Loading ...

Home meditation

ശുദ്ധസംസ‌്കാരം എന്ന മിഥ്യ



ഇന്ത്യയുടെ സംസ‌്കാരം ഏകശിലാത്മകമാണെന്ന ധാരണ സൃഷ്ടിക്കാന്‍ വ്യാപകശ്രമം നടക്കുന്നുണ്ട‌്. ഈ സംസ‌്കാരത്തെ ഹൈന്ദവം, വൈദികം, അനുഷ്‌ഠാനപരം എന്നൊക്കെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ മേല്‍ക്കോയ‌്മ ഇന്ത്യന്‍ ബഹുസ്വരതയെ അപായപ്പെടുത്തുന്നു. സംസ‌്കാരം എന്നതിന്റെ പ്രഥമപ്രകൃതംതന്നെ അതിന്റെ കലര്‍പ്പാണ്. അനേകം നദികള്‍ വന്നുനിറയുന്ന ഒന്നാണ് സംസ‌്കാരം. വന്നുചേരുന്ന ചെടികള്‍ പുതിയ മണ്ണിലും കാലാവസ്ഥയിലും ഉല്‍പ്പരിവര്‍ത്തനത്തിനു വിധേയമായി പുതിയ ജനിതക ഇനമായി വളരുന്നതുപോലെ സാംസ‌്കാരിക രൂപങ്ങളും കണ്ടാലറിയാത്തവിധം മാറിപ്പോയ കലര്‍പ്പ് രൂപങ്ങളായിരിക്കും. ഒരര്‍ഥത്തില്‍ സംസ‌്കാരത്തിലെ എല്ലാ രൂപങ്ങളും ഒട്ടുചെടികളാണ്. അനാദിയായ കാലംമുതല്‍ ആരംഭിച്ച മനുഷ്യരാശിയുടെ പ്രയാണം അനേകം കൊള്ളക്കൊടുക്കലുകള്‍ക്കിടയാക്കി. ആയതിനാല്‍ ശുദ്ധം എന്ന് വിളിക്കാവുന്ന ഒന്നും നമ്മുടെ സംസ‌്കാരത്തിലില്ല. സുവിദിതമാണെങ്കിലും ഇക്കാര്യം മറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന നിരവധി പ്രചാരണങ്ങളാണ് നടക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ അനാദിയായ വൈരം നില്‍ക്കുന്ന ഒരു ദേശമായി ഇന്ത്യയെ അടയാളപ്പെടുത്താനും ഇസ്ലാമിക സംസ‌്കാരത്തെ അന്യവല്‍ക്കരിക്കാനും ശ്രമം നടക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ സംസ‌്കാരത്തെ കലര്‍പ്പിന്റെ സംസ‌്കാരമെന്ന നിലയില്‍ അവതരിപ്പിക്കുന്നതിന് രാഷ്ട്രീയധ്വനി കൈവരുന്നു. ഈ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന കൃതിയാണ് മാലിക് മുഹമ്മദിന്റെ ഇന്ത്യയുടെ സങ്കര സംസ‌്കാരത്തിന്റെ അടിത്തറ (The Foundations of the Composite Culture in India). 2007ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതിയുടെ മൂന്നാം പതിപ്പാണ് 2018ല്‍ പുറത്തിറങ്ങിയത്.

