Loading ...

Home Music

ഈണങ്ങളോരോന്നും രൂപങ്ങളാവുമ്പോള്‍ മനോജ് ഭാരതി

പഴയ സിനിമാഗാനങ്ങളെല്ലാം നല്ലതും പുതിയവ മോശവുമാണോ ?
കമല്‍ അങ്ങനെ കരുതുന്നില്ല . അതേസമയം പാട്ട് ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലത് സിനിമയുടെ മൂഡിന് യോജിച്ചതാവണം . വരികള്‍ക്കും സംഗീതത്തിനും താളത്തിനും ആപേക്ഷികമായിരിക്കണം ഷോട്ടുകളോരോന്നും . കൃത്യതയില്ലാതെ അലക്ഷ്യമായി ഷോട്ടുനിറയ്ക്കുന്നതും അനാവശ്യമായി സ്ലോമോഷന്‍ മൂവ്‌മെന്റ്‌സുകള്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാമാണ് ന്യൂജനറേഷന്‍ ട്രന്റെങ്കില്‍ അതിനെ പാട്ടുചിത്രീകരണമായി കണക്കാക്കാന്‍ കമല്‍ തയ്യാറല്ല . പാട്ടുകള്‍ അധികകാലം കാതുകളില്‍ തങ്ങിനില്‍ക്കാത്തതിനും ഏതു സിനിമയിലേതാണെന്ന് തിരിച്ചറിയാതെ പോകുന്നതിനും കാരണം അതിന്റെ ചിത്രീകരണത്തില്‍ വ്യാപകമായ പക്വതയില്ലായ്മകൊണ്ടാണ് . ദൃശ്യങ്ങള്‍ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം . 

'മുന്‍കാലങ്ങളില്‍ പ്രംനസീര്‍ മരം ചുറ്റി പ്രേമിക്കുകയാണെങ്കില്‍ à´† പാട്ടിലൊക്കെ പ്രേമം ഉണ്ടായിരുന്നു . ആണും പെണ്ണും ചേര്‍ന്നുള്ള ഇന്നത്തെ ഡാന്‍സിന് പ്രേമത്തിന്റെ ആഴം കിട്ടുന്നില്ല . ഇക്കാര്യത്തില്‍ പഴഞ്ചനെന്നു വിളിച്ചാലും എന്റെ അഭിപ്രായമതാണ് ' കമല്‍ തുറന്നുപറയുന്നു . 

പാട്ട് മനസ്സിന്റെ ഭാഗമാണെന്ന് അവകാശപ്പെടാനുള്ള സംഗീതപാരമ്പര്യമൊന്നും കമലിനോ കുടുംബത്തിനോ ഇല്ല . മദ്യത്തിന്റെ ഉന്‍മാദാവസ്ഥയില്‍ രാവിലെ മുതല്‍ വൈകുവോളം തട്ടിന്‍ പുറത്ത് ഗ്രാമഫോണ്‍ കേട്ടു കിടന്നിരുന്ന എളയാപ്പക്കുപോലും സംഗീതത്തോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നോ എന്നും കമലിനു സംശയമാണ് . മെഹ്ദി ഹസന്റെയും മറ്റും ഗസലുകളുടെയും മുഹമ്മദ് റാഫിയുടെ പാട്ടുകളുടെയും റക്കോഡുകള്‍ അവിടെയുണ്ടായിരുന്നു . ചിലതെല്ലാം എളയാപ്പ കൊണ്ടുവന്നു . മറ്റാരുടെയും ശല്യമില്ലാതെ ഔട്ട് ഹൗസ് പോലെയുള്ള തട്ടിന്‍ പുറത്ത് എളയാപ്പ അതും കേട്ടിരിക്കുമ്പോള്‍ വിദൂരതയില്‍ ഒരു കേള്‍വിക്കാരനായി കമലുണ്ടായിരുന്നു . അതായിരുന്നു തുടക്കം . 

പാട്ടുവഴികളുടെ പഠനകാലം 


സ്‌കൂളില്‍ പത്താം തരമൊക്കെ എത്തുമ്പോഴേക്കും കമലിന്റെ ഏറ്റവും വലിയ ദുഖം പാടാനറിയില്ല എന്നതായിരുന്നു . നന്നായി പാടാനാവുമെങ്കില്‍ അവനാണ് സ്‌കൂളില്‍ നേതാവ് . സഹപാഠികളില്‍ പലരും നന്നായി പാടുകയും യൂത്ത്‌ഫെസ്റ്റിവലുകളില്‍ വിജയികളാവുകയും ചെയ്യുന്നു . സുലൈമാന്‍ കാക്കശ്ശേരി , ജയിംസ് , യൂസഫ് തുടങ്ങി പാട്ടുകാരുടെ ഒരു നിര തന്നെ അവിടെയുണ്ട് . അപ്രകാരമുണ്ടായ കോംപ്ലക്‌സിനെ അതിജീവിക്കാനാണ് കമല്‍ കഥയെഴുത്തു തുടങ്ങിയത് . കഥാകൃത്ത് , സാഹിത്യസമാജം സെക്രട്ടറി , നാടകാഭിനേതാവ് എന്നുതുടങ്ങി സ്‌കൂളിലെ കലാരംഗത്തെല്ലാം കമല്‍ സജീവമാകാന്‍ തുടങ്ങി . കമല്‍ പലപ്പോഴും പാടാന്‍ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം അപശ്രുതിയിലവസാനിക്കുന്നതോടെ കൂട്ടുകാര്‍ കളിയാക്കും . ഒരിക്കല്‍ സംഘഗാനമത്സരത്തില്‍ പങ്കെടുക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം കമലും പേരു കൊടുത്തു . വെള്ളി വീഴുമെന്നുറപ്പുള്ളതുകൊണ്ട് വേദിയില്‍ പാടുന്നതുപോലെ അഭിനയിക്കുക മാത്രമേ ചെയ്യാവൂ എന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം . 'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല...' എന്ന പാട്ട് വേദിയിലുയര്‍ന്നു . സുഹൃത്തുക്കളുടെ മുന്നറിയിപ്പനുസരിച്ച് അഭിനയിക്കുക മാത്രമാണ് കമല്‍ ചെയ്തതെങ്കിലും എവിടെയോ വച്ച് ശബ്ദം പുറത്തുവന്നു . വേദിയിലുള്ളവര്‍ നിയന്ത്രണം വിട്ടുചിരിച്ചുപോയി . .എങ്കിലും മത്സരസംഘങ്ങള്‍ കുറവായിരുന്നതുകൊണ്ട് കമലിന്റെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു . പാട്ടിനെക്കുറിച്ചുള്ള കമലിന്റെ സ്റ്റേജനുഭവങ്ങളിലൊന്നാണിത് . 


