Loading ...

Home Gulf

പ്രളയം: ഖത്തര്‍ റെഡ്ക്രോസ് 36 കോടിയുടെ ധനസഹായം നല്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി ഖത്തര്‍ റെഡ്ക്രോസ് (റെഡ്ക്രസന്‍റ്) 36 കോടി രൂപയുടെ സഹായം നല്കും. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍, സ്കൂളുകള്‍, ആംഗന്‍വാടികള്‍, പൊതുകക്കുസുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളുടെ വികസനത്തിനായി വിദേശ റെഡ് ക്രോസ് സൊസൈറ്റി നല്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

കഴിഞ്ഞ മാസം 28ന് ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ഖത്തര്‍ റെഡ്ക്രസന്‍റും നാഷണല്‍ റെഡ് ക്രോസ് സൊസൈറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. ധനസഹായം നല്‍കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്‍റ് തിരുവനന്തപുരത്ത് നയതന്ത്ര സുരക്ഷയോടു കൂടിയ ഓഫീസ് തുറക്കുമെന്ന് കേരള റെഡ്ക്രോസ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സഹായം ആവശ്യമുള്ളവരുടെ പട്ടിക തയാറാക്കി നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്‍റെ പൂര്‍ണ ചുമതല റെഡ് ക്രോസിനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിനും പുറമേ മലപ്പുറം, ഇടുക്കി ജില്ലകളിലെ രണ്ടു ഗ്രാമങ്ങള്‍ റെഡ് ക്രോസ് ദത്തെടുക്കും. ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം കൊടുക്കുന്ന വിധത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്ക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രസന്‍റിന്‍റെ കണ്‍ട്രി ക്ലസ്റ്റര്‍ ഹെഡ് ലിയോ പ്രോപ് ഒക്ടോബര്‍ 14ന് കേരളത്തിലെത്തും.

പ്രളയബാധിത പ്രദേശങ്ങളില്‍ ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ റെഡ് ക്രോസില്‍ നിന്ന് വിവിധ സഹായങ്ങള്‍ ലഭിച്ചിരുന്നു. കനേഡിയന്‍ റെഡ്ക്രോസ് ഭാരവാഹികള്‍ ഈ മാസം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള സാധ്യതകള്‍ ആരായുന്നതിനാണ് കനേഡിയന്‍ സംഘമെത്തുന്നത്.

കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി ഈ രംഗത്ത് പരിചയസമ്ബത്തുള്ള ഒരുസംഘം കഴിഞ്ഞയാ ഴ്ച്ച ശ്രീലങ്കയില്‍ നിന്ന് എത്തിയിരുന്നു. കുട്ടനാട്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള കിണറുകളാണ് പ്രധാനമായും ശുദ്ധീകരിച്ചതെന്ന് റെഡ്ക്രോസ് സെക്രട്ടറി ചെമ്ബഴന്തി അനില്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു വേണ്ടി മൊബൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. ഇതിന് പുറമേ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്‌ സംസ്കരിക്കുന്നയിടങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് റെഡ് ക്രോസ് മുന്‍തൂക്കം നല്‍കുന്നത്.

Related News