Loading ...

Home Music

സംഗീതജ്ഞന്‍ രവീന്ദ്ര ജെയ്‌ന്‍ ഗുരുതരാവസ്ഥയില്‍

വിഖ്യാത സംഗീതജ്ഞന്‍ രവീന്ദ്ര ജെയ്‌ന്‍ ഗുരുതരാവസ്ഥയില്‍. രക്തസമര്‍ദ്ദം കുറഞ്ഞ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാഗ്‌പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്‌ച അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നുകാലത്ത് അദ്ദേഹത്തെ എയര്‍ അംബുലന്‍സില്‍ മുംബൈ ലീലാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രക്തസമര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ്‌ അണുബാധയുണ്ടെന്നും ഇത് കിഡ്‌നിയെ ബാധിച്ചതായും ഡോക്‌ടര്‍മാര്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്‌ അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലേക്ക് എത്തിച്ചത്. രക്തസമര്‍ദ്ദം കുറയുന്നതിനാല്‍ അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ വ്യക്തമാക്കുന്നു. കുഴഞ്ഞുവീണ ദിവസം വൈകുന്നേരം ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

മലയാളികള്‍ക്ക്, പ്രത്യേകിച്ച് കെ ജെ യേശുദാസിന്‌ രവീന്ദ്ര ജെയിനുമായുള്ള ബന്ധം ഇന്ത്യയൊട്ടാകെ പാട്ടാണ്‌. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും രവീന്ദ്ര ജെയിന്‍ ആയിരുന്നു. ജന്മനാ കാഴ്ച ശേഷിയില്ലാത്തെ രവീന്ദ്ര ജെയിനിന്റെ 'ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 'വോയ്സ്‌ ഓഫ് ഇന്ത്യ' എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയന്‍ നല്‍കിയ വിശേഷണം.

Related News