കോളജിലെത്തുമ്പോഴേക്കും അന്തരീക്ഷത്തിനു ഗൗരവസ്വഭാവമേറി . ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും അയ്യപ്പപ്പണിക്കരുടെയും കവിതകള്‍ ചെല്ലിനടക്കുന്നവരും ബാബുരാജിന്റെ ഗൗരവസ്വഭാവമുള്ള പാട്ടുകളെ ഇഷ്ടപ്പെടുന്ന സംഘങ്ങളുമെല്ലാം അവിടെയുണ്ട് . പാടാനറിയില്ലെങ്കിലും പാട്ട് ആസ്വദിക്കാന്‍ കമലന്ന്് ധാരാളം സമയം കണ്ടെത്തിത്തുടങ്ങി . ' കൊടുങ്ങല്ലൂര്‍ ഗാംഗില്‍ ' ദാസ് എന്നൊരു സുഹൃത്തുണ്ടായിരുന്നു . യൂണിവേഴ്‌സിറ്റിയില്‍ രണ്ടുതവണ മികച്ച ഗായകനായിട്ടുള്ള ദാസിന്റെ പ്രത്യേകതകളിലൊന്ന് യേശുദാസിന്റെ പാട്ടുകള്‍ അതേ ശബ്ദത്തില്‍ പാടിയിരുന്നു എന്നതാണ് . കൂടാതെ നാടകാഭിനയത്തിലും തല്‍പ്പരനായിരുന്നു . മതിലകത്ത് അക്കാലത്ത് സജീവമായിരുന്ന ജോസ്് കൊടുങ്ങല്ലൂരും ശേുദാസിന്റെ ശബ്ദത്തില്‍ മനോഹരമായി പാടിയിരുന്ന ആളാണ് . അംഗവൈകല്യമുള്ള ജോസ് അമ്പലങ്ങളിലും പള്ളികളിലും പ്രാദേശിക കൂട്ടായ്മകളിലുമെല്ലാം പാടാനെത്തിയിരുന്നു . ' സുറുമയെഴുതിയ മിഴികളെ ... ' , ' ഓമലാളെ കണ്ടു ഞാന്‍ ... ' തുടങ്ങിയ റൊമാന്റിക് ഗാനങ്ങള്‍ ജോസിന്റെ ശബ്ദത്തിലൂടെ ആവര്‍ത്തിച്ചു കേട്ടതോടെ കമലിന്റെ മനസ്സില്‍ യേശുദാസ് ഒരു ആരാധനാപുരുഷനായി നിറയുകയായിരുന്നു . യേശുദാസിനോടുള്ള ആരാധന പാട്ടിനോടുള്ള അഭിനിവേശമായി മാറാന്‍ പിന്നീടധികം വേണ്ടിവന്നില്ല . 

പാട്ടിനോടുള്ള ഇഷ്ടം വഴിയിട്ട നൂല്‍പ്പാലത്തിലൂടെയാണ് കമല്‍ സിനിമയിലേക്കെത്തുന്നത് . ആകാശവാണിയില്‍ നിന്നുള്ള ചലച്ചിത്രഗാനങ്ങള്‍ക്കായി കാത്തിരിക്കുന്ന ദിനരാത്രങ്ങള്‍ . അന്നെല്ലാം സിനിമകാണാന്‍ തീയേറ്ററിലെത്തുമ്പോള്‍ കഥാസാരമുള്‍പ്പെട്ട നോട്ടീസും പാട്ടുപുസ്തകവും കിട്ടും . അതില്‍ നിന്ന് പാട്ടിന്റെ വരികള്‍ കാണാതെ പഠിക്കുകയാണ് കമലിനേറ്റവും പ്രിയപ്പെട്ട ഹോബി . തീയറ്ററില്‍ പോയി കാണാത്ത സിനിമകളിലെ ഗാനങ്ങള്‍ റേഡിയോയില്‍ കേള്‍ക്കുമ്പോള്‍ നോട്ട് ബുക്കിലേക്കത് പകര്‍ത്തിവയ്ക്കും . à´°à´šà´¨ പി ഭാസ്‌കരന്‍ സംഗീതം ബാബുരാജ് ... തുടങ്ങിയ വിശദാംശങ്ങള്‍ ഒപ്പമുണ്ടാകും . ഇത്തരത്തിലുള്ള നിരവധി നോട്ടുബുക്കുകള്‍ ഏറെക്കാലം കമല്‍ സൂക്ഷിച്ചിരുന്നു . വയലാറും പി ഭാസ്‌കരനും സജീവമായിരുന്ന അക്കാലത്ത് ചെറുപ്പക്കാരനായ ചാട്ടെഴുത്തുകാരനായിരുന്നു ശ്രീകുമാരന്‍തമ്പി . അദ്ദേഹമൊരു സിനിമാമാസികയില്‍ ചോദ്യോത്തരപംക്തിയും കൈകാര്യം ചെയ്തിരുന്നു . à´† പംക്തി സ്ഥിരമായി വായിച്ചിരുന്ന കമല്‍ ഇടയ്‌ക്കൊക്കെ അതിലേക്കു ചോദ്യങ്ങള്‍ അയച്ചു . അതില്‍ ചിലതു പ്രസിദ്ധീകരിക്കുകയും ചെയ്തു . ശ്രീകുമാരന്‍തമ്പിയോട്് ഒരു പാട്ടെഴുത്തുകാരനോടെന്ന നിലയിലുള്ള ആരാധനയായിരുന്നു കമലിനുണ്ടായിരുന്നത് . അന്ന് സംഗീതസംവിധായകനേക്കാള്‍ കമല്‍ ശ്രദ്ധിച്ചത് ഗാനരചയിതാക്കളെയായിരുന്നു . പ്രേംനസീറിനോടും മറ്റും തോന്നുന്ന തരത്തിലുള്ള ആരാധനയായിരുന്നു അവരോടും . പി ഭാസ്‌കരനും വയലാര്‍ രാമവര്‍മ്മയുമെല്ലാം കയ്യെത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലെത്തിയിരുന്നു . കൊടുങ്ങല്ലൂര്‍ക്കാരനായിരുന്നു ഭാസ്‌കരന്‍ മാഷെങ്കിലും മദ്രാസില്‍ത്തന്നെ താമസമാക്കിയതുകൊണ്ട് കാണാനോ പരിചയപ്പെടാനോ കമലിനവസരം കിട്ടിയിരുന്നില്ല . 

