Loading ...

Home charity

മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്ങന്നൂരിന്റെ ആദരം

കടലിന്റെ മക്കളുടെ ധൈര്യം , സാഹസികത , ത്യാഗം എന്നിവ നേരിട്ട് കണ്ടറിയാന്‍ ചെങ്ങന്നൂര്‍കാര്‍ക്ക് സാധിച്ചെന്നും അവരുടെ ത്യാഗം തിരിച്ചറിയപ്പെടുന്നതോടൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഐ എച്ച്‌ ആര്‍ ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹൃദയപൂര്‍വ്വം ചെങ്ങന്നൂര്‍ 'ആദരവ് 2018 'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ . മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി.


സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ചെങ്ങന്നൂരിലെ വിലപ്പെട്ട ജീവിതങ്ങളെ തിരിച്ചു നല്‍കിയ മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ളവരെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ചതായിരുന്നു പരിപാടി . മത്സ്യത്തൊഴിലാളികള്‍, സംസ്ഥാന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍, , സാമൂഹ്യ സന്നദ്ധ സംഘടനകള്‍, മറ്റു മനുഷ്യസ്നേഹികള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കാലങ്ങളായി മത്സ്യത്തൊഴിലാളികള്‍ അവഗണന നേരിടുകയാണെന്ന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതം എത്ര സാഹസികവും ത്യാഗ പൂര്‍ണവും ആണെന്ന് അവരെ ആദരിക്കുന്ന ഈ വേളയില്‍ നമ്മള്‍ തിരിച്ചറിയണം. ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്ത വിവിധ ഭാഗങ്ങളില്‍ പ്രളയകാലത്ത് ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളൈ മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുരക്ഷാഭിത്തി പണിത് മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും. കേരളത്തിന്റെ അതിജീവനം പുതിയ പാഠ്യ വിഷയമാകുമെന്നും ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമായി സമീപിക്കുന്ന സന്തുലിതമായ സംസ്‌കാരിക ജീവിതത്തിലേക്ക് നമ്മള്‍ തിരിച്ചെത്തുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രളയകാലത്തുണ്ടായ എല്ലാ നഷ്ടവും സര്‍ക്കാര്‍ നികത്തുമെന്ന് ഫിഷറീസ് വകുപ്പ്് മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കൊല്ലത്തുനിന്ന് 106 വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് . വകുപ്പ് തലത്തില്‍ 669 വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മുന്നൂറോളം വള്ളങ്ങള്‍ അല്ലാതെയും വന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കേടായ വള്ളങ്ങള്‍ നന്നാക്കി നല്‍കിവരികയാണ് . പൂര്‍ണമായി നശിച്ച വള്ളങ്ങള്‍ക്ക് പകരം നല്‍കും. അടിയന്തരസാഹചര്യം നേരിടാന്‍ ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂമും ചെങ്ങന്നൂരില്‍ ആരംഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം അതിജീവനത്തിന് പുതയ ചരിത്രമാണ് രചിച്ചതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മന്ത്രി ജി. സുധാകരന്‍ ആദരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവഹാനി സംഭവിച്ച വരെയും പ്രളയത്തില്‍ മരിച്ചവരെയും സ്മരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്കുപുറമേ പൊലീസ്, നേവി, ആര്‍മി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വിവിധ വകുപ്പുകള്‍ എന്നിവരെയും ആദരിച്ചു. ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചതിന് ജില്ലാ കളക്ടര്‍ എസ്.സുഹാസിനെയും ചെങ്ങന്നൂരില്‍ അഞ്ച് ദിവസത്തോളം തങ്ങി രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുകയും ആയിരത്തോളം പോലീസിനെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കുകയും ചെയ്ത ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രനെയും ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ ആദരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക അഭിനന്ദന പത്രവും കൈമാറി. ചെങ്ങന്നൂര്‍ എം.എല്‍.എ സജിചെറിയാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.എല്‍.എമാരായ ആര്‍.രാജേഷ്, കെ.ബി.ഗണേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, തദ്ദേശ സ്ഥാപനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related News