Loading ...

Home Gulf

മഴയില്‍ വിറങ്ങലിച്ച് ഒമാന്‍; എട്ടു മരണം by അനസ് യാസിന്‍

മനാമ > കാലം തെറ്റിയെത്തിയ മഴയില്‍ വിറങ്ങലിച്ച് ഒമാന്‍. അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ രണ്ടു കുട്ടികളടക്കം എട്ടു പേര്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് മഴയുണ്ടാക്കിയത്. റോഡുകള്‍ തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ വന്‍ തോതില്‍ നിലം പൊത്തി. രാജ്യത്തെ ഡാമുകള്‍ എല്ലാം നിറഞ്ഞിരിക്കയാണ്. പുഴകള്‍(വാദി) കരകവിഞ്ഞൊഴുകുന്നു. മലയാളികളക്കം അറുപതോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍ പെട്ടെങ്കിലും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.അല്‍ കബൌറ നദിയിലെ മലവെള്ളപാച്ചിലില്‍ കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബനി ഖാലിദ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീടിന്റെ ചുമര്‍ ഇടിഞ്ഞു പെണ്‍കുട്ടിയും മരിച്ചതോടെയാണ് മരണ സംഖ്യ എട്ടായി ഉയര്‍ന്നത്.വെള്ളിയാഴ്ച മാനം തെളിഞ്ഞെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടര്‍ന്നു. മല വെള്ളപാച്ചിലില്‍ ആറു പേരും വീടിന്റെ ചുമരിടിഞ്ഞ് ഒരാളും മിന്നലേറ്റ് ഒരാളുമാണു മരിച്ചത്. അപകടങ്ങള്‍ ഏറെയും വാദികള്‍ വാഹനമുപയോഗിച്ച് മുറിച്ചു കടക്കുമ്പോഴുണ്ടായതാണ്. കനത്ത മഴയുണ്ടാവുമ്പോള്‍ വാദികള്‍ മുറിച്ചു കടക്കുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് അവഗണിച്ചത് ഒഴുക്കില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു.ഒമാനിലെ വലിയ ഡാമുകളിലൊന്നായ അല്‍ഖൂദ് ഡാം നിറഞ്ഞുകവിഞ്ഞതിനാല്‍ രണ്ടു കൈവഴികള്‍ തുറന്നുവിട്ടു. മുദൈബി, രുസ്താഖ്, ബുറൈമി, ഷിനാസ്, സഹം, ഇബ്രി, നിസ്വ, നഖല്‍, സുമൈല്‍, ബഹ്ല എന്നിവിടങ്ങളിലാണ് മഴ വന്‍ നാശം വിതച്ചത്. റോഡുകകളും നടപ്പാതകളും തകര്‍ത്ത മലവെള്ളപാച്ചില്‍ വന്‍ തോതില്‍ കൃഷിയും നശിപ്പിച്ചു. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജന ജീവിതം മഴ ദുസഹമാക്കി. താഴ്ന്ന ഭാഗങ്ങളില്‍നിന്നും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചുപോയി. റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മഴയില്‍ കേടുപറ്റിയ ബുറൈമി പാര്‍ക്ക് അടച്ചിട്ടു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കി റോഡ് നന്നാക്കാനുള്ള ശ്രമം തുടരുകയാണെന്നും നാഷണല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.


Related News