Loading ...

Home meditation

സഭയും സ്ത്രീകളും


ഡോ
: പൗലോസ് മാർ ഗ്രീഗോറിയോസ്
 

വേദപുസ്തകപരമായി (ഉല്പത്തി 1:27) ദൈവം ആദാമിനെ (മനുഷ്യനെ) സൃഷ്ടിച്ചു. സ്വന്തരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവന്‍ അവരെ സൃഷ്ടിച്ചു; അവന്‍ അവരെ അനുഗ്രഹിച്ചു. രണ്ടു മൂന്നു കാര്യങ്ങള്‍ ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ദൈവസ്വരൂപം എന്നു പറയുന്നത് സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന മനുഷ്യനിലാണ്: സ്ത്രീയും പുരുഷനും ഒരുപോലെ ദൈവത്തിന്‍റെ സ്വന്തരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. അവരുടെ പരസ്പരബന്ധത്തിലാണ് ദൈവികസ്വരൂപം ദൃഷ്ടമായത്. പുരുഷനില്‍  മാത്രമായല്ല സ്ത്രീയോടൊപ്പം പുരുഷനിലാണത്. സ്ത്രീപുരുഷന്മാരുടെ പാരസ്പര്യം ദൈവസ്വരൂപത്തിന്‍റെ നിദര്‍ശനമാണ്.

Image  എന്ന ഇംഗ്ലീഷ് പദത്തിന്‍റെ ഗ്രീക്കുപദം Icon എന്നാണ്  (എബ്രായഭാഷയില്‍ സേലം). അതായത് ദൃഷ്ടമല്ലാത്ത ഒരാളുടെ ദൃഷ്ടരൂപം. ഏതെങ്കിലും വസ്തുവിന്‍റെ പുനരാവിഷ്ക്കരണം എന്നും ആകാം.

ദൈവം കാണപ്പെട്ടവനല്ല എന്നും ദൈവത്തിന്‍റെ ദൃഷ്ടമായ രൂപമായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്നുമുള്ള മൗലിക യാഥാര്‍ത്ഥ്യം പലപ്പോഴും നാം വിസ്മരിക്കുന്നു. ക്രിസ്തീയ വേദശാസ്ത്രത്തെ സംബന്ധിച്ച് ആദാമില്‍ അതിന്‍റെ മങ്ങിയ ചിത്രം നമുക്കു കാണാമെങ്കിലും അതിന്‍റെ പൂര്‍ത്തീകരണം രണ്ടാമത്തെ ആദാമായ ക്രിസ്തുവിലാണ്. ക്രിസ്തു സഭയെയും സൃഷ്ടിയെയും എല്ലാം തന്നില്‍ ഒന്നാക്കി തിന്മയുടെ ലേശം പോലും ഇല്ലാതെ ദൃഷ്ടമാക്കുന്നതാണ് സകലത്തിന്‍റെയും സമ്പൂര്‍ത്തി.

അപ്പോള്‍ സ്ത്രീപുരുഷബന്ധം ആദിമ സൃഷ്ടിയിലെ ദൈവസ്വരൂപത്തിന്‍റെ തന്നെ പ്രകാശനമാണ്. ദൈവത്തിന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്. പൗലോസ് അപ്പോസ്തോലന്‍ പറയുന്നുണ്ടല്ലോ ക്രിസ്തുവും തന്‍റെ സഭയും തമ്മിലുള്ള ബന്ധം വിവാഹബന്ധത്തിലെ സ്ത്രീപുരുഷബന്ധം പോലെ നിഗൂഢമായ ഒരു രഹസ്യവും അഗാധമായ ഒരു ബന്ധവും ആണെന്ന്. ദൈവവും തന്‍റെ പ്രതിരൂപമായ മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു അവശ്യഘടകമാണ് സ്ത്രീപുരുഷ ബന്ധമെന്നുള്ളത് വേദശാസ്ത്രപരമായ അടിസ്ഥാന ആശയങ്ങളില്‍ ഒന്നാമത്തേതാണ്.

