Loading ...

Home Gulf

യുഎഇയില്‍ പുതിയ തൊഴില്‍നിയമം

ദുബായ്: യുഎഇയില്‍ പുതിയ തൊഴില്‍നിയമം നിലവില്‍ വന്നു. സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴില്‍ ഉടമയ്‌ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.

തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തില്‍ കൂടരുതെന്നും രേഖകള്‍ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.സമീപകാലത്തെ ഏറ്റവും സമഗ്രമായ തൊഴില്‍ പരിഷ്‌കരണ ഭേദഗതിയാണ് യുഎഇയില്‍ നിലവില്‍ വന്നത്. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകള്‍ക്കും പുതിയ തൊഴില്‍ നിയമം ബാധകമാണ്. എല്ലാ തൊഴില്‍ കരാറുകളും ഇനി മുതല്‍ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകും. അണ്‍ ലിമിറ്റഡ് ക്രോണ്‍ട്രാക്ടിലുള്ളവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറണം. എല്ലാ വര്‍ഷവും 30 ദിവസത്തെ അടിസ്ഥാന ശമ്ബളം എന്ന തോതില്‍ ഗ്രാറ്റിവിറ്റി ലഭിക്കും. തൊഴില്‍ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകും.

നിയമലംഘനത്തിന് 5000 ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെയാണ് ശിക്ഷ. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തില്‍ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭര്‍ത്താവിന് അഞ്ചുദിവസത്തെ പെറ്റേണിറ്റി ലീവിനും വ്യവസ്ഥയുണ്ട്. ഒരു കമ്ബനിയില്‍ നിന്ന് ജോലി രാജി വെച്ച്‌ അതേ തൊഴില്‍ മേഖലയിലെ മറ്റൊരു കമ്ബനിയില്‍ നിശ്ചിത കാലത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയും. 6 മാസത്തെ പരിശീലന കാലാവധിയില്‍ നോട്ടിസ് നല്‍കാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിര്‍ത്തലാക്കി.

പരിശീലന കാലയളവിലാണെങ്കിലും 14 ദിവസത്തെ നോട്ടിസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. പരിക്കേല്‍ക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുക, തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുക, വിവിധ ചികിത്സകള്‍ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

Related News