Loading ...

Home Music

35 റഫി വിശേഷങ്ങൾ - by ഷാജൻ സി.മാത്യു

മുഹമ്മദ് റഫി കടന്നുപോയിട്ട്  35 വർഷം
1.മുഹമ്മദ് റഫി എത്ര പാട്ടുപാടി? 26,000 എന്നാണു പൊതുവേ പറയാറ്. എന്നാൽ 7,405 പാട്ടുകളേ ഇതുവരെ ഗവേഷകർ കണ്ടെത്തിയിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് 26,000 എന്നു പ്രചരിപ്പിക്കപ്പെട്ടത്? റഫിയുടെ ഒരു വിദേശ ഗാനമേളയിൽ അവതാരകൻ 26,000 എന്ന തെറ്റായ കണക്ക് പ്രഖ്യാപിച്ചു. തുടർന്ന് ഈ കണക്ക് വിശ്വസിക്കപ്പെടുകയായിരുന്നു. നിർഭാഗ്യവശാൽ റഫി പോലും ഇതു വിശ്വസിച്ചിരുന്നു.

2.റഫിയുടെ മരണത്തിൽ ഏറ്റവും വിലപിച്ചതു പ്രകൃതിയാണ്. അതിശക്തമായ മഴയായിരുന്നു അന്ന്. മുംബൈ അതുവരെ കണ്ട ഏറ്റവും വലിയ വിലാപയാത്ര റഫിയുടേതായിരുന്നു. അതും പെരുമഴയിൽ

3.റഫിയുടെ ആധിപത്യത്തിനു വിരാമമിട്ടത് ആർ.ഡി. ബർമൻ എന്ന സംഗീത സംവിധായകനാണ്. ‘മേരേ സപ്നോം കി റാണി...’ അടക്കമുള്ള ബർമന്റെ ഈണങ്ങൾ പാടിയാണ് കിഷോർകുമാർ യുവാക്കളുടെ ഹൃദയം കവർന്നത്. എന്നാൽ ആർ.ഡി. ബർമന്റെ ആദ്യ സിനിമാഗാനം റഫിയുടെ ശബ്ദത്തിൽ ആയിരുന്നു. ‘ഛോട്ടേ നവാബ്’ (1961) എന്ന ചിത്രത്തിൽ ‘മത്​വാലി ആംഖോം വാലോ...’ എന്ന ഗാനം. (ഒപ്പം പാടിയത് ലതാ മങ്കേഷ്കർ).

4.പരസ്പരം മൽസരിച്ചിരുന്നെങ്കിലും കിഷോർകുമാറും മുഹമ്മദ് റഫിയും സുഹൃത്തുക്കൾ ആയിരുന്നു. റഫിയുടെ മൃതദേഹത്തിന്റെ കാൽക്കലിരുന്നു മണിക്കൂറുകളോളം കിഷോർകുമാർ വാവിട്ടു നിലവിളിച്ചു.

5.കിഷോറും റഫിയും തമ്മിൽ ഒരിക്കൽ ഏറ്റുമുട്ടിയിട്ടുണ്ട്. അവർ പോലും അറിയാതെ. ആർ.ഡി. ബർമൻ ആണ് അതിനു പിന്നിൽ. പ്യാർ കാ മൗസം (1969) എന്ന ചിത്രത്തിൽ ‘തും ബിൻ ജാവൂ കഹാ...’ എന്ന ഗാനം അദ്ദേഹം രണ്ടുപേരെക്കൊണ്ടും പാടിച്ചു. രണ്ട് കഥാപാത്രങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ പാടുന്നതിനാണ് ഇതു സൃഷ്ടിച്ചത്. ശശി കപൂറിന്റെ കഥാപാത്രത്തിനായി റഫിയുടെ ഗാനവും ഭരത്‌ഭൂഷന്റെ കഥാപാത്രത്തിനായി കിഷോർ കുമാറിന്റേതും. കൂടുതൽ ജനപ്രിയമായത് റഫിയുടെ ആലാപനം.

6.കിഷോർകുമാറിനു വേണ്ടിയും റഫി പാടിയിട്ടുണ്ട്.! അദ്ദേഹം അഭിനയിച്ച ഷരാരത്ത്(1956), രാഗിണി(1958) എന്നീ സിനിമകളിൽ കിഷോറിന്റെ കഥാപാത്രത്തിനു വേണ്ടി പാടിയത് റഫിയായിരുന്നു.