രണ്ടാമത്തെ സംഗതി വീഴ്ചയുടെ ഉത്തരവാദിത്വം മനുഷ്യകുടുംബത്തിന് പൊതുവെ ഉള്ളതാണ്. ആദാം ഹവ്വയില്‍ നിന്നാണ് പഴം വാങ്ങി തിന്നത്. ഹവ്വയാണ് അത് പാമ്പില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്നു ചോദിക്കുമ്പോള്‍ ഓരോ ആളും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ വീഴ്ചയുടെ ഉത്തരവാദിത്വം സ്ത്രീയുടേതും പുരുഷന്‍റേതും (ആദം - ഹവ്വാ) പൊതുവായുള്ളതാണ്. മനുഷ്യന് മാത്രമല്ല, ജന്തുലോകത്തിനും അതില്‍ പങ്കുണ്ട്. സൃഷ്ടി മുഴുവന്‍ വീണുപോകാനുള്ള കാരണം മനുഷ്യന്‍റെ പാപവും à´† പാപത്തിന്‍റെ പുറകില്‍ ജന്തുലോകത്തില്‍ നിന്നുണ്ടായിട്ടുള്ള à´šà´¿à´² കാര്യങ്ങളുമാണ്. വീഴ്ചയ്ക്കുശേഷം ദൈവം പാമ്പിനെ ശപിക്കുന്നു, സ്ത്രീയെ ശപിക്കുന്നു, പുരുഷനെ ശപിക്കുന്നു. എന്താണ് à´ˆ ശാപം. ജന്തുലോകത്തോട്: 'മനുഷ്യന്‍ നിന്‍റെ ശത്രുവായി തീരും. അവന്‍ നിന്‍റെ തല ചതക്കും. നീ അവന്‍റെ കുതികാല്‍ തകര്‍ക്കും." à´ˆ ശത്രുത ദൈവസ്വരൂപത്തില്‍ നിന്നുള്ള വീഴ്ചയാണ്. ദൈവസ്വരൂപം തിരികെ പ്രാപിക്കുമ്പോള്‍ à´ˆ ശത്രുതയും മാറണം. സ്ത്രീയോടുള്ള ശാപം: ഒന്ന് ഗര്‍ഭധാരണത്തിലും പ്രസവത്തിലുമുള്ള നിന്‍റെ പ്രയാസങ്ങള്‍ (കഷ്ടത, വേദന) ഞാന്‍ വര്‍ദ്ധിപ്പിക്കും. രണ്ടാമത് നിന്‍റെ ആഗ്രഹം (desire) നിന്‍റെ ഭര്‍ത്താവിനോടാകും. സ്ത്രീക്ക് പുരുഷനോടുള്ള ആസക്തി (ഇതിന്‍റെ മറുവശവും) ഒരു ശാപം പോലെയാണ്. മൂന്നാമത്തെ ശാപം അവന്‍ നിന്നെ അടക്കിഭരിക്കും. അതായത് പുരുഷന്‍ സ്ത്രീയെ അടക്കി ഭരിക്കുന്നത്, അഥവാ പുരുഷമേധാവിത്വം ദൈവസൃഷ്ടിയിലുള്ളതല്ല, വീഴ്ചയാലുണ്ടായതാണ്. മനുഷ്യന്‍റെ പാപത്തിന്‍റെ പ്രകാശനമാണ് പുരുഷന്‍ സ്ത്രീയെ അടിച്ചമര്‍ത്തുന്നത്, അടക്കി ഭരിക്കുന്നത്. ഇതു സൃഷ്ടിയുടെ ആദിഭാവത്തിലുള്ളതല്ല, പാപാവസ്ഥയുടെ ഫലമായി പിന്നീടുണ്ടായതാണ്. അല്ലാതെ à´ˆ അടിച്ചമര്‍ത്തല്‍ 'സൃഷ്ടി'യില്‍ തന്നെ ഉള്ളതാണെന്നു പറഞ്ഞ് ആരും അതിനെ absolutize  ചെയ്ത് പരമമായി കാണേണ്ടതില്ല. യഥാര്‍ത്ഥ ദൈവസ്വരൂപം വരുമ്പോള്‍ à´ˆ ശാപവും മാറണം. ദൈവസ്വരൂപം പൂര്‍ണത കിട്ടുമ്പോള്‍ പ്രസവത്തിന്‍റെ വേദന, അമിതമായ ലൈംഗികാസക്തി, ഒരാള്‍ മറ്റേ ആളെ അടക്കി ഭരിക്കുക ഇതെല്ലാം മാറും. ദൈവം പുരുഷനോട് പറയുന്നു: നീ വിയര്‍പ്പോടെ അപ്പത്തിനായി അദ്ധ്വാനിക്കും. അതായത് ക്ലേശം നിറഞ്ഞ അദ്ധ്വാനം കൊണ്ട് മാത്രമേ ജീവിക്കാന്‍ സാധിക്കൂ.

ഉല്പത്തി പുസ്തകത്തിന്‍റെ രണ്ടാം അദ്ധ്യായത്തില്‍ മറ്റൊരു കഥയുണ്ട്. അവിടെ പറയുന്നത് ആദ്യം പുരുഷനെ (ആദമിനെ) സൃഷ്ടിച്ചു. അതിനുശേഷം അവന് സഖിത്വം നല്കാന്‍ (തനിയെ ആയിരിക്കുന്നത് നന്നല്ല എന്ന് കണ്ടിട്ട്) ജന്തുലോകത്തെ മുഴുവന്‍ അണിനിരത്തി നോക്കി. അവര്‍ക്ക് ഒക്കെ അവന്‍ പേരു നല്കി. എങ്കിലും തനിക്ക് തക്കതായ 'തുണ' യായി അവയില്‍ ഒന്നിനെയും അവന്‍ കണ്ടില്ല. അവസാനം പുരുഷന് വലിയ ഒരുറക്കം കൊടുത്തിട്ട് അവന്‍റെ വാരിയെല്ലില്‍ നിന്നും സ്ത്രീയെ ഉണ്ടാക്കി. സൃഷ്ടിയെപ്പറ്റിയുള്ള à´ˆ രണ്ടു കഥകളിലും രണ്ട് വശങ്ങളാണ്  പറയുന്നത്. രണ്ടാമത്തെ കഥയില്‍ ആദം ഉറക്കത്തില്‍ നിന്നുണര്‍ന്നു വന്നപ്പോള്‍ തന്‍റെ വാരിയെല്ലില്‍ നിന്നെടുത്ത സ്ത്രീ മുന്നില്‍ നില്ക്കുന്നു. അങ്ങനെ ആദം (പുരുഷന്‍) സന്തോഷത്തോടെ പറഞ്ഞു: ഇതാ 'എന്‍റെ അസ്ഥിയില്‍ നിന്ന് അസ്ഥിയും മാംസത്തില്‍ നിന്ന് മാംസവും - ഇവളാണ് എന്‍റെ ശരിയായ തുണ, എന്‍റെ യഥാര്‍ത്ഥ കൂട്ടുകാരി.' അതുകഴിഞ്ഞ് ദൈവം പറയുന്നു, അതിനാല്‍ ഏതു പുരുഷനും തന്‍റെ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് ഭാര്യയോട് പറ്റിച്ചേരും. അവരിരുവരും ഒരു ശരീരമാകും (മത്താ. 19:5). പുരുഷനാണ് അപ്പനെയും അമ്മയെയും വിട്ട് സ്ത്രീയോട് പറ്റിച്ചേരേണ്ടത്; മറിച്ചല്ല. നമ്മുടെ സാമൂഹിക ആചാരങ്ങളില്‍ അപ്പനെയും അമ്മയെയും 'വിട്ടുപിരിഞ്ഞ്' പറ്റിച്ചേരുന്നത് സ്ത്രീയായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ആദിയില്‍ ദൈവം കല്പിച്ചത് അങ്ങനെയല്ല. ഉല്പത്തി 2:22 ല്‍ പറയുന്നത് അതീവ ഗൗരവമായ ഒരു കാര്യമാണെന്ന് വിവാഹമോചനത്തെപ്പറ്റി ചോദിക്കുമ്പോള്‍ യേശുവും പറയുന്നുണ്ട്. "മോശ വിവാഹമോചനം അനുവദിച്ചത് നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ്" (മത്താ. 19:8). സ്വാഭാവികമായിട്ടുള്ളത് 'പുരുഷന്‍ മാതാപിതാക്കളെ വിട്ട് സ്ത്രീയോട് ചേര്‍ന്ന് ഇരുവരും ഒരു ശരീരമായി' ജീവിക്കുക എന്നുള്ളതാണ് എന്ന് കര്‍ത്താവ് പഠിപ്പിച്ചു. പുരുഷന്‍ സ്ത്രീയോട് ചേര്‍ന്ന് ഇരുവരും വേര്‍പെടുത്താന്‍ പറ്റാത്തവണ്ണം ഒന്നായി തീരണം എന്നത് ഗൗരവമായെടുക്കേണ്ട കാര്യമാണ്. അതുകൊണ്ട് സ്ത്രീപുരുഷബന്ധം നിസാരമായല്ല ക്രിസ്തീയ പഠിപ്പിക്കലില്‍ പ്രതിപാദിക്കുന്നത്. മറ്റു à´šà´¿à´² മതങ്ങള്‍ അത്ര തന്നെ ഗൗരവമായല്ല à´ˆ വിഷയം കൈകാര്യം ചെയ്യുന്നത്. ബുദ്ധമതത്തില്‍ സ്ത്രീയെ വളരെ താണതരത്തിലാണ് വിലയിരുത്തിയിട്ടുള്ളത്; പുരുഷന് ആധ്യാത്മികമായി ഒരു പ്രതിബന്ധം എന്ന തരത്തില്‍. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപദവി ഉണ്ടെന്നു തന്നെയല്ല, സ്ത്രീ പുരുഷബന്ധത്തിനും സമുന്നതമായ പദവിയാണ് കൊടുത്തിട്ടുള്ളത്. സ്ത്രീപുരുഷ ബന്ധത്തില്‍ക്കൂടിയാണ് ദൈവത്തിന്‍റെ സ്വരൂപം പ്രകാശിപ്പിക്കപ്പെടുന്നത്.

