Loading ...

Home Gulf

പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയ നടപടി തിരുത്തണം: മന്ത്രി മുനീര്‍

ദോഹ: പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് പ്രവാസികള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി ഡോ.എം കെ മൂനീര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖത്തര്‍ കെ.എം.സി.സി എലത്തൂര്‍ബാലുശേരി മണ്ഡലങ്ങള്‍ സംയുക്തമായി എംഇഎസ് കെ.ജി ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹനിലാവ് 2016 സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസിക്ഷേമ കാര്യങ്ങളില്‍ മുസ്‌ലീംലീഗ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അതിനായി ഏതറ്റം വരെ പോകാനും പാര്‍ട്ടി ഒരുക്കമാണെന്നും മുനീര്‍പറഞ്ഞു. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി വോട്ട് രേഖപ്പെടുത്താന്‍ കേരള ജനത തയാറെടുക്കുകയാണ്. കേരള ചരിത്രത്തില്‍ ഇത്രയധികം വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു സര്‍ക്കാരുമുണ്ടായിട്ടില്ല. ഈ സര്‍ക്കാരിന്റെ സഹായ ക്ഷേമാശ്വാസങ്ങള്‍ ലഭിക്കാത്ത ഒരു ഭവനം പോലും കേരളത്തിലുണ്ടാകില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്ലാനിങ് ഫണ്ട് ചെലവഴിച്ചത് സാമൂഹ്യനീതി വകുപ്പായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്‌ലീംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുമായ നജീബ് കാന്തപുരം മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാംകമ്മിറ്റി ചെയര്‍മാനും ബാലുശേരി മണ്ഡലം പ്രസിഡന്റുമായ അസീസ് അത്തോളി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ എലത്തൂര്‍ സ്‌നേഹനിലാവ് സന്ദേശം അവതരിപ്പിച്ചു. മന്ത്രി മുനീര്‍, നജീബ് കാന്തപുരം, അബ്ദുള്ളക്കോയ, ഫൈസല്‍ എം.ടി. എന്നിവര്‍ക്ക് ഷഫീഖ് ഷംറാസ്, അബ്ദുല്‍ മജീദ്, മമ്മു ശമാസ്, ഷമീര്‍ പി.എച്ച് ഉപഹാരം നല്‍കി. ബാലുശേരി, എലത്തൂര്‍ മണ്ഡലം കമ്മിറ്റികള്‍ നാട്ടില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളിലേക്കുള്ള ഫണ്ട് ഉദ്ഘാടനം ഷുക്കൂര്‍ കിനാലൂര്‍, കെ.മുഹമ്മദ് ഈസ, സഫ കുഞ്ഞഹമ്മദ് കാവില്‍ എന്നിവര്‍ മന്ത്രി എം.കെ.മുനീറിന് കൈമാറി. റേഡിയോ വോയ്‌സ് ഓഫ് കേരള യൂത്ത്‌ഫെസ്റ്റിവല്‍ ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ വിഭാഗം കലാതിലകം ഹദിയ, സീനിയര്‍ വിഭാഗം കലാതിലകം ആര്‍ച്ച, സംസ്ഥാന യുവജനക്ഷേമവകുപ്പ് അവാര്‍ഡ് ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ഷമീര്‍ ബാവ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. കെ.എം.സി.സി സംസ്ഥാന ട്രഷററും സ്‌നേഹനിലാവ് മുഖ്യ രക്ഷാധികാരിയുമായ അലി പള്ളിയത്ത്, ആക്ടിങ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എ.പി.അബ്ദുല്‍ റഹിമാന്‍, ജില്ലാപ്രസിഡന്റ് അന്‍വര്‍ ബാബു, ജില്ലാ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറര്‍ സി.പി.ഷാനവാസ്, സ്‌നേഹനിലാവ് മുഖ്യപ്രായോജകരായ ഗ്രാന്‍ഡ്മാളിന്റെ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ബഷീര്‍ കിനാലൂര്‍, ഷബീര്‍ ഷംറാസ്, റൂബിനാസ് കൊട്ടേടത്ത്, മന്‍സൂര്‍ അലി ചത്തനാത്ത്, അബ്ദുല്‍ ഖാദര്‍ ഇല്ലത്ത്, ഹുസൈന്‍ കുട്ടി, മുസ്തഫ ടി.പി, സൈഫുദ്ദീന്‍ ഷാഫി പങ്കെടുത്തു. പ്രോഗ്രാംകമ്മിറ്റി കണ്‍വീനറും എലത്തൂര്‍ മണ്ഡലം പ്രസിഡന്റുമായ സലീം മാസ്റ്റര്‍ സ്വാഗതവും ബാലുശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ഷംറാസ് നന്ദിയും പറഞ്ഞു.

മുഹമ്മദ് ഷഫീക്ക് അറക്കല്‍- 

Related News