യേശുദാസിന്റെ ശബ്ദത്തില്‍ പാടിയിരുന്ന രവീന്ദ്രന് കോളജില്‍ ജയചന്ദ്രന്റെ ശബ്ദത്തില്‍ പാടുന്ന എതിരാളിയുമുണ്ടായിരുന്നു .
ഇരുവരും തമ്മില്‍ ചിലപ്പോഴൊക്കെ മത്സരങ്ങളും നടന്നിട്ടുണ്ട് . രവീന്ദ്രന്‍ കര്‍ണാട്ടിക് സംഗീതം പഠിച്ചിരുന്നില്ല . ക്രൈസ്റ്റ് കോളജില്‍ വിദ്യാര്‍ത്ഥിയായെത്തിയപ്പോള്‍ കമലിനുണ്ടായ മറ്റൊരാകര്‍ഷണം ഗായകന്‍ ജയചന്ദ്രന്‍ പഠിച്ചിരുന്ന കോളജാണ് അതെന്നതാണ് . ജയചന്ദ്രന്‍ അപ്പോഴേക്കും സിനിമയില്‍ സജീവമായിക്കഴിഞ്ഞിരുന്നു . 

ക്രൈസ്റ്റ് കോളജില്‍ പഠിക്കുമ്പോഴാണ് പടിയന്റെയും എഴുപതുകളിലെ നവസിനിമാപ്രസ്ഥാനത്തിന്റെ ആളുകളുടെയും സിനിമാസങ്കല്‍പ്പങ്ങളുമായി കമല്‍ അടുക്കുന്നത് . സ്വയം വരം പോലെ പാട്ടില്ലാത്ത സിനിമകളിറങ്ങുന്നു . സിനിമയില്‍ പാട്ടുവേണമോ എന്ന വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നു . പടിയനോടും ബിദ്ധിജീവി സുഹൃത്തുക്കളോടും പല കാരണങ്ങളാലും കമലിന് യോജിക്കാനായില്ല . ജീവിതത്തില്‍ ദു;à´–à´‚ തോന്നുമ്പോഴൊക്കെ ആരെങ്കിലും'ഏകാന്തതയുടെ അപാരതീരം'പാടി നടക്കുമോ? .അപ്പോള്‍പ്പിന്നെ സിനിമയില്‍ അതിന്റെ പ്രസക്തി എന്താണ് ? തുടങ്ങിയ തര്‍ക്കവാദങ്ങളാണ് അവരുയര്‍ത്തിയത് . പരമ്പരാഗത വാണിജ്യസിനിമയോട് നിഷേധനിലപാടും അവാര്‍ഡ് സിനിമകളോടും നവസിനിമാപ്രസ്ഥാനങ്ങളോടുമെല്ലാം താല്‍പ്പര്യവുമുള്ള ആളായിരുന്നു കമല്‍ . ഗൗരവമേറിയ പുസ്തകവായനയും ഫിലിം സൊസൈറ്റികളോടുള്ള അടുപ്പവും അതിനുള്ള സാഹചര്യവുമൊരുക്കി . അപ്പോഴും പാട്ടിന്റെ കാര്യത്തില്‍ കമല്‍ ഭിന്നനിലപാടിലായിരുന്നു . സിനിമയുടെ വശ്യതയ്ക്കും പ്രേക്ഷകനോടുള്ള സംവേദനക്ഷമതയ്ക്കും ഗാനങ്ങള്‍ ഏറെ സഹായകമാണെന്ന് കമല്‍ വിശ്വസിച്ചു . പടിയനും സംഘവും അതിന്റെ നല്ല ഉദാഹരണവുമായിരുന്നു . ഒരു ഭാഗത്തവര്‍ പാട്ടിനെ നിരസിക്കുമ്പോള്‍ത്തന്നെ ആഘോഷസദസ്സുകളില്‍ ബാബുരാജിന്റെ പാട്ടുകളും മറ്റും പാടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു . 

ചന്തമേറിയ ചിത്രീകരണങ്ങള്‍ 


റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനെ മനസ്സുകൊണ്ട് ദൃശ്യവല്‍ക്കരിക്കുക . കമലിന്റെ അന്നത്തെ പ്രധാനഹോബി അതായിരുന്നു . പ്രേംനസീറിങ്ങനെയായിരിക്കും അഭിനയിച്ചിട്ടുണ്ടാവുക എന്നെല്ലാം സങ്കല്‍പ്പിച്ച് പാടി അഭിനയിച്ച് വീടിന്റെ കോമ്പൗണ്ടിലൂടെ കമലങ്ങനെ നടക്കും . ചിലപ്പോള്‍ ഒറ്റയ്ക്കിരുന്നു ഡയലോഗുകള്‍ പറഞ്ഞഭിനയിക്കും . ' à´ˆ ചെക്കനെന്താ പ്രാന്താണോ ' എന്ന് ബാപ്പയും ഉമ്മയും ചോദിച്ച സമയം പോലുമുണ്ട് . ടെലിവിഷനെക്കുറിച്ച് കേട്ടുകേഴ്‌വി പോലുമില്ലാത്ത അക്കാലത്ത് തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ മാത്രമേ ഗാനങ്ങളും കാണാനാകൂ . ഒറ്റത്തവണത്തെ അത്തരം കാഴ്ചകളില്‍ പാട്ടുചിത്രീകരണത്തിലെ സൂക്ഷ്മാംശങ്ങള്‍ പലപ്പോഴും വ്യക്തമാകണമെന്നില്ല . അപ്പോള്‍ വീണ്ടും തീയറ്ററില്‍ പോയി സിനിമ കാണേണ്ടതായി വരും . 