വേദശാസ്ത്രപരമായി ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. പഴയനിയമത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നു? അസാധാരണമെന്നും അപൂര്‍വമെന്നും പറയാവുന്ന സ്ഥാനമാണ് പഴയനിയമകാലത്ത് സ്ത്രീക്ക് നല്കിയിട്ടുള്ളത്. സ്ത്രീകളെ ധാരാളമായി നേതൃത്വസ്ഥാനത്ത് കാണുന്നുണ്ട്. ന്യായാധിപന്മാരില്‍, പ്രവാചകരില്‍ നിരവധി ഉദാഹരണങ്ങള്‍ എടുത്തു പറയാം. എന്നാല്‍ 'പുരോഹിതന്‍' എന്ന എബ്രായപദത്തിന്‍റെ സ്ത്രീലിംഗപദം മാത്രം പഴയനിയമത്തില്‍ കാണുന്നില്ല. ഇതില്‍ നിന്ന് ഏതെങ്കിലും നിഗമനത്തിലെത്തുകയല്ല. പ്രവാചിക എന്നത് സ്ത്രീകള്‍ക്ക് ശരിയായ, സാധാരണയായ സ്ഥാനമായി കാണുന്നു. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ നാം പല സ്ത്രീകളേയും അസാമാന്യമായ നേതൃത്വ സ്ഥാനത്ത് കാണുന്നുണ്ട്.

കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തില്‍ വിശുദ്ധ കന്യകമറിയവും എലിസബത്തും പ്രമുഖമായ പങ്കു വഹിച്ചതായി കാണുന്നു. സഭാചരിത്രത്തില്‍ യേശുവിന്‍റെ അമ്മ മറിയയ്ക്ക് മറ്റേതൊരാളെയുംകാള്‍, അപ്പോസ്തോലന്മാരെക്കാളൊക്കെ ഉയര്‍ന്ന സ്ഥാനമാണ് കല്പിച്ചിരിക്കുന്നത് എന്നത് അസാധാരണമായി തോന്നാം. സഭയ്ക്ക് ദൈവം കൊടുത്ത ഒരു സവിശേഷ ജ്ഞാനമാണിത്. യേശുക്രിസ്തുവിനെ ഒരു 'പുരുഷ' ഭാവത്തില്‍ മാത്രം കാണാതിരിക്കാന്‍ വേണ്ടി കൂടിയാണോ ഇത്തരം ഒരു സ്ഥാനം കൊടുത്തത് എന്ന് സംശയം തോന്നുന്നു. പാമ്പ് പറഞ്ഞത് അനുസരിച്ചതിലൂടെ ഹവ്വ ഉണ്ടാക്കിവെച്ച പ്രശ്നം മാറ്റിയിട്ട്, അതിന് വിപരീതമായി ദൈവത്തിന്‍റെ മാലാഖാ വന്നു പറഞ്ഞത് വിശ്വസിച്ചതിലൂടെ വി. കന്യകമറിയമാണ് വീഴ്ചയിലേക്ക് നയിച്ച പ്രക്രിയയെ തിരിച്ചുകൊണ്ടുവരുന്നത്.

