Loading ...

Home Music

ദേവസംഗീതവുമായി വന്ന സംഗീതമാന്ത്രികന്‍ ജി.ദേവരാജന്റെ ജീവിതകഥ

സതീശന്‍ കൊല്ലം

കൊല്ലം പരവൂരില്‍ നാരായണനാശാന്‍ എന്നൊരു കഥകളി ചമയകലാകാരന്‍ ഉണ്ടായിരുന്നു. ചുട്ടികുത്തുന്നതിനും ചമയത്തിനും അതീവ വിദഗ്ദനായിരുന്നു അദ്ദേഹം. നാരായണനാശാന്റെ മകന്‍ കൊച്ചുഗോവിന്ദന്‍ കഥകളി പഠിച്ചുവെങ്കിലും ഉയരം കുറവായതിനാല്‍ അരങ്ങത്ത് പ്രധാനവേഷമൊന്നും ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം കെ.ആര്‍.കുഞ്ഞുണ്ണിത്താന്‍്റെ കീഴില്‍ സംഗീതപഠനം നടത്തി. കൊച്ചുഗോവിന്ദന്റെ വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ ഗുരു മൃദംഗം പരിശീലിച്ചാല്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതുകൊണ്ട് അത് പഠിക്കാന്‍ ഉപദേശിച്ചു. അങ്ങനെ കഥകളിയും വായ്പ്പാട്ടും പഠിച്ച കൊച്ചുഗോവിന്ദന്‍ പ്രശസ്ത മൃദംഗവിദ്വാനായ പുതുക്കോട്ട ദക്ഷിണാമൂര്‍ത്തിപിള്ളയുടെ കീഴില്‍ മൃദംഗം പരിശീലിക്കുകയും വളരെ മിടുക്കനായ മൃദംഗവിദ്വാനെന്നു പേരെടുക്കുകയും ചെയ്തു. ആ കൊച്ചുഗോവിന്ദന്റെയും ഭാര്യ കൊച്ചുകുഞ്ഞിന്‍്റെയും സീമന്തപുത്രനായി പരവൂര്‍ കോട്ടപ്പുറത്ത് 1927 സെപ്റ്റംബര്‍ 27ന് ദേവരാജന്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം പൊഴിക്കര വേലുപ്പിള്ള എന്ന അദ്ധ്യാപകന്റെ കീഴിലായിരുന്നു. തുടര്‍ന്ന് കോട്ടപ്പുറം ഹൈസ്‌കൂളില്‍ ചേര്‍ന്നു.തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്‌കൂളില്‍ പഠിച്ചു E.S.L.C പാസ്സായി.1946-48 കാലത്ത് അദ്ദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം നടത്തിയശേഷം എം.ജി.കോളേജില്‍ ബിരുദപഠനം നടത്തി.

തന്റെ സംഗീതപഠനത്തെക്കുറിച്ച്‌ ദേവരാജന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. "സംഗീതം പഠിക്കാന്‍ ഞാനെങ്ങും പോയിട്ടില്ല. അച്ഛനാണ് എന്നെ പാട്ട് പഠിപ്പിച്ചത്.മൃദംഗവിദ്വാനായിരുന്നെങ്കിലും അച്ഛന്‍ മറ്റുള്ളവരെ പഠിപ്പിച്ചത് വായ്പ്പാട്ടാണ് .കര്‍ണാടകസംഗീതത്തില്‍ ഗാഢമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് സ്വരസ്ഥാനങ്ങളിലും രാഗങ്ങളിലും നല്ല വ്യുല്‍പ്പത്തിയുണ്ടായിരുന്നു". അച്ഛനില്‍ നിന്നും സംഗീപപാഠങ്ങള്‍ ഉള്‍ക്കൊണ്ട ദേവരാജന്‍ വീണപഠിച്ചത് പ്രശസ്ത വീണവിദ്വാന്‍ കൃഷ്ണന്‍ തമ്ബിയുടെ കീഴിലായിരുന്നു.


 
കുട്ടിക്കാലം മുതല്‍ തമിഴ്, ഹിന്ദി സിനിമ കാണുന്നതില്‍ വലിയ കമ്ബമുള്ളയാളായിരുന്നു ദേവരാജന്‍. സിനിമക്കഥകളായിരുന്നില്ല അദ്ദേഹത്തെ ആകര്‍ഷിച്ചത് അവയിലെ പാട്ടുകളായിരുന്നു.പരവൂരില്‍ നിന്നും കുറച്ചകലെയുള്ള കൊല്ലം നഗരത്തിലുള്ള ശ്രീമൂലംപാലസ് തിയേറ്ററില്‍(ഈ തീയേറ്ററില്‍ അന്നും ഇന്നും തമിഴ്, ഹിന്ദി ചിത്രങ്ങളാണ് അധികവും പ്രദര്‍ശിപ്പിക്കുന്നത്) സ്ഥിരമായി ചലച്ചിത്രങ്ങള്‍ കാണാനെത്തുമായിരുന്നു.

