Loading ...

Home cinema

മാക്ട വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: പെണ്ണ്‌ പൂക്കും ഇനി അഭ്രപാളിയില്‍

മാക്ട (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍)യുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ മാക്ട വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ ഒന്നിന് പകല്‍ 11ന് ശ്രീലങ്കന്‍ നടിയും സംവിധായികയുമായ മാലിനി ഫൊന്‍സേക ഉദ്ഘാടനം ചെയ്യും. നടിയും സംവിധായികയുമായ സീമ ബിശ്വാസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വനിതാ സംവിധായകരുടെ 11 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. അറബിഭാഷയിലുള്ള ചിത്രങ്ങളായിരിക്കും ഇവ. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ സംവിധായിക അപര്‍ണ സെന്നിന്റെ മൂന്നുസിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ http://mwiff.co.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫീസില്ല. ഫെസ്റ്റിവലിന്റെ ഭാഗമായി നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിഎഫ്‌എക്‌സ് വര്‍ക്ക്‌ഷോപ്പും അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫോട്ടോഗ്രഫി ശില്‍പ്പശാലയും സംഘടിപ്പിക്കും. നവംബര്‍ മൂന്നിന് വൈകിട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ മാക്ട ലെജന്‍ഡ് ഹോണര്‍ പുരസ്‌കാരം നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് സമ്മാനിക്കും. സംവിധായകരായ ജയരാജ്, സുന്ദര്‍ദാസ്, രേവതി വര്‍മ, തിരക്കഥാകൃത്ത് എ കെ സന്തോഷ്, സമീറ സനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News