പാശ്ചാത്യ പാരമ്പര്യത്തില്‍ ഇതിനെ EVA – AVE doctrine എന്നു പറയും. Eva (ഹവ്വാ) ഉണ്ടാക്കിയ പ്രശ്നം പരിഹരിച്ചത് Ave അഥവാ കൃപ നിറഞ്ഞ മറിയം ആണ്. Eva എന്ന വാക്കു നേരെ തിരിഞ്ഞ് Ave എന്നാകുന്നതുപോലെ നേരെതിരിച്ചുവരുന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. രണ്ടാമത്തെ ഹവ്വായായ മറിയമാണ് മനുഷ്യരാശിയെ രക്ഷിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചത്. അവളുടെ വിശ്വാസമാണ് മനുഷ്യാവതാരം സാധ്യമാക്കിയത് എന്നത് സഭയുടെ ഒരു പ്രധാനപ്പെട്ട ചിന്തയായി കരുതുന്നു. പൗരസ്ത്യസഭയുടെ ചിന്തയില്‍ മനുഷ്യാവതാരത്തിന്‍റെ (Incarnation) ആരംഭം മാലാഖയുടെ അറിയിപ്പില്‍ (Annunciation) ആണ്. മാലാഖയുടെ അറിയിപ്പാകട്ടെ വിശ്വസിക്കാന്‍ ഏറ്റം പ്രയാസമുള്ളതാണ്. ഒന്നാമത്, പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് പറയുന്നു: 'നീ പുരുഷബന്ധം കൂടാതെ ഗര്‍ഭിണി ആകുമെന്ന്.' രണ്ടാമത് 'അങ്ങനെ ജനിക്കുന്ന ശിശു ദൈവപുത്രനായിരിക്കു'മെന്ന്. പാമ്പ് വന്ന് ഹവ്വായോട് പറഞ്ഞതിലും വിശ്വസിക്കാന്‍ പ്രയാസമുള്ള വചനമാണ് മാലാഖാ മറിയത്തോട് അറിയിക്കുന്നത്. അവള്‍ അത് വിശ്വസിച്ചില്ലായിരുന്നെങ്കില്‍ മനുഷ്യാവതാരം അസാധ്യമാകുമായിരുന്നു. അതായത് മനുഷ്യരാശിയുടെ അനുവാദത്തോടുകൂടി മാത്രമേ ദൈവം മനുഷ്യനായി തീര്‍ന്നിട്ടുള്ളൂ. ദൈവം ഒരു തീര്‍പ്പ് കല്പിക്കയോ തന്‍റെ ആജ്ഞ മനുഷ്യനില്‍ അടിച്ചേല്പിക്കുകയോ അല്ല ചെയ്തത്. മറിച്ച് തന്നോടൊപ്പം സഹകരിക്കാന്‍, തന്നെ സ്വീകരിക്കാന്‍ ഒരു മനുഷ്യവ്യക്തിയെ കണ്ടെത്തിയതാണ് മനുഷ്യാവതാരത്തിന്‍റെ വലിയ മര്‍മ്മം. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി ദൈവത്തെ സ്വീകരിച്ചത്, ദൈവത്തിനു മനുഷ്യനാകാന്‍ അനുവാദം കൊടുത്തത് കന്യകമറിയം ആയിരുന്നു. അതാണ് വി. കന്യകമറിയത്തിന് പരമോന്നതമായ സ്ഥാനം കല്പിച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനം.
നമ്മുടെ പ്രതിരൂപശാസ്ത്ര ചിന്തയില്‍ കര്‍ത്താവിന്‍റെ അമ്മ മറിയം നാലു പ്രകാരത്തില്‍ പ്രതിബിംബിക്കപ്പെടുന്നുണ്ട്. ഒന്ന്, രണ്ടാമത്തെ ഹവ്വാ എന്ന നിലയില്‍. രണ്ടാമത്, വിശ്വാസികളുടെ മുഴുവന്‍ മാതാവ് അതായത്, മനുഷ്യാവതാരം നടക്കുന്നതിനു മുമ്പു തന്നെ 'സുവിശേഷം' അവള്‍ക്കാണ് നല്‍കപ്പെട്ടത് എന്നതുകൊണ്ട് സഭ മറിയാമിനെ വിശ്വാസികളുടെ മാതാവായി, സഭയുടെ തന്നെ ഒരു പ്രതീകമായി കരുതുന്നു.
മൂന്നാമതായി, മനുഷ്യരാശിയുടെ മുഴുവന്‍ പ്രതീകമായിട്ടും കന്യകമറിയം കരുതപ്പെടുന്നു. കാരണം കര്‍ത്താവായ യേശുമിശിഹാ എടുത്ത 'മനുഷ്യത്വം' യഹൂദ മനുഷ്യത്വമല്ല, ക്രിസ്തീയ മനുഷ്യത്വമല്ല, സാര്‍വ ത്രിക മനുഷ്യത്വമാണ് - എല്ലാ മനുഷ്യരുടേതുമാണ്. എല്ലാ മനുഷ്യരും ഉള്‍പ്പെടുന്നതുകൊണ്ട് വി. കന്യകമറിയം 'മനുഷ്യവര്‍ഗ്ഗ'ത്തിന്‍റെ മുഴുവന്‍ പ്രതീകം കൂടിയാണ്. മുമ്പുണ്ടായിരുന്നവരും ഇന്നുള്ളവരും വരാനിരിക്കുന്നവരുമായ മുഴുവന്‍ 'മനുഷ്യരാശിയെയും ഉള്‍ക്കൊള്ളുന്ന ഒരു ജഗദ് രൂപം (Cosmic figure ) കൂടിയാണ്.

നാലാമതായി, മുഴുവന്‍ സൃഷ്ടിയുടെയും പ്രതിരൂപമാണ് കന്യകമറിയം. സൃഷ്ടി എന്നു പറയുന്നത് ദൈവം തന്‍റെ മുഖാഭിമുഖമായി സൃഷ്ടിച്ചിരിക്കുന്നത് (Ochama) ദൈവവിജ്ഞാനത്തിന്‍റെ ദൃഷ്ടപ്രദര്‍ശനം ആണ്. ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രജാലം ഇവയെല്ലാം കൂടിയ സൃഷ്ടികര്‍മം ദൈവവിജ്ഞാനമാണ്. Ochama എന്ന എബ്രായപദത്തിന്‍റെ ഗ്രീക്ക് രൂപമാണ് Sophia - എല്ലാ മനുഷ്യരാശിക്കുമായുള്ള ദൈവവിജ്ഞാനം. സൃഷ്ടിയുടെ മുഴുവന്‍ പ്രതിരൂപമായാണ് കന്യകമറിയമിനെ സങ്കല്പിച്ചിരിക്കുന്നത്.

സഭയില്‍ സ്ത്രീകളുടെ സേവനം പ്രാരംഭം മുതല്‍ വളരെ പ്രധാനമായിരുന്നു. യേശുക്രിസ്തുവിന്‍റെ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്ത്രീകളായിരുന്നു എന്നു മാത്രമല്ല; വളരെ കഴിവുള്ള സ്ത്രീകള്‍ വരെ തന്‍റെ കൂടെ ഉണ്ടായിരുന്നു. കര്‍ത്താവ് പന്ത്രണ്ട് ശിഷ്യന്മാരെ തെരഞ്ഞെടുത്തപ്പോള്‍ പുരുഷന്മാരില്‍ നിന്നു മാത്രം തെരഞ്ഞെടുത്തതുകൊണ്ടാവാം, 'ചോയ്സ്' അല്പം മോശമായത് എന്നു ചിന്തിക്കുന്നതു സ്വാഭാവികമാണ്. ഇവരെക്കാളധികം കഴിവുള്ളവര്‍ തന്‍റെ ചുറ്റും ഉണ്ടായിരുന്നു (ഒരുപക്ഷേ വളരെ അധികം കഴിവുള്ളവരെ, താന്‍ തെരഞ്ഞെടുക്കാതിരുന്നത് തല അധികം വലുതാകാതിരിക്കാനായിരിക്കാം!). ഏതായാലും കഴിവില്ലാത്ത 12 മീന്‍പിടുത്തക്കാരെ പിടിച്ച് അവരെ 12 ഗോത്രതലവന്മാരുടെ സ്ഥാനത്ത് പുതിയ ഇസ്രായേലിന്‍റെ 12 അധിപതികള്‍ - പാത്രിയര്‍ക്കീസുമാര്‍ - ആക്കുകയാണ് യേശു ചെയ്തത്. എന്നാല്‍ അവരേക്കാള്‍ ഉന്നതമായ സ്ഥാനം കന്യകമറിയാമിന് ആദിമുതല്‍ തന്നെ ഉണ്ടായിരുന്നു.