7.ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയ ഇന്ത്യൻ പിന്നണിഗായകനാണു റഫി. 14 ഇന്ത്യൻ ഭാഷയിലും നാല് വിദേശ ഭാഷയിലും അദ്ദേഹം പാടി.

8.ഹിന്ദിക്കു പുറമെ 162 ഗാനങ്ങളേ റഫി പാടിയിട്ടുള്ളൂ.

9..517 വ്യത്യസ്ത കഥാസന്ദർഭങ്ങൾക്കു വേണ്ടി റഫി ഗാനം ആലപിച്ചിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു.

10.നല്ല നടൻ കൂടിയായിരുന്നു ഇദ്ദേഹം. ലൈലാ മജ്നു, ജുഗ്​നു എന്നിവയിലാണ് അഭിനയിച്ചത്. ചിത്രങ്ങൾ സാമ്പത്തികവിജയം നേടുകയും ചെയ്തു.

11..1960ൽ ഇറങ്ങിയ മുഗൾ–ഇ–അസം എന്ന ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു, ഗാനങ്ങളും. ഇതിലെ ‘എ മൊഹബ്ബത്ത് സിന്ദാബാദ്’ എന്ന റഫിയുടെ ഗാനത്തിന് കോറസ് പാടിയത് 100 പേർ!

12.ഏറ്റവും കൂടുതൽ പാടിയത് ലക്ഷ്മികാന്ത്–പ്യാരേലാലിന്റെ സംഗീതത്തിലാണ് –369. അതിൽ 186 എണ്ണം സോളോ ആയിരുന്നു. അവസാന ഗാനവും ഇവർക്കു വേണ്ടിത്തന്നെയായിരുന്നു. (ശാം ഫിർ ക്യോം ഫിർ ഉദാസ് –ആസ്‌പാസ്)

13.ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയത് ആശാ ഭോസ്​ലെയോടൊപ്പമാണ്. പുരുഷന്മാരിൽ മന്നാഡേക്കൊപ്പവും.

14.കഥാപാത്രങ്ങൾക്കു വേണ്ടി ചൂളമടിച്ചും സ്വരംമാറ്റി പാടുന്നതും കിഷോർകുമാറിന്റെ ജനപ്രിയ ശൈലിയായിരുന്നു. ‘സിന്ദഗി ഏക് സഫർ’ (അന്ദാസ്) തുടങ്ങിയ ഗാനങ്ങൾ ഇത്തരത്തിൽ സൂപ്പർഹിറ്റായവയാണ്. ഒരിക്കൽ റഫിയും ഇങ്ങനെ പാടി. ‘റിപ്പോർട്ടർ രാജു’(1962) എന്ന ചിത്രത്തിൽ ഫിറോസ് ഖാനു വേണ്ടിയായിരുന്നു ഈ ഒരേയൊരു സ്വരം മാറ്റൽ.

15.ഗുമ്നാം (1965) എന്ന സിനിമയിൽ ഇദ്ദേഹം പാടിയ ‘ജാൻ പഹ്ചാൻ ഹോ...’ എന്ന ഗാനം ഗോസ്റ്റ് വേൾഡ് (2001) എന്ന ഹോളിവുഡ് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

16.ഫിലിം ഫെയർ അവാർഡുകളുടെ ചരിത്രത്തിലെ റെക്കോർഡാണ് റഫി. 23 നോമിനേഷൻ. ആറ് അവാർഡ്. പക്ഷേ, ഒരേയൊരു ദേശീയ അവാർഡേ റഫിക്കു ലഭിച്ചിട്ടുള്ളൂ. ‘ക്യാ ഹുവാ തേരാ വാദാ...’ (ഹം കിസീസേ കം നഹീം–1977) എന്ന ഗാനത്തിന്.
rafi
17.മറ്റു ഗായകരെ റഫി പ്രോൽസാഹിപ്പിച്ചിരുന്നു. ഒരു ഗാനമേളയിൽ വച്ചു നമ്മുടെ കൊച്ചിക്കാരൻ മെഹബൂബിന്റെ ആലാപനത്തിൽ ആകൃഷ്‌ടനായ അദ്ദേഹം മെഹബൂബിനെ മുംബൈയിലേക്കു ക്ഷണിച്ചു. പക്ഷേ, കൊച്ചി വിട്ടുപോകാൻ മെഹബൂബ് തയാറായില്ല.

