Loading ...

Home cinema

മെട്രോമാന്റെ ജീവിതം വെള്ളിത്തിരയിലേക്ക‌് ; ഇ ശ്രീധരന്‍ ഇന്ന‌് പോസ‌്റ്റര്‍ പുറത്തിറക്കും

മെട്രോമാന്‍ ഇ ശ്രീധരന്റെ ഇതിഹാസതുല്യമായ ഔദ്യോഗികജീവിതത്തെ കേന്ദ്രബിന്ദുവാക്കി മലയാളസിനിമ ഒരുങ്ങുന്നു. വി കെ പ്രകാശ‌് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ‌് ശ്രീധരന്റെ വേഷമിടുന്നത‌്. സിനിമയുടെ പേരും ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്ററും പൊന്നാനിയിലെ വീട്ടില്‍ ചൊവ്വാഴ‌്ച പകല്‍ 11ന‌് ഇ ശ്രീധരന്‍ പുറത്തിറക്കും.

1964ലെ പാമ്ബന്‍ പാലം പുനര്‍നിര്‍മാണംമുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ‌് സിനിമയുടെ പശ‌്ചാത്തലം. 30 വയസ്സുകാരനായ ഇ ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക‌് നീളുന്നു. വമ്ബന്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രീധരന്‍ കാഴ‌്ചവച്ച വ്യത്യസ‌്തമായ പ്രോജക‌്ട‌് മാനേജ‌്മെന്റ‌് അനുഭവങ്ങളെ ജീവിതഗന്ധിയായ മറ്റൊരു കഥയുടെ സമാന്തരത്തിലൂടെയാണ‌് സിനിമ അവതരിപ്പിക്കുന്നത‌്. വികസനപദ്ധതികളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാകണമെന്ന പ്രസക്തമായ ചോദ്യത്തിന‌് ഇ ശ്രീധരന്റെ വികസന കാഴ‌്ചപ്പാടിലൂടെ ഉത്തരം നല്‍കുകയാണ‌് സിനിമ. പാമ്ബന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട‌്. സുരേഷ‌്ബാബുവാണ‌് കഥാകൃത്ത‌്. നിര്‍മാതാവ‌് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ‌് മറ്റൊരു പ്രധാന വേഷം ചെയ്യും.

സിനിമയില്‍ പ്രധാന വേഷം ചെയ്യാമെന്നേറ്റ ജയസൂര്യ കഴിഞ്ഞയാഴ‌്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവര്‍ത്തകരുടെയും ആവശ്യപ്രകാരം സിനിമയ‌്ക്ക‌് എല്ലാ പിന്തുണയും നല്‍കുമെന്ന‌് ഇ ശ്രീധരന്‍ അപ്പോള്‍ അറിയിച്ചിരുന്നു. 35 വര്‍ഷംമുമ്ബാണ‌് താന്‍ അവസാനമായി സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കല്‍പ്പിക കഥയുടെ പശ‌്ചാത്തലത്തില്‍ തന്റെ ഔദ്യോഗിക ജീവിതകാലമാകെ കടന്നുവരുന്ന സിനിമയുടെ കഥ ശ്രീധരനും ഭാര്യ രാധയും ശ്രദ്ധാപൂര്‍വം കേട്ടു. ഇരുവര്‍ക്കും കഥ ഇഷ‌്ടപ്പെട്ടെന്നും അറിയിച്ചു.

ചൊവ്വാഴ‌്ച പൊന്നാനിയില്‍ ശ്രീധരന്റെ വീട്ടില്‍ ചേരുന്ന ചടങ്ങില്‍ സംവിധായകന്‍ വി കെ പ്രകാശ‌്, ജയസൂര്യ, അരുണ്‍ നാരായണന്‍, കഥാകൃത്ത‌് സുരേഷ‌്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന‌് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ‌് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത‌്.

Related News