Loading ...

Home health

ശ്വാസകോശ രോഗങ്ങൾ ബാധിച്ച എല്ലാ മനുഷ്യർക്കും സ്വീകരിക്കാവുന്ന 'യൂണിവേഴ്‌സൽ ശ്വാസകോശം' വികസിപ്പിച്ച് ശാസ്ത്രജ്ഞർ

രക്തഗ്രൂപ്പോ ശരീരത്തിന്റെ വ്യത്യാസങ്ങളോ ബാധകമല്ലാത്ത ശ്വാസകോശമാണിത്. ശരീരത്തിന് പുറത്ത് ശ്വാസകോശത്തെ സജീവമാക്കി നിർത്താൻ സഹായിക്കുന്ന എക്‌സ് വൈവോ ലംഗ് പെർഫ്യൂഷൻ (ഇ.വി.എൽ.പി) എന്ന ഉപകരണത്തിന്റെ സഹായത്തോടെ നടത്തിയ എൻസൈം ചികിൽസയാണ് യൂണിവേഴ്‌സൽ ശ്വാസകോശം വികസിപ്പിക്കാൻ സഹായിച്ചത്.

യൂണിവേഴ്‌സൽ ശ്വാസകോശം ഒരു വർഷത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാൻ തീരുമാനിച്ചതായി സയൻസ് ട്രാൻസ്‌ലേഷണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

''മാരകമായ രോഗങ്ങൾ ബാധിച്ചവരിൽ സ്ഥാപിക്കാൻ ലഭിക്കുന്ന ശ്വാസകോശങ്ങൾ പലപ്പോഴും രക്തഗ്രൂപ്പിലെ വ്യത്യാസവും വലുപ്പത്തിലെ വ്യത്യാസവും മൂലം ഉപയോഗ ശൂന്യമാവുന്നു. ഗൗരവമേറിയ ഈ പ്രശ്‌നം പരിഹരിക്കാൻ പുതിയ ചികിൽസ സഹായിക്കും.''--പഠനത്തിന് നേതൃത്വം നൽകിയ കാനഡയിലെ ടൊറന്റോ സർവ്വകലാശാലയിലെ സർജറി പ്രഫസറായ ഡോ. മാർസെലോ സൈപ്പെൽ പറഞ്ഞു.

''ശ്വാസകോശ രോഗികൾക്ക് മാറ്റിവെക്കാൻ വേണ്ട ശ്വാസകോശം ലഭിക്കാത്ത ദുരവസ്ഥ പരിഹരിക്കാൻ പുതിയ ചികിൽസാ രീതിക്ക് സാധിക്കും. 'ഒ' ഗ്രൂപ്പ് രക്തമുള്ളവർ ശ്വാസകോശത്തിന് വേണ്ടി കാത്തിരുന്ന് മരിക്കുന്നത് സാധാരണ സംഭവമാണ്. മറ്റു രക്തഗ്രൂപ്പുകാർ നൽകുന്ന ശ്വാസകോശങ്ങൾ 'ഒ' ഗ്രൂപ്പുകാരുടെ ശരീരം സ്വീകരിക്കില്ല എന്നതാണ് പ്രശ്‌നം. ഇത് പരിഹരിക്കാൻ പുതിയ ചികിൽസക്ക് സാധിക്കും. 'ഒ' ഗ്രൂപ്പുകാരുടെ മരണവും കുറയുമെന്നാണ് പ്രതീക്ഷ.''--ഹാർവാഡ് മെഡിക്കൽ സ്‌കൂളിലെ സർജറി പ്രഫസറായ ഡോ. റിച്ചാർഡ് എൻ പിയേഴ്‌സൺ പറയുന്നു.