18.റഫി മലയാളത്തിൽ പാടിയില്ല. ഉച്ചാരണം വഴങ്ങുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ, മലയാളികളുണ്ടോ വിടുന്നു, റഫിയെക്കൊണ്ട് ഒരു ഹിന്ദി ഗാനം പാടിച്ചു മലയാള സിനിമയിൽ ചേർത്തു. നിർമാതാവ് അബ്‌ദുൽഖാദറിന്റെ കടുത്ത ആരാധനയാണ് ‘തളിരിട്ട കിനാക്കൾ’(1980) എന്ന സിനിമയിൽ റഫിയുടെ ‘ഷബാബ് ലേകേ വോ...’ എന്ന ഗാനം ഉൾപ്പെടുത്താൻ കാരണം. രചന: ആയിഷ് കമാൽ.

19.മുഹമ്മദ് റഫിയുടെ സിനിമാഗാനത്തിനു സംഗീതം നൽകാൻ ഭാഗ്യം ലഭിച്ച ഏക മലയാളി ജിതിൻ ശ്യാം ആണ്.

20.റഫിയുടെ ഗാനരംഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഏക മലയാളി ജോഡി കുതിരവട്ടം പപ്പുവും അടൂർ ഭവാനിയും.

21.പ്രതിഫലം പറഞ്ഞുറപ്പിച്ച് റഫി പാടിയിട്ടില്ല. പ്രതിഫലത്തിന്റെ പേരിൽ ഒരു പാട്ടും പാടാതിരുന്നിട്ടുമില്ല. നിസാർ വാസ്മി എന്ന സംഗീതസംവിധായകനിൽനിന്ന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങിയും അദ്ദേഹം പാടിയിട്ടുണ്ട്.

22.റഫിയുടെ ദുഃഖഗാനങ്ങളുടെ സമാഹാരം ഇറക്കാൻ എച്ച്എംവി തീരുമാനിച്ചു. ആൽബത്തിന്റെ കവറിൽ ചേർക്കാൻ റഫിയുടെ വിഷാദഭാവത്തിലുള്ള ഒരു ചിത്രം പോലും എച്ച്എംവിയുടെ വമ്പൻ ലൈബ്രറിയിൽനിന്നു കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചിരിക്കുന്ന ചിത്രം വച്ചുതന്നെയാണ് വിഷാദഗാനങ്ങളുടെ ആൽബവും പുറത്തുവന്നത്.

23.എപ്പോഴും പുഞ്ചിരിച്ചിരുന്ന റഫി ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടോ? ഉണ്ട്, ഒരിക്കൽ. അതു ലതാ മങ്കേഷ്‌കറോട് ആയിരുന്നു. പാട്ടിന്റെ റോയൽറ്റിയെ ചൊല്ലിയായിരുന്നു പിണക്കം. റോയൽറ്റി പാട്ടുകാർക്കും കിട്ടണമെന്നു ലത വാദിച്ചു. ഒരിക്കൽ പ്രതിഫലം വാങ്ങിയാൽ പിന്നീടു പണം ചോദിക്കുന്നതു ശരിയല്ലെന്നായിരുന്നു റഫിയുടെ മതം. പിണക്കം ആറുവർഷം നീണ്ടുനിന്നു. അക്കാലം ഒരു പാട്ടുപോലും അവർ ഒന്നിച്ചുപാടിയില്ല. പിന്നീടു മുംബൈയിൽ നടന്ന എസ്‌.ഡി. ബർമൻ മ്യൂസിക് നൈറ്റിൽ സംഘാടകരുടെ നിർബന്ധം മൂലം ഒരു യുഗ്മഗാനം പാടിയാണ് ആ പിണക്കം അവസാനിപ്പിച്ചത്.

24..1960ലെ ഒരു പ്രഭാതത്തിൽ റഫിയെ കാണാൻ പശ്‌ചാത്താപ വിവശനായി ‘കോഹിനൂർ’ സിനിമയുടെ നിർമാതാവ് എത്തി. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. ‘അങ്ങയുടെ പാട്ടാണ് എന്റെ പടത്തെ രക്ഷിച്ചത്. ആ ഗാനം ചിത്രത്തിൽ ചേർക്കേണ്ടെന്ന് ആദ്യം പറഞ്ഞതിനു ഞാൻ മാപ്പുചോദിക്കുന്നു. ഈ സമ്മാനം സ്വീകരിക്കണം.’ റഫി പറഞ്ഞു.‘ എനിക്ക് ഈ പൂക്കൾ മാത്രം മതി. ആ പാട്ട് ഏറ്റുപാടി ജനങ്ങൾ എനിക്കു സമ്മാനം തന്നുകഴിഞ്ഞു.’

