Loading ...

Home meditation

മദര്‍ തെരേസ ലോകത്തിനു മുമ്പില്‍ ഭാരതത്തിന്‍റെ വിശുദ്ധ സന്ദേശവും സാക്ഷ്യവും: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി by സാബു ജോസ്

കൊച്ചി: ഭാരതം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്‍റെ വിശുദ്ധ സന്ദേശവും സാക്ഷ്യവുമാണു സെപ്റ്റംബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 

ഭാരതത്തിലെ സഭയും പൊതുസമൂഹവും മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന തീയതി അറിഞ്ഞ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്‌. 

സംസ്ക്കാരത്തിലും ഭാഷയിലും വ്യത്യസ്ത മതവിശ്വാസ രീതികളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഭാരതം, മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്‍റെ ജീവിതഭാവവും പങ്കുവച്ചു. അഗതികളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത്, ഒരു മതത്തിന്‍റെയോ വിശ്വാസികളുടെയോ മാത്രം സന്തോഷമല്ല. ഭാരതം മുഴുവനും കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത ലോകവും വിശുദ്ധ പദവി പ്രഖ്യാപനത്തെ അത്യാഹ്ലാദത്തോടും ആവേശത്തോടും കൂടിയാണ് കാത്തിരിക്കുന്നത്.

സഹനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നടുവിലാണ് മദര്‍ തെരേസ തന്‍റെ കാരുണ്യജീവിതത്തിനു അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയത്. തന്നെ തേടിയെത്തിയവര്‍ക്കും താന്‍ തേടിയെത്തിയവര്‍ക്കും മദര്‍ ക്രിസ്തുവിന്‍റെ സ്നേഹവും സാന്ത്വനവും സമ്മാനിച്ചു. കോല്‍ക്കത്തയില്‍ നിന്നു ലോകം മുഴുവനിലേക്കും ആ സ്നേഹജീവിതത്തിന്‍റെ സ്ഫുലിംഗങ്ങള്‍ അഗ്നിപോലെ പടര്‍ന്നു. കാലത്തെ അതിജീവിച്ചു ജാതിമതഭേദമന്യേ, ജനമനസ്സുകളില്‍ അതെന്നും ജ്വലിച്ചു നില്‍ക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Related News