Loading ...

Home health

കടല്‍ വെള്ളരി - സമുദ്ര ഗര്‍ത്തങ്ങളിലെ സര്‍വ്വ വ്യാപി ; ഔഷധങ്ങളുടെ കലവറ

ഋഷി ദാസ്. എസ്സ്.

സമുദ്രത്തിലെ ആവാസവ്യവസ്ഥയില്‍ അതിപ്രധാനമായ ഒരു കണ്ണിയാണ് കടല്‍ വെള്ളരി . കടല്‍ വെള്ളരി എന്നാണ് പേരെങ്കിലും കടല്‍ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കടല്‍ വെള്ളരികള്‍.

മറ്റൊരു കടല്‍ ജീവികള്‍ക്കും വസിക്കാനാവാത്ത അഗാധ സമുദ്ര ഗര്‍ത്തങ്ങളില്‍പോലും കടല്‍ വെളളരികള്‍ അനായാസം വസിക്കുന്നു. ആകൃതിയില്‍ വെള്ളരിയോട് സാമ്യമുള്ളതിനാല്‍ മാത്രമാണ് ഇവക്ക് കടല്‍ വെള്ളരികള്‍ എന്ന് പേരുളളത്.

അതി വിചിത്രമായ ഒരു ജീവിയാണ് കടല്‍ വെള്ളരി. സിലിണ്ടര്‍ പോലുള്ള ശരീരം .അര ലിറ്ററിനടുത്ത ശരീര വ്യാപ്തം. മുപ്പത് സെന്റീമീറ്റര്‍ ശരാശരി നീളം. അഞ്ചു നിരയില്‍ ചെറിയ കാലുകള്‍. വളരെ വിചിത്രമായ ശ്വസന രീതി. ഇതൊക്കെയാണ് കടല്‍ വെള്ളരിയുടെ ഏകദേശ രൂപം .

ഇവയുടെ മറ്റൊരു സവിശേഷത ഇവക്ക് വ്യക്തമായ ഒരു തലച്ചോര്‍ ഇല്ലെന്നുള്ളതാണ് . വായ്ക്ക് ചുറ്റുമുള്ള നാഡീവ്യൂഹങ്ങള്‍ക്കു സമാനമായ സംവിധാനങ്ങള്‍ ഇവയുടെ തലച്ചോറായി പ്രവര്‍ത്തിക്കുന്നു എന്നാണ് അനുമാനം .ആയിരത്തിലധികം കടല്‍ വെള്ളരി വിഭാഗങ്ങള്‍ സമുദ്രാന്തര്‍ ഭാഗത്തു വസിക്കുന്നുണ്ട് . അവയില്‍ പലതിനും വ്യത്യസ്തമായ രൂപവും ഭാവവും ഉണ്ട് . മൂന്ന് മില്ലിമീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ നീളമുള്ള കടല്‍ വെള്ളരികള്‍ ഉണ്ട് . കടല്‍ വെള്ളരിയുടെ ഏറ്റവും വികസിതമായ ശരീര വ്യവസ്ഥ അവയുടെ ദഹന വ്യവസ്ഥയാണ് .


 
കടലില്‍ ജീവിച്ചു ജീവിതചക്രം പൂര്‍ത്തിയാക്കി കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്ന സസ്യ ,ജന്തു വര്‍ഗ്ഗങ്ങളെല്ലാം തന്നെ അവസാനം കടല്‍ വെളളരികളുടെ ഭക്ഷണമായിത്തീരുകയാണ് ചെയ്യുന്നത് . അതിനാല്‍ തന്നെ സമുദ്രത്തിലെ ആവാസ വ്യവസ്ഥയില്‍ കടല്‍ വെള്ളരിയുടെ സ്ഥാനം പ്രാധാന്യമേറിയതാണ്.