'സങ്കരം' എന്ന വാക്ക് 'കോംപൊസിറ്റ്' എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായി ഉപയോഗിച്ചതാണ്. ഇംഗ്ലീഷിലെ ഈ പദം വാസ‌്തു ശാസ‌്ത്രവുമായി ബന്ധപ്പെട്ട് കടന്നുവരുന്നതാണ്. പിന്നീട് ഗണിതശാസ‌്ത്രത്തിലും പ്രകൃതിയെക്കുറിച്ചുള്ള ചരിത്രവിജ്ഞാനീയത്തിലും ഈ പദം ഉപയോഗിച്ചു. സംയുക്തമുണ്ടാക്കുന്ന പ്രവൃത്തിയാണ് കോംപൊസിഷന്‍. സംസ‌്കാരത്തിലേക്ക് വരുമ്ബോള്‍ പോസിറ്റീവായ അര്‍ഥത്തിലാണ് ഇതുപയോഗിക്കാറുള്ളത്. ബഹുസ്വരതയിലൂന്നുന്നതും ഏതെങ്കിലുമൊരു സംസ‌്കാരത്തിന്റെ മേല്‍ക്കോയ്‌മ അംഗീകരിക്കാത്തതും സംസ‌്കാരങ്ങള്‍ക്കിടയിലെ അന്യത്വത്തെ നിരസിക്കുന്നതുമായ ദര്‍ശനമാണ് 'സങ്കര'ദര്‍ശനം. ഇന്ത്യയെപ്പോലുള്ള ഒരു ജനതയുടെ അതിജീവനത്തിന് ഈ ദര്‍ശനം അനിവാര്യമാണ്. ഇന്ത്യക്കാരുടെ സംസ‌്കാരം ഹിന്ദു സംസ‌്കാരമാണെന്ന വാദത്തിന്റെ മുനയൊടിക്കുന്നു ഈ കൃതി.

 
മധ്യകാല മുഗള്‍കൊട്ടാരങ്ങളുടെ വാസ്‌തുമാതൃക നോക്കൂ. അത് പൂര്‍ണമായും ഹൈന്ദവ മാതൃകയിലുള്ളതല്ല. പൂര്‍ണമായും പേര്‍ഷ്യനുമല്ല. രണ്ടുംചേര്‍ന്ന ഹിന്ദുസ്ഥാനി മാതൃകയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുസ്ഥാനി വാസ്‌തുവിദ്യ ഇസ്ലാമിക വാസ‌്തുവിദ്യയുടെ പ്രാദേശിക മാതൃകയോ ഹിന്ദു വാസ‌്തുവിദ്യയുടെ പരിഷ്‌കൃതരൂപമോ അല്ല. രൂപത്തിനും ഏകതാനതയ‌്ക്കും ഊന്നല്‍ നല്‍കുന്നതാണ് ഇസ്ലാമിക വാസ്‌തുവിദ്യയെങ്കില്‍ അലങ്കാരത്തിനും പൊലിമയ‌്ക്കും പ്രാധാന്യം നല്‍കുന്നതാണ് ഹൈന്ദവനിര്‍മിതികള്‍. ഇവയുടെ ചേരുവയാണ് ഹിന്ദുസ്ഥാനി വാസ‌്തുവിദ്യയില്‍ കാണുന്നത്. സംസ‌്കാരത്തിന്റെ ഭിന്നാത്മക ആവിഷ‌്കാരങ്ങളാണ് മതങ്ങളും കലകളും. ഇവയില്‍ വരുന്ന പരിണാമം സംസ‌്കാരത്തിലെ പരിണാമത്തിന്റെ സൂചകങ്ങളായി കാണാം. അക്ബറിന്റെ ദീന്‍ ഇലാഹി പോലെയാണ് അദ്ദേഹം നിര്‍മിച്ച കൊട്ടാരങ്ങളും പള്ളികളും ക്ഷേത്രങ്ങളുമെല്ലാം. കലര്‍പ്പാണ് മൗലികസ്വഭാവം. മധുരയിലെ തിരുമല നായ‌്ക്കരുടെ കൊട്ടാരത്തിലും കാണാം ഈ സമന്വയസംസ‌്കാര ഗരിമ. മരിച്ചവര്‍ക്കായി ശവകുടീരം നിര്‍മിക്കുന്ന സമ്ബ്രദായം ഇസ്ലാമിക സംസ‌്കാരത്തില്‍നിന്ന് ഹൈന്ദവസമൂഹം സ്വീകരിച്ചതാകണമെന്ന് മാലിക് മുഹമ്മദ് കരുതുന്നു. ദിവാന്‍--ഇ--ആം, ദിവാന്‍--ഇ--ഖാസ് എന്നീ മുഗള്‍ കൊട്ടാര മാതൃകകള്‍ പൊതുവില്‍ ഇന്ത്യന്‍ രാജാക്കന്‍മാര്‍ സ്വീകരിച്ചിരുന്നു. ചെങ്കോട്ടയും കുത്തബ്മിനാറും താജ്മഹലും ഈ സങ്കര സൗന്ദര്യബോധത്തിന്റെ ഉല്‍പ്പന്നമാണ്.