സ്ത്രീകളുടെ സേവനത്തിന് സഭ കല്പിച്ച സ്ഥാനത്തിന്, ഒരുദാഹരണം കൂടിയുണ്ട്. ആദ്യ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ 'മഗ്ദലക്കാരി മറിയ' എന്ന് പറയണം. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ വര്‍ത്തമാനം ആദ്യം പോയി അറിയിച്ചത് അവളാണ്. "നീ പോയി അപ്പോസ്തോലന്മാരോടു പറയുക" (മര്‍ക്കോ. 16:7). അസാധാരണമായ ഒരു ജോലിയാണ് യേശു അവള്‍ക്കു കൊടുക്കുന്നത്.

സഭയ്ക്കുള്ളില്‍, സ്ത്രീകളുടെ പ്രധാന പ്രവര്‍ത്തനം സഭയുടെ തന്നെ ഏറ്റം വലിയ പ്രവര്‍ത്തനമായ ആതുരശുശ്രൂഷയായിരുന്നു. രോഗികളെ ശുശ്രൂഷിക്കുക, വൃദ്ധരെ പരിചരിക്കുക, വഴിയാത്രക്കാര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നിങ്ങനെ അശരണര്‍ക്ക് ആശ്രയം കൊടുക്കുന്ന സഭയുടെ കര്‍ത്തവ്യം ഏതാണ്ട് മുഴുവന്‍ പങ്കും സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു നിറവേറ്റപ്പെട്ടിരുന്നത്. ആശുപത്രി ഒക്കെ അവരുടെ hospitality യില്‍ നിന്നുണ്ടായതാണ്. സഭയുടെ 'ഡയക്കോനിയാ' (ശുശ്രൂഷ) യുടെ പ്രധാന സ്വഭാവം രോഗികളായി നോക്കാനാരുമില്ലാത്തവരെ പള്ളിമുറിയില്‍ കൊണ്ടുവന്നു ശുശ്രൂഷിക്കുക എന്നതായിരുന്നു. രണ്ടാം ശതകത്തിന്‍റെ അവസാനം റോമിലെ സഭയില്‍ 2000 വിധവകള്‍ പേര് ചേര്‍ത്തിരുന്നതായി കാണുന്നു. അവരുടെ രണ്ടു പ്രധാന ചുമതലകള്‍: ഒന്ന്, നിരന്തരമായി പ്രാര്‍ത്ഥനയില്‍ ജാഗരിക്കുക. ഇത് സഭയുടെ ഒരു വലിയ ശക്തിസ്രോതസായിരുന്നു. അതുപോലെ ആതുരശ്രുശ്രൂഷ ചെയ്യുക. ഇവ രണ്ടും സഭയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു.

ഇതു കൂടാതെ മതബോധനത്തിലും സ്ത്രീകള്‍ക്ക് പങ്കുണ്ടായിരുന്നു. ഇവിടെ ഒരു കുഴപ്പം വന്നു ഭവിച്ചു. കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തിന്‍റെ 14:34-37 വരെ ഭാഗത്ത് ശ്ലീഹാ "നിങ്ങളുടെ സ്ത്രീകള്‍ സഭയില്‍ മിണ്ടാതിരിക്കട്ടെ; അവര്‍ വല്ലതും പഠിക്കണമെങ്കില്‍ വീട്ടില്‍വെച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ച് പഠിക്കട്ടെ" എന്നൊക്കെ പറഞ്ഞ് മറ്റുള്ളിടത്ത് ഒക്കെ ഇങ്ങനെയാണ് എന്ന് കഠിനമായി വാദിച്ചു. ഇത് ചിന്താക്കുഴപ്പം ഉണ്ടാക്കി. എന്നാല്‍ ഒന്നാമതായി, ഈ വീക്ഷണം സഭ അതിന്‍റെ പാരമ്പര്യത്തില്‍ എടുത്തില്ല. സ്ത്രീകളെ സഭായോഗത്തില്‍ സംസാരിക്കാന്‍ സഭ അനുവദിച്ചിരുന്നു. ആദ്യത്തെ മൂന്നുനാല് ശതകങ്ങളില്‍ സഭയുടെ ബോധന ശുശ്രൂഷയില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു. പൗലോസ് ശ്ലീഹാ ഒരു പ്രാവശ്യം പറഞ്ഞു എന്നതു ശരി തന്നെ; എന്നാല്‍ ആ പൗലോസ് ശ്ലീഹാ തന്നെ പുരുഷന്‍ തല മൂടിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് ലജ്ജാകരമാണ് എന്നു പറഞ്ഞു. ബിഷപ്പന്മാര്‍ തലമൂടിയല്ലേ പ്രാര്‍ത്ഥിക്കുന്നത്? സ്ത്രീകള്‍ തലമൂടണം എന്ന് കോരിന്തിലെ സഭയോട് പറഞ്ഞതിന്‍റെ അര്‍ത്ഥം വ്യത്യസ്തമായിരുന്നു. റോമിലെ വിഗ്രഹാരാധനക്കാരായ വിജാതീയ സമൂ ഹത്തില്‍ അവിവാഹിതകളായ സ്ത്രീകള്‍ക്ക് ശിരോവസ്ത്രം അണിയേ ണ്ടതില്ല. തല മൂടുന്നത് വിവാഹിതകളായ സ്ത്രീകള്‍ മാത്രം.

