Loading ...

Home Music

പാട്ടുകൊണ്ടൊരോണപ്പൂക്കളം സജി ശ്രീവല്‍സം

ഓണപ്പൂക്കളം പോലെ ഓണത്തിന്‍െറ ഭാഗമാണ് മലയാളികള്‍ക്ക് പാട്ടും. ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന പാട്ടോ ‘ഓണപ്പൂവേ പൂവേ..’ എന്ന പാട്ടോ ഉയര്‍ന്നു കേള്‍ക്കാതെ ഒരോണവും കേരളത്തില്‍ നിന്ന് മറയാറില്ല. മലളിത്തത്തിന്‍െറ എല്ലാ ബിംബങ്ങളും നമ്മുടെ സിനിമകളില്‍ കാലാകലങ്ങളായി നിറയാറുണ്ടെങ്കിലും ഓണം ചിത്രീകരിക്കുകയും ഓണപ്പാട്ടുകളൊരുക്കുകയും ചെയ്യുന്നത് സിനിമയില്‍ പൊതുവേ കുറവാണ്. എന്നാല്‍ ആ കുറവ് തീര്‍ത്തത് യേശുദാസിന്‍െറ തരംഗിണി ആയിരുന്നു പിന്നീട്.
1955ല്‍ ‘ന്യൂസ്പേപ്പര്‍ ബോയ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ആദ്യത്തെ ഓണപ്പാട്ട് കേള്‍പ്പിക്കുന്നത്. അത് നമുക്കേവര്‍ക്കും പരിചയമുള്ള ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ..’ എന്ന പരമ്പരാഗത ഗാനമായിരുന്നു. പാടിയത് കമുകറ പുരുഷോത്തമന്‍. എ.രാമചന്ദ്രനായിരുന്നു സംഗീതം. ‘അവര്‍ ഉണരുന്നു’ എന്ന ചിത്ത്രതിനുവേണ്ടി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ എല്‍.പി.ആര്‍ വര്‍മ്മ പാടിയ ‘മാവേലി നാട്ടിലെ’ എന്ന ഗാനം പക്ഷേ ഓണത്തിന്‍െറ വികാരമുള്‍ക്കൊള്ളുന്നതല്ല. അന്നത്തെ ഹിന്ദി ട്യൂണ്‍ കടമെടുത്തുണ്ടാക്കിയ പാട്ടാണത്. എന്നാല്‍ 1961ല്‍ ബാബുരാജിന്‍െറ സംഗീതത്തില്‍ മുടയനായ പുത്രനു വേണ്ടിയാണ് ഓണത്തിന്‍െറ വികാരമുള്‍ക്കൊള്ളുന്ന ഗാനം ആദ്യമിറങ്ങുന്നത്. ‘ഓണത്തുമ്പീ ഓണത്തുമ്പീ ഓടിനടക്കും വീണക്കമ്പീ..’ എന്ന ഈ ഗാനമെഴുതിയത് പി.ഭാസ്കരന്‍. പിഞ്ചുഹൃദയം എന്ന ചിത്രത്തിനുവേണ്ടി ഭാസ്കരന്‍ മാഷ് എഴുതി ദക്ഷിണാമൂര്‍ത്തി ഈണമിട്ട ‘അത്തംപത്തിന് പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം...’ എന്ന ഗാനം പാടിയത് എല്‍.ആര്‍.ഈശ്വരിയാണ്. ദേവരാജന്‍ മാഷും വയലാറും ചേര്‍ന്നൊരുക്കിയ ആദ്യ ഓണഗാനം ‘ചെമ്പരത്തി’എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂതരണേ.. എന്ന പരമ്പരാഗത ഗാനമാണ് വയലാര്‍ ഉപയോഗിച്ചത്. പഞ്ചവടി എന്ന ചിത്രത്തിനുവേണ്ടി ശ്രീകമാരന്‍ തമ്പി എഴുതിയ ഗാനമാണ് ഓണത്തെ പ്രേമവുമായി ആദ്യം ബന്ധിപ്പിക്കുന്നത്; ‘പൂവണിപ്പൊന്നിന്‍ ചിങ്ങം വിരുന്നുവന്നു പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു..’ എന്ന ഗാനത്തിലൂടെ. പിന്നീട് ഇത്തരം പാട്ടുകള്‍ നിരന്തരം കേട്ടത് തരംഗിണിയുടെ ആല്‍ബങ്ങളിലൂടെയായിരുന്നു. അതിലും ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ശ്രദ്ധേയമായി. ‘ഒരുനുള്ളു കാക്കപ്പൂ കടം തരുമോ..’ എന്ന ഗാനത്തിലും ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു’, ‘പൂക്കളം കാണുന്ന പൂമരംപോലെ നീ പൂമുഖത്തിണ്ണയില്‍ നിന്നു’ തുടങ്ങിയ ഗാനങ്ങളിലൂടെ വിശുദ്ധപ്രണയത്തിന്‍െറയും പ്രണയഭംഗത്തിന്‍െറയുമൊക്കെ അവസ്ഥ അദ്ദേഹം ഓണത്തിന്‍െറ പശ്ചാത്തലത്തില്‍ വരച്ചുകാട്ടി. ‘ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ’, ‘കിനാവിലിന്നലെ വന്നു നീയെന്‍ കിസലയമൃദുലാംഗീ’, ‘ദൂരെയാണ് കേരളം പോയ്വരാമോ’ തുടങ്ങിയ ഗാനങ്ങളിലൂടെ യൂസഫലി കേച്ചേരിയും പ്രണയാതുരമായ ഓണത്തെ മലയാളിയുടെ ഗൃഹാതുരസ്മൃതികളാക്കി.