' അന്നെല്ലാം റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോഴാഗ്രഹിച്ചിരുന്നത് വിഷ്വല്‍സുകൂടി ഇടയ്ക്കിടെ കാണാന്‍ കഴിഞ്ഞെങ്കിലെന്നാണ് . കിട്ടാത്ത ഫലത്തിനു മധുരം കൂടും എന്നു പറയുന്നതു പോലെയായിരുന്നു പാട്ടിനോടുള്ള ആഭിമുഖ്യം . .അതുകൊണ്ടൊക്കെയാണ് പഴയ പാട്ടുകളിന്നും നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നത് . ഇന്നിപ്പോ റിമോട്ടൊന്നു മാറ്റിയാല്‍ എത്ര ടി വി ചാനലുകളിലാണ് പാട്ടുകളൊക്കെ വന്നു കൊണ്ടിരിക്കുന്നത് . എവിടെയിരുന്നും പാട്ടുകള്‍ കാണാം . സിനിമ റിലീസാവുന്നതിനെത്രയോ മുമ്പ് പാട്ടുകള്‍ യൂ ട്യൂബിലിറങ്ങുന്നു . കാണാനും കേള്‍ക്കാനുമെല്ലാം ഈസിയായിരിക്കുന്നു . നമ്മള്‍ കാണുന്നു കേള്‍ക്കുന്നു മറക്കുന്നു .'- കമല്‍ അഭിപ്രായപ്പെടുന്നു .

സിനിമാഗാനങ്ങള്‍ പിക്ചറൈസ് ചെയ്യുന്ന രീതി അടുത്തറിയാന്‍ അക്കാലത്തുതന്നെ കമല്‍ ശ്രദ്ധിച്ചിരുന്നു . 'മാണിക്യവീണയുമായെന്‍'... എന്ന പാട്ട് കേട്ടപ്പോള്‍ മനോഹരമായ ഒരു ഗാനചിത്രണമായിരുന്നു കമലിന്റെ മനസ്സിലോടിയെത്തിയത് . എന്നാല്‍ സിനിമയില്‍ കാര്യങ്ങള്‍ പ്രതീക്ഷപോലെയായിരുന്നില്ല . മധു ഒരു കസേരയിലിരുന്നു സിഗര്‍ട്ട് വലിച്ചുകൊണ്ടു പാടുന്നതായാണ് അതിലുള്ളത് . അപ്പോഴുണ്ടായ നിരാശയിലാണ് ഇങ്ങനെയൊന്നുമല്ല പാട്ടു ചിത്രീകരിക്കേണ്ടതെന്ന് കമലുറപ്പിച്ചത് . അതേസമയം നദി എന്ന കളര്‍ ചിത്രത്തിലെ 'കായാമ്പൂ കണ്ണില്‍ വിടരും '... എന്ന ഗാനം മനോഹരമായ ദൃശ്യഭാഷ്യമായിരുന്നു താനും . 

വിന്‍സന്റിന്റെ 'ഭാര്‍ഗ്ഗവീനിലയ'വും 'ത്രിവേണി'യും മനോഹരമായ ഗാനങ്ങള്‍ കൊണ്ട് ആകര്‍ഷകമായിരുന്നു . പി എന്‍ മേേനാന്റെ 'ചെമ്പരത്തി'യിലെ ചക്രവര്‍ത്തിനിയും കുണുക്കിട്ടകോഴിയുമൊക്കെ ബ്ലാക്ക ആന്റ് വൈറ്റ് ഫിലിമിലെ മിഴിവേറിയ ഗാനശില്‍പ്പങ്ങളായിരുന്നു . 'ഗായത്രി' , 'ഓളവും തീരവും' തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത പല സിനിമകളും നല്ല ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു . സംവിധായകന്റെ ആത്മാര്‍ത്ഥത പാട്ടുചിത്രീകരണത്തിലും പ്രതിഫലിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു അവയെല്ലാം . പാട്ടെഴുത്തും സംഗീതസംവിധാനവും പോലെ പ്രധാനമാണ് സിനിമയിലതെങ്ങനെ ചിത്രീകരിക്കുന്നു എന്നതും . അങ്ങനെ നോക്കുമ്പോള്‍ അന്നത്തെ കാലത്ത് ഏറ്റവും മനോഹരമായി പാട്ടെടുത്തത് വിന്‍സന്റ് ആയിരുന്നെന്ന് കമലുറപ്പിക്കും ; ഒപ്പം പി എന്‍ മേനോനും .അവരെ പിന്തുടര്‍ന്നുവന്ന സംവിധായകനാണ് ഭരതന്‍ . മലയാളസിനിമയില്‍ ഭരതന്‍ സജീവമായിരിക്കുമ്പോള്‍ത്തന്നെയാണ് കമല്‍ സിനിമയിലെത്തുന്നതും .

കമല്‍ ആദ്യമായി പ്രവര്‍ത്തിച്ച , പടിയന്‍ സംവിധാനം ചെയ്ത ത്രാസത്തില്‍ പാട്ടില്ലായിരുന്നു . മദ്രാസില്‍ അസിസ്റ്റന്റായി ജോലി ചെയ്ത ആദ്യകാലചിത്രങ്ങളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല . അങ്ങനെ മൂന്നു ചിത്രങ്ങള്‍ക്കുശേഷമാണ് ലെനിന്‍ രാജേന്ദ്രന്റെ 'ചില്ലു'വന്നത് . കമലിനെ എന്നും മോഹിപ്പിക്കുന്ന പാട്ടുകളുമായാണ് à´† പടം പുറത്തിറങ്ങിയത് . à´’ എന്‍ വി കുറുപ്പെഴുതി à´Žà´‚ ബി ശ്രീനിവാസന്‍ സംഗീതം പകര്‍ന്ന് യേശുദാസ് പാടിയ ഗാനങ്ങള്‍ മദ്രാസിലാണ് റക്കോര്‍ഡ് ചെയ്തത് 'പോക്കുവെയില്‍ പൊന്നുരുകി' , 'ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍' ...തുടങ്ങിയ മനോഹരഗാനങ്ങള്‍ . പി എന്‍ മോനോനൊപ്പം അര്‍ച്ചനടീച്ചര്‍ ചെയ്തതിനു ശേഷമാണ് കമല്‍ 'ചില്ലി'ന്റെ അസോസിയേറ്റായത് . സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഏറ്റവും നല്ല പാട്ടുണ്ടായ ചിത്രം അതായിരുന്നെന്ന് കമലോര്‍ക്കുന്നു. പിന്നീട് à´Ÿà´¿ എസ് മോഹന്‍ എന്ന സംവിധായകന്റെ ചിത്രങ്ങളിലായിരുന്നു കമല്‍ സഹായി ആയത് . 

