Loading ...

Home Gulf

ഇസ്രായേലുമായി ഒരു തരത്തിലുമുള്ള സഹകരണത്തിനുമില്ലെന്ന്​ ഖത്തര്‍

ദോഹ: ഇസ്രായേലുമായി ഒരു തരത്തിലുമുള്ള സഹകരണമില്ലെന്ന്​ വ്യക്​തമാക്കി ഖത്തര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ആക്സിയോസിന് നല്‍കിയ അഭിമുഖത്തിനിടെയാണ്​ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി രാജ്യത്തിന്‍റെ നിലപാട്​ വ്യക്​തമാക്കിയത്​.ഫലസ്തീനിലെ സമാധാനം ലക്ഷ്യംവെച്ച്‌ ഇസ്രായേലുമായി നേരത്തേ സഹകരിച്ചിരുന്നു. എന്നാല്‍ 2008ലെ ഗസ്സ നരഹത്യക്കു പിന്നാലെ ഇസ്രായേലിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് ശൈഖ്​ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി.

യു.എ.ഇയും ബഹ്റൈനും അടക്കമുള്ള അറബ് രാജ്യങ്ങള്‍ സമീപകാലത്ത് ഇസ്രായേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്​ മറുപടിയായാണ്​ അദ്ദേഹം ഖത്തറിന്‍റെ ഉറച്ച നിലപാട്​ വ്യക്​തമാക്കിയത്​. ഫലസ്തീനികള്‍ക്ക് അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നതിനായി ഇസ്രായേലുമായുള്ള നിലവിലെ ബന്ധം തുടരും. എന്നാല്‍, അബ്രഹാം കരാര്‍ ഒപ്പുവെക്കുന്ന ‌തരത്തിലുള്ള പുതിയ ബന്ധങ്ങള്‍ ഉണ്ടാവില്ല. സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരുന്നതുവരെ ഈ ‌നിലപാടില്‍ മാറ്റമുണ്ടാവില്ല. അധിനിവേശ മേഖലയില്‍ ‌നിന്നും പിന്മാറാതെ ഇസ്രായേലുമായുള്ള ബന്ധം പൂര്‍വ സ്ഥിതിയിലാക്കേണ്ടതില്ലെന്ന് 2002ല്‍ ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.ബശ്ശാര്‍ അല്‍ അസദിന്‍റെ സിറിയക്കെതിരായ നിലപാടിലും നിലവിലെ സാഹചര്യത്തില്‍ മാറ്റമില്ലെന്ന്​ ശൈഖ്​ മുഹമ്മദ്​ ആല്‍ഥാനി വ്യക്​തമാക്കി. അറബ്​ ലീഗില്‍നിന്നും സിറിയയെ പുറത്താക്കിയ അതേ സാഹചര്യമാണ്​ ഇപ്പോഴുമുള്ളത്​. സ്വന്തം ജനതക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന അസദ്​ സര്‍ക്കാര്‍ അനുനയം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പ്​ ഫുട്​ബാളിനായിരിക്കും ഖത്തര്‍ വേദിയാവുന്നതെന്നും, അറബ്​ ലോകത്തെ ആദ്യ ലോകകപ്പ്​ വേദി എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News