Loading ...

Home cinema

അനുപം ഖേറും സ്ഥാനമൊഴിഞ്ഞു

ഒടുവില്‍ അനുപം ഖേറും പൂണൈ എഫ്ടിഐഐയുടെ പടിയിറങ്ങി. രാജ്യത്തെ പരമോന്നത ചലച്ചിത്ര പഠനകേന്ദ്രമായ ഫിലിം ആന്‍ഡ‌് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവച്ചു. വിദേശയാത്രകള്‍ ആവശ്യമായതിനാലാണ് രാജിയെന്നാണ് ഔദ്യോ​ഗിക വിശദീകരണം. മന്ത്രാലയവുമായുള്ള അഭിപ്രായ വ്യത്യാസമാണെന്നും വാര്‍ത്ത പരക്കുന്നുണ്ട്.

മോഡി സര്‍ക്കാര്‍ അധികാരമേറ്റതോടെ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട സ്ഥാപനങ്ങളിലൊന്നായിരുന്നു എഫ്ടിഐഐ. പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെ തഴ‍ഞ്ഞ് ബി ​ഗ്രേഡ് ബോളിവുഡ് സിനിമകളിലെ താരമായ ​ഗജേന്ദ്ര ചൗഹാനെയാണ് 2014ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോ​ഗിച്ചത്. മഹാഭാരതം പരമ്ബരയില്‍ യുധിഷ്ഠിരനായി വേഷമിട്ടു എന്നതുമാത്രമായിരുന്നു ചൗഹാന്റെ യോ​ഗ്യത. രാജ്യമെമ്ബാടുമുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിന് അത് വഴിവച്ചു. ചലച്ചിത്രവിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി തെരുവിലിറങ്ങുന്ന സ്ഥിതിയുണ്ടായി. മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്രത്തിന് പിടിവാശി ഉപേക്ഷിക്കേണ്ടിവന്നു. ചൗഹാന് പകരമായാണ് പ്രമുഖ നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറിനെ ആ സ്ഥാനത്തേക്ക് നിയോ​ഗിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് അദ്ദേഹവും പുറത്തുപോകുന്നത്.

രാജ്യാന്തരതലത്തില്‍ നിരവധി ചലച്ചിത്രഅനുബന്ധ പരിപാടികളില്‍ പങ്കെടുക്കാന്‍ സ്ഥിരമായി വിദേശത്തെ വാസം വേണ്ടിവരുമന്ന് അദ്ദേഹം രാജി കത്തില്‍ പറയുന്നു.

ന്യൂ ആംസ്റ്റര്‍ഡാം എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിക്കുവേണ്ടി ഒമ്ബതുമാസത്തോളം അദ്ദേഹത്തിന് അമേരിക്കയില്‍ തങ്ങേണ്ടിവരുമത്രേ. ഇതിനിടെ ചെയര്‍മാന്‍ എന്ന വലിയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രയാസമുണ്ടാകുമെന്നും കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ്ങിനയച്ച രാജി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തികച്ചും അനുയോജ്യനായ വ്യക്തിയെ തനിക്കുപകരം കണ്ടെത്തണമെന്നും അദ്ദേഹം രാജി കത്തില്‍ ആവശ്യപ്പെട്ടു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ അനുപം ഖേറിനുമുന്നില്‍ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. മാസങ്ങളായി പഠനം മുടങ്ങിയ സാഹചര്യത്തില്‍ പ്രധാനമായും ഒമ്ബതിന ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്. അവ പരിഹരിക്കുന്നതില്‍ അദ്ദേഹത്തിന് കാര്യമായ ഇടപെടല്‍ നടത്താനായില്ലെന്ന് പലകോണുകളില്‍നിന്ന‌് ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിരുന്നു.

ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ജീവചരിത്ര സിനിമയില്‍ മന്‍മോഹന്‍ സിങ്ങിനെയാണ് അനുപം ഖേര്‍ അവതരിപ്പിക്കുന്നത്.

Related News