കോരിന്ത് ഒരു വലിയ വാണിജ്യനഗരമായിരുന്നു. Acro - Corinth   (അക്രോ കോരിന്ത്) അവിടെയുള്ള ഒരു കുന്നാണ്. അതിന്‍റെ ഉച്ചിയില്‍ ഒരു വലിയ ദേവീക്ഷേത്രം ഉണ്ടായിരുന്നു. അവിടെ ക്ഷേത്രപരിസരം കൊണ്ടു കഴിയുന്ന ആയിരക്കണക്കിന് ക്ഷേത്രവേശ്യകള്‍ ഉണ്ടായിരുന്നു. അന്നത്തെ കോരിന്ത്യന്‍ സംസ്കാരത്തിന്‍റെ ഒരു പ്രധാന മുഖം തന്നെ അതായിരുന്നു. അങ്ങനെ വേശ്യകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്ന കോരിന്തിലാണ് പൗലോസ് സഭ സ്ഥാപിച്ചത്. അവിടത്തെ 'ക്ഷേത്രവേശ്യകള്‍' എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നവരും 'വെളിച്ചപ്പാട്' പറയുന്നവരും ഒക്കെ ആയിരുന്നു. à´ˆ ക്ഷേത്രവേശ്യകളില്‍ നിന്ന് വ്യത്യസ്തമായിരിക്കട്ടെ എന്നു കരുതിയാണ് കോരിന്തിലെ സ്ത്രീകളോട് തല മൂടണമെന്നും തലമുടി വെട്ടരുതെന്നും പൗലോസ് ശ്ലീഹാ കല്പിക്കുന്നത്.
ആ ആചാരം സഭ ഒരു ചട്ടം ആക്കിയിട്ടില്ല. 'പുരുഷന്‍ തല മൂടാന്‍ പാടില്ല. എന്നാല്‍, സ്ത്രീകള്‍ പ്രവചിക്കുമ്പോള്‍ തല മൂടണം' എന്നു വ്യക്തം. സഭയില്‍ മിണ്ടാതിരിക്കണമെന്നതിന് അപ്പോള്‍ അര്‍ത്ഥമില്ലല്ലോ. പ്രവചന ശുശ്രൂഷയില്‍ നിന്ന് സ്ത്രീകളെ രണ്ടാം തരക്കാരായി മാറ്റിനിര്‍ത്തിയിട്ടില്ല എന്നു സാരം.

പഠിപ്പിക്കുന്നതിനുള്ള പദവി, സ്ഥാനം ആദ്യം മുതലേ ഉണ്ടായിരുന്നു. പരിശുദ്ധ ബസ്സേലിയോസ് മെത്രാന്‍റെ ചരിത്രം ഏറ്റം ശ്രദ്ധേയമാണ്. അദ്ദേഹം വലിയ പരിശുദ്ധനും മഹാനുമായിരുന്നു. അദ്ദേഹം പറയുന്നു: "എന്‍റെ വിശ്വാസം എനിക്കു ലഭിച്ചത് മൂന്നു സ്ത്രീകളില്‍ നിന്നാണ് - മറ്റൊരു മെത്രാനില്‍ നിന്നല്ല." തന്‍റെ വലിയമ്മ മക്രീന, തന്‍റെ അമ്മ എമിലിയാ, തന്‍റെ സഹോദരി മക്രീനാ ഇങ്ങനെ മൂന്നു സ്ത്രീകളാണ് വിശ്വാസത്തിന്‍റെ കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സഭയിലെ ഏറ്റം വലിയ പണ്ഡിതനും വിശുദ്ധനും പരിശുദ്ധനുമായ പരിശുദ്ധ ബസേലിയോസിന്‍റെ സാക്ഷ്യത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് കുടുംബത്തിനുള്ളിലും പുറത്ത് സഭയിലും പഠിപ്പിക്കുന്നതിനുള്ള നേതൃത്വം അംഗീകരിക്കപ്പെട്ടിരുന്നു എന്നു കാണാം. ഇവിടെയും ഒരു നിഗമനത്തിലേക്കു ഞാന്‍ വരുന്നില്ല. ഇന്ന് തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ബോധന ശുശ്രൂഷയില്‍ പ്രാമുഖ്യം നല്കുക തന്നെ വേണം എന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. അങ്ങനെ വന്നാല്‍ തന്നെ കാര്യങ്ങള്‍ക്ക് വലിയ വ്യത്യാസം വരും.

സഭയില്‍ സ്ത്രീകളായ രക്തസാക്ഷികള്‍ വളരെ ഉണ്ടായിട്ടുണ്ട്. പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥത ഓര്‍ത്തഡോക്സ് സഭയിലുണ്ട്. എന്നാല്‍ പരിശുദ്ധകളോടും മദ്ധ്യസ്ഥത വേണ്ടതാണ്; അത് നാം പലപ്പോഴും മറന്നുപോകുന്നു. അവരെ നാം ഓര്‍ക്കേണ്ടതുണ്ട്. ആദ്യകാലത്ത് ജീവന്‍ ബലി കഴിച്ചാണ് അവര്‍ സഭയെ വളര്‍ത്തിയെടുത്തത്.

ശെമ്മാശിനിമാരെ (Deaconesses) പറ്റി ധാരാളം പറയാനുണ്ട്. സഭയുടെ ആരംഭകാലം മുതല്‍ ശെമ്മാശിനിമാര്‍ ഉണ്ടായിരുന്നു. പിന്നീടാണ് കന്യാസ്ത്രീകള്‍ വന്നത്. ശെമ്മാശിനിമാര്‍ക്ക് കുര്‍ബാന കൊടുക്കുവാനുള്ള അധികാരം തീര്‍ച്ചയായും ഉണ്ടായിരുന്നു. മാമ്മോദീസാ മുക്കാനും മൂറോന്‍ അഭിഷേകം ചെയ്യാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. കൗദാശികമായ ചുമതലകളും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. ശെമ്മാശിനിമാരെക്കുറിച്ച് നാം കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു. നാലാം ശതാബ്ദം വരെ അവര്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ അഞ്ചാം ശതകത്തില്‍ സന്ന്യാസിമാര്‍ (Monks) മെത്രാന്മാരായി വന്നുതുടങ്ങിയപ്പോളാണ് സ്ത്രീകളുടെ സ്ഥാനത്തിന് പ്രശ്നം വരുന്നത്. കാരണം സന്യാസിമാര്‍ക്ക് പൊതുവെ സ്ത്രീകള്‍ അടുത്തുവരുന്നത് ഭയമാണ്. സ്ത്രീകളെ ഒരു പ്രലോഭനമായും പ്രതിബന്ധമായും അവര്‍ കാണാന്‍ തുടങ്ങി. അന്നുമുതലാണ് സഭാ ജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള ചുമതലകള്‍ കുറഞ്ഞു വന്നത്.