രക്തത്തിലും ചുവന്നരക്താണുക്കളുടെ ഉപരിതലത്തിലും രക്തക്കുഴലുകളിലും ചില തരം ഷുഗർ സംയുക്തങ്ങൾ (ആന്റിജെൻ) ഉള്ളതോ ഇല്ലാത്തതോ ആണ് ഒരാളുടെ രക്തഗ്രൂപ്പ് നിർണയിക്കുക. 'എ', 'ബി' എന്നിവയാണ് ഈ ആന്റിജെനുകൾ. 'എ' ഗ്രൂപ്പുകാരുടെ രക്തത്തിൽ 'എ' എന്ന ആന്റിജെൻ ആണുണ്ടാവുക. 'ബി' ഗ്രൂപ്പുകാരുടെ രക്തത്തിൽ 'ബി' എന്ന ആന്റിജെനും 'എ.ബി' ഗ്രൂപ്പുകാരുടെ രക്തത്തിൽ 'എ' ആന്റിജെനും 'ബി' ആന്റിജെനുമുണ്ടാവും. 'ഒ' ഗ്രൂപ്പുകാരുടെ രക്തത്തിൽ ഈ രണ്ടു ആന്റിജെനുകളും ഉണ്ടാവില്ല.

ചുവന്ന രക്താണുക്കളിലും രക്തക്കുഴലുകളിലും ആന്റിജെനുകൾ ഉണ്ടാവുമ്പോൾ രക്തത്തിലെ പ്ലാസ്മയിൽ ചിലതരം ആന്റിബോഡികളുണ്ടാവും. ഉദാഹരണത്തിന് 'എ' ഗ്രൂപ്പുകാരുടെ പ്ലാസ്മയിൽ 'ആന്റി ബി' ആന്റിബോഡിയാണുണ്ടാവുക. ഒരു 'എ' ഗ്രൂപ്പുകാരൻ 'ബി' ഗ്രൂപ്പ് രക്തം സ്വീകരിക്കുമ്പോൾ ഈ ആന്റിബോഡികൾ അതിനെ ആക്രമിക്കും. അതാണ് ഗ്രൂപ്പ് മാറി രക്തം നൽകാൻ സാധിക്കാത്തത്.

അതുപോലെ തന്നെ 'ഒ' ഗ്രൂപ്പുകാരുടെ രക്തത്തിലെ പ്ലാസ്മയിൽ 'ആന്റി-എ', 'ആന്റി-ബി' ആന്റിബോഡികളുണ്ടാവും. അതായത്, 'എ', 'ബി' ഗ്രൂപ്പ് രക്തമോ അവയവങ്ങളോ സ്വീകരിക്കാൻ ഇവർക്ക് കഴിയില്ല. 'ഒ' ഗ്രൂപ്പ് രക്തമുള്ളവർ 'ഒ' ഗ്രൂപ്പ് രക്തമുള്ളവരുടെ അവയവത്തിനായി കാലങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. എന്നാൽ, രണ്ടു ആന്റിജനുകളും ഇല്ലാത്തതിനാൽ 'ഒ' ഗ്രൂപ്പുകാരുടെ രക്തവും അവയവങ്ങളും മറ്റേത് ഗ്രൂപ്പുകാർക്കും സ്വീകരിക്കാനും കഴിയും.

'ഒ' ഗ്രൂപ്പുകാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഡോ. മാർസെലോ സൈപ്പെൽ ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസറായ സ്റ്റീഫൻ വിതേഴ്‌സിനെ സമീപിച്ചത്. 'എ', 'ബി', 'എ.ബി' ഗ്രൂപ്പ് രക്തത്തിൽ നിന്നും ആന്റിജെനുകളെ നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ 2018ൽ തന്നെ സ്റ്റീഫൻ വിതേഴ്‌സിന്റെ ലാബ് വികസിപ്പിച്ചിരുന്നു. മനുഷ്യരുടെ കുടലിൽ ഉള്ള രണ്ടു തരം എൻസൈമുകളാണ് ഇതിന് സഹായിച്ചത്.

Related News