Loading ...

Home cinema

ആ ആഗ്രഹം ദൈവം ഇങ്ങനെയാണ് നിറവേറ്റിയത്; കണ്ണീരിന്റെ നനവില്‍ വാക്കുകള്‍ പാതിമുറിഞ്ഞു

വലിയൊരു ഇടവേളയ്ക്കുശേഷം ജഗതി കുലുങ്ങിച്ചിരിച്ച ദിവസമായിരുന്നു അത്, കളിപറഞ്ഞും താരങ്ങളെ അനുകരിച്ചും സുരാജ് വെഞ്ഞാറമൂട് ജഗതിയുടെ വീട്ടില്‍ അരങ്ങുതകര്‍ത്തു. തമാശകള്‍ ആസ്വദിച്ച്‌ ഉള്ളുതുറന്ന് സന്തോഷിച്ചും ഓര്‍മകളിലേക്ക് പലതവണ ഇറങ്ങിച്ചെന്നും ജഗതിയും ഇത്തരമൊരു കൂടിച്ചേരല്‍ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു.

മരുന്നും വെള്ളവുംപോലും ആംഗ്യത്തിലൂടെ മാറ്റിനിര്‍ത്തി അദ്ദേഹം കണ്ണെടുക്കാതെ സുരാജിന്റെ പ്രകടനത്തിന് സാക്ഷിയാവുകയായിരുന്നു. ചിരിക്കുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ സന്തോഷത്തോടെ ക്യാമറയ്ക്ക് മുഖം തന്നു.

ഓര്‍മകളുടെ സമ്മര്‍ദത്തില്‍ സംസാരിക്കാനായി പലതവണ പരിശ്രമിച്ചു. പുറത്തേക്കുവരാന്‍ കൂസാത്ത വാക്കുകള്‍ക്കായുള്ള പരതലും പിടച്ചിലും മുഖത്ത് പ്രകടമായിരുന്നു. നോട്ടംകൊണ്ടും വിരലനക്കത്താലും പതിനായിരങ്ങളെ ചിരിപ്പിച്ച മനുഷ്യന്‍ വാക്കുകള്‍ക്കു മുന്നില്‍ തോറ്റുമടങ്ങുന്ന കാഴ്ച കണ്ടുനില്‍ക്കുന്നവരുടെ നെഞ്ചില്‍ കണ്ണീരിന്റെ ഭാരം നിറച്ചു.

ചിരി ദിവസത്തിന് വിരാമമിട്ട് മടങ്ങാനിറങ്ങുമ്ബോള്‍ സുരാജിന്റെ കൈവെള്ളയില്‍ ജഗതി ഏറെനേരം മുഖം ചേര്‍ത്തമര്‍ത്തിയിരുന്നു. വീല്‍ച്ചെയറില്‍ വീടിന്റെ പൂമുഖംവരെ വന്ന് ഇടതുകൈ ഉയര്‍ത്തി യാത്ര പറഞ്ഞു. അവസാനവാക്കും പറഞ്ഞ് പടിയിറങ്ങി മടങ്ങുമ്ബോള്‍ ജഗതിയുടെ ഭാര്യയും ഒപ്പം പുറത്തേക്കുവന്നു.

'ഷൂട്ടിങ്തിരക്കുകളില്‍ മുഴുകിയകാലത്ത് നേരാംവണ്ണം ഞങ്ങള്‍ക്ക് കാണാന്‍പോലും കിട്ടാത്ത അവസ്ഥയായിരുന്നു. ചേട്ടന്‍ കുറേക്കാലം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ ആ ആഗ്രഹം ദൈവം ഇങ്ങനെയാണ് നിറവേറ്റിയത്'' കണ്ണീരിന്റെ നനവില്‍ വാക്കുകള്‍ പാതിമുറിഞ്ഞു.

Related News