണ് ഗ്രീന്‍ എം.പിമാര്‍ പറയുന്നത്. അതിനിടെ, നിലവിലെ സാഹചര്യത്തെ 'ക്ലൈമറ്റ് എമര്‍ജന്‍സി' എന്നല്ല 'ക്ലൈമറ്റ് അര്‍ജന്‍സി' എന്നാണ് വിളിക്കേണ്ടത് എന്ന വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സെന്റര്‍-റൈറ്റ് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള എം‌ഇ‌പിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി. 'എമര്‍ജന്‍സി' എന്ന വാക്ക് ജര്‍മനിയിലെ നാസിക്കാലത്തെ നിയമങ്ങളില്‍ നിന്നുള്ളതാണെന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ലിബറലുകള്‍, സോഷ്യലിസ്റ്റുകള്‍, ഗ്രീന്‍സ്, തീവ്ര ഇടതുപക്ഷം തുടങ്ങിയ ആശയപരമായി വലിയ വിയോജിപ്പുകള്‍ ഉള്ള പാര്‍ട്ടികളെല്ലാം വോട്ടിംഗിനെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്.

Related News