ചിത്രകലയിലുമുണ്ട‌് അത്ഭുതകരമായ ഈ സംലയനം. അക്ബറിന്റെ കാലത്ത് രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, നള-ദമയന്തി പുരാണം എന്നിവയുടെ ചിത്രങ്ങള്‍ കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. കൊട്ടാരത്തില്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട പത്ത് കലാകാരന്‍മാരും മുസ്ലിം സമുദായത്തിലെ നാല് ചിത്രകാരന്‍മാരും ഉണ്ടായിരുന്നു. ഈ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രകൃതിയും പേര്‍ഷ്യന്‍ പ്രകൃതിയും കൂടിക്കലര്‍ന്നിരുന്നു. ഫത്തേപുര്‍ സിക്രിയിലെ ചുമര്‍ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ജഹാംഗീറിന്റെ കാലത്ത് ചിത്രകാരന്‍മാര്‍ സ്വതന്ത്രരായതിനാല്‍ പകര്‍പ്പുകളേക്കാള്‍ സ്വതന്ത്രരചനകളാണ് ഇക്കാലത്തെ ശ്രദ്ധേയമാക്കുന്നത്. ഛായാചിത്രങ്ങള്‍ രചിക്കുന്ന സമ്ബ്രദായം സമ്ബന്നമായത് ഷാജഹാന്റെ കാലത്താണ്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഛായാചിത്രങ്ങള്‍ വരച്ചത്. മയിലുകളാണ് അക്കാലത്തെ ചിത്രകാരന്‍മാരെ ഏറെ ആകര്‍ഷിച്ചത്. ഷാജഹാന്റെ കൊട്ടാരച്ചുമരുകളാകെ മയിലുകളുടെ ചിത്രംകൊണ്ട് അലംകൃതമായിരുന്നു. സിംഹാസനം രൂപകല്‍പ്പന ചെയ്‌തതും അതേവിധം. കൂട്ടപ്രാര്‍ഥനകള്‍, മങ്ങിയ മെഴുകുതിരി വെട്ടത്തില്‍ പരിശുദ്ധ ഗ്രന്ഥം വായിക്കുന്ന വിശ്വാസി, സന്യാസി സമ്മേളനം, യുദ്ധരംഗങ്ങള്‍, നായാട്ട് രംഗങ്ങള്‍ എന്നിവയെല്ലാം ചിത്രശേഖരത്തിലുണ്ട്. ഈ സാംസ‌്കാരിക ധാരയെയെല്ലാം പുറന്തള്ളിയാല്‍ പിന്നെയെന്താണ് ഇന്ത്യന്‍ നാഗരികതയില്‍ അവശേഷിക്കുന്നത്?

