Loading ...

Home Gulf

ദുബായ്, അബുദാബി വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിര്‍ദേശവുമായി എയര്‍പോര്‍ട്ട് അധികൃതര്‍

ദുബായ്: സ്‌കൂള്‍ അവധിയും എക്‌സ്‌പോ 2020ന്റെ സമാപനവും കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് ദുബായ്, അബുദാബി വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്.
എക്‌സ്‌പോയിലെ അവസാന വാരാന്ത്യ അവധി ദിനങ്ങളായ മാര്‍ച്ച്‌ 25 മുതല്‍ 28 വരെയും സ്‌കൂളുകള്‍ തുറക്കുന്ന ഏപ്രില്‍ ഏഴ് മുതല്‍ ഒമ്ബത് വരെയും ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയത്.വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് മുന്‍കൂട്ടി കാണണം. ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ വണ്‍, ടെര്‍മിനല്‍ ത്രീ എന്നിവ വഴി യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് വരാന്‍ പരമാവധി ദുബായ് മെട്രോ ഉപയോഗിക്കണമെന്ന് ടെര്‍മിനല്‍ ഓപ്പറേഷന്‍സ് അറിയിച്ചു.
യുകെ, മാലിദ്വീപ്, ബഹ്‌റൈന്‍, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കൊറോണ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ അബുദാബി വിമാനത്താവളത്തിലും തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് എത്തിഹാദ് എയര്‍ലൈന്‍സ് അധികൃതരും പറഞ്ഞു. വിമാനത്താവളത്തില്‍ എത്തുന്നത് നേരത്തേയാക്കുന്നതിനു പുറമേ, വീട്ടില്‍ നിന്നുതന്നെ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തണം.
യുഎഇയില്‍ താമസവിസയുള്ള 12 വയസിന് മുകളിലുള്ളവര്‍ വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട് ഗേറ്റ് പ്രയോജനപ്പെടുത്തുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. വിമാനം പുറപ്പെടുന്ന സമയവും ടെര്‍മിനലും യാത്രക്ക് മുമ്ബ് പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദുബായ് എക്‌സ്‌പോ അവസാനിക്കുന്ന ദിനങ്ങളില്‍ വന്‍ തിരക്കാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്

Related News