25. 1924 ഡിസംബർ 24ന് ഇന്ത്യയിലെ അമൃത്​സറിലെ കോട്​ല സുൽത്താൻ സിങ് ഗ്രാമത്തിൽ ജനിച്ച റഫി 13ാം വയസ്സിൽ ലഹോറിലാണ് ആദ്യമായി പൊതുവേദിയിൽ പാടിയത്.

26.അദ്ദേഹത്തെ ചെറുപ്പത്തിൽ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത് ‘ഫീക്കോ’ എന്നായിരുന്നു.

27.റഫിയുടെ ഗ്രാമത്തിൽ എപ്പോഴും പാട്ടുപാടി നടക്കുന്ന ഒരു ഫക്കീർ ഉണ്ടായിരുന്നു. അയാളെ അനുകരിക്കുന്നതു ഫീക്കോയുടെ ബാല്യകാല വിനോദമായിരുന്നു. ആ കോമാളിപ്പാട്ടുകളായിരുന്നു ഈ മഹാനായ ഗായകന്റെ ആദ്യ ആലാപന പരിശ്രമങ്ങൾ.

28.കൊച്ചു ഫീക്കോയിൽ വലിയ ഗായകൻ ഒളിഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞത് ജ്യേഷ്ഠന്റെ കൂട്ടുകാരൻ അബ്ദുൽ ഹമീദ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാലാണു റഫി സംഗീതത്തെ ഗൗരവമായി സമീപിച്ചത്.

29.കുടുംബസ്ഥനും മതവിശ്വാസിയുമായിരുന്ന റഫിക്ക് ഒരു ഇഷ്ടവിനോദം ഉണ്ടായിരുന്നു, പട്ടം പറത്തൽ.!

30.സിനിമാഗാന ചക്രവർത്തിയായിരുന്ന കാലത്തും അദ്ദേഹം സഹജീവികളോടു കരുണ പുലർത്തി. മരിക്കുന്നതിനു തൊട്ടുമുൻപു പോലും 88,000 രൂപ പാവങ്ങൾക്കു നൽകിയിരുന്നു.

31.അടുത്തവീട്ടിലെ ഒരു ദരിദ്ര വിധവയ്ക്കു റഫി എല്ലാ മാസവും മണിഓർഡർ അയയ്ക്കുമായിരുന്നു. റഫിയുടെ മരണത്തോടെ ഈ പണം നിലച്ചപ്പോൾ ഈ സ്ത്രീ പോസ്റ്റ് ഓഫിസിലെത്തി അന്വേഷിച്ചു. അപ്പോഴാണ് റഫിയാണ് ഇക്കാലമത്രയും പണം അയച്ചിരുന്നത് എന്ന കാര്യം അറിയുന്നത്.

32.‘ഞാനടക്കം എല്ലാ പാട്ടുകാർക്കും പരിമിതികളുണ്ട്. പക്ഷേ, എന്തും വഴങ്ങുന്ന ഒരു പാട്ടുകാരനുണ്ട്. അതു മുഹമ്മദ് റഫിയാണ്.’ മന്നാഡേയുടെ വാക്കുകളാണിത്.

33.പൊതുവേദിയിൽ അഭിപ്രായം പ്രകടിപ്പിക്കാൻ വിമുഖതയുള്ള ലതാ മങ്കേഷ്കർ മുഹമ്മദ് റഫി മരിച്ചപ്പോൾ ഹൃദയം തുറന്നതിങ്ങനെ: ‘നമുക്കു ചുറ്റും ഇരുട്ടു പടർന്നിരിക്കുന്നു, പൂർണചന്ദ്രനാണ് അസ്‌തമിച്ചത്.’

34..1980 ജൂലൈ 31 രാവിലെ കാളി മാതാവിനെപ്പറ്റിയുള്ള ഒരു ബംഗാളി ഭജൻ റിഹേഴ്സൽ ചെയ്യുന്നതിനിടെയാണ് റഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. അന്നു രാത്രി 10:25ന് അദ്ദേഹം അന്തരിച്ചു.

35.റഫിയുടെ മരണത്തിൽ രണ്ട് ദിവസമാണു കേന്ദ്രസർക്കാർ ദേശീയ അവധി പ്രഖ്യാപിച്ചത്.

Related News