ചിത്രകലയില്‍ മാത്രമല്ല, സംഗീതത്തിലും കാണാം ഈ കലര്‍പ്പ്. ഹിന്ദുസ്ഥാനി സംഗീതത്തിന് മുഗള്‍കൊട്ടാരം നല്‍കിയ പ്രോത്സാഹനം ഏറെ പരാമര്‍ശിക്കപ്പെട്ടതാണ്. ക്ലാസിക്കല്‍ സംഗീതത്തിന്റെ പുരസ‌്കരണം ഇന്ത്യയില്‍ ഏറ്റവും ശക്തിപ്പെട്ടത് മുഗള്‍ കാലഘട്ടത്തിലാണ‌്. ഇന്ത്യന്‍ സംഗീതത്തിലേക്ക് എത്രയോ പുതിയ രാഗങ്ങള്‍ സംഭാവന ചെയ്‌തത് മുഗള്‍ കൊട്ടാരമാണ്. കൊട്ടാരത്തിനു പുറത്ത് സൂഫിവര്യന്‍മാരും സംഗീതത്തെ സമ്ബന്നമാക്കി. സംഗീതത്തിലൂടെ ഉന്മാദാവസ്ഥയിലെത്തുന്ന സമ്ബ്രദായം സൂഫികള്‍ക്കിടയില്‍ വ്യാപകമാണ്. സംഗീതത്തിന്റെ ലഹരിയില്‍ സമാധിയായിപ്പോയവര്‍ പോലും അക്കൂട്ടത്തിലുണ്ടെന്ന് പറയുമ്ബോള്‍ അവരുടെ ഭക്തിജീവിതത്തില്‍ സംഗീതത്തിനുള്ള പ്രാധാന്യം വ്യക്തമാകുന്നുണ്ടല്ലോ? അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്തെ അമീര്‍ഖുസ്രുവിനെ മറന്നുകൊണ്ട് ആര്‍ക്കാണ് ഇന്ത്യയില്‍ ജീവിക്കാനാകുക? ഇന്ത്യയെ ഏദന്‍ തോട്ടത്തോടാണ് ഖുസ്രു ഉപമിച്ചത്. ഇന്ത്യന്‍ വീണയും ഇറാനിയന്‍ തംബുരുവും കലര്‍ത്തി സിതാര്‍ എന്ന വാദ്യം വികസിപ്പിച്ചത് അദ്ദേഹമാണ്. ഇന്ന് നാം ആസ്വദിക്കുന്ന തബലയും നിരവധി രാഗങ്ങളും ഖുസ്രുവിന്റെ സംഭാവനയാണ്. സംഗീതത്തിലുണ്ടായ കലര്‍പ്പാണ് ഇന്ത്യന്‍ ജനതയെ ഇന്ന് കാണുന്ന സങ്കരസംസ‌്കാരത്തിലെത്തിച്ചത് എന്ന് കരുതുന്നവരുണ്ട്. ദക്ഷിണേന്ത്യയില്‍ അദില്‍ ഷാ രണ്ടാമന്റെ കാലത്താണ് സംഗീതത്തിന് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായത്. ബിജാപുരിലെ അദ്ദേഹത്തിന്റെ കൊട്ടാരം സംഗീതാസ്വാദകരുടെ പറുദീസയായാണ് അറിയപ്പെട്ടിരുന്നത്. നൗരസ് എന്നപേരില്‍ അദ്ദേഹം രചിച്ച കൃതിയില്‍ സാഹിത്യവും സംഗീതവും പ്രതിപാദിക്കുന്നു. അദ്ദേഹം സരസ്വതിയെയും സൂഫി സന്യാസിയെയും വാഴ‌്ത്തുന്നുമുണ്ട്.