വര്‍ത്തമാനകാലത്ത് അഖിലലോക സഭാകൗണ്‍സിലില്‍ 1947-ല്‍ മിസ് സാറാ ചാക്കോ ഒരു പ്രസിഡണ്ടായിരുന്നു. അവര്‍ ഒരു പുരുഷന്‍റെയും കീഴിലായിരുന്നില്ല. ആരെയും കവച്ചുവെക്കുന്ന കഴിവുകള്‍ വളര്‍ത്തിയ ഒരു വനിതയായിരുന്നു അവര്‍. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ഇടവകകളില്‍ വേണ്ടത്ര സ്ഥാനം കൊടുക്കുന്നില്ല. സുറിയാനിക്രിസ്ത്യാനി സഭകള്‍ നേതൃത്വത്തില്‍ അര്‍ഹമായ സ്ഥാനം സ്ത്രീകള്‍ക്കു കൊടുക്കാതെ വന്നതുകൊണ്ടാണ് അവര്‍ Y.W.C.A. പോലുള്ള പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനിടയായത്. നേതൃത്വസ്ഥാനങ്ങളില്‍ നമ്മുടെ സഭകളില്‍, സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിനു കാരണം വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകളെ പൊതുവെ ഭയമാണ് എന്നതുകൊണ്ടാണ്. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വന്നാല്‍ അച്ചന്മാര്‍ പറയുന്നിടത്ത് അവര്‍ നില്ക്കുകയില്ല എന്ന ഭയം. അതുകൊണ്ട് കഴിവുള്ള സ്ത്രീകളെപ്പോലും സഭയ്ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. നമ്മുടെ ഈ നയം തിരുത്തിയില്ലെങ്കില്‍ നമുക്കുള്ള നഷ്ടം ഭീമമായിരിക്കും.

അന്തര്‍ദേശീയമായി പറയുമ്പോള്‍ വനിതാപ്രസ്ഥാനം ഈ നൂറ്റാണ്ടിന്‍റെ ആരംഭകാലം മുതല്‍ ഇംഗ്ലണ്ടിലും മറ്റും സജീവമായി ഉടലെടുത്തു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രസ്ഥാനം വളരെ ശക്തമായിരുന്നു. 1970-ലാണ് പിന്നീട് അത്തരം ശബ്ദങ്ങള്‍ കാര്യമായി ഉയര്‍ന്നു വന്നത്. 1968-70 കാലഘട്ടത്തില്‍ തന്നെയാണ് മൂന്നാംലോക രാഷ്ട്രങ്ങളുടെ (ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങള്‍) ശബ്ദം ഉറക്കെ കേട്ടുതുടങ്ങിയതും, അത് വെള്ളക്കാരുടെ സമ്പന്ന രാഷ്ട്ര നേതൃത്വങ്ങള്‍ക്ക് ഭീതി ഉളവാക്കാന്‍ തുടങ്ങിയതും. ആ ഭീതി ലോകത്തില്‍ ഭൂരിപക്ഷമായ ദരിദ്രരാഷ്ട്രങ്ങളിലെ ജനങ്ങള്‍ തങ്ങളെ ഒതുക്കിക്കളയുമോ എന്നതായിരുന്നു. മൂന്നാംലോക ജനതയെ ഭിന്നിപ്പിച്ചാല്‍ അവര്‍ ഉയര്‍ന്നുവരില്ല എന്ന കണക്കുകൂട്ടലില്‍ മനുഷ്യാവകാശ പ്രസ്ഥാനത്തെയും വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഫെമിനിസ്റ്റു പ്രസ്ഥാനത്തെയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ബോധപൂര്‍വം ഉപയോഗപ്പെടുത്താന്‍ കൂട്ടായ ശ്രമം നടത്തിയിട്ടുണ്ടെന്ന് നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്ത് പാശ്ചാത്യഫെമിനിസ്റ്റുകള്‍ പറയുന്നതൊക്കെ ഏഷ്യന്‍ വനിതകളും ആവര്‍ത്തിക്കുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഏഷ്യന്‍ വനിതാ പ്രസ്ഥാനങ്ങള്‍ തങ്ങളുടേതായ തനതായ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയത്. ഏഷ്യന്‍ സ്ത്രീകളുടെ പോരാട്ടം ഏഷ്യയിലെ എല്ലാ ജനങ്ങളുടെയും മോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാകണമെന്നത് ഒരു പ്രധാന ഉള്‍ക്കാഴ്ചയായി സ്വീകരിക്കണം. അതായത് സ്ത്രീകളുടെ മോചനം എന്നു പറയുന്നത് പുരുഷന്മാരില്‍ നിന്നുള്ള മോചനം മാത്രമല്ല. പുരുഷന്മാരും സാമ്പത്തികമായ അനീതിക്ക് വിധേയരായി കിടക്കുകയാണ്. അവരുടെ വിമോചനവും സ്ത്രീകളുടെ വിമോചനവും ഒരു പാക്കേജ് ആയി കാണേണ്ടിയിരിക്കുന്നു. ഒന്നു കളഞ്ഞിട്ട് മറ്റത് നേടാന്‍ കഴിയില്ല.

സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വം രണ്ടു തലത്തിലുണ്ട്. ഒന്ന് പ്രകൃത്യാലുള്ളത് (ജീവശാസ്ത്രപരം). പുരുഷന്മാര്‍ സംഘടിച്ച് ഗര്‍ഭധാരണത്തിനും പ്രസവത്തിനും ഉള്ള അവകാശം തങ്ങള്‍ക്കും വേണമെന്നു പറഞ്ഞാല്‍ വലിയ കാര്യമായിട്ടൊന്നും നടക്കില്ല. പ്രകൃത്യാലുള്ള ചില വൈജാത്യങ്ങളുണ്ട്. ചില ചുമതലകള്‍ പ്രകൃതി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എന്ന് വിഭജിച്ചിട്ടുണ്ട്. സാംസ്കാരികമായി വളര്‍ന്നുവന്നിട്ടുള്ള അസമത്വങ്ങളാണ് പ്രധാന പ്രശ്നം. ആചാരപരമായും മറ്റും ഉണ്ടായിട്ടുള്ള അസമത്വങ്ങള്‍ എങ്ങനെ ഉണ്ടായി എന്നുള്ളതിന്‍റെ ചരിത്രം പഠിച്ച് അതിനെ പരിഹരിക്കാന്‍ വേണ്ടതു ചെയ്കയാണ് വനിതാ പ്രസ്ഥാനങ്ങളിലൂടെ നമുക്ക് ചെയ്യാവുന്നത്.

