Loading ...

Home health

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗിയുടെ അന്നനാളം വിജയകരമായി മാറ്റിവെച്ച്‌ ജോധ്പൂര്‍ എയിംസ്

റോബോട്ടുകളുടെ സഹായം കൊണ്ടും സാങ്കേതികവിദ്യ ഉപയോഗിച്ചും പല ശസ്ത്രക്രിയകളും ഇന്ന് നടത്തുന്നുണ്ട്. വളരെയധികം അപൂര്‍വ്വങ്ങളായ കേസുകളിലാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുള്ളത്.അത്തരത്തില്‍ ഒരു രോഗിയുടെ ശസ്ത്രക്രിയ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ ഒരു സംഘം റോബോട്ടുകളുടെ സഹായം കൊണ്ട് നടത്തിയ ലോകത്തിലെ ആദ്യത്തെ അന്നനാള ശസ്ത്രക്രിയയാണ് വിജയകരമായത്. ഏകദേശം 9 മാസം മുമ്ബ് ചെറുപ്പക്കാരനായ രോഗി ആസിഡ് കഴിച്ചതിനെ തുടര്‍ന്നാണ് ഈ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. തുടര്‍ന്ന്, രോഗിയുടെ അന്നനാളത്തിന്കേടുപാടുകള്‍ സംഭവിക്കുകയും പാനീയങ്ങളും കട്ടിയുള്ള ഭക്ഷണവും കഴിക്കാന്‍ അയാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു.

ജോധ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ പൂര്‍ണമായും രോഗിയെ ഓട്ടോമേറ്റഡ് ഓപ്പറേഷന് വിധേയമാക്കുകയും രക്തസ്രാവം കുറച്ചുകൊണ്ട്മുഴുവന്‍ മെഡിക്കല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറവായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം രോഗി സ്വാഭാവികമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ തുടങ്ങുകയും രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

''ആസിഡ് കഴിച്ചതിനാല്‍ രോഗിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരികയും വയറില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ഭക്ഷണം നല്‍കുകയുമായിരുന്നു. സാധാരണനിലയിലുള്ള ശസ്ത്രക്രിയാ പ്രക്രിയയില്‍ കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ മുറിവ് ഉണ്ടാകുമായിരുന്നു. അത് സാവധാനത്തില്‍ സുഖം പ്രാപിക്കുന്നതിനും കൂടുതല്‍ വേദനയ്ക്കും വലിയ പാടുകള്‍ക്കും കാരണമായേനെ'', ജോധ്പൂരിലെ എയിംസ് മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ.എം.കെ ഗാര്‍ഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

റോബോട്ടിക് ആയുധങ്ങള്‍ ഉപയോഗിച്ച്‌ ശസ്ത്രക്രിയ നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗമാണെന്നും പ്രൊഫ. ഗാര്‍ഗ് പറഞ്ഞു. ഈ ശസ്ത്രക്രിയയില്‍, ഡോക്ടര്‍മാര്‍ കേടായ അന്നനാളം നീക്കം ചെയ്യുകയും പുതിയതും പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമായ ഒന്ന് ഘടിപ്പിക്കുകയും ചെയ്തു. 8 മില്ലീമീറ്റര്‍ ഉള്ള നാല് മുറിവുകള്‍ മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് ഉണ്ടായത്.

റോബോട്ടിക് ശസ്ത്രക്രിയ മൂലം രോഗിയ്ക്ക് ബുദ്ധിമുട്ടുകളും കുറവായിരുന്നു.കൂടാതെ പരമ്ബരാഗത രീതികളെ അപേക്ഷിച്ച്‌ രോഗി വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സംഘം 'ഐവര്‍-ലൂയിസ് എസോഫാഗെക്ടമി' എന്ന രീതിയാണ് ശസ്ത്രക്രിയയ്ക്കായി അവലംബിച്ചത്. ഈ രീതി പ്രകാരം, ദഹനവ്യവസ്ഥയുടെ കേടായ ഭാഗം നീക്കം ചെയ്യുകയും സ്ഥിരമോ താല്‍ക്കാലികമോ ആയ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.

Related News