ചൂളയ്ക്കും തേനും വയമ്പിനും സംഗീതം നല്‍കി രവീന്ദ്രന്‍ അപ്പോഴേക്കും പുതുചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു . ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി രവീന്ദ്രന്‍ മദ്രാസിലുണ്ടായിരുന്നത് കമലിനറിയാമായിരുന്നെങ്കിലും നേരിട്ടു പരിചയപ്പെടുന്നത് ആയിടയ്ക്കാണ് . കമല്‍ സംവിധാനസഹായിയായിരുന്ന പല സിനിമകള്‍ക്കും ഡബ്ബ് ചെയ്യാന്‍ രവീന്ദ്രനെത്തിയിരുന്നു . എന്നാല്‍ സംഗീതസംവിധായകനെന്ന നിലയില്‍ രവീന്ദ്രനെ അടുത്തറിയുന്നതും പാട്ടു കംപോസുചെയ്യുന്നതിനൊപ്പമിരിക്കുന്നതും ടി എസ് മോഹന്റെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് .
മദ്രാസിലെത്തുന്ന ആദ്യനാളുകളില്‍ത്തന്നെ കമലിന്റെ സൗഹൃദവലയത്തിലെത്തിയയാളാണ് ഔസേപ്പച്ചന്‍ . കമല്‍ ക്രൈസ്റ്റ് കോളജില്‍ പഠിക്കുന്ന കാലത്ത് സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു ഔസേപ്പച്ചന്‍ . അന്ന് ക്രൈസ്റ്റ്‌കോളജില്‍ à´šà´¿à´² പരിപാടികള്‍ക്ക് വയലിന്‍ വായിക്കാന്‍ ഔസേപ്പച്ചന്‍ വന്നിരുന്നു . മദ്രാസില്‍ വച്ച് പരിചയം പുതുക്കിയ കമല്‍ പിന്നീട് ഔസേപ്പച്ചന്റെ കെയറോഫിലാണ് ജോണ്‍സണെ പരിചയപ്പെട്ടത് . ജോണ്‍സണ്‍ അന്ന് ദേവരാജന്റെ അസിസ്റ്റന്റായിരുന്നു . 'തകര' അടക്കം ഭരതന്‍ ചിത്രങ്ങളുടെ സഹായിയായിരുന്നു കമല്‍ . അങ്ങനെ മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരായ രവീന്ദ്രന്‍, ജോണ്‍സണ്‍ , ഔസേപ്പച്ചന്‍ എന്നിവര്‍ക്കൊപ്പം ആദ്യകാലത്തുതന്നെ കമലിനു സൗഹൃദത്തിലാവാന്‍ കഴിഞ്ഞു . ഭരതന്റെ 'കാതോടുകാതോര' ത്തിലൂടെയാണ് ഔസേപ്പച്ചന്‍ ആദ്യമായി സംഗീതസംവിധായകന്റെ മേലങ്കി അണിയുന്നത് . അതുവരെ ഭരതനും ജോണ്‍സണുമൊപ്പം വയലിന്‍ വായിക്കാന്‍ പോകുന്നതായിരുന്നു പതിവ് . നേരത്തെ ഭരതന്‍ തന്നെ സംഗീതം കൊടുത്ത 'ഈണം' എന്ന സിനിമയില്‍ മുഴുവന്‍സമയസഹായി ഔസേപ്പച്ചനായിരുന്നു . അതിനെത്തുടര്‍ന്നാണ് ഭരതന്‍ 'കാതോടുകാതോര'ത്തിന്റെ സംഗീതനിര്‍വ്വഹണച്ചുമതല ഔസേപ്പച്ചനെ ഏല്‍പ്പിച്ചത് . à´† സിനിമയുടെ സംവിധാനസഹായി ആയിരുന്ന കമല്‍ റക്കോര്‍ഡിംഗും റീറെക്കോര്‍ഡിംഗും കഴിഞ്ഞപ്പോഴേക്കും ഔസേപ്പച്ചനുമായി അടുത്ത സൗഹൃദത്തിലെത്തി . താനൊരു സ്വതന്ത്രസംവിധായകനാകുകയാണെങ്കില്‍ ആദ്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനായിരിക്കുമെന്ന് കമല്‍ വാക്കുകൊടുത്തത് അന്നാണ് . 