ഡോ: പൗലോസ് മാർ ഗ്രീഗോറിയോസ്
[ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും,  ദാർശനികനും, ചിന്തകനും, ഗ്രന്ഥകാരനുമായ ഗ്രീഗോറിയോസ് തിരുമേനി 1922 ഓഗസ്ററ് 9-ന് തൃപ്പൂണിത്തുറയിൽ ജനിച്ചു. പിതാവ് : പൈലി മാസ്റ്റർ, മാതാവ് : ഏലി.  1937-ൽ മെട്രിക്കുലേഷൻ പാസ്സായി. അതിനു ശേഷം (1937-42) പത്രലേഖകനും, (1942-47) കാലത്ത് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഗുമസ്തൻ, പി ആൻഡ് à´Ÿà´¿ വകുപ്പിൽ ഗുമസ്തനും പോസ്റ്റ്മാസ്റ്ററുമായി ജോലി ചെയ്തു.  à´…ക്കാലത്ത് പി ആൻഡ് à´Ÿà´¿ ട്രേഡ് യൂണിയൻ തിരുവിതാംകൂർ - കൊച്ചി  à´…സ്സോസിയേറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പിന്നീട് എത്യോപയിൽ സർക്കാർ സ്കൂളിൽ (1947-50) അധ്യാപകനായി ജോലി ചെയ്തു. (1950-54) കാലത്ത് വിവിധ അമേരിക്കൻ സർവ്വകലാശാലകളിൽ പഠിച്ച് ഉന്നതബിരുദങ്ങൾ കരസ്ഥമാക്കി. (1954-56) കാലത്ത് ആലുവ ഫെലോഷിപ്പ് ഹൗസ് ബർസാറായിരുന്നു. (1956-59) കാലങ്ങളിൽ എത്യോപ്യൻ ചക്രവർത്തി ഹെയ്‌ലി സെലാസിയുടെ പേഴ്സണൽ അസ്സിസ്റ്റന്റും ഉപദേശകനുമായിരുന്നു. 1959ൽ ശെമ്മാശനായ ശേഷം (1959-61) യേൽ സർവകലാശാലയിലും ഓക്സ്ഫോർഡിലും ഉപരിപഠനം നടത്തി. 1961ൽ വൈദീകനായി ഉയർത്തപ്പെട്ടു. ക്രൈസ്തവസഭകളുടെ അഖിലലോക കൗൺസിലിന്റെ (WCC) അസ്സോസിയേറ്റ് ജനറൽ സെക്രട്ടറിയായി (1962-67) പ്രവർത്തിച്ചു. 1962ൽ സോവിയറ്റ് യുണിയനിലേക്ക് പോയ WCC യുടെ ഡെലിഗേഷന്റെയും,  1967ൽ യുനെസ്‌കോ ഡെലിഗേഷന്റെയും നേതാവായിരുന്നു. 1967 മുതൽ 1996 വരെ ഓർത്തോഡോക്സ് വൈദീകസെമിനാരി പ്രിൻസിപ്പലായിരുന്നു. 1975ൽ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട തിരുമേനി മലങ്കര ഓർത്തോഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്നു. (1983-91) കാലഘട്ടത്തിൽ ക്രൈസ്തവ സഭകളുടെ ലോകകൗൺസിൽ (WCC) പ്രസിഡന്റുമാരിലൊരാളായി പ്രവർത്തിച്ചു. ലോകസമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി ആഗോളതലത്തിൽ സഞ്ചരിച്ചു. ഒട്ടനവധി അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വം വഹിച്ചു പ്രവർത്തിച്ചു. സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ്, ഓട്ടോ നൂഷെകെ പ്രൈസ് ഫോർ à´¦ പീസ് (ജെർമനി) തുടങ്ങി ഇരുപതോളം അന്താരാഷ്ട്ര അവാർഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഗ്രിഗറി ഓഫ് നിസ്സയെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് 1975ൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്, കൂടാതെ റഷ്യയിലെ ലെനിൻഗ്രാഡ് തിയളോജിക്കൽ അക്കാഡമി, ഹംഗറിയിലെ ബുഡാപ്പസ്റ്റ് ലൂഥറൻ തിയോളജിക്കൽ അക്കാഡമി, ചെക്കോസ്ലൊവോക്യയിലെ ജാൻഹാസ് ഫാക്കൽറ്റി എന്നിവിടങ്ങളിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ജോയ് ഓഫ് ഫ്രീഡം, ഫ്രീഡം ഓഫ് മാൻ, കോസ്മിക് മാൻ, ഹ്യുമൻ പ്രെസൻസ്, എൻലൈറ്റൻമെന്റ് ഈസ്റ്റ് ആൻഡ് വെസ്റ്റ്, സയൻസ് ഫോർ സെയിൻ സൊസൈറ്റിസ്, à´Ž ലൈറ്റ് ടു ബ്രൈറ്റ്, à´Ž ഹ്യുമൻ ഗോഡ് തുടങ്ങി 31 ഇംഗ്ലീഷ് ഗ്രന്ഥങ്ങളും 16 മലയാളഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാത്ത മലയാളം, ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള പ്രബന്ധങ്ങൾ അറുനൂറോളമുണ്ട്. 1996 നവമ്പർ 24ന് കാലം ചെയ്തു തിരുമേനി കോട്ടയം ഓർത്തോഡോക്സ് സെമിനാരി ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്നു. തിരുമേനി 1995ൽ കോട്ടയം സോഫിയ സെന്ററിൽ നടത്തിയ പ്രഭാഷണപരമ്പരയിൽ നിന്നുമുള്ള പ്രസക്തഭാഗങ്ങൾ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ശ്രീ ജോയ്‌സ് തോട്ടയ്ക്കാട് സമ്പാദിച്ചു ക്രോഡീകരിച്ചതാണ് à´ˆ ലേഖനം. പൊതുജന നന്മയ്ക്കായി ഉപകരിക്കുമെന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു.]       

Related News