സാഹിത്യത്തിലും ഭാഷയിലുമുണ്ട് കലര്‍പ്പിന്റെ ഈ സംസ‌്കാരം. സംസ‌്കൃതത്തില്‍നിന്ന് നിരവധി കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഇക്കാലത്ത് തര്‍ജമ ചെയ്യപ്പെട്ടു. ഇന്ത്യന്‍ സംസ‌്കാരത്തിലേക്ക് ഇസ്ലാമിക ചിന്താധാരകള്‍ ലയിച്ചുചേരുന്നതിന്റെ മനോഹരമായ അനുഭൂതി മുഗള്‍ കാലത്ത് രചിക്കപ്പെട്ട കൃതികളില്‍ കാണാം. ദര്‍ശനവും പ്രണയവും സമര്‍പ്പണവും ഭക്തിയും ഇവയില്‍ ഊടുംപാവും തീര്‍ക്കുന്നു. ഹിന്ദി സൂഫി സാഹിത്യത്തിന്റെ നെറുകയില്‍ ചൂടിയ രത്നമാണ് മാലിക് മൊഹമ്മദ് ജെയ്സി രചിച്ച പ്രണയ ഇതിഹാസം പത്മാവത്. പത്മാവതിനെതിരെ കൊലവിളിയുമായി വന്നവര്‍ വാസ‌്തവത്തില്‍ ഇന്ത്യയുടെ സങ്കര സംസ‌്കാരത്തെ ഭയക്കുന്നവരാണ്. ഹിന്ദിയിലെ ആദ്യത്തെ മഹാകാവ്യമാണ് പത്മാവത്. പത്മാവതിന്റെ രചനാ ശൈലി തുളസിദാസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടത്രേ. ആ സ്വാധീനത്തില്‍നിന്നാണ് രാമചരിതമാനസ‌് ഉണ്ടായത്. ഗാന്ധിയുടെ രാമന്‍ തുളസിദാസിന്റെ രാമനാണെന്നുമോര്‍ക്കുക. പാരമ്ബര്യത്തിന്റെ വേരുകള്‍ കടന്നുപോകുന്ന വഴികള്‍ എത്ര വിചിത്രമാണ്! ബാബാ ഫരീദ് പഞ്ചാബി ഭാഷയ‌്ക്ക് നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. സൂഫികള്‍ പഞ്ചാബിയിലെഴുതിയ ഗീതങ്ങളാണ് ആധുനിക പഞ്ചാബി ഭാഷയ‌്ക്ക് അടിത്തറയിട്ടത്. ആശയങ്ങള്‍ക്കും ഭാവനകള്‍ക്കും വേലികെട്ടാത്ത മധ്യകാല ഇന്ത്യ അതിന്റെ മതനിരപേക്ഷ ഭാവനകൊണ്ട് സുന്ദരമാണെന്ന് കാണാന്‍ എത്ര വേണമെങ്കിലും ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. പലമതവുമേകസാരമെന്ന ആദര്‍ശത്തെ സൗന്ദര്യാത്മകമായി പുനരാവിഷ‌്കരിക്കുകയാണ് മധ്യകാല ഇന്ത്യ ചെയ്‌തത്. ഇസ്ലാമിക്/ഇറാനിയന്‍ സാഹിത്യ പാരമ്ബര്യമായ മര്‍സിയയെക്കുറിച്ചും മാലിക് മുഹമ്മദ് ഈ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. ഔധ് കേന്ദ്രീകരിച്ച്‌ വളര്‍ന്നുവന്ന ഒരു സാഹിതീയ പാരമ്ബര്യമാണിത്. ഇതിനെ സങ്കരഭാവനയുടെ മകുടോദാഹരണമായാണ് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്.

ഈ സങ്കര സംസ‌്കാരത്തെ തകര്‍ക്കാനാവശ്യമായ ജ്ഞാനരൂപങ്ങളാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്ക് പകര്‍ന്നുനല്‍കിയത്. ചരിത്രവിജ്ഞാനത്തെയാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. ഇന്ത്യക്കാര്‍ക്ക് ചരിത്രബോധമില്ലെന്ന പരികല്‍പ്പനയില്‍ ആരംഭിച്ച കൊളോണിയല്‍ ചരിത്രശാസ‌്ത്രം ഇന്ത്യാ ചരിത്രത്തെ മതങ്ങളുടെ ചരിത്രമായി അവതരിപ്പിച്ചു. അധികാരമുറപ്പിക്കാന്‍ അവര്‍ സൃഷ്ടിച്ച മിത്തുകള്‍ ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയം പാഠപുസ‌്തകങ്ങളാക്കുന്നു. കൊളോണിയല്‍ കളരിയില്‍നിന്നാണ് അവരുടെ പരിശീലനം. ആയതിനാല്‍ കോളനിയനന്തര വിമര്‍ശനം എന്നതിന് ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ഹിന്ദുത്വവിരുദ്ധമായ വ്യാഖ്യാനം എന്നുകൂടിയാണ് അര്‍ഥം. കൊളോണിയലിസം നിര്‍വഹിച്ച സംസ‌്കാരിക അജന്‍ഡയുടെ പ്രതിലോമപരത ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ കുരുക്കുകളെല്ലാം അഴിച്ചെടുത്തിട്ടുവേണം ഇന്ത്യക്ക് ഒരാധുനിക രാഷ്ട്രമാകാന്‍. ഉറങ്ങുന്നതിനുമുമ്ബ് നമുക്കിനിയും എത്ര നാഴിക താണ്ടണം?

Related News