Loading ...

Home cinema

'ധീരയായ ചലച്ചിത്രകാരി'; കല്‍പ്പന ലാജ്‌മിക്ക്‌ വിട

മുംബൈ > ഇന്ത്യന്‍ സിനിമയിലെ ശക്തയായ പെണ്‍കഥാപാത്രങ്ങളുടെ സ്രഷ്ടാവായ കല്‍പ്പന ലാജ്മിക്ക് ചലച്ചിത്രലോകത്തിന്റെ യാത്രാമൊഴി. സിനിമയിലും ജീവിതത്തിലും സ്വീകരിച്ച ഉജ്വലമായ നിലപാടുകളായിരുന്നു കല്‍പ്പനയുടെ ശക്തി. അസമീസ് കവിയും സംഗീതജ്ഞനും സംവിധായകനുമായ ഭൂപേന്‍ ഹസാരികയുമായി 17 വയസ്സിലാണ് കല്‍പ്പന ലാജ്മി പ്രണയത്തിലാകുന്നത്. 28 വര്‍ഷത്തെ പ്രായവ്യത്യാസം അവര്‍ക്കൊരു തടസ്സമായില്ല.

പത്തൊമ്ബതാം വയസ്സുമുതല്‍ കല്‍പ്പന ഭൂപേന്‍ ഹസാരികയ്ക്ക് ഒപ്പം ജീവിച്ചുതുടങ്ങി. നാലുദശകത്തിലേറെ അവര്‍ ഒന്നിച്ചു ജീവിച്ചു. 2011 നവംബറില്‍ 85-ാംവയസ്സില്‍ ഹസാരിക അന്തരിക്കുന്നതുവരെ നിഴലായി ഒപ്പംനിന്നു. പ്യാസ, കാഗസ് കീ ഫൂല്‍ എന്നിവ ഒരുക്കിയതിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധായകനും നടനുമായി അറിയപ്പെട്ട ഗുരുദത്തിന്റെ ബന്ധുവായിരുന്നു.
ഗുരുദത്തിന്റെ സഹോദരിയും ചിത്രകാരിയുമായ ലളിത ലാജ്മിയായിരുന്നു അമ്മ. ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായാണ് സിനിമയിലെത്തിയത്. ഏക് പല്‍ (1986) ആദ്യ ചിത്രം. ശബാന അസ്മിയും നസറുദ്ദീന്‍ ഷായും മുഖ്യവേഷത്തിലെത്തിയ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഗുല്‍സാറിനൊപ്പം സിനിമയുടെ തിരക്കഥ ഒരുക്കിയതും കല്‍പ്പനയാണ്. ബോളിവുഡിന്റെ പതിവുകാഴ്ചകളെ ഞെട്ടിച്ച്‌ ആണ്‍-പെണ്‍ സൗഹൃദത്തെ പച്ചയായി സിനിമയില്‍ കല്‍പ്പന അവതരിപ്പിച്ചു. ഭൂപേന്‍ ഹസാരിക ആദ്യമായി ഹിന്ദി ചലച്ചിത്രലോകത്ത് എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയത് ഹസാരിക ആയിരുന്നു. ദീര്‍ഘകാലത്തെ ഇടവേളയ‌്ക്ക് ശേഷമാണ് കല്‍പ്പന രുദാലി (1993) ഒരുക്കുന്നത്. ഇന്ത്യയിലും പുറത്തും സിനിമ നിരൂപകശ്രദ്ധ നേടി. ഡിംപിള്‍ കപാഡിയ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. ആ വര്‍ഷം ഓസ്കറിന് ഇന്ത്യയെ പ്രതിനിധാനംചെയ‌്തത് രുദാലി ആയിരുന്നു.

ദര്‍മിയാന്‍ (1997) ആയിരുന്നു അടുത്തചിത്രം. കിരണ്‍ ഖേറും തബുവും മുഖ്യവേഷത്തിലെത്തി. കല്‍പ്പനയുടെ ഏറ്റവും ചര്‍ച്ചയായ ചിത്രമായിരുന്നു അടുത്തത്. വൈവാഹിക പ്രതിസന്ധി ചര്‍ച്ചയായ ദമന്‍(2001) ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് വിതരണത്തിനെത്തിച്ച സിനിമകൂടിയാണ്. കല്‍പ്പനയുടെ ചിത്രത്തിലൂടെ മറ്റൊരു താരം കൂടി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഇതിലൂടെ സ്വന്തമാക്കി. ഗ്ലാമര്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ട രവീണ ഠണ്ഡന്റെ അഭിനയമികവ് ചൂഷണം ചെയ്ത കഥാപാത്രമായിരുന്നു ദമനിലേത്. അടുത്ത ചിത്രം ക്യോന്‍ ശ്രദ്ധിക്കപ്പെട്ടില്ല. സുഷ്മിത സെന്‍ ലൈംഗികത്തൊഴിലാളിയുടെ വേഷമിട്ട ചിന്‍ഗാരി (2006) ഭൂപേന്‍ ഹസാരികയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു.ബോളിവുഡില്‍ വന്‍വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും ചിത്രം ബോക്സ്‌ഓഫീസില്‍ വീണു. എനിക്കറിയാവുന്ന ഭൂപേന്‍ ഹസാരിക എന്ന ഗ്രന്ഥവും അവര്‍ എഴുതി. ഈ മാസം ആദ്യം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അസുഖത്തെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല.

courtesy: Desabhimani

Related News