ജോണ്‍സനും ഔസേപ്പച്ചനും പിന്നെ രവീന്ദ്രനും


ആദ്യചിത്രമായ മിഴിനീര്‍പ്പൂക്കളുടെ പ്രാരംഭചര്‍ച്ചകള്‍ക്കിടയില്‍ത്തന്നെ ജോണ്‍പോള്‍ പറഞ്ഞ് നിര്‍മ്മാതാക്കളായ ശിവപ്രസാദിന്റെയും രവിപ്രസാദിന്റെയും താല്‍പ്പര്യങ്ങള്‍ കമലറിഞ്ഞിരുന്നു . അച്ഛന്‍ ആര്‍ എസ് ശ്രീനിവാസ് വാങ്ങിവച്ചിട്ടുള്ള ഡേറ്റുള്ളതുകൊണ്ട് നായകന്‍ മോഹന്‍ലാലായിരിക്കണം . ശ്രീനിവാസ് നിര്‍മ്മിച്ച മറ്റുസിനിമകളില്‍ സംഗീതം നല്‍കിയത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് à´Žà´‚ കെ അര്‍ജ്ജുനനായിരുന്നതുകൊണ്ട് അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല . കമല്‍ ധര്‍മ്മസങ്കടത്തിലായി . സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിലെ ഗാനങ്ങള്‍ ഔസേപ്പച്ചനു നല്‍കുമെന്ന് വാക്കു കൊടുത്തിരുന്നതാണ് . അടുപ്പമുള്ളവരായി ജോണ്‍സനും രവീന്ദ്രന്‍മാഷുമുണ്ടുതാനും . ഇവരെയെല്ലാം മാറ്റിനിര്‍ത്തിവേണം അര്‍ജ്ജുനന്‍ മാഷിനെ സംഗീതമേല്‍പ്പിക്കാന്‍ . അര്‍ജ്ജുനന്‍ മാഷിന്റെ പല ഗാനങ്ങളും നേരത്തെ തന്നെ കേള്‍ക്കുകയും വല്ലാത്തൊരു ആരാധന തോന്നുകയും ചെയ്തിരുന്നെങ്കിലും കമലിതുവരെ നേരിട്ടു പരിചയപ്പെട്ടിരുന്നില്ല . പക്ഷേ പ്രൊഡ്യൂസര്‍ നിര്‍ബന്ധിക്കുമ്പോള്‍ അത്രയും സീനിയറായ മ്യൂസിക് ഡയറക്ടറെ വേണ്ടെന്നു പറയാനും കമലിനാവില്ല . പാട്ടെഴുത്തുകാരെക്കുറിച്ചും നിര്‍മ്മാതാക്കള്‍ക്കഭിപ്രായമുണ്ടായിരുന്നു . കമലിന്റെ മനസ്സില്‍ മുന്‍പരിചയക്കാരായ പൂവച്ചല്‍ ഖാദറും ബിച്ചു തിരുമലയുമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പിതാവിന്റെ ചിത്രങ്ങളില്‍ ആര്‍ കെ ദാമോദരന്‍ പാട്ടെഴുതിയിട്ടുണ്ടെന്നും അദ്ദേഹം തന്നെ മതി പുതിയ ചിത്രത്തിനെന്നും അവര്‍ നിര്‍ദ്ദേശിച്ചു . 

എറണാകുളത്തുവച്ചായിരുന്നു മിഴിനീര്‍പ്പൂക്കളുടെ കംപോസിംഗ് . വളരെ സീനിയറായ സംഗീതസംവിധായകനോട് പാട്ടുചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ ടെന്‍ഷന്‍ കമലിനുണ്ട് . ട്യൂണിട്ടതിനുശേഷം പാട്ടെഴുതിത്തുടങ്ങിയ കാലമാണ് . എന്നാല്‍ പാട്ടെഴുതിയതിനുശേഷം ട്യൂണിടാമെന്ന് അര്‍ജ്ജുനന്‍ മാഷാദ്യം തന്നെ പറഞ്ഞു . ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോരയുവമിഥുനങ്ങള്‍ ...അതിലെ വരികളും മെലഡിയും കമലിനു വല്ലാതെയിഷ്ടപ്പെട്ടു . അതുകൂടാതെ ബഹളമയമായ മറ്റൊരു ഗാനം കൂടിയുണ്ട് à´† ചിത്രത്തില്‍ . അന്ന് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാന്‍ അര്‍ജ്ജുനന്‍ മാഷിനൊപ്പം അസിസ്റ്റന്റായി ജോണ്‍സനാണുണ്ടായിരുന്നത്. 

ആഗ്രയില്‍ വച്ചാണ് മോഹന്‍ലാല്‍ à´ˆ പാട്ടുകേട്ടത് . ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും എന്ന പാട്ട് മോഹന്‍ലാലിനെ നിരാശനാക്കി . പാട്ടു വളരെ സീരിയസായിപ്പോയെന്നും ഏതോ ദു;ഖഗാനം പോലെ ഫീല്‍ ചെയ്യുന്നെന്നുമായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം . എന്നുമാത്രമല്ല ആഗാനത്തിനു പറ്റിയ ഭാവമെന്ന മട്ടില്‍ തമാശയ്ക്ക് ഒരു കമ്പുകുത്തിപ്പിടിച്ച് അഭിനയിക്കുകയും ചെയ്തു . മോഹന്‍ലാലിന്റെ നിരാശ കമലിനെയും അസ്വസ്ഥനാക്കി . à´† ചിത്രത്തില്‍ മോഹന്‍ലാലവതരിപ്പിക്കുന്ന ക്യാരക്ടര്‍ പ്രാഥമികസ്വഭാവത്തില്‍ത്തന്നെ വില്ലനും കുഴപ്പക്കാരനുമാണ് . അങ്ങനെയൊരാള്‍ മാനസികപരിവര്‍ത്തനം വന്ന് വിവാഹിതനായി ഹണിമൂണിനു പോകുമ്പോഴുള്ള പാട്ടാണത് . ആഘോഷത്തിമര്‍പ്പിനു പകരം ഇങ്ങനെയൊരു മൂഡാണതിനു ചേരുകയെന്ന് കമല്‍ അഭിപ്രായപ്പെട്ടു . എങ്കിലും à´† ന്യായീകരണത്തില്‍ ലാലപ്പോഴും തൃപ്തനായിരുന്നില്ല . 

ആദ്യത്തെ സിനിമയില്‍ ആദ്യമായി പിക്ചറൈസ് ചെയ്യുന്ന പാട്ടാണ് . അതെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം ഉള്ളിന്റെ ഉള്ളില്‍ കമലിനെയും നൊമ്പരപ്പെടുത്തി . വളരെയധികം ശ്രദ്ധയോടെയാണ് കമലതു ചിത്രീകരിച്ചത് . ഡബ്ബിംഗ് സമയത്ത് പാട്ട് മോഹന്‍ലാലിനെ കാണിച്ചു . മോഹന്‍ലാല്‍ തെല്ലാശ്ചര്യത്തോടെ കമലിനു കൈകൊടുത്തു . കേട്ടപ്പോള്‍ തോന്നിയ അഭിപ്രായമല്ല ഗാനം കണ്ടപ്പോള്‍ ലാലിനുണ്ടായത് . അര്‍ജ്ജുനന്‍മാഷിന്റെ അതിമനോഹരമായ ഒരു മെലഡിയായി à´† ഗാനം മാറി . ഇപ്പോഴും ആളുകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന പാട്ടാണത് . 