ദേവരാജന് പതിനെട്ട് വയസ്സുള്ളപ്പോള്‍ കൊല്ലം തേവള്ളിയിലുള്ള മലയാളിമന്ദിരത്തില്‍ വെച്ച്‌ വായ്പ്പാട്ടില്‍ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി കച്ചേരികള്‍ നടത്താനാരംഭിച്ചു.കൊല്ലം ഓച്ചിറക്ഷേത്രത്തില്‍ വെച്ചു നടന്ന കച്ചേരി കേള്‍ക്കാനിടയായ ചാലക്കുടി നാരായണസ്വാമിയും മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തില്‍ ദേവരാജന്റെ കച്ചേരിക്കുവേണ്ടി ശുപാര്‍ശ ചെയ്തു. ആ കച്ചേരി ആസ്വദിക്കാനെത്തിയവരില്‍ വയലാര്‍ രാമവര്‍മ്മയുമുണ്ടായിരുന്നു.തുടര്‍ന്ന് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് നിരവധി കച്ചേരികള്‍ അദ്ദേഹം നടത്തി ശ്രദ്ധേയനായി മാറി.


 
ദേവരാജന്റെ സംഗീതപരിപാടി ആദ്യമായി പ്രക്ഷേപണം ചെയ്തത് തൃശ്ശിനാപ്പള്ളി റേഡിയോനിലയമാണ്.പിന്നീട് അദ്ദേഹം കേരളത്തിലെ ആകാശവാണി നിലയങ്ങള്‍ക്കു കൂടാതെ മദ്രാസ് നിലയത്തിനുവേണ്ടിയും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.1948മുതല്‍ തുടര്‍ച്ചയായി കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന ദേവരാജന്‍ തന്റെ സിനിമാസംഗീതത്തില്‍ ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനം കൂടുമെന്ന സംശയത്തില്‍ 1962 ഭാര്യ എന്ന ചിത്രത്തിന് സംഗീതം ചെയ്തതില്‍ പിന്നെ കച്ചേരി ചെയ്യുന്നത് അവസാനിപ്പിച്ചു.

ദേവരാജന്‍ തിരുവനന്തപുരത്ത് ബിരുദപഠനവും ഒപ്പം സംഗീതകച്ചേരികളും നടത്തുന്ന കാലത്ത് കൊല്ലം നഗരത്തിലെ പ്രധാന കോളേജ് കൊല്ലം എസ്.എന്‍.കോളേജായിരുന്നു.കേരള രാഷ്ട്രീയത്തിലേയും കലാസാഹിത്യ രംഗത്തേയും പല മഹാരഥന്മാരും പഠിച്ചത്‌ ആ കോളേജിലായിരുന്നു. ഇന്നത്തപ്പോലെ അന്നും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥങ്ങളുടെ ശക്തികേന്ദ്രമായിരുന്നു ആ കോളേജ്. ഒ.മാധവനും ,പി.കെ.വിയും,കെ.ഗോവിന്ദപ്പിള്ളയുമൊക്കെ നേതൃത്വം നല്കിയിരുന്ന എസ്.ഏഫ് ആയിരുന്നു അന്നത്തെ പ്രധാന വിദ്യാര്‍ത്ഥി സംഘടന.ഒ.എന്‍.വി. അക്കാലത്ത് എസ്.എന്‍.കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥിയല്ലെങ്കിലും ദേവരാജനും എസ്. എന്‍ .കോളേജ് വിദ്യാര്‍ത്ഥികളുടെ സൗഹൃദസദസ്സുകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു. ദേവരാജന്‍ പാട്ടുകച്ചേരികളിലൂടെ പ്രത്യേകിച്ചും കവിതകള്‍ക്ക് സംഗീതം നല്കി അവതരിപ്പിക്കുന്നതിലൂടെ ദേവരാജന്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഒ.എന്‍.വിയുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ കവിതയുമായി ദേവരാജനെ കൂടുതല്‍ അടുപ്പിച്ചു.സംഗീതവും കവിതയും തമ്മിലുള്ള അപൂര്‍വ്വസംഗമമായി ആ സൗഹൃദം വികസിച്ചു.


