Loading ...

Home Music

യേശുവിനേക്കുറിച്ചും അള്ളാഹുവിനേക്കുറിച്ചും പാടുന്നു: കര്‍ണാടകസംഗീതജ്ഞര്‍ക്കെതിരെയും വാളോങ്ങി സംഘപരിവാര്‍ ...എം ജെ ശ്രീചിത്രന്‍ എഴുതുന്നു

അടുത്തകാലത്ത് കര്‍ണാടകസംഗീതം ഇളകിമറിയേണ്ടിയിരുന്ന ഒരു വിഷയമുണ്ടായി. പക്ഷേ കാര്യമായൊന്നും സംഭവിച്ചില്ല. ടി എം കൃഷ്ണ പറയും പോലെ സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കായി പാടുകയും കേള്‍ക്കുകയും ചെയ്യുന്ന സൗവര്‍ണലോകത്തിന് അവയൊന്നും വിഷയമായതേയില്ല.

കര്‍ണാടകസംഗീതത്തിന് അനേകം കൈവഴികളുണ്ട്. ക്രൈസ്തവരും മുസ്ലീങ്ങളും കര്‍ണാടകസംഗീതം പാടിയിട്ടുണ്ട്. യേശുവിനേക്കുറിച്ചും അള്ളാഹുവിനേക്കുറിച്ചും കീര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. 'മുഖ്യധാരാകര്‍ണാടകസംഗീതം' അവയെ കണക്കാക്കിയിട്ടില്ലെങ്കിലും അവരെല്ലാം പാടിക്കൊണ്ടേയിരുന്നു, അനേകവര്‍ഷങ്ങളായി. ഇപ്പൊള്‍ പുതിയൊരു കുഴപ്പം തലപൊക്കിയിരിക്കുന്നു. പശുവിന്റെ കരച്ചിലൊഴികെ മറ്റൊന്നും സംഗീതമായിത്തോന്നാത്ത സംഘികള്‍ കര്‍ണാടകസംഗീതജ്ഞരെ ഭീഷണിപ്പെടുത്താനിറങ്ങിയിരിക്കുന്നു. സംഭവപരമ്ബരയാണ്, എണ്ണമിട്ട് ചിലതെഴുതാം.

1) ലാല്‍ഗുഡി ജയരാമന്റെ ശിഷ്യനും ചലച്ചിത്ര സംഗീത സംവിധായകനുമായ ശ്യാം (മലയാളത്തില്‍ ഏറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ശ്യാം തന്നെ) യേശുവിന്‍ സംഗമസംഗീതം എന്ന പരിപാടി വര്‍ഷങ്ങളായി നടത്തുന്നതാണ്.സാമുവല്‍ ജോസഫ് എന്നാണ് ശ്യാമിന്റെ ശരിയ്ക്കും പേര്. നിരവധി പ്രമുഖസംഗീതജ്ഞര്‍ അവിടെ പാടാറുണ്ട്. നിത്യശ്രീ, അരുണാ സായ്റാം, അനുരാധ ശ്രീരാം, ഉണ്ണികൃഷ്ണന്‍, ബോംബെ ജയശ്രീ - അങ്ങനെ അനേകം പേര്‍. ഇപ്പോള്‍ പുതിയൊരു വിവാദം ഹിന്ദുത്വവാദികള്‍ പൊക്കിക്കൊണ്ടുവന്നു. നിത്യശ്രീ കര്‍ണാടകസംഗീതത്തിലെ 'ഹൈന്ദവകൃതികള്‍' ക്രിസ്തീയവല്‍ക്കരിച്ച്‌ പാടി മതംമാറ്റത്തിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. പതിവുപോലെ തന്നെ ഒരടിസ്ഥാനവുമില്ലാത്ത വങ്കത്തമാണ്. സാമാന്യസൗന്ദര്യബോധമുള്ള ആരും ചെയ്യാത്ത കാര്യമാണ് വര്‍ഷങ്ങളായി സംഗീതരംഗത്തുള്ള സംഗീതജ്ഞര്‍ ചെയ്തു എന്ന് ആരോപിക്കുന്നത്. തുരുതുരാ പലവശത്തു നിന്നായി തെറിവിളിപ്പോസ്റ്റുകള്‍, ഭീഷണികള്‍, വ്യാജവാര്‍ത്തകള്‍ ഇവയുടെ പ്രവാഹമാണ്. ആരോപണമൊന്നാകെ 'സമാനുലവരു പ്രഭോ' എന്നൊരു സെമിക്ലാസിക്കല്‍ പാട്ടിലൂന്നിയാണ്. അതു 'രാമ നീ സമാനമെവരൂ' എന്ന കീര്‍ത്തനത്തിന്റെ കോപ്പിയാണെന്നാണ് ചിലപ്പ്. രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. അതു പോട്ടെ, ഇനി ആണെങ്കില്‍ തന്നെ എന്താണ് കുഴപ്പം എന്ന ചോദ്യമുയര്‍ത്തപ്പെടുന്നുമില്ല.