'മിഴിനീര്‍പ്പൂക്കളു'ടെ ഗാനത്തിന്റെ റീ റക്കോര്‍ഡിംഗ് ജോണ്‍സണായിരുന്നു . ജോണ്‍സണെ ഒരു പടം ഏല്‍പ്പിക്കണമെന്ന്് കമലിനുണ്ട് . പക്ഷേ ഔസേപ്പച്ചനൊരു വാക്കു കൊടുത്തുപോയല്ലോ . സെഞ്ച്വറി നിര്‍മ്മിച്ച 'ഉണ്ണികളേ ഒരു കഥ പറയാം' ആയിരുന്നു കമലിന്റെ അടുത്ത പടം . സെഞ്ച്വറി കൊച്ചുമോനോടും മോഹന്‍ലാലിനോടും പടത്തിന്റെ സംഗീതം ഔസേപ്പച്ചനായാല്‍ നന്നായിരിക്കുമെന്ന് ആദ്യം തന്നെ കമല്‍ താല്‍പ്പര്യപ്പെട്ടു . നല്ല പാട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ആളെന്ന നിലയ്ക്ക് ഔസേപ്പച്ചന്റെ കാര്യത്തില്‍ രണ്ടുപേര്‍ക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ . എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നതാവണം പാട്ടുകളെന്ന നിര്‍ബന്ധത്തോടെയാണ് ബിച്ചുതിരുമലയെ പാട്ടെഴുത്തേല്‍പ്പിച്ചത് . സംഗീതത്തെക്കുറിച്ച് കൂടുതലറിയില്ല എന്ന ന്യൂനതാബോധമുള്ളതുകൊണ്ട് വളരെ ശ്രദ്ധ ചെലുത്തിയും ശരിയായ താളത്തില്‍ ഷോട്ടുകള്‍ കട്ടുചെയ്തുമാണ് കമല്‍ ഗാനങ്ങള്‍ തയ്യാറാക്കിയത് . പ്രണയത്തിന്റെ കണ്‍സെപ്റ്റില്ലാത്ത , കുട്ടികളും മോഹന്‍ലാലും ചേര്‍ന്നുള്ള പാട്ട് . അത്തരമൊരു മൂഡിലാണ് പിന്നീട് 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളി'ലെ കണ്ണാന്തുമ്പീ ... എന്ന പാട്ടും ചിത്രീകരിച്ചത് . രേവതിയുംകുട്ടികളും അഭിനയിച്ച ഗാനം ചിത്രയുടെ ശബ്ദത്തിലെത്തിയപ്പോള്‍ പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒന്നായി . .ഫാസില്‍ നിര്‍മ്മിച്ച കാക്കോത്തിക്കാവിലും ബിച്ചു തിരുമല , ഔസേപ്പച്ചന്‍ ടീമായിരുന്നു പാട്ടുകള്‍ ഒരുക്കിയത് .

'കാക്കോത്തിക്കാവിലെ' പാട്ടുകള്‍ ആലപ്പുഴയില്‍ വച്ച് കംപോസ് ചെയ്യുമ്പോള്‍ ഔസേപ്പച്ചനോടൊപ്പം കമലടക്കം നാലു സംവിധായകരുണ്ടായിരുന്നു ; ഫാസിലും സിദ്ദിഖും ലാലും . 'കണ്ണാന്തുമ്പി' യെന്ന ചിത്ര പാടിയ ഗാനമാണ് ആദ്യം റക്കോര്‍ഡ് ചെയ്തത് . പ്രേക്ഷകമനസ്സില്‍ പതിയുന്ന പാട്ടാണതെന്നും കുട്ടികളതേറ്റെടുക്കുമെന്നും റക്കോഡിംഗ് സമയത്തുതന്നെ കമലുറപ്പിച്ചു . 'ഉണ്ണികളെ ഒരു à´•à´¥ പറയാം' , 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍' എന്നീ ചിത്രങ്ങള്‍ കഴിഞ്ഞതോടെ നല്ല രീതിയില്‍ പാട്ടു ചിത്രീകരിക്കാവുമെന്ന ആത്മവിശ്വാസമായി . എന്നാല്‍ പിന്നീടു സംവിധാനം ചെയ്ത 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസി' ലും 'ഓര്‍ക്കാപ്പുറത്തി' ലും പാട്ടില്ലായിരുന്നു . 'പെരുവണ്ണാപുരത്തെ വിശേഷങ്ങള' ായിരുന്നു അടുത്ത ചിത്രം . കോമഡിക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ ' പടകാളി മുറ്റമൊരുക്കി ...' എന്ന പാട്ടുമാത്രമാണുള്ളത് . പി കെ ഗോപി എഴുതിയ à´† ഗാനത്തിന് സംഗീതം പകര്‍ന്നുകൊണ്ടാണ് കമല്‍ ചിത്രങ്ങളിലേക്ക് ജോണ്‍സന്‍ കടന്നുവരുന്നത് . യേശുദാസ് പാടി അഭിനയിച്ച പഴയ ഗാനം 'വെള്ളത്താമരമൊട്ടുപോലെ ... ' പ്രാദേശികവാര്‍ത്തകളി' ലും പുനരാവിഷ്‌കരിച്ചു . മലയാളത്തില്‍ പിന്നീടുണ്ടായ റീമിക്‌സ് ട്രന്‍ഡിന്റെ പ്രാഥമികരൂപമായിരുന്നു അത് . അതോടെ ജോണ്‍സനും ഔസേപ്പച്ചനും പിന്നീട് കമലിന്റെ സിനിമകളില്‍ മാറി മാറി വരികയായിരുന്നു . 'പാവം പാവം രാജകുമാര'നും 'ശുഭയാത്ര'യ്ക്കും ജോണ്‍സന്‍ സംഗീതം കൊടുത്തപ്പോള്‍ 'തൂവല്‍സ്പര്‍ശ'വും 'പൂക്കാലം വരവായി'യും ഒൗസേപ്പച്ചന്‍ ചിട്ടപ്പെടുത്തി . അതോടെ പാട്ടിനെ തിരിച്ചുപിടിച്ച കമല്‍ സ്വന്തം സിനിമകളിലതിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു . 

