Loading ...

Home cinema

ആവിഷ്‌കാരസ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഭയപ്പെടണം: ജയരാജ്

കലയും സാഹിത്യവും കായികരംഗവും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും ആവിഷ്‌കാരസ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്ത് ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയരാജ്. ഇന്നത്തെ സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന ഇത്തരം മോശപ്പെട്ട പ്രവണതകള്‍ക്കെതിരെ തന്റെ സിനിമകളിലൂടെ കഴിയാവുന്നിടത്തോളം പ്രതിരോധം ഉയര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തിന്റെ വേദനയാണ് 'കരുണ'ത്തിലൂടെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ 'ശാന്തം' സംവിധാനംചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കണ്ണീര്‍ച്ചാലിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കുടുംബത്തിന്റെ കണ്ണീരിന് നേരെയാണ് 'പകര്‍ന്നാട്ട'ത്തിന്റെ ക്യാമറക്കണ്ണുകള്‍ തുറന്നുവെച്ചത്.

കുട്ടികള്‍ക്കുനേരേ നടക്കുന്ന ക്രൂരതയാണ് 'ബീഭത്സ'ത്തിലൂടെ വരച്ചുകാട്ടിയത്. ദയാവധം ചര്‍ച്ചയായി ഉയര്‍ത്താനായിരുന്നു 'അദ്ദുതം' ഒരുക്കിയത്. വഴിയില്‍നിന്ന് വീണുകിട്ടുന്നവരാണ് എന്റെ കഥാപാത്രങ്ങള്‍. 'ദേശാടന'ത്തിലെ മുത്തച്ഛനും 'ശാന്ത'ത്തിലെ ഐ.എം. വിജയനും തുടങ്ങി 'ഒറ്റാലി'ലെ വാസവനും എല്ലാം അങ്ങനെ എത്തിയവരാണ്. പുതിയ സിനിമയ്ക്കുവേണ്ടിയും താരങ്ങളെ തിരയുകയാണ്. സമയമാകുമ്പോള്‍ അവര്‍ മുന്നിലെത്തും. താരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നത് തന്റെ രീതിയല്ല. അത്യാവശ്യമെന്ന് തോന്നിയാല്‍ സമീപിക്കും. ഡേറ്റ് ഇല്ലെന്ന് പറഞ്ഞാല്‍ മറ്റൊരാളെ നോക്കും. താരാധിപത്യം ഇന്നും മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. ഭരത് ഗോപി പക്ഷാഘാതം പിടിച്ച് വീണപ്പോഴാണ് മലയാളത്തില്‍ താരാധിപത്യം പിറന്നത്.

കഥ തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും പുതിയ തലമുറയില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന മാറ്റം ഉണ്ടാകുന്നുണ്ട്. 'എന്ന് നിന്റെ മൊയ്തീ'നെ ജനം സ്വീകരിക്കുന്നത് അതുകൊണ്ടാണ്. അവതരണത്തിലെ മികവാണ് ആ ചിത്രത്തെ വേറിട്ടതാക്കുന്നത്. പരീക്ഷണചിത്രങ്ങള്‍ക്ക് തിയേറ്റര്‍ കിട്ടാത്ത കാലമുണ്ടായിരുന്നു. കേരള ഫിലിം ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍(കെ.എസ്.എഫ്.ഡി.സി.) ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള പുതിയ നീക്കങ്ങള്‍ ചലച്ചിത്ര മേഖലയ്ക്ക് ഗുണം ഉണ്ടാക്കുന്നതാണ് എന്നും ജയരാജ് പറഞ്ഞു.

Related News