 
കൊല്ലം കടപ്പാക്കടയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍വെച്ച്‌ ഒ.എന്‍.വി. തന്റെയൊരു കവിതാപുസ്തകം ദേവരാജന് സമ്മാനിച്ചു.ആ കവിതാ പുസ്തകത്തിലെ 'ഇരുളില്‍ ഒരു ഗാനം' എന്ന കവിത ദേവരാജന്റെ മനസ്സില്‍ ഉടക്കി നിന്നു.അന്ന് ഒ.എന്‍.വി എസ്. എന്‍.കോളേജിലെ യൂണിയന്‍ ചെയര്‍മാനാണ്.കോളേജ് യൂണിയന്‍ യോഗത്തില്‍ ഒ.എന്‍.വിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആ കവിത മനോഹരമായ ഈണം നല്കി ദേവരാജന്‍ പാടി "പൊന്നരിവാളമ്ബിളിയില്‍ കണ്ണെറിയുന്നോളെ..". അന്നുവരെ ശ്രോതാക്കള്‍ കേട്ടിട്ടില്ലാത്ത ഈണത്തിലുള്ള ആ പാട്ടുകേട്ട് സദസ്സാകമാനം പുളകംകൊണ്ടു.ആ പാട്ടിന്റെ ഈരടികള്‍ ഹൃദയത്തിലിട്ട് താലോലിച്ചുകൊണ്ടാണ് യുവതിയുവാക്കള്‍ അവിടുന്ന് പിരിഞ്ഞുപോയത്.

കമ്മ്യൂണിസ്റ്റ് ആശയക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കലാസംരംഭമായ കെ.പി.എ.സി 1951ലാണ് രൂപം കൊള്ളുന്നത്. അവരുടെ ആദ്യനാടകമായ 'എന്റെ മകനാണ് ശരി' പ്രതീക്ഷിച്ചപോലെ വിജയം വരിച്ചില്ല. രണ്ടാമത്തെ നാടകമായ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിക്കണമെന്ന് അണിയറക്കാരായ ജനാര്‍ദ്ദനക്കുറുപ്പും,തോപ്പില്‍ ഭാസിയും,ഒ.മാധവനും, രാജാമണിയും.ആഗ്രഹിച്ചു.ഒ.എന്‍.വി രചിച്ച്‌ ദേവരാജന്‍ ഈണമിട്ട 24ഓളം (ഇടവേളയിലുള്ളവ ഉള്‍പ്പെടെ) ആ നാടകത്തിലുണ്ടായിരുന്നു.ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ "പൊന്നരിവാളമ്ബിളിയില്‍ .." പ്രത്യേകമായി ആ നാടകത്തില്‍ ചേര്‍ത്തു. കെ.എസ്.ജോര്‍ജ്ജും ,സുലോചനയും ആലപിച്ച ആ നാടകത്തിലെ ഗാനങ്ങള്‍ ഇന്നും പുതുമ നഷ്ടപ്പെടാത്തവയാണ്.തുടര്‍ന്ന് K.P.A.C യുടെ തന്നെ നാടകങ്ങളായ സര്‍വ്വേക്കല്ല്, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ ഒ.എന്‍.വി ,ദേവരാജന്‍ ടീമിന്റെ മനോഹരമായ ഒരുപിടി ഗാനങ്ങള്‍ പിറന്നുവീണു.

"വള്ളിക്കുടിലിനുള്ളിനുള്ളിലിരിക്കും." 
"മാരിവില്ലിന്‍ തേന്‍മലരേ." 
"അമ്ബിളിയമ്മാവാ..താമരക്കുമ്ബിളില്‍.." 
"ചെപ്പുകിലുക്കണ ചങ്ങാതി.." 
"ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും.."

തുടങ്ങിയവ അവയില്‍ ചിലതാണ്.പിന്നീട് 'കാളിദാസ കലാകേന്ദ്രം 'രൂപകൊടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചതിനോടൊപ്പം അവരുടെ നാടകങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തു. കോട്ടയം ശ്രീനിയുടെ ശകുന്തള തിയേറ്റേഴ്സിനോവേണ്ടിയും,കെ.പി.എ.സി സുലോചനയുടെ സംസ്ക്കാര തിയേറ്റേഴ്സിനുവേണ്ടിയും, പിരപ്പന്‍കോട് മുരളിയുടെ സംഘചേതനയ്ക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങള്‍ക്ക് സംഗീതം ചമച്ചിട്ടുണ്ട്.