പ്രകൃത്യമായ ജീവികളാണെങ്കിലും കടല്‍ വെള്ളരികള്‍ വലിയ കോളനികളിലാണ് വസിക്കുന്നത്. ദശ ലക്ഷക്കണക്കിനു കടല്‍ വെള്ളരികള്‍ അടങ്ങുന്ന കോളനികള്‍ കണ്ടെത്തിയിട്ടുണ്ട് . പസഫിക് സമുദ്രത്തില്‍ ചതുരശ്രമീറ്റര്‍ കടല്‍ തട്ടില്‍ മുപ്പതിലേറെ കടല്‍ വെള്ളരികള്‍ ഉണ്ടെന്നാണ് അനുമാനം . അതില്‍നിന്നു തന്നെ ഭൂമിയിലെ ഇവയുടെ എണ്ണം ഊഹിക്കാം .ആയിരക്കണക്കിന് കോടി കടല്‍ വെള്ളരികളാണ് ഭൂമിയില്‍ ഉളളത് . ജലത്തിലൂടെ രാസവസ്തുക്കള്‍ പ്രസരിപ്പിച്ച്‌ ഇവ വാര്‍ത്താവിനിമയം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മിക്ക കടല്‍ വെള്ളരി വിഭാഗങ്ങള്‍ക്കും ശക്തമായ ടോക്സിനുകളിലൂടെയുള്ള സ്വയം പ്രതിരോധ സംവിധാനമുണ്ട്.

കടല്‍ വെള്ളരിയുടെ വാണിജ്യ ഉപയോഗം


 
സമുദ്ര ആവാസ വ്യവസ്ഥയില്‍ പകരം വയ്ക്കാനാകാത്ത ദൗത്യം നിറവേറ്റുന്ന കടല്‍ വെളളരികള്‍ ഇപ്പോള്‍ വാണിജ്യപരമായും ഉപയോഗത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യ യോഗ്യമായ അനേകം കടല്‍ വെള്ളരി ഇനങ്ങളുണ്ട് . പുരാതന കാലം മുതല്‍ തന്നെ പസഫിക് തീരത്തില്‍ കടല്‍ വെളളരിയെ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു .

ചൈനീസ് വൈദ്യത്തില്‍ കടല്‍ വെള്ളരികള്‍ അതിശക്തമായ ഔഷധങ്ങളായിട്ടാണ് ഉപയോഗിക്കുന്നത് . ക്യാന്‍സറിന്റെ ഔഷധമായാണ് കടല്‍ വെളളരിയെ ചൈനീസ് ജാപ്പനീസ് പാരമ്ബര്യ വൈദ്യം കാണുന്നത് . ഈ അവകാശവാദം ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ,കടല്‍ വെള്ളരി ഉല്‍പ്പാദിപ്പിക്കുന്ന രാസ വസ്തുക്കള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുമോ എന്ന വിഷയത്തില്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട് .

കടല്‍ വെള്ളരിയില്‍ നിന്നും വേദനാസംഹാരികള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട് . കടല്‍ വെള്ളരികളിലെ ഒരു വിഭാഗമായ Cucumaria echinata യില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ മലേറിയക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .

കടല്‍ വെള്ളരി വ്യവസായം

ഭക്ഷണ ആവശ്യത്തിനും രാസ വസ്തുക്കളുടെയും ഔഷധങ്ങളുടെയും നിര്‍മ്മാണത്തിനും കടല്‍ വെള്ളരികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ പ്രത്യേക കടല്‍ വെള്ളരി വിഭാഗങ്ങളെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തി വിപണനം ചെയ്യുന്ന വ്യവസായവും രൂപപ്പെട്ടു വരുന്നുണ്ട്. പസഫിക് തീര രാജ്യങ്ങളില്‍ വലിയ കുളങ്ങളില്‍ കടല്‍ വെള്ളരി വളര്‍ത്തി വ്യാവസായിക അടിസ്ഥാനത്തില്‍ വിപണനം നടത്തുന്നുണ്ട് .ചൈനയിലെ വര്‍ധിച്ച ഡിമാന്‍ഡ് കാരണം കടല്‍ വെളളരികളുടെ വില കിലോഗ്രാമിന് 300ഡോളര്‍ ( 20000 രൂപക്കടുത്ത് ) വരെ ഉണ്ട് .

സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഇവയെ ശേഖരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള കടല്‍ വെള്ളരി കൃഷി പല രാജ്യങ്ങളിലും ഇപ്പോള്‍ വ്യാപകമായി തുടങ്ങിയിട്ടുണ്ട് .

Courtesy: 24K

Related News