മലയാള സിനിമയില്‍ ലക്ഷണമൊത്ത ആദ്യത്തെ ഓണപ്പാട്ട് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘തിരവോണം’ എന്ന സിനിമയിലൂടെയാണ് വരുന്നത്. വാണീ ജയറാം പാടിയ ‘തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച വാങ്ങാന്‍’ എന്ന ഗാനം എക്കാലത്തും മലയാളികള്‍ ഓര്‍ക്കുന്നതാണ്. ശ്രീകുമാരന്‍ തമ്പിയുമൊന്നിച്ച് ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച à´Žà´‚.കെ അര്‍ജ്ജുനന്‍ മാഷാണ് സംഗീതം.  
പിന്നീട് മലയാളികള്‍ ഒന്നിച്ച് സ്വീകരിച്ച ഓണപ്പാട്ടാണ് ‘വിഷുക്കണി’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പി തന്നെയെഴുതിയ ‘പൂവിളിപൂവിളി പൊന്നോണമായി’ എന്ന ഗാനം. ഈ പാട്ടിന് ഈണമിട്ടത് മലയാളിയല്ലാത്ത സലില്‍ ചൗധരിയാണെന്നതാണ്് പ്രത്യേകത. സലില്‍ ചൗധരിതന്നെ ഈണമിട്ട് കവി ഒ.എന്‍.വി കുറുപ്പെഴുതിയ ‘ഓണപ്പൂവേ പൂവേ’ എന്ന ഗാനവും മലയാളികള്‍ ഒന്നായി സ്വീകരിച്ചതാണ്. പിന്നീടും ഇടക്കിടെ ഓണപ്പാട്ടുകള്‍ സിനിമയില്‍ വന്നെങ്കിലും അതൊന്നും കാര്യമായി സ്വീകരിക്കപ്പെട്ടില്ല. എണ്‍പതോടെ ‘തരംഗിണി’ ആദ്യ ഓണം ആല്‍ബം പുറത്തിറക്കുകയും പിന്നീടിത് വര്‍ഷാ വര്‍ഷം ആവര്‍ത്തിക്കുകയും ചെയ്തതോടെ മലയാളികള്‍ തരംഗിണിയുടെ ഓണപ്പാട്ടിനായി കാത്തിരിക്കാന്‍ തുടങ്ങി. ഒ.എന്‍.വിയുടെ രചനയും ആലപ്പി രംഗനാഥിന്‍െറ സംഗീതവുമായി പുറത്തിറങിയ തരംഗിണിയുടെ ആദ്യ ആല്‍ബത്തിന് മലയാളികള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ‘നിറയോ നിറ നിറയോ’, ‘നാലുമണിപ്പൂവേ’, ‘വസന്തബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു’, പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്‍െറ’ തുടങ്ങിയ ഗാനങ്ങള്‍ കേരളത്തിലാകെ അലയടിച്ചു. പിന്നീടിറങ്ങിയ ‘ഉല്‍സവ ഗാനങ്ങള്‍’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും വമ്പന്‍ ഹിറ്റായി. ‘ഉത്രാടപ്പൂനിലാവേവാ’, ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍’, ‘ഒരുനുള്ളു കാക്കപ്പൂ’, ‘എന്‍ ഹൃദയപ്പൂത്താലം’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മുടങ്ങാതെ ഓണക്കാലത്ത് കേള്‍ക്കുന്ന പാട്ടുകളാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രന്‍. അത്ര അറിയപ്പെടാത്ത ഗായിക ജാനകീ ദേവിയാണ് ഇതില്‍ യേശുദാസിനൊപ്പം പാടിയത്. ഈ പശ്ചാത്തലത്തിലായിരിക്കണം 83ലിറങ്ങിയ ‘ചുണക്കുട്ടികള്‍’ എന്ന ചിത്രത്തിനുവേണ്ടി ഗായകന്‍ കെ.പി ഉദയഭാനു സംഗീതം ചെയ്ത ഒരോണപ്പാട്ട് പാടിയത് ജാനകീ ദേവിയാണ്. ‘മാവേലി മന്നന്‍െറ വരവായി മാളോര്‍ക്കെല്ലാമുണമര്‍വായി’ എന്ന ആ ഗാനം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇടക്കൊക്കെ അങ്ങിങ്ങായി ഓണം പരാമര്‍ശിക്കുന്ന പാട്ടുകള്‍ വന്നിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായവയാണ് ഒ.എന്‍.വിയുടെ ‘പൂവേണം പൂപ്പടവേണം’ (ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം), ‘അത്തപ്പൂവും നുള്ളി’ (പുന്നാരം ചൊല്ലച്ചൊല്ലി), പൊന്നാവണിവെട്ടം തിരമുറ്റം മെഴുകുന്നു (മുഖചിത്രം), പാതിരാക്കിളീ വരു പാല്‍ക്കടല്‍കിളീ (കിഴക്കന്‍ പത്രോസ്),വെള്ളാരപ്പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി (വരവേല്‍പ്), ഓണവിലിന്‍ തംബുരുമീട്ടും (കാര്യസ്ഥന്‍) തുടങ്ങിയ ഗാനങ്ങള്‍. എന്നാല്‍ ഇതിനെയൊക്കെ കവച്ചുവെക്കുന്നതായിരുന്നു രണ്ട് ദശാബ്ദത്തോളം കാസെറ്റ് കമ്പനികള്‍ മല്‍സരിച്ചിറക്കിയ നിരവധി ആല്‍ബങ്ങളിലെ നൂറകണക്കിന് ഓണ ഗാനങ്ങള്‍.

Related News