1950ല്‍ നല്ലതങ്ക എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ട്. ദക്ഷിണാമൂര്‍ത്തിയും,1954 ല്‍ പി.ഭാസ്‌കരന്റെ 'നീലക്കുയില്‍' എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ട് കെ.രാഘവനും ചലച്ചിത്രരംഗത്ത് പ്രവേശിച്ചതിനുശേഷം മൂന്നാമനായിട്ടാണ് 'കാലംമാറുന്നു' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്കിക്കൊണ്ട് ദേവരാജന്‍ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. ആദ്യചിത്രത്തിനുശേഷം രണ്ടാമത്തെ ചിത്രമായ 'ചതുരംഗം'ത്തിലെ വയലാറിന്റെ വരികള്‍ക്ക് ഈണം നല്കുന്നത് നാലു വര്‍ഷത്തിനുശേഷമാണ്(1959). എന്നെന്നും ഓര്‍മ്മിക്കുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വയലാര്‍ ദേവരാജന്‍ ടീം അങ്ങനെ ഉദയംകൊള്ളുകയായിരുന്നു. 1962ല്‍ ഭാര്യ എന്ന ചിത്രത്തോടെ മലയാള ചലച്ചിത്ര സംഗീതലോകത്തെ മുടിചൂടാമന്നനായി ദേവരാജന്‍ മാറി.

വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ ആദ്യമായി ഈണം നല്കിയത് സിനിമയിലോ നാടകത്തിലോ ആയിരുന്നില്ല.1957ല്‍ നടത്തിയ ഒന്നാം സ്വാതന്ത്ര്യസമരവാര്‍ഷികത്തിന് വേണ്ടി വയലാര്‍ രചിച്ച ഇന്നും ജനഹൃദയങ്ങളെ കോരിത്തരിക്കുന്ന 'ബലികുടിരങ്ങളേ! ബലികുടിരങ്ങളേ! ..സ്മരണകളിരമ്ബും..' എന്ന ഗാനത്തിനാണ് ദേവരാജന്‍ ആദ്യമായി ഈണം നല്കിയത്.

നിരീശ്വരവാദിയായ പിതാവിന്റെ നിരീശ്വരവാദിയായ മകനായിരുന്ന ദേവരാജന്‍ "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.." ,"ഈശ്വരന്‍ ഹിന്ദുവല്ല."പോലുള്ള ഗാനങ്ങളും ഒപ്പം"ഹരിവരാസനം..","നിത്യവിശുദ്ധയാം..കന്യാമറിയമേ.."പോലുള്ള മികച്ച ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒ.എന്‍.വിയും വയലാറും കൂടാതെ മലയാള സിനിമയിലെ പ്രധാനപ്പെട്ട ഗാനരചയിതാക്കളായ പി.ഭാസ്‌കരന്‍, യൂസഫലി കേച്ചേരി,മങ്കൊമ്ബ് ഗോപാലകൃഷ്ണന്‍, ബിച്ചു തിരുമല,ശ്രീകുമാരന്‍ തമ്ബി,പൂവച്ചല്‍ ഖാദര്‍..തുടങ്ങിയവരുടെ രചനകളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.അഞ്ചു സംസ്ഥാന അവാര്‍ഡുകളും സമഗ്രസംഭാവനയ്ക്ക് ജെ.സി.ഡാനിയേല്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത ഗായകരായ യേശുദാസും, ജയചന്ദ്രനും, പി.സുശീലയും,വാണിജയറാമും, മാധുരിയുമൊക്കെ സ്വരമാധുര്യത്തിന്റെ ചിറക് വിരിച്ചത് ദേവരാജന്റെ പാട്ടുകള്‍ക്ക് ശബ്ദം നല്കിയാണ്. അവരെല്ലാം തന്നെ അദ്ദേഹത്തോടുള്ള കടപ്പാട് ഉറക്കെ പറയാറുണ്ട്. മലയാളം കൂടാതെ തമിഴ്, കന്നടച്ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്കിയിട്ടുണ്ട്.

കാളിദാസ കലാകേന്ദ്രത്തിന്റ രൂപീകരണകാലത്ത് പരിചയപ്പെട്ട പെരുന്ന ലീലാമണി എന്ന പ്രശസ്ത നര്‍ത്തകിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രാജനന്ദനും,ശര്‍മ്മിളയുമാണ് മക്കള്‍. ഷഡ്കാല പല്ലവി,ദേവഗീതികള്‍,സംഗീതശാസ്ത്രസുധ തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 2006 മാര്‍ച്ച്‌ 15ന് ചെന്നൈയില്‍ വെച്ചായിരുന്നു ആ മഹാനുഭാവന്റെ അന്ത്യം. മലയാള സംഗീതലോകത്ത്‌ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന പേരായിരിക്കും ജി.ദേവരാജന്റേത്.

Related News