ഇക്കാലത്തെല്ലാം കമലും രവീന്ദ്രനും പരസ്പരം കാണാറുണ്ടായിരുന്നു . സംഗീതസംവിധായകനെന്ന നിലയില്‍ തന്നെ അംഗീകരിക്കാറായില്ലേയെന്നും ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടാണോ ഇപ്പോഴും പരിഗണിക്കുന്നതെന്നും രവീന്ദ്രനപ്പോഴെല്ലാം തമാശ ചോദിച്ചിരുന്നു . സുരേഷ് കുമാര്‍ നിര്‍മ്മിച്ച 'വിഷ്ണുലോക' ത്തിലൂടെ രവീന്ദ്രന്റെ പരാതി കമല്‍ പരിഹരിച്ചുകൊടുത്തു . യേശുദാസിന്റെ പ്രിയശിഷ്യനായിരുന്നു രവീന്ദ്രന്‍ ആദ്യമായി കമലിനുവേണ്ടി സംഗീതം ചെയ്ത ചിത്രത്തില്‍ സാങ്കേതികകാരണങ്ങളാല്‍ യേശുദാസിനു പാടാനായില്ല . മോഹന്‍ലാലിനുവേണ്ടി നിരന്തരം പാടിക്കൊണ്ടിരുന്ന à´Žà´‚ ജി ശ്രീകുമാറാണ് വിഷ്ണുലോകത്തിലും പാടിയത് . പിന്നീടുവന്ന ചമ്പക്കുളം തച്ചനും ഈണമിട്ടത് രവീന്ദ്രനായിരുന്നു . à´† സിനിമയുടെ രീതി അനുസരിച്ച് രവീന്ദ്രനായിരിക്കും നല്ലതെന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ത്തന്നെ കമലും ശ്രീനിവാസനും തീരുമാനിക്കുകയായിരുന്നു . 

'മഴയെത്തും മുമ്പേ' മുതലാണ് കമല്‍ച്ചിത്രങ്ങളിലെ ഗാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുന്നത് . ഹിറ്റ് പാട്ടുകള്‍ നേരത്തെതന്നെ കമല്‍ച്ചിത്രങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും പാട്ടുചിത്രീകരണത്തിലെ സൗന്ദര്യത്തെപ്പറ്റി ആളുകള്‍ ചര്‍ച്ച ചെയ്തുതുടങ്ങിയത് 'മഴയെത്തും മുമ്പേ' മുതലാണ് . ഇന്നത്തെ ന്യൂജനറേഷന്‍ സ്റ്റൈലിന്റെ മാതൃക പോലും കമല്‍ 'മഴയെത്തും മുമ്പേ'യില്‍ പരീക്ഷിച്ചിരുന്നു . പുതുതലമുറയുടെ കാഴ്ചപ്പാടിനും അഭിരുചിക്കുമനുസരിച്ച് ചിത്രത്തിലൊരു റാപ്പ് മ്യൂസിക് വേണമെന്ന് കമല്‍ ആലോചിച്ചപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു രവീന്ദ്രന്റെ സംശയം . ആണ്‍പിള്ളേരെപ്പോലെ സ്വതന്ത്രരായി പെണ്‍കുട്ടികള്‍ പഠിക്കുന്ന കാമ്പസാണ് ചിത്രത്തിന്റെ പശ്ചാത്തലം . അതിനുതകുന്നതാകണം പാട്ടെന്നു കമല്‍ വിശദീകരിച്ചപ്പോള്‍ തനിക്കതു വലിയ പിടിയില്ലെന്നു തുറന്നു പറയാന്‍ രവീന്ദ്രന്‍ തയ്യാറായി . ചെയ്യാനാവില്ലെന്നുറപ്പുള്ള സംഗീതം പോലും ഏറ്റുപിടിക്കുന്നവര്‍ക്കിടയില്‍ രവീന്ദ്രന്‍ മാഷിന്റെ തുറന്നുപറച്ചില്‍ à´† മനുഷ്യന്റെ വലിയ മനസ്സായാണ് കമല്‍ കണ്ടത് . അങ്ങനെയാണ് റാപ്പ് മ്യൂസിക് ചെയ്യുന്നതിന് മദ്രാസില്‍ നിന്ന് ആനന്ദ് വന്നത് . തമിഴില്‍ ജിംഗിള്‍സും റാപ്പ് സോംഗുകളും ചെയ്ത് ആനന്ദ് ശ്രദ്ധേയനാകുന്ന സമയമായിരുന്നു അത് . 'മഴയെത്തും മുമ്പേ'യിലെ റാപ്പ് സോംഗിനും 'ഗംഗാമാ' എന്ന ടൈറ്റില്‍ സോംഗിനും ആനന്ദാണ് സംഗീതം നല്‍കിയത് . പിന്നീട് ചിത്രത്തിന്റെ റീറെക്കോര്‍ഡിംഗ് വേളയില്‍ രവീന്ദ്രനും നിര്‍മ്മാതാവായ മുരളിഫിലിംസ് മാധവന്‍നായരും തമ്മിലുണ്ടായ à´šà´¿à´² അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവരെയും മാനസികമായി അകറ്റി . കമലിന്റെ അടുത്ത ചിത്രത്തിന്റെ നിര്‍മ്മാതാവും മാധവന്‍നായരായിരുന്നു . അതിലും രവീന്ദ്രനെ സംഗീതസംവിധാകനാക്കാനായിരുന്നു കമലിന്റെയും ശ്രീനിവാസന്റെയും ആലോചന . എന്നാല്‍ തന്റെ ചിത്രമായ 'മഴയെത്തും മുമ്പേ'യില്‍ മനോഹരമായ ഗാനങ്ങള്‍ സൃഷ്ടിച്ചയാളാണെന്നംഗീകരിച്ചുകൊണ്ടുതന്നെ മാധവന്‍നായര്‍ അതു വിലക്കി . രവീന്ദ്രനുമായി ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് സഹകരിക്കാന്‍ അസൗകര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . അതോടെ രവീന്ദ്രന്‍ മാഷിനു പകരം മറ്റൊരാളെ കണ്ടെത്താന്‍ കമല്‍ തീരുമാനിച്ചു .    ( തുടരും )


Related News