 
ടി എം കൃഷ്ണ,നിത്യശ്രീ, ഒ എസ്‌ അരുണ്‍, അരുണാ സായിറാം

2) മറ്റൊരു സംഭവം പ്രശസ്തസംഗീതജ്ഞന്‍ ഒ എസ് അരുണിനു നേരെയാണ്. ചെന്നൈ ലയോള കോളേജിലെ കിങ്സ് ചര്‍ച്ചില്‍ പാടാന്‍ ക്ഷണിക്കപ്പെട്ടതു കൊണ്ട് ചെന്നൈയിലെ ആര്‍ എസ് എസ് കാര്യവാഹ് ഒ എസ് അരുണിനെ വിളിച്ച്‌ പച്ചക്കു ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ പരിപാടി കുളംതോണ്ടുമെന്നൊക്കെയാണ് ഭീഷണി. മറ്റുമതക്കാര്‍ക്ക് സംഗീതം വില്‍ക്കുന്ന പണി അംഗീകരിക്കില്ല എന്നാണ് രോഷം. ഒ എസ് അരുണ്‍ ഡിപ്ലോമസിയില്‍ ബുരുദാനന്തരദുരിതമുള്ള ബാലന്‍സ് കെ നായരായതുകൊണ്ട് പരിപാടി ക്യാന്‍സല്‍ ചെയ്ത് രക്ഷപ്പെടുന്നു.

3) ഒ എസ് അരുണിനോടുള്ള സംഘിഭീഷണി ഫോണ്‍കോളില്‍ 'പൊറുക്കി' എന്ന ബിരുദം കിട്ടിയ ഒരു സംഗീതജ്ഞനുണ്ട് - സ്വാഭാവികമായും ടി എം കൃഷ്ണ. കൃഷ്ണ ആ ബിരുദം സസന്തോഷം ഏറ്റെടുക്കുന്നു. പുറമ്ബോക്ക് പാടലുമായി നടക്കുന്ന ഞാന്‍ സംഗീതത്തിലെ പൊറുക്കി തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി ഈ പൊറുക്കി എല്ലാ മാസവും ഓരോ ക്രിസ്തീയകീര്‍ത്തനം കമ്ബോസ് ചെയ്യാനാണുദ്ദേശിക്കുന്നത് എന്നും പ്രസ്താവിക്കുന്നു. അവിടെയും നിര്‍ത്തിയില്ല, രാമനേക്കുറിച്ചും പാടും അള്ളാഹുവിനേക്കുറിച്ചും പാടും യേശുവിനെക്കുറിച്ചും പാടും ഇവര്‍ മൂന്നുപേരും ഇല്ല എന്നും പാടും എന്നു പറയുന്നു. ക്ലോസ്.

വളരെക്കുറച്ച്‌ സംഗീതജ്ഞരേ ഈ കോലാഹലത്തില്‍ പ്രതികരിച്ചിട്ടുള്ളൂ. സ്വന്തം സഭാസ്ഥാനങ്ങളിലും സില്‍ക്കുജുബ്ബകളിലും പട്ടുസാരികളിലും കലാനിധിമണിപ്പട്ടങ്ങളിലും കിടന്നുകറങ്ങുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമേയല്ല. അങ്ങനെയല്ലാതെ അത്യപൂര്‍വ്വം മനുഷ്യര്‍ മാത്രമുള്ള സംഗീതലോകം പഴയ ആകാശവും ഭൂമിയും അതേപടി നിലനില്‍ക്കും എന്ന മൗഢ്യത്തില്‍ നിലനില്‍ക്കുന്നു.

അടിയില്‍ നിന്ന് കുലുങ്ങുകയാണ്, എല്ലാ കലാവ്യവഹാരവും. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിങ്ങള്‍ക്ക് ചലിക്കാതിരിക്കാനാവും എന്നു കരുതുന്നത് വങ്കത്തമാണ്. തിരിച്ചറിഞ്ഞാല്‍ നല്ലത്.

Related News