Loading ...

Home health

ചിക്കന്‍പോക്‌സ് പകരാതിരിക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രോഗം സങ്കീര്‍ണമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കന്‍പോക്‌സ്. രോഗി തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴുമാണ് രോഗാണുക്കള്‍ (വൈറസ്) പുറത്ത് വരുന്നത്. രോഗിയുമായി അടുത്തിടപഴകുമ്ബോഴും ശ്വസിക്കുമ്ബോഴും ഈ വൈറസുകള്‍ മറ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു.

അതിനാല്‍ തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും വായും മൂക്കും തൂവാല ഉപയോഗിച്ച്‌ പൊത്തിപ്പിടിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കഴുകുക, രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച്‌ അണുവിമുക്തമാക്കുക, രോഗിയുമായുളള സമ്ബര്‍ക്കം നിയന്ത്രിക്കുക. ഒരിക്കല്‍ രോഗം വന്നയാള്‍ക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നല്‍കുക, രോഗി പൂര്‍ണ വിശ്രമമെടുക്കുകയും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കേണ്ടതുമാണ്. ചികിത്സയ്ക്കുളള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.

ഒരു വീട്ടില്‍ ഒരാള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടാലുടനെ മറ്റുളളവരെ ബന്ധുവീടുകളിലേക്ക് മാറ്റുന്നത് രോഗം കൂടുതല്‍ ആളുകളിലേക്ക് പടരുന്നതിന് കാരണമാവും. പനി, ശരീര വേദന, നടുവേദന, ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണം പ്രകടമാവുന്നതിന് മുന്‍പും ലക്ഷണങ്ങള്‍ തുടങ്ങി നാല് അഞ്ച് ദിവസം വരെയുമാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്.

രോഗിയുമായി അടുത്ത് ഇടപെടുന്നവര്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്ബോള്‍ തന്നെ ചികിത്സ തേടുകയും പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുകയും വേണം. കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗം വന്നാല്‍ സ്വയം ചികിത്സ നടത്താതെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ടതാണ്.

Related News